ജില്ലക്ക് 6944 കോടിയുടെ വായ്പ സാധ്യത

ആലപ്പുഴ: ജില്ലയുടെ സമഗ്ര വികസനത്തിലൂന്നിയുള്ള വികസനസാധ്യത വായ്പ രൂപരേഖ എ.ഡി.എം ടി.ആര്‍. ആസാദ് പ്രകാശനം ചെയ്തു. രൂപരേഖയുടെ ആദ്യപതിപ്പ് എസ്.ബി.ടി ഡി.ജി.എം ഡാലിയ സ്കറിയക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. അടുത്ത സാമ്പത്തികവര്‍ഷം 6944 കോടി രൂപയുടെ വായ്പ സാധ്യതയാണ് കണക്കാക്കുന്നത്. ഇതില്‍ 40 ശതമാനം കാര്‍ഷികമേഖലക്കും 53 ശതമാനം സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കും ഏഴുശതമാനം മറ്റ് മുന്‍ഗണനാ വിഭാഗങ്ങളായ ഭവനനിര്‍മാണ വായ്പ, വിദ്യാഭ്യാസ വായ്പ, സ്വാശ്രയ സംഘങ്ങള്‍ക്കുള്ള വായ്പ എന്നിവക്കുമായി മാറ്റിവെച്ചിരിക്കുന്നു. ചെറുകിട കര്‍ഷകര്‍ക്ക് അനുബന്ധ വരുമാനമാര്‍ഗമായി മൂന്ന് പ്രാദേശിക വികസനപദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ചെറുകിട ക്ഷീരോല്‍പാദന യൂനിറ്റുകള്‍, താറാവ് നഴ്സറി, പച്ചക്കറി-മഴമറ കൃഷി എന്നിവയാണ് പദ്ധതികള്‍. കൃഷി, മൃഗസംരക്ഷണം ക്ഷീരവികസന വകുപ്പുകളും ബാങ്കുകളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 601 കോടി രൂപയുടെ 391 പദ്ധതികളാണ് ജില്ലയില്‍ നബാര്‍ഡിന്‍െറ ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസന സാധ്യത വായ്പ രൂപരേഖ അടിസ്ഥാനമാക്കിയാണ് ജില്ലാതല ക്രെഡിറ്റ് പ്ളാന്‍ തയാറാക്കുന്നത്. നബാര്‍ഡ് എ.ജി.എം രഘുനാഥന്‍ പിള്ള, ലീഡ് ബാങ്ക് മാനേജര്‍ രവികുമാര്‍, റിസര്‍വ് ബാങ്ക് എ.ജി.എം രാധാകൃഷ്ണന്‍, എസ്.ബി.ടി എ.ജി.എം ജിജി കോശി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.