കോമളപുരം സ്പിന്നിങ്-വീവിങ് മില്ല് : പഴയ തൊഴിലാളികളെ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമിക്കും

ആലപ്പുഴ: കോമളപുരം സ്പിന്നിങ്-വീവിങ് മില്ലില്‍ പഴയ തൊഴിലാളികളെ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമിക്കും. കലക്ടര്‍ എന്‍. പത്മകുമാറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെയും മാനേജ്മെന്‍റ് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. സ്പിന്നിങ് മില്ല് ജനുവരി അവസാന ആഴ്ച പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പഴയതൊഴിലാളികളെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജോലിക്കെടുക്കും. വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ പഴയ തൊഴിലാളികളായ 202 പേരാണ് അപേക്ഷ നല്‍കിയത്. 115 പേരെയാണ് ആദ്യഘട്ടത്തില്‍ ആവശ്യമുള്ളത്. അപേക്ഷകരില്‍ 55 പേര്‍ സ്ഥിരം ജീവനക്കാരും 147 പേര്‍ ബദലി വിഭാഗത്തില്‍പ്പെടുന്നവരുമാണെന്ന് ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ എം.ഡി എം. ഗണേഷ് അറിയിച്ചു. 56 വയസ്സില്‍ താഴെയുള്ള പഴയ ജീവനക്കാരെയാണ് നിയമനത്തിന് പരിഗണിക്കുക. ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷമെങ്കിലും സര്‍വിസ് ഉണ്ടായിരിക്കണം. സ്ഥിരം-ബദലി തൊഴിലാളികളെ ഉള്‍പ്പെടുത്തി റാങ്ക് പട്ടിക തയാറാക്കി അതില്‍നിന്ന് സര്‍വിസ് സീനിയോറിറ്റിയോടൊപ്പം കായികക്ഷമതയും കഴിവും വിലയിരുത്തുന്ന ടെസ്റ്റ് നടത്തി നിയമനം നല്‍കും. ടെസ്റ്റിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. ഏജന്‍സിയുടെ പ്രതിനിധി, എല്ലാ തൊഴിലാളി യൂനിയനുകളുടെയും പ്രതിനിധികള്‍, മാനേജ്മെന്‍റ് പ്രതിനിധി, സ്പെഷല്‍ ഓഫിസര്‍, ജില്ലാ ലേബര്‍ ഓഫിസര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന. സ്ഥിരം തൊഴിലാളികളെ പരിഗണിച്ചുകഴിഞ്ഞാല്‍ ബദലിയില്‍നിന്ന് നിയമനം നടത്തും. തൊഴിലാളികളുടെ ടെസ്റ്റിന് മുമ്പ് അഞ്ചുദിവസം പരിശീലനം നേടാന്‍ അവസരം നല്‍കും. ആറാമത്തെ ദിവസംതന്നെ നടപടി പൂര്‍ത്തിയാക്കും. ഇതിന് ജനറേറ്റര്‍ കൊണ്ടുവന്ന് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. വൈദ്യുതി കണക്ഷന്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നിവയുടെ നടപടിക്രമം ഉടന്‍ പൂര്‍ത്തിയാകുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് 300 രൂപയും അവിദഗ്ധ തൊഴിലാളികള്‍ക്ക് 275 രൂപയുമായിരിക്കും വേതനം. ഇ.എസ്.ഐ., പി.എഫ് ആനുകൂല്യങ്ങളുമുണ്ടാകും. മില്ല് പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസത്തിനുശേഷം വേതനം പുനരവലോകനം ചെയ്യാനും തീരുമാനമായി. സ്പിന്നിങ് മില്ലിന്‍െറ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുമ്പോള്‍ 18,240 സ്പിന്‍ഡലായിരിക്കും ഉല്‍പാദനശേഷിയെന്ന് കേരള ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. 19 നൂല്‍നൂല്‍പ് യന്ത്രങ്ങളും 30 നെയ്ത്തു യന്ത്രങ്ങളും ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ അഞ്ചു നൂല്‍നൂല്‍പ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4800 സ്പിന്‍ഡലാണ് ഉല്‍പാദനശേഷി. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ ആര്‍. ഹരികുമാര്‍, കെ.എസ്.ഡബ്ള്യു.എം സ്പെഷല്‍ ഓഫിസര്‍ ചന്ദ്രസേനന്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ പി.എ. ബാബു, ബാലകൃഷ്ണപിള്ള, അഡ്വ. വി. മോഹന്‍ദാസ്, പി.ആര്‍. പവിത്രന്‍, ചന്ദ്രശേഖരന്‍ നായര്‍, പുരുഷോത്തമന്‍, ഉദയഭാനു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.