ദേവകിയുടെ സ്വപ്നം "നിവര്‍ന്നുകയറാന്‍ കഴിയുന്ന ഒരു കൂര'

അരൂര്‍: അരൂര്‍ പനയന്തറ നികര്‍ത്തില്‍ 70കാരിയായ ദേവകിക്ക് ഉള്ള കുടിലിലേക്ക് ഇഴഞ്ഞുകയറാന്‍ ആവതില്ല. പ്രായത്തിന്‍െറ അവശതകളുമായി ഒറ്റക്ക് കഴിയുന്ന ദേവകിയുടെ ഏക ആവശ്യം ചെറുതെങ്കിലും നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന ഒരു വീടാണ്. ഒരു സെന്‍റ് സ്ഥലം ദേവകിക്ക് സ്വന്തമായുണ്ട്. അവിടെ ഒരു ഷെഡ് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചതാണ്. കാലപ്പഴക്കത്തില്‍ തൂണുകള്‍ വീണ് വീട് നിലംപൊത്തി. റേഷന്‍കാര്‍ഡ് ഉള്‍പ്പെടെ ദേവകിക്ക് സ്വന്തമായുള്ളതെല്ലാം സൂക്ഷിക്കുന്നത് ഈ കുടിലിലാണ്. ആവശ്യമുള്ളതെടുക്കാനും തിരിച്ചുവെക്കാനും രാത്രിയില്‍ കിടക്കാനും ദേവകി നിരങ്ങിയും ഇഴഞ്ഞും കുടിലില്‍ കയറും. ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ കുറച്ചുദിവസങ്ങളായി കിടപ്പ് അയല്‍വീട്ടിലേക്ക് മാറ്റി. പനയന്തറ നികര്‍ത്തില്‍ കണ്ടന്‍കോരന്‍െറ ഭാര്യ മരണപ്പെട്ടപ്പോള്‍ കൂട്ടായി വിളിച്ചുകൊണ്ടു വന്നതാണ് ദേവകിയെ. കണ്ടന്‍കോരനെയും മക്കളെയും ദേവകി സംരക്ഷിച്ചു. ഇതിനിടെ കണ്ടന്‍കോരന്‍ മരിച്ചു. മക്കള്‍ വലുതായി. വീടും സ്ഥലവും ഭാഗംവെച്ചപ്പോള്‍ ദേവകിക്ക് ഒരു സെന്‍റ് ഭൂമി നല്‍കി. ആരോഗ്യമുണ്ടായിരുന്ന കാലത്ത് എന്തെങ്കിലും ജോലി ചെയ്ത് ദേവകി കഴിഞ്ഞു. കുടിലില്‍ കിടന്നു. ഇപ്പോള്‍ ആരെങ്കിലും കൊടുക്കുന്നത് കഴിക്കും. പഞ്ചായത്തിന്‍െറ ഭവനപദ്ധതി പ്രകാരം വീട് ലഭിക്കാന്‍ കുറഞ്ഞത് മൂന്ന് സെന്‍റ് സ്ഥലമെങ്കിലും വേണം. എന്നാല്‍, ദേവകിക്ക് ഒരു ചെറിയ വീട് നിര്‍മിച്ചുനല്‍കാന്‍ നല്ല മനുഷ്യര്‍ മനസ്സുവെച്ചാല്‍ മാത്രം മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.