കാര്‍ത്തികപ്പള്ളി തോട്ടില്‍ വീണ്ടും മാലിന്യക്കൂമ്പാരം; പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജനം

ഹരിപ്പാട്: നവീകരിച്ച് എട്ടുമാസം തികയുംമുമ്പ് കാര്‍ത്തികപ്പള്ളി തോട്ടില്‍ വീണ്ടും മാലിന്യം നിറഞ്ഞു. കരുവാറ്റ കൊപ്പാറ കടവില്‍നിന്ന് ആരംഭിച്ച് കുമാരപുരം, കാര്‍ത്തികപ്പള്ളി, ചിങ്ങോലി പഞ്ചായത്തുകളിലൂടെ ഒഴുകി കായംകുളം കായലില്‍ പതിക്കുന്ന 12 കി.മീ. ദൈര്‍ഘ്യമുള്ള ചരിത്രപ്രസിദ്ധമായ കാര്‍ത്തികപ്പള്ളി തോടാണ് മാലിന്യവും പോളയും പായലും നിറഞ്ഞ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത്. വര്‍ഷങ്ങളായി നീരൊഴുക്ക് തടസ്സപ്പെട്ട് മാലിന്യം നിറഞ്ഞ തോട് 1.77 കോടി ചെലവഴിച്ച് എട്ടുമാസം മുമ്പാണ് നവീകരിച്ചത്. നവീകരണത്തില്‍ വ്യാപകക്രമക്കേടുകളുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. തോടിന്‍െറ വീതി 12 മീറ്ററായി പുന$സ്ഥാപിച്ച് ആഴംകൂട്ടി ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കണം എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍, വീതി കൂട്ടിയില്ല എന്നുമാത്രമല്ല ആഴം കൂട്ടുന്നതിന്‍െറ മറവില്‍ തോട്ടില്‍നിന്ന് എടുത്ത മണല്‍ മാനദണ്ഡം പാലിക്കാതെ കരാറുകാര്‍ കടത്തുകയും ചെയ്തു. ഇതിനെതിരെ നടപടി ഉണ്ടായില്ല. ഡാണാപ്പടി മാര്‍ക്കറ്റിലെ മാലിന്യമുള്‍പ്പെടെ സമീപപ്രദേശങ്ങളിലെ മുഴുവന്‍ മാലിന്യവും ഈ തോട്ടിലേക്കാണ് തള്ളുന്നത്. നവീകരിച്ച തോട് സംരക്ഷിക്കാന്‍ തോട് കടന്നുപോകുന്ന പ്രദേശത്തെ പഞ്ചായത്തുകളും നടപടി സ്വീകരിച്ചില്ല. തോടിന്‍െറ ഇരുകരയിലുമായി ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. നിലവില്‍ ഈ തോടിന്‍െറ പേരില്‍ 50 ലക്ഷംരൂപ കൂടി അനുവദിക്കാനുള്ള നടപടി പുരോഗമിക്കുന്നതായാണ് സൂചന. അതത് പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് വാര്‍ഡുതലത്തില്‍ സംരക്ഷണത്തിന് തൊഴിലാളികളെ ചുമതലപ്പെടുത്തിയാല്‍ തൊഴിലവസരം രൂപപ്പെടുന്നതിനൊപ്പം വര്‍ഷാവര്‍ഷങ്ങളില്‍ നവീകരണത്തിന് ചെലവഴിക്കുന്ന ഭീമമായ തുക ലാഭിക്കുകയും ചെയ്യാം. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയും സംരക്ഷണം ഉറപ്പുവരുത്താം. നീരൊഴുക്ക് വീണ്ടെടുക്കുന്നതോടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് തോട്ടിലെ വെള്ളം ഉപയോഗിക്കാം. തോട് നവീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ഉണ്ട്. ക്രമക്കേടുകള്‍ക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശത്തെ വിവിധ സംഘടനകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.