ആലപ്പുഴ: ഊര്‍ജസംരക്ഷണത്തിന് മാതൃക സൃഷ്ടിച്ച് ആലപ്പുഴ നഗരസഭയുടെ നഗരജ്യോതി പദ്ധതി സമര്‍പ്പണം ഞായറാഴ്ച രാവിലെ എസ്.ഡി.വി സെന്‍റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. രാവിലെ 10നാണ് സമ്മേളനം. ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജി. സുധാകരന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പദ്ധതിയിലൂടെ 60 ശതമാനം വൈദ്യുതി ഉപഭോഗം കുറക്കുകയാണ് ലക്ഷ്യം. എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലേക്ക് നഗരം മാറും. ഇതുവഴി പ്രതിവര്‍ഷം ശരാശരി 2.48 കോടി ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കുള്ള ഏഴ് കോടിയും നഗരസഭയുടെ പ്ളാന്‍ ഫണ്ടില്‍ നിന്നാണ് ചെലവഴിക്കുന്നത്. 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. സമ്പൂര്‍ണ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള പ്രധാന കാല്‍വെപ്പാണ് നഗരസഭയുടെ ഊര്‍ജസംരക്ഷണ പദ്ധതി. പദ്ധതിക്കുപിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ക്രമവിരുദ്ധവും ഏകപക്ഷീയവുമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് തോമസ് ജോസഫ്, ഉപനേതാവ് അഡ്വ. എ.എ. റസാഖ്, സെക്രട്ടറി ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവര്‍ പറഞ്ഞു. കരാറിനെപ്പറ്റിയോ ഉഭയകക്ഷി ധാരണയെക്കുറിച്ചോ നഗരസഭാ കൗണ്‍സില്‍ ചര്‍ച്ചചെയ്തിട്ടില്ല. ഇത് ദുരൂഹമാണ്. കെ.സി. വേണുഗോപാല്‍ എം.പി തീരദേശത്ത് അനുവദിച്ച എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നിഷേധിച്ചവര്‍ ഇപ്പോള്‍ കോടികളുടെ പദ്ധതിയില്‍ കാണിക്കുന്ന ആവേശത്തിന് കാരണം അഴിമതിയാണ്. നഗരസഭയെ നോക്കുകുത്തിയാക്കി സുതാര്യമല്ലാത്ത നടപടിക്രമങ്ങളിലൂടെയുള്ള ഇടതുഭരണത്തിന്‍െറ അഴിമതിയെ ശക്തമായി എതിര്‍ക്കും. മറ്റ് നഗരസഭകള്‍ ഓപണ്‍ ടെന്‍ഡര്‍ നടപടികളുമായി സഹകരിക്കുമ്പോള്‍ ഇവിടെ അങ്ങനെയൊന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന മാമാങ്കത്തിന്‍െറ ഭാഗമാണിത്. മുമ്പ് നടത്തിയ ഉദ്ഘാടനപദ്ധതികളുടെ ഗതിതന്നെയായിരിക്കും ഇതിനെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.