ആലപ്പുഴ: അടുത്ത നെഹ്റുട്രോഫി ജലോത്സവത്തിന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ പങ്കെടുപ്പിക്കാനും വിനോദസഞ്ചാര വകുപ്പിന്‍െറ സഹകരണത്തോടെ ടൂര്‍ പാക്കേജ് നടപ്പാക്കുമെന്ന് എന്‍.ടി.ബി.ആര്‍ സൊസൈറ്റി ചെയര്‍മാനായ കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ജലോത്സവ നടത്തിപ്പ് വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ എന്‍.ടി.ബി.ആര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ടൂര്‍ പാക്കേജിനായി നെഹ്റു ട്രോഫി വെബ്സൈറ്റ് ആരംഭിക്കും. ഹൗസ്ബോട്ട് ഉടമകള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപറേറ്റേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് പാക്കേജ് നടപ്പാക്കുക. ഇതുസംബന്ധിച്ച് ടൂറിസം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. വിനോദ സഞ്ചാരികള്‍ക്ക് ജലോത്സവം കാണാനുള്ള സൗകര്യമൊരുക്കിയാണ് ടൂര്‍ പാക്കേജ് നടപ്പാക്കുക. കുറ്റമറ്റ സ്റ്റാര്‍ട്ടിങ്ങിന് പ്രത്യേക ഉപകരണം രൂപകല്‍പന ചെയ്യും. പ്രഫഷനല്‍ ലീഗ് പോലെ ജലോത്സവം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയന്‍റുകളിലെ വേദികളുടെ സംരക്ഷണച്ചുമതലക്ക് കേന്ദ്ര സേനയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും. ഉദ്ഘാടനത്തിനുമുമ്പ് മാസ്ഡ്രില്‍ നടത്തി വള്ളങ്ങളെ സ്റ്റാര്‍ട്ടിങ് പോയന്‍റിലേക്ക് മാറ്റി മത്സരത്തിനുണ്ടാകുന്ന കാലതാമസം കുറക്കുന്നതിനെപ്പറ്റി ആലോചിക്കും. 25,000 പേര്‍ക്ക് വള്ളംകളി നേരിട്ടു കാണാനുള്ള സംവിധാനമൊരുക്കുന്നതിന് ശ്രമിക്കും-കലക്ടര്‍ പറഞ്ഞു. ജലോത്സവത്തിന്‍െറ ടിക്കറ്റ് വില്‍പനയിലൂടെ ഈ വര്‍ഷം 53 ലക്ഷം രൂപ നേടിയതായും റെക്കോഡ് വരുമാനമാണെന്നും സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. ഫിനിഷ് ചെയ്യാന്‍ വള്ളങ്ങള്‍ എടുക്കുന്ന സമയത്തിനനുസരിച്ച് ഫൈനലടക്കമുള്ള മത്സരത്തിലേക്ക് ചുണ്ടന്‍ വള്ളങ്ങളെ തെരഞ്ഞെടുക്കുന്ന രീതിവേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വള്ളംകളി സുഗമമായി നടത്താന്‍ സഹകരിച്ച മാധ്യമങ്ങളെയും സബ് കമ്മിറ്റികളെയും ടിക്കറ്റ് വില്‍പനയിലൂടെ റെക്കോഡ് വരുമാനം നേടിത്തന്ന സബ് കലക്ടറെയും യോഗം അഭിനന്ദിച്ചു. ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തില്‍ മുത്തപ്പന്‍, സെന്‍റ് ആന്‍റണി, ഡാനിയല്‍ വള്ളങ്ങളെയും വെപ്പ് എ ഗ്രേഡില്‍പെട്ട ആശാപുളിക്കക്കളം വള്ളത്തെയും ബി ഗ്രേഡില്‍പെട്ട എബ്രഹാം മൂന്നുതൈക്കല്‍, ചിറമേല്‍ തോട്ടുകടവന്‍, പുന്നത്ര പുരക്കല്‍ എന്നീ വള്ളങ്ങളെയും അയോഗ്യരാക്കിയതായും ബോണസിന് അര്‍ഹതയില്ളെന്നും അമ്പയറും സ്റ്റാര്‍ട്ടര്‍മാരും റിപ്പോര്‍ട്ട് ചെയ്തു. പായിപ്പാടന്‍ ചുണ്ടന്‍ സ്റ്റാര്‍ട്ടിങ് ഡിവൈസില്‍ ഇടിപ്പിച്ചതായും നമ്പര്‍ ബോര്‍ഡ് ഇല്ലാതെ മത്സരിച്ചതായും ബോണസില്‍ 50 ശതമാനം ഫൈന്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത വടക്കേ ആറ്റുപുറം ചുണ്ടന്‍ തുഴഞ്ഞത് കുട്ടികളാണെന്നും കേസെടുക്കണമെന്നും ജവഹര്‍ തായങ്കരി സ്റ്റാര്‍ട്ടിങ്ങില്‍ അനുസരണക്കേട് കാട്ടി മത്സരസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ബോണസില്‍ ഫൈന്‍ ഏര്‍പ്പെടുത്തണമെന്നും ശിപാര്‍ശയുണ്ട്. തുഴക്കാര്‍ കുറവായിരുന്ന വേണുഗോപാലന്‍, ഉദയന്‍പറമ്പില്‍ വെപ്പ് വള്ളങ്ങളുടെ ബോണസ് പുന$പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മാനം ഏറ്റുവാങ്ങാതെ കാലതാമസം വരുത്തിയ ജവഹര്‍ തായങ്കരി ചുണ്ടന്‍െറ ക്യാപ്റ്റനെ ശാസിക്കണമെന്നും ബോണസിന്‍െറ 50 ശതമാനം ഫൈന്‍ ഈടാക്കണമെന്നും ട്രോഫി വിതരണ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. പിഴവുകള്‍ വരുത്തിയ വള്ളങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ യോഗം കലക്ടറെയും സബ് കലക്ടറെയും ചുമതലപ്പെടുത്തി. സബ് കമ്മിറ്റികള്‍ ഉടന്‍ വരവ്-ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന് സബ്കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.