ശമ്പളമില്ല; ജീവനക്കാര്‍ കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു

ആലപ്പുഴ: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ തിരുവമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടനാട് പാക്കേജ് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു. രാവിലെ 11ന് ആരംഭിച്ച ഉപരോധം ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ വൈകുന്നേരം അഞ്ചിന് അവസാനിപ്പിച്ചു. ഉപരോധത്തിന് തിരുവമ്പാടി, ചെങ്ങന്നൂര്‍, കോട്ടയം, തണ്ണീര്‍മുക്കം, കുട്ടനാട് എന്നിവിടങ്ങളില്‍നിന്നുള്ള ജീവനക്കാരും എത്തിയിരുന്നു. സെപ്റ്റംബര്‍ 30 വരെ ശമ്പളം മാറാനുള്ള ഉത്തരവാണ് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് ധനവകുപ്പില്‍നിന്ന് ഇറങ്ങിയത്. കുട്ടനാട് പാക്കേജ് തുടരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാക്കേജിന്‍െറ മങ്കൊമ്പിലെ ഓഫിസ് ഇതിനകം അടച്ചുപൂട്ടി. ഇപ്പോള്‍ ഇറിഗേഷന്‍ വിഭാഗത്തിന്‍െറ ഓഫിസുകള്‍ മാത്രമാണ് പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. മറ്റ് വിവിധ വകുപ്പുകളില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വന്ന ജീവനക്കാരാണ് ഇതില്‍ ഏറെയും. പദ്ധതി കാലാവധി അവസാനിച്ചെങ്കിലും ഇവര്‍ക്ക് സ്വന്തം വകുപ്പുകളിലേക്ക് തിരിച്ചുപോകാന്‍ ഇതുവരെ ഉത്തരവ് നല്‍കിയിട്ടില്ല. പാക്കേജിലെ പ്രവൃത്തികള്‍ക്കായി കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ശമ്പളം നല്‍കിയിരുന്നത്. ഇറിഗേഷന്‍ വകുപ്പിന്‍െറ ഭരണ ചുമതലയുള്ള ചീഫ് എന്‍ജിനീയറുടെയും ധനവകുപ്പിന്‍െറയും അനാസ്ഥയാണ് ജീവനക്കാര്‍ സമരരംഗത്തിറങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചതെന്ന് സമരത്തിന് നേതൃത്വം നല്‍കിയ ജോയന്‍റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് സന്തോഷ്കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.