തൊഴില്‍ നഷ്ടപ്പെട്ട 124 തൊഴിലാളികള്‍ ആനുകൂല്യം ലഭിക്കാതെ വലയുന്നു

എരമല്ലൂര്‍: അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബാല്‍മര്‍ ലൗറി കമ്പനിയില്‍ തൊഴില്‍ നഷ്ടപ്പെട്ട 124 തൊഴിലാളികള്‍ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജ് പദ്ധതിയും ലഭ്യമാക്കാന്‍ അധികാരികളുടെ പടിവാതിലുകള്‍ കയറിയിറങ്ങുന്നു. 2001ല്‍ കമ്പനി പൂട്ടിയതിനെ തുടര്‍ന്ന് 124 തൊഴിലാളികളെ നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി പിരിച്ചുവിട്ടിരുന്നു. എന്നാല്‍, 14 വര്‍ഷം കഴിഞ്ഞിട്ടും യഥാസമയം തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. നഷ്ടമാണെന്ന കാരണംപറഞ്ഞ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍െറ കീഴിലുള്ള കമ്പനി അടച്ചുപൂട്ടുകയും ചെന്നൈയിലേക്ക് (മണലി) പറിച്ചുമാറ്റപ്പെടുകയും ആയിരുന്നെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഷിപ്പിങ് കണ്ടെയ്നറുകള്‍ ഒ.എന്‍.ജി.സി കമ്പനിക്ക് വേണ്ടിയുള്ള ബങ്ക് ഹൗസുകള്‍ എന്നിവ നിര്‍മിച്ച് ലാഭകരമായിരുന്നു കമ്പനിയെന്ന് തൊഴിലാളി യൂനിയന്‍ കണ്‍വീനര്‍ പി.ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു. പിരിച്ചുവിടപ്പെട്ട തൊഴിലാളികളില്‍ നാലുപേര്‍ ഇതിനകം കടബാധ്യതമൂലം ആത്മഹത്യചെയ്തു. തൊഴിലാളികളുടെ ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം അധികാരികളുടെ വാതിലുകള്‍ കയറിയിറങ്ങുന്ന രാധാകൃഷ്ണന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുമായി ചേര്‍ന്ന് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.