നേതാവിന് മര്‍ദനം; കെ.എസ്.യു നാളെ പഠിപ്പ് മുടക്കുമെന്ന്

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള സര്‍വകലാശാലാ സെനറ്റ് അംഗവുമായ കെ.ഐ. മുഹമ്മദ് അസ്ലമിനെ എസ്.ഡി കോളജ് കാമ്പസില്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പഠിപ്പ് മുടക്കാന്‍ കെ.എസ്.യു തീരുമാനിച്ചു. അസ്ലമിനൊപ്പം ഉണ്ടായിരുന്ന ജില്ലാ കമ്മിറ്റി അംഗം അനന്തനാരായണനും മര്‍ദനമേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഡ്മിഷനുമായി ബന്ധപ്പെട്ട് കോളജില്‍ എത്തിയ അസ്ലമിനെയും സഹപ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കെ.എസ്.യു ആരോപിച്ചു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.ഡി കോളജില്‍ മുഹമ്മദ് അസ്ലം എത്തിയിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച അകാരണമായ വൈരാഗ്യമാണ് മര്‍ദനത്തിന് പിന്നിലെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ കരുതുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അസ്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനന്തനാരായണനും ചികിത്സതേടി. കെ.എസ്.യു പ്രവര്‍ത്തകരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ പഠിപ്പുമുടക്കും. സംസ്ഥാനത്ത് കരിദിനവും ആചരിച്ച് പ്രകടനങ്ങള്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.