പുല്ലൂണിപ്പാടം -വാട്സാപ്പ് ഗ്രൂപ്പ്

നാൽപത്തിയഞ്ച് ഡിഗ്രി കനൽച്ചൂടിനെ വകവെക്കാതെ, കോൺക്രീറ്റ് കാടുകളിലെ ചില്ലയില്ലാ മരങ്ങൾപോലെ നിശ്ചലമായ ഫ്ലാറ്റുകളുടെ നിഴൽപറ്റി ജവാദ് ഓഫീസിൽനിന്ന് മുറിയിലേക്കു നടന്നു. ഹ്യുമിഡിറ്റിയുടെ കാഠിന്യത്തിൽ ചാലിട്ടൊഴുകിയ വിയർപ്പുതുള്ളികൾ, കവറോളിൽ പൂക്കൾ വരച്ച് ശരീരനനവിലേക്ക് ഒട്ടിച്ചേർന്നു. മൈ​​െഗ്രയ്ൻ തലവേദനയുടെ അസ്വസ്ഥതയിൽ കണ്ണടച്ചു കിടന്നതേയുള്ളൂ, സുനിലിന്റെ തുടർച്ചയായ ഫോൺവിളി. സഹമുറിയന്മാർക്ക് ശല്യമാകരുതെന്ന് കരുതി, ജവാദ് മൊബൈൽ കൈയിൽ പിടിച്ച് ഹാളിലേക്കോടി. “ജവാദേ,നീ എവിടെയാ?” “ഞാൻ മുറിയിലുണ്ട്.” “ബോട്ടിമിൽ വിളിക്കാമോ..? എനിക്ക് നിന്നെ കണ്ടു സംസാരിക്കണം രഹസ്യമാണ്. “ഇവനിത്...

നാൽപത്തിയഞ്ച് ഡിഗ്രി കനൽച്ചൂടിനെ വകവെക്കാതെ, കോൺക്രീറ്റ് കാടുകളിലെ ചില്ലയില്ലാ മരങ്ങൾപോലെ നിശ്ചലമായ ഫ്ലാറ്റുകളുടെ നിഴൽപറ്റി ജവാദ് ഓഫീസിൽനിന്ന് മുറിയിലേക്കു നടന്നു. ഹ്യുമിഡിറ്റിയുടെ കാഠിന്യത്തിൽ ചാലിട്ടൊഴുകിയ വിയർപ്പുതുള്ളികൾ, കവറോളിൽ പൂക്കൾ വരച്ച് ശരീരനനവിലേക്ക് ഒട്ടിച്ചേർന്നു. മൈ​​െഗ്രയ്ൻ തലവേദനയുടെ അസ്വസ്ഥതയിൽ കണ്ണടച്ചു കിടന്നതേയുള്ളൂ, സുനിലിന്റെ തുടർച്ചയായ ഫോൺവിളി. സഹമുറിയന്മാർക്ക് ശല്യമാകരുതെന്ന് കരുതി, ജവാദ് മൊബൈൽ കൈയിൽ പിടിച്ച് ഹാളിലേക്കോടി.

“ജവാദേ,നീ എവിടെയാ?”

“ഞാൻ മുറിയിലുണ്ട്.”

“ബോട്ടിമിൽ വിളിക്കാമോ..? എനിക്ക് നിന്നെ കണ്ടു സംസാരിക്കണം രഹസ്യമാണ്.

“ഇവനിത് എന്തുപറ്റി?”

കുട്ടിക്കാലം തൊട്ടുള്ള കൂട്ടുകാരനായിരുന്നു സുനിൽ. പ്രായത്തിൽ മൂന്നു വയസ്സ് മൂപ്പ് സുനിലിനാണെങ്കിലും കൗമാരത്തിലെ പല വികൃതികളും വിക്രിയകളും ഈ കൂട്ടുകാരന്റെ കൂട്ടായ്മയിലാണ് ഒപ്പിച്ചിരുന്നത്. പുല്ലൂണിപ്പുഴയിൽ മീൻപിടിക്കാൻ പോകുന്ന കോരക്കാർക്കൊപ്പമുള്ള സഹവാസം നാട്ടുകാർക്ക് സുനിലിനെ കുറിച്ച് വലിയ അഭിപ്രായമൊന്നും ഉണ്ടാകാതിരുന്നതിൽ അതിശയമില്ല. കല്യാണം മുടക്കികളായ നാട്ടുകാർ ഉള്ളതിനാലാണ് സുനിലിന്റെ വിവാഹം മുപ്പത്തിയഞ്ചാം വയസ്സിലേക്കു നീണ്ടത്. പെണ്ണിനും പെൺവീട്ടുകാർക്കും ബോധിച്ചാലും പുല്ലൂണിക്കടവിലെ നാട്ടുകാർക്കും ഇഷ്ടമാകണം. അതാണ് ആ നാട്ടിലെ രീതി. പുല്ലൂണിക്കടവിലെ ഓരോ ചെറുപ്പക്കാരുടെയും ഭാവി നിർണയിക്കുന്നത് അങ്ങാടിപ്പാലത്തിൽ തമ്പടിച്ചിരിക്കുന്ന നാട്ടുകാരാണ്.

“ഇനി മേലാൽ, അന്നെ ഓന്റെ കൂടെ അങ്ങാടിപ്പരിസരത്ത് കണ്ടുപോകരുത്...”

എത്രയോ തവണ ഉപ്പ ശാസിച്ചിട്ടും പുളിങ്കൊമ്പിന്റെ സീൽക്കാരം തുടയിൽ പതിഞ്ഞിട്ടും സുനിലിനോടുള്ള കൂട്ടുകെട്ട് അന്നേക്കാൾ ഇന്നും ശക്തമായത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇരുവരെയും പുറംവാസികളാക്കി. സുനിൽ സൗദിയിലേക്കും ജവാദ് ഒമാനിലേക്കും പോയെങ്കിലും, പുല്ലൂണിക്കാവിലെ ഉത്സവത്തിനും നേർച്ചക്കും പുല്ലൂണിപ്പാടത്തെ കലക്ഷൻ ഫുട്ബോൾ ടൂർണമെന്റിനും സീസൺ തുടങ്ങുമ്പോൾ ഇരുവരും അവധിക്ക് നാട്ടിൽ ഒരുമിച്ചെത്തും.

പറഞ്ഞതുപോലെ അപ്പോഴേക്കും ബോട്ടിം വീണ്ടും ശബ്ദിച്ചു.

“എന്താ സുനിലേ, നിന്റെ പ്രശ്നം? ഇത്ര വലിയ രഹസ്യം എന്താണ് പറയാനുള്ളത്? കഴിഞ്ഞ ആഴ്ചയല്ലേ പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിൽ നാട്ടുകാരായ ചിലരുടെ അനാവശ്യ പോസ്റ്റുകളെയും കമന്റുകളെയും കുറിച്ച് നമ്മൾ സംസാരിച്ചത്?”

ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറെപ്പോലെ സുനിൽ മുറിയാകെ നിരീക്ഷിക്കാൻ തുടങ്ങി.

“നീ എവിടെയാ ഇരിക്കുന്നത്?”

“ഹാളിലെ സോഫസെറ്റിൽ... അതാണല്ലോ എന്റെയൊരു പതിവ്,” ജവാദ് പറഞ്ഞു.

സുനിലിന്റെ ശബ്ദത്തിൽ സംശയത്തിന്റെ വിറയൽ.

“നിന്റെ പിറകിലിരിക്കുന്നതെന്താ?”

“ഒയാസിസിന്റെ കുടിവെള്ള ബോട്ടിലുകൾ...”

“നീ റൂമൊന്ന് ശരിക്കും കാണിക്കടാ.”

“എന്തിനാണിത്ര പരവേശം..? നിനക്കെന്താ പിരാന്തായോ?”

സുനിൽ ഇടവിട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും വാക്കുകളിൽ സംശയത്തിന്റെ നിഴൽ പരന്നു.

“പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിൽ വന്ന വാർത്ത നേരാണോ എന്ന് അറിയണം...”

“എന്നെ കുറിച്ചോ..? എന്ത് വാർത്ത?” ജവാദിന്റെ നെറ്റിയിൽ ചുളിവുകൾ പടർന്നു.

“ദേഷ്യം പിടിക്കണ്ട... നീ ഓഫീസിലെ ഒരു സ്ത്രീയുമായി ഡിങ്കോളിഫിക്കേഷനിലാണെന്നത് നേരാണോ?”

“എടാ പുല്ലേ... ആളെ മക്കാറാക്കാതെ കാര്യം തെളിച്ചു പറയ്!”

“അവിഹിതബന്ധത്തിൽ ഗർഭിണിയായ ഫിലിപ്പിനോ പെൺകുട്ടിയെ നാട്ടിലേക്ക് കയറ്റി അയച്ചെന്നും സൗദി പോലീസ് അറസ്റ്റു ചെയ്തെന്നും നീ ഇപ്പോൾ ജയിലിലാണെന്നും... അടുത്ത ആഴ്ച കല്ലെറിഞ്ഞ് കൊല്ലുമെന്നുമൊക്കെയാണ് ‘പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിൽ’ ഫോട്ടോ സഹിതം പരക്കുന്ന വാർത്ത.”

“ഫോട്ടോയോ..? എന്ത് പോലീസ്? ഏതു ജയിൽ..?”

“അപ്പോ നീ ഗ്രൂപ്പുകളൊന്നും നോക്കാറില്ലേ?” ജവാദ് പരിഭവത്തോടെ നെടുവീർപ്പിട്ടു.

“സുഹൃത്തേ... മനുഷ്യനിവിടെ നിന്നുതിരിയാൻ സമയമില്ല. ആകെ കിട്ടുന്ന ഒരേയൊരു വെള്ളിയാഴ്ച ഉറങ്ങാൻപോലും മതിയാവുന്നില്ല. പിന്നെ അലക്കൽ, ഭക്ഷണം... അതിനിടയിൽ വാട്സാപ്പ് ഗ്രൂപ്പ് നോക്കാൻ എവിടെ നേരം?”

സുനിൽ വീണ്ടും ചോദിച്ചു.

“നീ പിന്നെ എന്തിനാണ് ‘പുല്ലൂണിപ്പാടം ഗ്രൂപ്പിൽനിന്നും ആരോടും പറയാതെ എക്സിറ്റായത്?”

“ഈ കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലികിട്ടിയതിനു ശേഷം, എല്ലാ ഗ്രൂപ്പുകളിൽനിന്നും അകന്നുനിന്നു എന്നത് നേരാ... താൽപര്യം ഇല്ലാത്തതുകൊണ്ടല്ല... ആത്മാർഥതയില്ലാത്ത കുറെ ശുഭദിനങ്ങൾ, രാഷ്ട്രീയ കുത്തിത്തിരിപ്പുകൾ, വർഗീയ ചുവയുള്ള വാർത്തകൾ... എല്ലാ ചർച്ചകളും ഒടുവിൽ എത്തിനിൽക്കുന്നതോ മതത്തിലും. ഒക്കെ മടു​െത്തടോ.’’

‘‘പുല്ലൂണി യു.പി സ്കൂളിലെ 89ാം ബാച്ച് ഗ്രൂപ്പിന്റെയും ഹൈസ്കൂളിലെ പത്ത് ബി ക്ലാസിന്റെയും ‘ചങ്ങായീസ്’ ഗ്രൂപ്പിന്റെയും പ്രീഡിഗ്രി ‘കോപ്പ്’ ഗ്രൂപ്പിന്റെയും എല്ലാം സ്ഥാപക അഡ്മിൻ നീയായിരുന്നല്ലോ?

“ജോലിത്തിരക്കിനിടയിൽ അതൊക്കെ ഒരാശ്വാസമായിരുന്നു. പിന്നീട് മനസ്സിലായി ചിലരുടെ കമന്റുകൾ അസൂയയും കുശുമ്പും നിറഞ്ഞതാണെന്ന്. പണ്ടത്തെ പെൺസുഹൃത്തുക്കളൊക്കെ വീട്ടമ്മമാരായി, അവരുടെ ചെറുതല്ലാത്ത ‘തള്ളലുകൾ’ സഹിക്കാം. ഗ്രൂപ്പുകളിൽ ഗ്രൂപ്പുണ്ടാക്കി പരദൂഷണങ്ങൾ വിളമ്പുന്നവരുടെ കളികൾ അസഹനീയമാണ്. സത്യം പറഞ്ഞാൽ, ഗ്രൂപ്പുകളിൽ ഉള്ളതിനേക്കാൾ നല്ലത് മാറിനിൽക്കുന്നതാണ്.”

“കഴിഞ്ഞ അവധിക്കാലം നമ്മൾ ഒരു ഇന്റർവ്യൂ കൊടുക്കാൻ പോയില്ലേ? അന്ന് നീ പരിചയപ്പെടുത്തിയ ഫിലിപ്പൈൻസിയുടെ മുഖച്ഛായയുള്ള ഒരു മാധ്യമപ്രവർത്തകയെ, ആ ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ അതിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ അയച്ചുതരാം.”

“നീ എന്തായാലും സ്ക്രീൻഷോട്ട് അയക്ക്...”

ദേഷ്യം സിരകളെ ചൂടുപിടിപ്പിച്ചെങ്കിലും, ജവാദ് ചിരിക്കാൻ ശ്രമിച്ചു. രണ്ട് മിനിറ്റിനുള്ളിൽ ഫോട്ടോ വന്നു. എഴുത്തുകാരിയും ഒരു പ്രാദേശിക ടെലിവിഷൻ അവതാരകയുമായ മരിയ ക്ലാര അവരുടെ ആദ്യ കവിതാ സമാഹാരം സമ്മാനിക്കുന്ന ഫോട്ടോ.

“സുനീ... ഇതു നീ അന്നെടുത്ത ഫോട്ടോയല്ലേ?”

“ഇതുവെച്ചാണ് അവർ പണി തുടങ്ങിയിരിക്കുന്നത്. ജവാദേ, സൂക്ഷിക്കണം.

ഇത്തരം കമ്പിയില്ലാ പരദൂഷണ വാർത്തകൾ നിന്നോട് ആരാണ് പറഞ്ഞത്?”

“എന്നോട് പറഞ്ഞത് ദമാമയിലെ കളരി ബാവാണ്. അവനോട് പറഞ്ഞത് നാട്ടി നിന്നും മയ്യത്ത് സലാമു ആണത്രെ.”

“ആര് പരീച്ചാക്കാന്റെ മയ്യത്ത് സലാമോ? ലോകം കണ്ടിട്ടില്ലാത്ത അവന്ക്ക് എന്ത് ഫിലിപ്പിൻസ്, നേപ്പാളി പെൺകുട്ടികളെ കണ്ടാലും, അവൻക്ക് എല്ലാം ഫിലിപ്പിൻസുകളാണ്.”

“നിനക്കറിയില്ലേ... പുല്ലൂണിക്കടവിലെ ഓവുപാലത്തിലിരുന്ന് ആളുകളുടെ പച്ചമാംസം തിന്നലാണ് ഇവന്റെയൊക്കെ ഹോബി.”

“അതുകൊണ്ടാണല്ലോ അവന് മയ്യത്ത് സലാമു എന്ന പേര് ലഭിച്ചത്. ബാപ്പാന്റെ മൂല സ്വരൂപം തന്നെ,” സുനിൽ അതിനെ ശരിവെച്ചു.

“എന്തായാലും, ഞാൻ കളരി മാനുവിനെ ഒന്നു വിളിക്കട്ടെ...”

“ജവാദേ... ഇതാണ് നിന്റെ പ്രശ്നം. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ പെട്ടെന്നങ്ങ് പ്രകോപിതനാകും.”

“വേണ്ടാതീനം. പറഞ്ഞാൽ നിനക്കാണെങ്കിലും അരിശം വരില്ലേ?”

“ഇത്തരം പ്രതികരണം കൊണ്ടാണ് എല്ലാവരും നിന്നെ ഒറ്റപ്പെടുത്തുന്നത്. ഞാൻ വിശ്വസിച്ചിട്ടൊന്നും ഇല്ല്യ... കുട്ടിക്കാലം മുതൽ എനിക്കറിയാവുന്നതല്ലേ നിന്നെ?”

“പണ്ട് കോരക്കാർക്കൊപ്പം ഊട്ടിയിലേക്ക് ടൂർ പോയത് ഓർക്കുന്നുണ്ടോ..? നേപ്പാളിപ്പെണ്ണിനെ ഫിലിപ്പൈൻസിയായി തെറ്റിദ്ധരിച്ച് ശുക്ലം നിറഞ്ഞ നിരോധ് വണ്ടിയിൽ കാത്തിരുന്നവർക്ക് അഭിമാനപൂർവം കാണിച്ചവനാ മയ്യത്ത് സലാമു...”

“ഹറാം പിറന്നവൻ, ഓനിതും ചെയ്യും, അതിനപ്പുറവും ചെയ്യും...” സുനിൽ അതിനും സമ്മതിച്ചു.

“വെറുതെയല്ല ഭാര്യ ഉപേക്ഷിച്ചുപോയത്. വീട്ടിൽ കയറ്റാൻ പറ്റാത്ത ചെറ്റയാണവൻ.”

“സൂക്ഷിക്കണം ജവാദേ, അങ്ങാടിപ്പാലം വാട്സാപ്പ് ഗ്രൂപ്പിന് പിറകിൽ മറ്റാരൊക്കെയോ ഉണ്ടാകാം.”

അരമണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഒടുവിൽ മാനുവിനെ ലൈനിൽ കിട്ടിയത്.

“ഹലോ... കളരി മാനുവല്ലേ? എന്താടാ, നീ എന്നെ കുറിച്ച് സുനിയോട് എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു.”

“ജവാദേ... എന്നെ കുറ്റപ്പെടുത്തല്ലേ. നാട്ടിൽനിന്നും മയ്യത്ത് സലാം പറഞ്ഞ രഹസ്യം ഞാൻ സുനിലിനോട് ചോദിച്ചെന്നേ ഉള്ളൂ.”

“ഞാനും നീയും സുനിലുമൊക്കെ ഒരേ കളരിയിൽ പഠിച്ചവരല്ലേ..? എന്തെങ്കിലും അറിഞ്ഞാൽ നേരിട്ട് ചോദിക്കാമായിരുന്നില്ലേ?

“ഞാൻ മയ്യത്തിനെ ഒന്നു വിളിക്കട്ടെ... ഓന്റെ വാപ്പാന്റെ കളി, ഇനി അവനും കൂട്ടരും ഓവുപാലത്തിലിരുന്ന് പറയരുത്.”

രാത്രി ഏറെ വൈകിയിരുന്നു. സിരകൾക്ക് ചൂട് പിടിച്ചു തുടങ്ങി. നാലഞ്ചുതവണ വിളിച്ചെങ്കിലും, എടുത്തതേയില്ല. പരദൂഷണ വാർത്തയുടെ നിജസ്ഥിതി അറിയാതെ ഉറങ്ങാനാവില്ല. നാളെ ഡ്യൂട്ടിയുണ്ട്. നിവൃത്തികേടുകൊണ്ടാവാം ഒടുവിൽ മയ്യത്ത് ഫോൺ എടുത്തു.

“ഹലോ... സലാമു അല്ലേ..?” വിളി പ്രതീക്ഷിച്ചിരുന്നവനെ പോലെ ഇടറിയ ശബ്ദം.

“ഉമ്മ ഉറങ്ങിയിട്ടില്ല, നീ കാലത്ത് മൊബൈലിൽ വിളിക്ക്.”

“എനിക്കിപ്പോ അറിയണം... ഇല്ലെങ്കിൽ നീ ഇന്ന് സ്വസ്ഥമായി കിടന്നുറങ്ങില്ല.”

“എന്നാൽ, അര മണിക്കൂർ കഴിഞ്ഞ് വിളിക്ക്. ഞാനൊന്ന് പുറത്തിറങ്ങട്ടെ...”

താഴെയിറങ്ങി. മൊബൈലിൽ ചാർജ് കയറ്റി. തിരിച്ചുവരുമ്പോൾ, പരമരഹസ്യമായി നാടൻവാറ്റ് വിൽക്കുന്ന ചാലിയംകാരനെ കണ്ടു. വാറ്റുചാരായത്തിന്റെ ഒരു കുപ്പി വാങ്ങിച്ചു; അതിൽനിന്നും രണ്ടെണ്ണം കഴിച്ചപ്പോഴാണ് മനസ്സിന് ആശ്വാസം ലഭിച്ചത്.

“സലാമോ... നിനക്കെവിടെ നിന്നാണ് ഈ കരക്കമ്പി ന്യൂസ് കിട്ടിയത്?”

“നീയൊന്ന് സമാധാനത്തോടെ കേൾക്ക്... എന്നോട് പറഞ്ഞ ആളെ ഞാൻ പറയും, പക്ഷേ മറ്റാരോടും പറയുകയോ അവരോട് ചോദിക്കുകയോ ചെയ്യരുത്.”

“കോലോത്തെ ബഷീറാണ് എന്നോട് പറഞ്ഞത്.”

“എന്റെ അയൽവാസി കോലോത്തെ ബഷീറോ..?”

“ബഷീറിനോട് പറഞ്ഞത് ചട്ടിപ്പറമ്പിലെ സെക്കീറാണ്. അവനോട് ആരാണ് പറഞ്ഞതെന്ന് ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.”

“അന്വേഷിച്ചാലും ഇല്ലെങ്കിലും, ഞാനിതിന്റെ സത്യാവസ്ഥ അറിയും. പറഞ്ഞാൽ നിനക്ക് കൊള്ളാം, അല്ലെങ്കിൽ ഇതു പ്രചരിപ്പിച്ചവരെയെല്ലാം ഞാൻ പൂട്ടും. പുല്ലൂണിക്കാവിലെ യക്ഷിയെ തളച്ചപോലെ, മണിച്ചിത്ര താഴിട്ട് പൂട്ടും. അറിയാമല്ലോ, അനുജൻ തമ്പിയോട് ഒന്ന് സൂചിപ്പിച്ചാൽ മതി... നിന്റെയൊക്കെ വീട് കേറി തല്ലും.”

പ്രഷർ തലക്കു പിടിച്ച ജവാദ് ദേഷ്യത്തോടെ മൊബൈൽ ഡിസ്കണക്ട് ചെയ്തു.

സുനിലിന്റെ ചോദ്യം കർണപുടങ്ങളെ അസ്വസ്ഥമാക്കി.

“എന്തായിരിക്കാം ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിക്കാനുള്ള കാരണം? സിറ്റി ഗ്രൂപ്പിലെ വാട്സാപ്പിൽനിന്നോ, തിരുത്ത് ഗ്രൂപ്പിൽനിന്നോ പെട്ടെന്ന് നീ വിട്ടുപോയതുകൊണ്ടായിരിക്കുമോ?”

ഈയടുത്ത് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപ്രേരിത കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. ചില സാമുദായിക പാർട്ടിക്കാരായ അനുയായികൾക്ക് അതത്ര ദഹിച്ചിട്ടുണ്ടാകില്ല, അവരുടെ തലയിൽ രൂപപ്പെട്ട കുത്സിതചിന്തകളാണെന്നാണ് എന്റെ ബലമായ സംശയം... ഇതിന് പിന്നിലുള്ള അസൂയ മൂത്ത കറുത്ത കൈകൾ കണ്ടെത്തിയേ തീരൂ.

പെണ്ണുകേസാണ്, ഒരാളോടും പറയാൻ കൊള്ളില്ല. നാറ്റക്കേസ്! രാഷ്ട്രീയ നേതാക്കളിൽനിന്ന് സിനിമാക്കാരെ വരെ ഒതുക്കാൻ ഒറ്റ പെണ്ണുകേസ് മതി. ടി.വിയിൽ നിറയുന്ന ഇത്തരം വാർത്തകൾ കണ്ട് ഹരം കയറിയതുകൊണ്ടാകാം തന്റെ നേരെയും വ്യാജവാർത്ത സൃഷ്ടിക്കാൻ അവരെ പ്രേരിപ്പിച്ചത്.

തമ്പിയുടെയും ജവാദിന്റെയും നിരന്തര വിളികളും ഭീഷണിപ്പെടുത്തലും അവരെ മാനസികമായി തളർത്തി.

നാൽപത്തിയഞ്ച് ദിവസത്തെ പരിമിത വേനൽ അവധിക്ക് ജവാദ് സൗദിയിൽനിന്ന് പുല്ലൂണിക്കടവിലെത്തി. ഒരാഴ്ചത്തോളം കിടപ്പുരോഗിയായ ഉപ്പയെ പരിചരിച്ചു. ആശുപത്രിയിലെ ചികിത്സക്കുശേഷം ഉപ്പക്ക് കുറച്ചൊന്ന് ഭേദമായപ്പോഴാണ് ജവാദ് പുല്ലൂണിക്കടവിലേക്കിറങ്ങിയത്. ഒരുമാസം മുഴുവൻ ജവാദ് “പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പ്” അഡ്മിന്മാരെ കുറിച്ചുള്ള അന്വേഷണത്തിൽ വ്യാപൃതനായി.

കടവിനോട് ചേർന്ന കോലോത്തെ ബഷീറിന്റെ ഫോർവീലർ ഗാരേജിലേക്ക് നേരെ കയറിച്ചെന്നു. സത്യത്തിൽ ബഷീറിനെ വലിച്ചിട്ട് തല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അതു ചെയ്യുന്നത് ബുദ്ധിയല്ല. ആരാണ് ഈ കരയില്ലാ കമ്പി പ്രചരിപ്പിച്ചതെന്ന് ആദ്യം കണ്ടെത്തണം. അങ്ങാടിയിലിട്ട് തല്ലിയാൽ ആളുകൂടും, നാട്ടുകാർ അറിയും, അറിയേണ്ട വിവരങ്ങൾ കിട്ടുകയുമില്ല. വേണമെങ്കിൽ ബഷീറിന്റെ ശിങ്കിടികൾ വീഡിയോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റും, ഇക്കാലത്ത് ഒരാളെ നാറ്റിക്കാൻ അതാണല്ലോ എളുപ്പ മാർഗ്ഗം..?

പാനിയിറങ്ങി ഭാരിച്ച വൃഷണങ്ങളെ കള്ളിമുണ്ടിൽ പൊതിഞ്ഞ അവശതയിൽ, ബഷീർ ഇറങ്ങിവന്നു. മുഖത്തും കണ്ണുകളിലും പരിഭ്രമത്തിന്റെ അടയാളങ്ങൾ. സംസാരിക്കാൻ തുടങ്ങിയതോടെ ചുണ്ടുകൾ വിറച്ചു. പൊതുവെ സംസാരത്തിൽ വിക്കുള്ള അവൻ ഒരു വേള കൂടുതൽ വിക്കി.

“തെറ്റുചെയ്തവനെ തല്ലാൻ മനസ്സില്ലെങ്കിൽ, അവന്റെ കണ്ണിലേക്ക് തറപ്പിച്ചൊന്ന് നോക്കിയാൽ മതി, വിറക്കും.” അലി ഗുരുക്കൾ പഠിപ്പിച്ചുതന്ന കളരിക്കളത്തിലെ ആദ്യ പാഠം.

“അന്നോട് ആരാണ് ഞാൻ സൗദി ജയിലിലാണെന്ന് പറഞ്ഞത്?”

“എന്നോട് പറഞ്ഞത് ചട്ടിപ്പറമ്പിലെ സെക്കീറാണ്... ഓനിത് എവിടെനിന്നാണ് കിട്ടിയതെന്ന് എനിക്കറിയില്ല.”

“എന്തായാലും നീ നേരിട്ട് വന്ന് ചോദിച്ചത് നന്നായി.”

“ബഷീറേ... കോലോത്തെ ഹസ്സൻ ഹാജി മരിക്കുന്നതിന് മുമ്പ് എന്റെ ഉപ്പയുമായി ഉണ്ടായിരുന്ന ബന്ധം അറിയാലോ? അവരൊക്കെ ഒരേ വീട്ടുകാരെപ്പോലെ ജീവിച്ചവരാണ്. എന്നെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും തന്റൂടായ്മ പറഞ്ഞിട്ടുണ്ടെങ്കിൽ, അത് എന്നോടോ ​േജ്യഷ്ഠനോടോ സൂചിപ്പിച്ചാൽ മതിയായിരുന്നു.”

ബഷീറിന്റെ കണ്ണുകളിൽ കുറ്റബോധം നിഴലിച്ചു.

“അന്റെ വീട്ടിലുമുണ്ട് ഭാര്യയും പെൺകുട്ട്യോളും... കല്യാണം കഴിക്കാനായ മോനും. ഓൻ ഉക്രൈനിൽ നിന്നുമല്ലേ എം.ബി.ബി.എസ് എടുത്തത്? അവന് മാരകമായ എയിഡ്സ് രോഗമാണെന്ന് പറഞ്ഞുപരത്തി, നിന്നെയും കുടുംബത്തെയും നാറ്റിക്കാൻ പല്ലൂണിക്കടവിലെ നാട്ടുകാർക്ക് അധികസമയമൊന്നും വേണ്ട. അത്തരം തെണ്ടിത്തരം എന്നെക്കൊണ്ട് ചെയ്യിക്കരുത്.”

“ചട്ടിപ്പറമ്പിലെ സെക്കീറിനെ ഞാൻ നേരിൽക്കണ്ട് ചോദിച്ചോളാം…”

“വേണ്ട, നീ ഒറ്റയ്ക്ക് പോകേണ്ട. ഞാനും കൂടെ വരാം,” ബഷീർ പേടിയോടെ പറഞ്ഞു.

“അപ്പോൾ മറ്റന്നാൾ വൈകുന്നേരം, മഗ്രിബ് നിസ്കാരം കഴിഞ്ഞ് ഒരുമിച്ച് പോകാം.”

“ഓന്റെ പെരേത്തെ അവസ്ഥ അറിയില്ലേ... ഭാര്യയെ കാര്യെഴുവാക്കി വീട്ടിലിരിപ്പാ. അഞ്ച് പൈസയുടെ വരുമാനമില്ല, തറവാട് വീടുപോലും വിറ്റു, ഇപ്പോൾ കോട്ടേഴ്സിലാ...”


 



“ബഷീറേ... ഇതൊന്നും മറ്റുള്ളവരെ പറ്റി വേണ്ടാതീനം പറയുമ്പോ അവൻക്കോർമയില്ലേ..? എനിക്കോനെ നേരിൽ കണ്ടേ തീരൂ.”

രണ്ടീസം എന്നു പറഞ്ഞിട്ട് നാല് ദിവസമായി. കുടുംബത്തിലെ കല്യാണവും ഉപ്പയുടെ ആശുപത്രി ചികിത്സയും ഉൾപ്പെടെ ജവാദും തിരക്കിലായി. വീണ്ടും ഒരാഴ്ച കടന്നുപോയി. എല്ലാ വൈകുന്നേരവും സെക്കീറിന്റെ നിഴൽവട്ടം പ്രതീക്ഷിച്ച്, ജവാദ് പുല്ലൂണിക്കാവിനടുത്തുള്ള പള്ളിപ്പടിയിൽ കാത്തുനിൽക്കും. ഓരോ നിമിഷവും അവനെ കണ്ട് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയാൻ മനസ്സ് വെമ്പും.

ഒടുക്കം സഹികെട്ട്, പ്രതാപം മങ്ങിത്തുടങ്ങിയ സെക്കീറിന്റെ ചട്ടിപ്പറമ്പ് വീട്ടിലേക്കു കയറിച്ചെന്നു. കുതിരക്കാരൻ കലന്തോക്ക പേരുകേട്ട തറവാടിയാണ്. ദുബായ് ശൈഖിന്റെ കുതിരകളെ നോക്കലായിരുന്നു ജോലി.

പുല്ലുകൾ വളർന്ന മുറ്റം, പെയിന്റ് ചെയ്യാതെ നെരച്ചു ഇച്ചിൽ പിടിച്ച ചുമരുകൾ. എത്രയോ ആളുകളുടെ പ്രശ്നങ്ങൾ പറഞ്ഞ് തീർത്തിരുന്നത് ആ മുറ്റത്ത് വെച്ചാണ്. ഇതുപോലൊരു വീട്ടിൽ ഗുരുത്വംകെട്ട ഒന്നുമതി. തറവാടിന്റെയും കാക്കാരണവന്മാരുടേയും പേര് കളയാൻ. ജോലിക്കും പോകില്ല, വരുമാനവുമില്ല, ഗൾഫുകാരായ സുഹൃത്തുക്കൾ വന്നാൽ കടംവാങ്ങും. അങ്ങാടിപ്പാലത്തിലോ പുല്ലൂണിക്കാവിലെ ഓവുപാലത്തിലോ ഇരുന്ന്, മനുഷ്യരുടെ ഇറച്ചി തിന്നു രസിക്കുന്നതാണ് പ്രധാന വിനോദം. പരിസരവാസികളായ എത്രയോ സ്ത്രീകൾ ഇവരുടെ പരദൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ദേഷ്യവും കലിപ്പും മനസ്സിൽ അടക്കിവെച്ച്, ശബ്ദം കുറച്ച് ശാന്തമാക്കി, വള്ളി ട്രൗസർ ധരിച്ച് മുന്നാരത്തിരുന്ന് കളിക്കുന്ന ചെറുക്കനോട് ജവാദ് ചോദിച്ചു.

“മോനെ... സെക്കീർ ഇവിടെയുണ്ടോ?”

“നോക്കട്ടെ... അങ്കിൾ...”

അവൻ കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ച് അകത്തേക്ക് ഓടിപ്പോയി.

നിമിഷങ്ങളോളം കൊതുകുകടിയെ താളത്തിൽ തപ്പുകൊട്ടി നിന്നതല്ലാതെ, ആരെയും പുറത്തേക്ക് കണ്ടില്ല. ക്ഷമകെട്ട് ഇറങ്ങാൻ തുനിഞ്ഞതും, ബനിയനും കൈലിയും ധരിച്ച് മുഖത്ത് ഭാവവ്യത്യാസങ്ങളില്ലാതെ സെക്കീർ പുറത്തേക്കിറങ്ങിവന്നു.

“ഇജ്ജ്... എന്നെപ്പറ്റി വല്ലതും കോലോത്തെ ബഷീറിനോട് പറഞ്ഞിരുന്നോ?”

“റബ്ബാണേ... ബദ്രീകളാണ് സത്യം. ബഷീറുമായി എനിക്കൊരു ബന്ധവുമില്ല, ഞാൻ അന്നെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.”

“ഉറപ്പാണല്ലോ ല്ലേ..? അങ്ങനെയെങ്കിൽ, പടച്ചവനെ പിടിച്ച് സത്യമിട്.”

“പടച്ചോനാണേ സത്യം, ഞാൻ ജവാദിനെപ്പറ്റി ഒരാളോടും ഒന്നും പറഞ്ഞിട്ടില്ല...”

“ബാക്കി, ഞാൻ ബഷീറിനോട് ചോദിച്ചോളാം,” എന്നു പറഞ്ഞ് ജവാദ് ചട്ടിപ്പറമ്പിൽ നിന്നിറങ്ങി. വൃദ്ധനായ ബാപ്പയും അസുഖമുള്ള ​േജ്യഷ്ഠനും വാതിൽ മറവിൽ ഇരുന്നു ആ രഹസ്യസംഭാഷണം കേട്ടുവോ എന്നറിയാൻ, അവൻ ഇടക്കിടക്ക് വാതിൽ വിടവിലൂടെ അകത്തേക്ക് നോക്കുന്നുണ്ടായിരുന്നു...

ദിവസങ്ങൾ പുല്ലൂണിക്കാവിലെ ഇലഞ്ഞിപ്പൂക്കൾപോലെ പൊഴിഞ്ഞു തുടങ്ങി. നല്ല മഴ പെയ്തുറങ്ങിയ ഒരു പുലർച്ച. ഇന്നലെ തീരെ ഉറങ്ങിയിരുന്നില്ല. ജവാദ് നേരെ മയ്യത്ത് സലാമുവിന്റെ വീട്ടിലേക്കു നടന്നു. അണ്ണശ്ശേരി ജുമാമസ്ജിദിൽനിന്നും സുബ്ഹ് വാങ്ക് കേൾക്കുന്നുണ്ട്. നേരം പുലരുന്നതേയുള്ളൂ. ആയിഷാത്ത നിസ്കാരക്കുപ്പായം ധരിച്ച് അകത്തിരുന്ന് ഖുർആൻ പാരായണം ചെയ്യുകയാണ്. പാതി തുറന്ന ജനൽപ്പാളിയിലൂടെ ജവാദ് അതു കണ്ടു. കോളിങ് ബെല്ലിൽ വിരലമർത്തി.

“ആ. ജവാദോ..! ഇത്ര വെളുപ്പാൻ കാലത്ത് എന്താ മോൻ വന്നത്?”

ഖുർആൻ മടക്കിവെച്ച്, അതിൽ ഭക്തിയാദരവോടെ ചുംബിച്ച്, ആയിഷാത്ത പുറത്തേക്ക് വന്നു.

“ഒന്നുല്യാ ആയിഷാത്താ, സലാമൂനെ ഒന്ന് കാണണം.”

“ഓൻ നല്ല ഉറക്കത്തിലാണ്... ഇന്നലെ പുല്ലൂണിക്കാവിലെ പൂരത്തിന് പോയി വന്നുകിടന്നതാ... എഴുന്നേൽക്കാൻ നേരം വൈകും. വിളിച്ചുനോക്കട്ടെ... മോൻ കേറി ഇരിക്ക്?”

ഉറക്കച്ചടവോടെ മുഖത്ത് പറ്റിയ തേത്തോല തുടച്ച്, സലാമു പുറത്തേക്ക് ഇറങ്ങിവന്നു.

“എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.”

“നിൽക്ക്... നമുക്ക് അങ്ങോട്ട് മാറിനിൽക്കാം, ഉമ്മ കേൾക്കേണ്ട.”

അവന്റെ മുഖം വല്ലാതെ വിളറുകയും വിവർണമാവുകയും ചെയ്തു.

“ആരും സത്യം പറയുന്നില്ല സലാമോ... നാളെ ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണ്. എസ്.ഐ നിങ്ങളെ മൂന്നുപേരേയും വിളിപ്പിക്കും. മൊബൈൽ സൈബർ സെല്ലിൽ ഹാജരാക്കേണ്ടി വരും. നാട്ടുകാരനും കൂട്ടുകാരനുമാണെന്ന ബോധം നിങ്ങക്കില്ലെങ്കിലും, പോകുന്നതിനുമുമ്പ് ഒന്ന് പറഞ്ഞില്ലെന്ന് വേണ്ട.”

“എന്നോട് ബഷീറാണ് പറഞ്ഞതെന്ന് ഞാൻ പറഞ്ഞതല്ലേ... അവനാണ് എനിക്ക് ഫോട്ടോ അയച്ചുതന്നത്.”

“ആ ഫോട്ടോ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിച്ചത് ആരാണ്?

ജേണലിസ്റ്റായ ആ പെൺകുട്ടിക്കും ഒരു ഭർത്താവും ഒരു കുടുംബവുമുണ്ട് എന്ന് നിങ്ങൾ ഓരോർത്തർക്കുമറിയില്ലേ..? എല്ലാവരും വിവരമറിയാൻ പോകുന്നേയുള്ളൂ... തമ്പിയെ ഞാൻ അനുനയിപ്പിച്ച് നിർത്തിയിരിക്കുകയാണ്.”

“ദയവായി തമ്പിയോട് പറയരുത്, ഇത് നമുക്ക് തന്നെ സോൾവ് ചെയ്യാം…”

“നിന്റെയൊക്കെ മൈ**@**@ലെ ഒരു സോൾവ്!”

നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ടാകും, നാട്ടുംപുറത്തെ സ്കൂളിൽ പഠിപ്പിച്ച മാഷല്ലേ..! അവരെ പറ്റി എന്തും പറഞ്ഞുപരത്താം, വായിൽ വിരലിട്ടാലും കടിക്കാത്തവരാണ്... അധ്യാപകന്മാർ...

എടാ മൈ**@**@മാരെ..! നീയൊക്കെ ജീവിക്കാൻവേണ്ടി പ്രവാസിയാകേണ്ടിവന്ന മാഷ്മാരെ കണ്ടിട്ടുണ്ടോ? പുറംവാസം അവരെ പഠിപ്പിച്ച ഇച്ഛാശക്തിയും ആത്മധൈര്യത്തെയും കുറിച്ച് അറിയാമോ? അതിന് ഒരിക്കലെങ്കിലും ഒന്ന് കടൽകടന്നു നോക്കണം. മരുഭൂമിയും മരുക്കാറ്റും അടുത്തറിഞ്ഞവനോടാണോ നിന്റെയൊക്കെ പരദൂഷണ ഉമ്മാക്കിക്കളി..!”

ശബ്ദം ഉയർന്നെങ്കിലും, പാവം ആയിഷുത്ത അറിയാതിരിക്കാൻ, ജവാദ് കലിപ്പടങ്ങാതെ വീണ്ടും നേരെ ബഷീറിന്റെ വീട്ടിലേക്കു നടന്നു.

മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ട്.

നേരം വൈകി എഴുന്നേൽക്കാറുള്ള ബഷീർ അതിരാവിലെ തന്നെ മൊബൈലുമായി അന്ധാളിച്ചെന്നോണം, മുന്നാരത്ത് ഇരിപ്പുണ്ട്.

“അപ്പോൾ മുൻകൂട്ടി ആരോ നിന്നെ വിളിച്ചറിയിച്ചിട്ടുണ്ട്.”

“ബഷീറേ... ഇതിന്റെ പിറകിലുള്ളവർ ആരാണെന്ന് അറിഞ്ഞേ തീരൂ. നാളെ ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണ്.”

“ജവാദേ... അതിനുമുമ്പ് സെക്കീറിനെ വിളിച്ച് നമുക്ക് ഒന്നിച്ചിരുന്ന് തീർക്കാവുന്ന പ്രശ്നമേയുള്ളൂ.”

നിങ്ങൾ മൂന്നുപേരും പരസ്പരവിരുദ്ധമായ വാക്കുകൾ പറഞ്ഞ് ആളെ ഏമാത്തുകയാണ്... നമുക്കിത് സൈബർ സെല്ലിൽ വെച്ചു തീർക്കാം.”

“മരിച്ചുപോയ എന്റെ ബാപ്പയാണ് സത്യം, ആ സെക്കീറിന്റെ വലയിൽ ഞാൻ പെട്ടുപോയതാ.”

“പിറ്റേന്നും, പകലിന്റെ തുടർച്ചയെന്നോണം രാത്രിയിൽ മഴ കനത്തുപെയ്തു. പുല്ലൂണിക്കാവിലെ തോടുകൾ നിറഞ്ഞ് കവിഞ്ഞൊഴുകി പുഴയിൽ ചേരുകയാണ്. ഇടവഴികളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്, ചേറും ചളിയും ചവിട്ടി, പുതുതായി പണികഴിപ്പിച്ച ജവാദിന്റെ വീടിന്റെ മുന്നിൽ, ഇരുട്ടിൽ പേടിച്ചരണ്ട മുഖങ്ങളോടെ മൂന്ന് നിഴൽരൂപങ്ങൾ വന്നുനിന്നു.

കോളിങ് ബെല്ലിൽ വിരൽ അമർത്തി.

മുന്നിൽ കോലോത്തെ ബഷീർ, പിന്നെ ചട്ടിപ്പറമ്പിലെ സെക്കീർ, പിന്നിലായി പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിലെ ഒരു അഡ്മിൻ. ജവാദ് വാതിൽ തുറന്നു, മുന്നാരത്തെ കസേരകൾ ചൂണ്ടിക്കാട്ടി ഇരിക്കാൻ പറഞ്ഞു. പോലീസിനെയും സൈബർ സെല്ലിനെയും കേസിനെയും കോടതിയെയും ഇവർ പേടിക്കുന്നുണ്ട്.

ബഷീറിനെ അറിയില്ലെന്നും, ഇങ്ങനെ ഒരുകാര്യം പറഞ്ഞിട്ടേ ഇല്ലെന്നും മുൻപ് കളവുപറഞ്ഞ സെക്കീറാണ് ഇപ്പോൾ തലതാഴ്ത്തി മുന്നിൽ നിൽക്കുന്നത്.

നിരാശയും കുറ്റബോധവും കലർന്ന മുഖഭാവത്തോടെ സെക്കീർ പറഞ്ഞു.

“ജവാദേ... ഞാനാണ് ബഷീറിനോട് പറഞ്ഞത്. അന്ന് പേടികൊണ്ടാണ് കളവ് പറയേണ്ടിവന്നത്. ഞങ്ങളോട് ക്ഷമിക്കണം... തെറ്റുപറ്റിപ്പോയി.”

മുഖമടക്കി ഒന്നു കൊടുക്കാൻ തോന്നി. പിന്നെ വീട്ടിലേക്ക് കയറിവന്ന അതിഥികളോട് അപമര്യാദയായി പെരുമാറുന്നത്, കുടുംബത്തിലെ പിറന്നവരുടെ സംസ്കാരമല്ല.

“പിന്നെ...”

ബഷീർ തുടക്കം തൊട്ട് പറയാൻ തുടങ്ങി.

“കൂടുതലൊന്നും എനിക്ക് കേൾക്കേണ്ട. മലയാളത്തിൽ പ്രൊഫൈലുള്ള ഒരു എഫ്‌ബി അക്കൗണ്ടിൽനിന്നാണ് ആ ഫോട്ടോ സ്ക്രീൻഷോട്ട് എടുത്തിരിക്കുന്നത്. അതിന് പിന്നിലുള്ള വ്യക്തിയെ മാത്രം പറഞ്ഞാൽ മതി, മറ്റൊന്നും എനിക്ക് അറിയേണ്ട.”

“ഒരു പെൺകുട്ടി സ്റ്റേജിൽ കയറി സമ്മാനം വാങ്ങിയതിന് ചീത്തവിളിച്ച ഉസ്താദിനെതിരെ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇങ്ങനെ ഒരു അപവാദം ഉയർന്നതെന്ന് നിനക്കറിയുമോ?”


 


നാസർ ബഷീർ

“ഇതിന് പിന്നിൽ വല്ല രാഷ്ട്രീയ കളികളും ഉണ്ടോ..? മയ്യത്ത് സലാമുവിനെ കാണുന്നില്ലല്ലോ... അവനെ എവിടെ..?”

“ഇല്ല, ജവാദേ... ഇതിൽ രാഷ്ട്രീയവുമൊന്നുമില്ല.

“എന്റെ കൂടെ പുല്ലൂണി സ്കൂളിൽ പഠിച്ച നിന്റെ ഉദ്ദേശം എന്തായിരുന്നു, സെക്കീറേ?”

“ഞങ്ങൾ ഒരു തമാശയ്ക്കു വേണ്ടി ചെയ്തതാണ്... ഇതിന്റെ പിറകിൽ നീ ഇത്രയും ദൂരം സഞ്ചരിക്കുമെന്നു ഞങ്ങൾ കരുതിയിരുന്നില്ല.”

“ഈ പ്രശ്നത്തിലേക്ക് പുതിയ ആളുകളെ വലിച്ചിഴക്കേണ്ട. ഇത് എവിടെനിന്നാണ് ഉണ്ടായതെന്നും, പിന്നിലെ ലക്ഷ്യങ്ങൾ എന്തെന്നും എസ്.ഐ നിങ്ങളെക്കൊണ്ട് വിശദമായി പറയിക്കും.”

“ജവാദേ... ദയവായി പോലീസിലോ സൈബർ സെല്ലിലോ പോകരുത്.”

“നിങ്ങളെപ്പോലെ ഓവുപാലത്തിലിരുന്ന് പരദൂഷണം പറഞ്ഞു രസിക്കുന്ന മുഴുവൻ പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിൻമാരെയും ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അവർക്കൊന്നും ഈ വിഷയം അറിയില്ല; ക്ലോസ്‌ഡ് ഗ്രൂപ്പിൽ നിങ്ങൾ പറഞ്ഞതുമാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്.”

“തെറ്റ് പറ്റിപ്പോയി... ഇനി ഞങ്ങളുടെ ഭാഗത്തുനിന്ന് അങ്ങിനെ ഒന്നും ഉണ്ടാകില്ല. ‘പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പ്’ എപ്പോഴേ ഡിലീറ്റ് ചെയ്തു. തമ്പിയോട് ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തരുതെന്നും, സ്വസ്ഥത നശിപ്പിക്കരുതെന്നും പറയണം. ആ ഭീഷണിമൂലം കഴിഞ്ഞ ആഴ്ചകൾ ഉറങ്ങാൻ കഴിഞ്ഞില്ല.”

“നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും വേണോ? ഒരു സുലൈമാനി എടുക്കട്ടെ,”

ജവാദ് അകത്തേക്ക് നോക്കി ഭാര്യയെ വിളിച്ചു.

“ഞങ്ങൾക്ക് ഒന്നും വേണ്ട, ഇതൊരു വലിയ സാമൂഹ്യ പ്രശ്നമാക്കരുത്. എങ്ങനെയെങ്കിലും തല ഊരിയാൽ മതി.

ഞാൻ ഒന്ന് തമ്പിയെ വിളിക്കട്ടെ... അവനോട് ചേദിക്കാതെ എനിക്കു മാത്രമായി ഒരു തീരുമാനമെടുക്കാൻ കഴിയില്ല.”

അവരുടെ മുന്നിൽ വെച്ചുതന്നെ തമ്പിയെ വിളിച്ചു.

“ബ്രോ, അത് വിട്ടേക്കൂ... നിന്റെ വളർച്ചയെയും നേട്ടങ്ങളെയും ഇവർ ഭയക്കുന്നു. പിന്നിൽ അസൂയ മാത്രമാണ്. ഇനിയും ഇതിന്റെ പിറകേ പോയി സമയം കളയരുത്, ഇവരാരും പുല്ലൂണിക്കടവിലെ ഒരാളുടെ പച്ചമാംസം ഇനി തിന്നില്ല. ഇപ്പോൾ ലഭിച്ച ക്ഷമാപണമാണ്, രണ്ട് തല്ലിനേക്കാൾ വലുത്. പിന്നെ മയ്യത്ത് സലാമുവിന് വേണ്ടത് കാലം കരുതിവെച്ചിട്ടുണ്ട്. അറിയാതെപോലും ഒരു മനുഷ്യന്റെ മനസ്സ് വേദനിപ്പിച്ചാൽ അതിനുള്ളത് ഭൂമിയിൽനിന്നും അനുഭവിച്ചിട്ടേ മരിച്ചുപോകൂ.”

തലതാഴ്ത്തി, ഇരുട്ടിൽ പെയ്യുന്ന മഴയിലേക്ക് ഇറങ്ങിപ്പോകുന്ന കറുത്ത കുടകൾ പിടിച്ച മൂന്നു നിഴൽരൂപങ്ങൾ. ജവാദിന്റെ ഭാര്യയും മക്കളും വാതിലിലൂടെ ആശ്വാസപൂർണ പുഞ്ചിരിയോടെ നോക്കിനിന്നു.

നാലാമത്തെയാൾ, അന്ധകാരത്തിനും മഴപ്പെയ്ത്തിനും ഇടയിൽ, ഗൂഢമായി ചിരിച്ച്, പുല്ലൂണിക്കടവിലെ പാലമരത്തിന് താഴെ ആർക്കോ വേണ്ടി കാത്തുനിന്നു. മയ്യത്ത് സലാമുവിന്റെ കൊന്ത്രൻപല്ലുകൾ ചോരയൊലിക്കുന്ന തേറ്റപ്പല്ലുകളായി മിന്നൽവെട്ടത്തിൽ തെളിഞ്ഞു. ആ രൂപം പണ്ടെങ്ങോ പുല്ലൂണിക്കാവിൽ തളച്ച യക്ഷിയായി പതുക്കെ രൂപാന്തരം പ്രാപിച്ച്, മഴ അവശേഷിപ്പിച്ച പുകച്ചുരുളുകളിൽ ലയിച്ചുചേർന്നു.

Tags:    
News Summary - malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-24 03:30 GMT
access_time 2026-08-24 03:15 GMT
access_time 2026-08-24 02:45 GMT
access_time 2026-08-24 02:15 GMT
access_time 2026-08-24 02:00 GMT
access_time 2026-08-17 05:30 GMT
access_time 2026-08-17 05:15 GMT
access_time 2026-08-17 03:15 GMT
access_time 2026-08-10 06:00 GMT