ഇരുണ്ട പച്ചനിറത്തിലുള്ള തന്റെ പേരിനു നേരെ നോക്കി കുറച്ചുനേരംകൂടി ഇരുന്നപ്പോൾ മുമ്പില്ലാത്ത ഒരു ഗരിമ പതുക്കെ ആ വാക്കിനു കിട്ടുന്നതായി പീതാംബരന് തോന്നി. ചെമ്പട്ടുടുത്ത ഒരു തീപ്പന്തം ആ വാക്കിനു കുറുകെ അകലെയുള്ള ഏതോ പടയണിക്കാവിന് നേർക്ക് ഓടിമറയുന്നു. കവിളത്ത് പച്ച ഈർക്കിലിയിൽ കോർത്ത മച്ചിങ്ങ കുത്തി കണ്ണുതള്ളി നടക്കുന്ന കോമരങ്ങൾ.
ഇടവഴിത്തൊണ്ടുകളെ വെളിച്ചത്തിന്റെ ഊഞ്ഞാലിലാട്ടുന്ന തൂക്കുവിളക്കും തീവെട്ടികളും. തോളത്തെടുത്ത പലനിലകളുള്ള പൂക്കാവടികളുമായി ചുവടുവെച്ചുനീങ്ങുന്ന കളിക്കാരുടെ നീണ്ടനിഴലുകൾ. ഇടക്ക് ഉയർന്നുകേൾക്കുന്ന അലർച്ചകൾ, പെരുകിക്കയറുന്ന ചെണ്ടപ്പട. കമുകിൻപാളക്കോലങ്ങളും തീപ്പൊരി ചിതറുന്ന അനേകം ചൂട്ടുകറ്റകളും ഒഴുകിനിറഞ്ഞ് നിലതെറ്റി നൃത്തംചെയ്യുന്ന രാത്രി. പീതാംബരന് കണ്ണിൽ ഇരുട്ടിന്റെ വാരിക്കമ്പുകൾ കുത്തിക്കയറും പോലെ തോന്നി.
പീതാംബരൻ കെ.പി എന്നാണ് അയാളുടെ മുഴുവൻ പേര്. കറുപ്പത്തു പദ്മനാഭൻ എന്ന അയാളുടെ അച്ഛൻ വലിയ പടേനിപ്പാട്ടുകാരനായിരുന്നു. കാവുപാട്ടിന്റെ ചടുലതാളമുണ്ടായിരുന്നു അച്ഛന്റെ നടപ്പിനുപോലും. ഉറപ്പുള്ള ആ ചുവടുകൾ പാട്ടിന്റെ പല കാലങ്ങളെ കണിശമായി അളന്നു. ചെറുപ്പത്തിൽ അച്ഛന്റെ കൂടെ നടന്ന് അയാൾ കയറാത്ത കാവുകളില്ല ആ ദേശത്ത്. അന്നത്തെ രാത്രികൾക്ക് കോഴിച്ചോരയുടെ ചൂരുണ്ടായിരുന്നു, ആളുന്ന തീയുടെ തിമിർപ്പും. ഓരോ രാത്രിയും ഓരോ നിലവിളിപോലെ ആയിരുന്നു അന്ന്.
മാടനും മറുതയുമാടി കളംനിറഞ്ഞ പടേനിപ്പാടങ്ങൾ. പീതാംബരന്റെ ഓർമകളെ നിറപ്പകിട്ടുള്ളതാക്കുവാൻ വേറെ എന്താണുള്ളത്? ഏറെ അടുപ്പമുള്ളവർ പീതാംബരനെ പീതൻ എന്നു വിളിക്കും. രമ ഇഷ്ടം കൂടുമ്പോൾ പീതു എന്നും. അതാണ് അയാൾക്ക് ശരിക്കുമിഷ്ടം. പീതു എന്ന് ചെവിയിൽ രഹസ്യപ്പേച്ചു വിളിക്കുമ്പോൾ ഓരോവട്ടവും തന്നെ മടിയിൽ കിടത്തി അരയിൽ പഞ്ചലോഹം കോർത്ത ചരടുകെട്ടി അമ്മ തനിക്ക് പേരിടുന്നതോർത്ത് പീതാംബരൻ അറിയാതെ ഒരു പാൽച്ചിരി ചിരിക്കും. ഒരു തളിർവെറ്റിലയുടെ ഇളംപച്ചനിറമുള്ള തണുപ്പിൽ കിടക്കുംപോലെയാണ് ആ ഓർമ.
പേരിനു നേരെ നീട്ടിവലിച്ച് മലയാളത്തിലുള്ള തന്റെ ഒപ്പിട്ട് മഷിപ്പേനയടച്ച് പോക്കറ്റിലേക്ക് പൂഴ്ത്തി പീതാംബരൻ അന്നത്തെ അവസാന ഫയലും തീർപ്പാക്കി മാറ്റിവെച്ചു. കസേരയുടെ മടക്കുകളിൽനിന്നും ശരീരം ഒന്നു നിവർത്തിയെടുക്കുവാൻ വേണ്ടി കൈകൾ മേലേക്കുയർത്തി വലിച്ചുനീട്ടി ഒന്ന് ഞെട്ടയൊടിച്ചു. കാവിൽനിന്നും തീ പൊരിഞ്ഞുകത്തുന്ന പൊട്ടൽ. കാട്ടുചുള്ളികൾ ഞെരിയുന്ന ഒച്ച. ആ ഒച്ചക്ക് ചേർന്നുനിന്ന് അയാൾ അൽപനേരം ഒന്നു കണ്ണടച്ചു. കുറത്തിയും കാട്ടാളനും പകർന്നാടിയ കടമ്മനിട്ടക്കവിയെ ആണ് അന്നേരം പീതാംബരന് ഓർമവന്നത്. ചെറുപ്പത്തിൽ കടമ്മനിട്ട ഏതോ നാട്ടുകവലയിലെ വെട്ടം കുറഞ്ഞ വേദിയിൽ ‘കുറത്തി’ ചൊല്ലിയാടുന്നത് കണ്ടുനിന്നിട്ടുണ്ട്.
ഒരു പടേനിക്കളത്തിൽ ചെന്നുനിൽക്കുകയാണോ താനെന്ന് അന്നയാൾക്കു തോന്നി. ചുട്ടിയോ ചുണ്ണാമ്പോ എഴുതാതെ തന്നെ കവിയുടെ മുഖത്ത് മങ്ങിയ വെളിച്ചത്തിന്റെ പൊട്ടുകൾ നിറഞ്ഞ പാടങ്ങൾ അകന്നുപോകുന്നു. കണ്ണുകളിൽ അഗ്നിക്കാവടിമേൽതട്ട് ചുഴറ്റി, നിന്നനിൽപിൽ പമ്പരംകറങ്ങുന്നു. ചുറ്റിനും കനൽത്തരികൾ ചിതറുന്നു. തീയിലേക്ക് എണ്ണ കോരിയൊഴിച്ചതുപോലെ രാത്രി ഒന്നാളിപ്പിടിച്ചപ്പോൾ പീതാംബരൻ ഞെട്ടി കണ്ണുതുറന്നു.
പൊതുമരാമത്തു വകുപ്പിലെ ഒരു സീനിയർ സൂപ്രണ്ട് എന്ന നിലയിൽ തല പെരുപ്പിക്കുന്ന ഉത്തരവാദിത്തങ്ങളാണ് അയാൾക്ക് ഓഫീസിൽ നിറയെ. പക്ഷേ, തൽക്കാലം അതെല്ലാം നീക്കിവെച്ചേ പറ്റൂ. രണ്ടു ദിവസത്തേക്ക് അവധിയും എടുത്തു കഴിഞ്ഞു. ഈ രാത്രിയിൽ ഏതായാലും പത്തനംതിട്ടക്ക് പോകണം. രമ എന്തുപറയുമെന്നറിയില്ല. പക്ഷേ, ഇന്ന് പോയേപറ്റൂ. പത്തനംതിട്ടയിലാണ് പീതാംബരന്റെ പ്രാണൻ പിടഞ്ഞുനിൽക്കുന്നത്. ഒരുതരം ബലികർമംപോലെയാണ് അവിടേക്കുള്ള ഓരോ യാത്രയും അയാൾക്ക്.
‘പടേനി കണ്ടിട്ടേ ഇപ്രാവശ്യം തിരികെ വരവൊള്ളു.’ പീതാംബരൻ തന്നോടുതന്നെ പറഞ്ഞുവെച്ചു. കുറച്ചുദിവസമായി ഉറക്കത്തിൽ അച്ഛനെ സ്വപ്നം കാണാത്ത രാത്രികളില്ല. പത്തനംതിട്ടയിലെ തറവാട്ടുപറമ്പ് മുഴുവനും കാടുകയറി കിടപ്പാണ്. പറമ്പ് വൃത്തിയാക്കാൻ രാമൻ കർത്ത ഏർപ്പാടാക്കിയിരുന്ന ബംഗാളിഭായി കുറച്ചുദിവസമായി വന്നിട്ടുമില്ല. എങ്കിലും ആള് മിടുക്കനാണ്. രണ്ടു ദിവസംകൊണ്ടുതന്നെ ഭായി പറമ്പിൽ ആർത്തുപടർന്നു കിടന്നിരുന്ന പാഴ്മരങ്ങളുടെ ചില്ലകൾ ഒട്ടുമുക്കാലും ഇറക്കിക്കഴിഞ്ഞു.
വീടിനു മുകളിലേക്ക് നാവു നീട്ടിക്കിടന്ന ഞവറവള്ളിപ്പടർപ്പുകളെയും വെട്ടിക്കഴിഞ്ഞു. എങ്കിലും ഇനിയും ദിവസങ്ങളുടെ പണിയുണ്ട് ഉദ്ദേശിക്കുന്ന രീതിയിൽ പുരയിടമൊന്നു നന്നാക്കിയെടുക്കുവാൻ. നായ്ക്കുരുണത്തിന്റെ വലിയ ഒരു പന്തൽ പറമ്പിന്റെ ഒരു മൂലയെ കവർന്നെടുത്തിരിക്കുന്നു. അവിടെനിന്നുള്ള കാറ്റടിച്ചാൽ മതി ദേഹമാകെ തിണർത്തുപൊന്തും. എല്ലാം വെട്ടിക്കളഞ്ഞ് കത്തിക്കണം. ചോല ഒഴിഞ്ഞാൽ തന്നെ പറമ്പ് വെളിപ്പെടും. വെട്ടമിറങ്ങിയാലേ മണ്ണിനു ജീവൻവെക്കൂ. നിലം കാണാത്തവിധം അടിഞ്ഞുകിടക്കുന്ന കീഴ് ക്കാ ടും നിറയെ ഉണ്ട്. ഇപ്രാവശ്യം തന്റെ പറമ്പിൽ ചില കൃഷിപ്പണികളൊക്കെ ചെയ്യണം എന്ന് പീതാംബരൻ തീരുമാനിച്ചുകഴിഞ്ഞു. കൊല്ലങ്ങളെത്രയോ ആയി പറമ്പിങ്ങനെ അനാഥമായി കിടക്കുന്നു.
കടന്നുചെല്ലാൻപോലും പറ്റാത്ത വിധം വളർന്നുകഴിഞ്ഞു പാഴ് ച്ചെടികൾ. വളർച്ച മുറ്റിയ ചീമക്കൊന്നയും ഏതൊക്കെയോ മരങ്ങളും ചേർന്ന് ആകാശത്തെ മറച്ചുപിടിക്കുന്നു. ഉടുമ്പും കാട്ടുമുയലും പലതരം പാമ്പുകളുമെല്ലാം പറമ്പിൽ സ്വതന്ത്രമായി പായുന്നത് കാണാം. കൊള്ളിമീൻ പോലെയാണ് അവയുടെ ഓട്ടം. വീടിന്റെ മുറ്റത്തുപടർന്ന പുല്ലുമാത്രം ഇടക്കിടെ രാമൻകർത്ത ആളെവെച്ചു പറിച്ചുകളയാറുണ്ട്. അവിടെ മണ്ണിലുറഞ്ഞ ആ പഴയ വീടുള്ളതാണ് ഭൂമിയെപ്പറ്റി അയാൾക്ക് ഇനിയും പ്രതീക്ഷകൊടുക്കുന്നത്. തനിക്കിനിയും ഇവിടെ എന്തൊക്കെയോ ചെയ്തുതീർക്കുവാൻ ബാക്കിയുണ്ടെന്ന ഒരു തോന്നലും അത് പീതാംബരനിലുണ്ടാക്കുന്നു.
പറമ്പുനിറയെ രണ്ടോ മൂന്നോ വർഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്നാം പ്ലാവ് വെച്ചാലോ എന്നാണ് പീതാംബരന്റെ ഇപ്പോഴത്തെ ആലോചന. രമക്കും ചക്ക വലിയ ഇഷ്ടമാണ്. വരിയ്ക്കയാണെങ്കിൽ പിന്നെ പറയാനുമില്ല. ചക്കപ്പുഴുക്കാണ് പക്ഷേ അയാൾക്കിഷ്ടം. പുഴുക്കുണ്ടെങ്കിൽ അത്താഴത്തിനു വേറെ കൂട്ടാനും വേണ്ട. അൽപം ഉപ്പിട്ട ചൂടുകഞ്ഞിയും പപ്പടവും ചക്കപ്പുഴുക്കും ധാരാളം. കണ്ണിമാങ്ങ അച്ചാറും കൂടി ഉണ്ടെങ്കിൽ കാര്യം കുശാലായി.
പ്ലാവാണ് നല്ലത്. എപ്പോഴും പോയി നോക്കേണ്ടതുമില്ല, നനയും കുറച്ചുമതി. കീടബാധയും കാര്യമായില്ല. ചന്തയിലും ചക്കക്ക് നല്ല വിലകിട്ടും. ഇപ്പം വിദേശത്തേക്ക് വരെ കയറ്റി അയക്കുവല്ലയോ.
രാമൻകർത്ത നുരഞ്ഞുവന്ന ആവേശത്തോടെ പറഞ്ഞു.
വല്ലപ്പോഴും വീട് തുറന്ന് അകമെല്ലാം അടിച്ചുവൃത്തിയാക്കിയിടുന്നതുപോലും അയാളാണ്. നാട്ടിലിപ്പോൾ സുഹൃത്തുക്കളായിപ്പോലും മറ്റാരുമില്ല.
വിയറ്റ്നാം തന്നെയാവാം, അല്ലേ?
രാമൻ കർത്ത തലയാട്ടി അതു ശരിവെച്ചു. അതുപ്രകാരമാണ് കൃഷിക്കുവേണ്ടി പറമ്പൊരുക്കുന്ന പണി പീതാംബരൻ അയാളെ ഏൽപിച്ചത്.
പീതാംബരൻ നഗരം മുറിച്ചുകടന്ന് തിരക്കുപിടിച്ച് വീടെത്തിയപ്പോഴേക്കും അന്തിമയങ്ങി. അകലെ ആകാശച്ചെരിവിലെന്നിട്ടും കുറച്ചു തീക്കട്ടകൾ കാണാം. വിയർപ്പിൽ ദേഹത്തൊട്ടിപ്പിടിച്ച പോളിസ്റ്റർ ഷർട്ട് വലിച്ചൂരുമ്പോൾ എവിടെയോ തുന്നൽ വിട്ടു.
അയാൾ പറഞ്ഞു,
രാത്രിവണ്ടിക്ക് പത്തനംതിട്ട വരെ ഒന്നു പോകുവാ... പറമ്പിൽ കുറച്ച് പണിയുണ്ട്, ഒന്നുപോയി നോക്കണം.
രമ അമ്പരപ്പോടെ അയാളെ നോക്കി.
ഇതെന്തൊരു പോക്കാണ്? ഇപ്പം എന്താണ് ഇത്ര തിരക്കു പിടിച്ച പണി അവിടെ?
പോകുന്ന കാര്യം ഞാൻ ഇന്നലെ പറഞ്ഞിരുന്നല്ലോ, നീയ് മറന്നോ?
രമ നോട്ടം കൂർപ്പിച്ചു.
പറമ്പിൽ വല്ലതുമൊക്കെ നടണം. ഇങ്ങനെ കാടുകയറിക്കിടന്നാൽ എല്ലാം നശിക്കും. കാരണോമ്മാരുടെ കുടിയിരിപ്പല്ലേ ആ മണ്ണ്. എന്തൊക്കെ പറഞ്ഞാലും നാട് നാടുതന്നെയല്ലേ?
രമ മടക്കിക്കൊണ്ടിരുന്ന ബെഡ് ഷീറ്റ് മെത്തയിലേക്കിട്ട് നിവർന്നുനിന്നു.
സമ്മതിച്ചു, എങ്കിൽ പിന്നെ ഇവിടെയുള്ള ഈ വീട് നമുക്കങ്ങ് വിൽക്കാമല്ലേ? എന്നിട്ട് നിറയെ വേരുകളുള്ള ആ നാട്ടിലേക്ക് പോകാം, പത്തനംതിട്ടക്ക്. പടയണിയും കാണാം, താളിയുമൊടിക്കാം. ഇതിപ്പം ആരാ തടസ്സം പറഞ്ഞത്?
പീതാംബരൻ ആ സംസാരത്തെ എന്നത്തെയും പോലെ ഒരു തമാശയാക്കി ചിരിച്ചുതിർത്തു.
ഇവിടെയും നൂറുകൂട്ടം കാര്യങ്ങൾ മുടങ്ങിക്കിടക്കുവാ. അതു മറക്കണ്ട. മുനിസിപ്പാലിറ്റിയിൽ പോയി എൻജിനീയറെ കാണണം, പിൻവശത്തെ ചാർത്തിന്റെ പൊളിഞ്ഞുപോയ ഇരുമ്പുഷീറ്റ് മാറ്റണം, പൂച്ച ചാടിച്ചത്ത കിണർ തേവി വൃത്തിയാക്കണം, മുറ്റത്തിന്റെ മൂല കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞുവീണുപോയതാണ്. ഇതുവരെ അതിന് ഒരു തീരുമാനവുമായിട്ടില്ല.
പീതാംബരൻ എല്ലാം കേൾക്കുന്നുണ്ട്.
രമ പറയുന്നതെല്ലാം ശരിയുമാണ്.
ഒരു കോമരത്തെപ്പോലെ അതിനെല്ലാം പിന്നാലെ ഓടിനടക്കുവാൻ അയാൾ മാത്രമേയുള്ളൂ.
പക്ഷേ, പത്തനംതിട്ട!
പടയണിയുടെ താളക്കൂറ്റു നിറഞ്ഞ ആ വാക്ക് അയാളെ ആസകലം വിറകൊള്ളിക്കും. ഓർത്തപ്പോഴേ നിരനിരയായ ചൂട്ടുപന്തങ്ങൾ തലക്കുമേലേ പായുന്നു. ഇരുട്ടിന്റെ വിരിപ്പിനു മേലേ തീപ്പൊരികൾ ചിതറിവീഴുന്നു. കാവുകൾ ഉണരുകയാണ്. കൂമ്പൻപാളയും കുരുത്തോലയുംകൊണ്ട് പണിഞ്ഞ പടേനിക്കോലങ്ങൾ കുറ്റിരുട്ടിന്റെ മറവിൽ തയ്യാറാവുകയാണ്. കാവ് തീണ്ടാൻ കുന്നുകടന്ന് പൂതപ്പനിയുള്ള കാറ്റുകളും വരവായി.
കടമ്മൻകാവിൽ ഇപ്പം ഉത്സവകാലമാണ്... പറ്റിയാൽ അവിടേം ഒന്നു പോയേക്കാം. നല്ല പനങ്കള്ളു കുടിച്ച് മുറുക്കാനും ചവച്ച് അതിലെയൊക്കെയൊന്നു നടന്ന കാലം മറന്നു.
രമയെ ചൊടിപ്പിക്കുവാൻ വേണ്ടിത്തന്നെയാണ് പീതാംബരൻ അത് പറഞ്ഞത്. എന്നിട്ടയാൾ അവളെ ഒളികണ്ണിട്ട് നോക്കി.
അവൾ ഒന്നു ചിറി കോട്ടിക്കാണിച്ച് അതവഗണിച്ചു.
പീതാംബരൻ ഇരുട്ടു കുലച്ചുനിന്ന രാത്രിയുടെ മറപിടിച്ച് ഒരിക്കൽകൂടി ഇന്ന് പത്തനംതിട്ടക്ക് പോവുകയാണ്. എത്രയോ വർഷങ്ങളായി അയാൾ ഇതേ യാത്രയിലാണ്. പത്തനംതിട്ടയിലേക്കു മാത്രം അയാൾ ഒരിക്കലും പോയിത്തീരില്ല. അവിടേക്കുള്ള പോക്ക്, ലോകത്ത് മറ്റെന്തൊക്കെ മാറ്റിവെക്കേണ്ടി വന്നാലും അതുമാത്രം ഒഴിവാക്കുവാൻ അയാൾക്ക് ഒരിക്കലും കഴിയില്ല. അച്ഛൻ തിരികെപ്പോയ മണ്ണ്, അമ്മയും പ്രിയപ്പെട്ട മറ്റു പലരും പോയ് മറഞ്ഞ മണ്ണ്. മണ്ണെന്നാൽ മനുഷ്യർക്കുറങ്ങാനുള്ള ഇടമാണ്. വംശപരമ്പരകൾ ശ്വസിക്കുന്നത് മണ്ണിന്റെ അടരുകളിലാണ്. മരിക്കുന്നതിനു മുമ്പ് പഴയ തറവാടും നാലേക്കർ വരുന്ന പുരയിടവും തന്റെ പേരിലെഴുതിവെക്കുമ്പോൾ അച്ഛൻ എന്തായിരിക്കും മനസ്സിൽ കരുതിക്കാണുക?
ശിഷ്ടകാലം അന്യനാട് വിട്ടുവന്നിട്ട് ഇവിടെ നമ്മുടെ ഭൂമിയിൽ കൃഷിപ്പണി ചെയ്ത് അന്തസ്സോടെ ജീവിക്കണം നീ
എന്നായിരിക്കുമോ?
അതെ, അതുതന്നെയാവും അച്ഛൻ പറഞ്ഞത്.
നൂറുവർഷം പ്രായമുള്ള ആ വീടിന്റെ പൊടിപിടിച്ച ശ്വാസവായു പീതാംബരന്റെ ചങ്കിനുള്ളിൽ കുമിഞ്ഞുകിടപ്പുണ്ട്, ഈ അമ്പത്തിമൂന്നാം വയസ്സിലും. പ്രായമേറും തോറും അതയാളിലെ ഒടുങ്ങാത്ത വിധേയത്വമായും മാറുന്നു. അതോർത്ത് ഇടക്കിടെ അയാൾക്ക് ചെറുതല്ലാത്ത ദെണ്ണവുമുണ്ട്. വീട്ടുകാര്യങ്ങൾ നോക്കാതെ താൻ കിട്ടുന്ന അവധിക്കെല്ലാം ബസു കയറി ഇങ്ങനെ രായ്ക്കുരാമാനം പത്തനംതിട്ടക്ക് പുറപ്പെടുന്നത് പലപ്പോഴും രമയുമായി ചില ഉരസൽപോലും ഉണ്ടാക്കുന്നുണ്ട്. പാവം അവൾ ഒറ്റക്കാണ് വീട്ടിൽ. എന്നിട്ടും താൻ ദയവില്ലാതെ ഇട്ടെറിഞ്ഞുപോകുന്നു. അവളേക്കാൾ പ്രധാനമാണോ തനിക്ക് പത്തനംതിട്ട? ഒരിക്കലുമല്ല, എന്നിട്ടും.
ആ പുറപ്പാട് പക്ഷേ, അയാളെ മത്തുപിടിപ്പിക്കും. അന്നേരത്തെ അയാളിലെ ഉത്സാഹം ജീവിതത്തിലെ മറ്റൊരു കാര്യത്തിലും കണ്ടിട്ടില്ല. ഓഫീസിൽനിന്നും ആ ദിവസം നേരത്തേതന്നെ ഇറങ്ങും. പിന്നെ മരുന്നുതിരിയിൽ തീ പിടിച്ച ഒരു പടക്കത്തെപ്പോലെ ഒറ്റയോട്ടമാണ്. സ്കൂട്ടറിൽ പരക്കംപാഞ്ഞ് വീടെത്തിക്കഴിഞ്ഞാൽ പോകാനുള്ള ഒരുക്കം തുടങ്ങും. വിറളിപിടിച്ചുള്ള ഒരു ഓടിനടപ്പാണ് നടയിറങ്ങും വരെ.
വേഷം കെട്ടാൻ വൈകിയ ഒരു കളിക്കാരനാണോ താനെന്ന് അപ്പോളയാൾക്ക് തോന്നും. പാതിരാത്രികളെ പൊലിപ്പിച്ചെടുത്ത പാട്ടുകളെ അതോടെ പീതാംബരൻ ഓർമകളിലിട്ട് അമ്മാനമാടുവാൻ തുടങ്ങും. പിന്നെ ദിക്കുകിട്ടാതെ വീട്ടിനുള്ളിൽ പലവഴിക്ക് അയാൾ ഓടിനടക്കാനും തുടങ്ങും. രമക്ക് അത് നന്നായറിയാം. ചെറിയ കാര്യത്തിനുപോലും ടെൻഷൻ കയറുന്ന ആളാണ്. ഒരിക്കൽ സ്കൂട്ടറിൽ ടൗണിലേക്കു പോയ ആൾ തിരികെ ബസിൽ തൂങ്ങിക്കയറി വന്നു. വീടെത്തിക്കഴിഞ്ഞാണ് സ്കൂട്ടറിന്റെ കാര്യമോർത്തത്. അതെടുക്കാനായി വീണ്ടും ബസ് കയറി ടൗണിലേക്ക് പോകേണ്ടിവന്നു.
ഈ ചായ എങ്കിലും കുടിക്ക്. അവിടെ ആരേലും വയ്യാതായി കിടപ്പുണ്ടോ ഇങ്ങനെ വെപ്രാളം പിടിക്കാൻ?
രമ നേർത്ത ചിരിയോടെ സാരിയുടെ തുമ്പെടുത്ത് എളിയിൽ കുത്തും. അതൽപം കടന്നുപോയ ഒരു തമാശയായി അയാൾക്ക് തോന്നും. എങ്കിലും പീതാംബരൻ ഏറ്റവും നിഷ്കളങ്കമായി അവളെ നോക്കും. ടെൻഷനാവുമ്പോൾ അയാളുടെ കൈവിരലുകളും ചുണ്ടും വിറക്കും. വാക്കുകൾക്കായി അയാൾ തപ്പിത്തടയും. തനിക്ക് വിക്കുരോഗമുണ്ടോ എന്നുപോലും അപ്പോൾ പീതാംബരൻ സംശയിക്കും.
അതേ, ഇങ്ങനാണേൽ ഞാൻ നിന്നെ ഇട്ടേച്ചങ്ങ് പൊയ്ക്കളയും, പറഞ്ഞേക്കാം.
അയ്യോ... പോയാലും എവിടെവരെയാണ് എന്നെനിക്കറിയാം. ആകെ അറിയുന്ന സ്ഥലം പത്തനംതിട്ടയല്ലേ?
പീതാംബരൻ അത് ശ്രദ്ധിക്കാതെ രണ്ടു ദിവസത്തേക്കുള്ള തുണിയും മറ്റു സാധനങ്ങളും ബാഗിൽ നിറക്കും.
എന്റെ പുതിയ പച്ചക്കൈലി എന്തിയേ?
അതേ, ഇവിടെ അടുക്കളയിൽ എനിക്ക് എമ്പിടി പണിയുണ്ട്. പോകാനുള്ളവർ വേഗം പോവുക. സ്വൈരം കിട്ടുമല്ലോ, രമ ദേഷ്യം പിടിച്ചു.
അയാൾ മുണ്ട് തപ്പി അലമാരയിലെ തുണിയുടെ അടുക്കുകൾ മുഴുവനും മറിച്ചിട്ടു.
ഒരു സാധനംപോലും വെച്ചിടത്ത് കാണില്ല.
ആരാ കൊണ്ടുവെച്ചത് പോലും? ആട്ടെ എന്നെങ്കിലും സ്വന്തം തുണി അലക്കിയ ചരിത്രമുണ്ടോ പത്തനംതിട്ടക്കാരന്?
നീ വെറുതെ പ്രസംഗിക്കാതെ അതൊന്നെടുത്തു താ എന്റെ രമേ... ബസ് പോകുവേ.
ക്ഷമ കെടുമ്പോൾ രമ പണിനിർത്തി ഇറങ്ങിവരും.
നേരെ കുന്നിലിരിക്കുന്ന പച്ചമുണ്ടെടുത്ത് ഒരു ചിരിയോടെ രമ അയാളുടെ കയ്യിൽ വെച്ചുകൊടുക്കും. അന്നേരം അയാൾക്കും ചിരി പൊട്ടും.
ശ്ശോ, ഞാൻ ഇത്രേം നേരം നോക്കിയിട്ടും അത് കണ്ടില്ല.
കുളിച്ചുവന്ന് ഡ്രസ് മാറ്റുമ്പോൾ രമ അടുത്തുവന്ന് നിൽക്കും.
അതേ, അവിടെ പോയി നിൽക്കുന്നതൊക്കെ കൊള്ളാം. മൂച്ചുകാണിച്ച് പണിയാനിറങ്ങി വെയിൽകൊണ്ട് കരിയരുത്. ഭക്ഷണം വല്ലതും കഴിക്കുമോ. ഒറ്റക്ക് കിടന്നാൽ ഉറക്കം കിട്ടുമോ? രാത്രിയിൽ രാമൻ കർത്തയെ കൂട്ടുവിളിക്കാൻ മറക്കണ്ട.
ഞാൻ എന്താ രമേ കൊച്ചുകുട്ടിയാണോ? രണ്ടു മൂന്നു വർഷംകൂടി കഴിഞ്ഞാൽ പെൻഷൻ പറ്റും, എന്നിട്ടാണോ.
രാത്രി അവിടെ നല്ല തണുപ്പാണ്. പനിപിടിച്ചുതന്നെ തിരികെ വന്നേക്കണം. അതാണല്ലോ പതിവ്.
ഇപ്രാവശ്യം അങ്ങനെ ഒന്നും ഉണ്ടാവില്ല, നോക്കിക്കോ. ഞാൻ ശ്രദ്ധിച്ചോളാം. നീ വേവലാതിപ്പെടാതെ ഇവിടെ സമാധാനമായി ഇരിക്ക്.
പത്തനംതിട്ടയിലേക്ക് പോകുന്ന റോഡ് രാത്രിയുടെ വിരിഞ്ഞ നെഞ്ചത്ത് ഒരു തീരേഖപോലെ പതുക്കെ തെളിഞ്ഞുവന്നു. നല്ല ഇരുട്ടാണിന്ന്. നിലാവിന്റെ തരിപോലുമില്ല. രാത്രി മുഴുവൻ നീളുന്ന യാത്രയാണ്. നാടുവിട്ട് ഇത്രയും അകലേക്കു പോന്നത് പക്ഷേ രമയുടെ ജോലി ഇവിടെ ആയതിനാൽ മാത്രമായിരുന്നു. അവളെ ഒറ്റക്ക് നിർത്തുവാൻ ഇഷ്ടമില്ലാത്തതിനാലാണ് ഒരു രാത്രിയുടെ ദൂരമുള്ള ഈ നാട്ടിൽ ചെറിയ ഒരു വീട് വാങ്ങി താമസമാക്കിയത്. അതിപ്പോൾ ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. പക്ഷേ, ഒരായുസ്സ് മുഴുവൻ കഴിഞ്ഞാലും താൻ പത്തനംതിട്ട വിട്ട് പോരുമെന്ന ധാരണയില്ല പീതാംബരന്.
അതൊരു പ്രിയപ്പെട്ട ബാധയാണ്. കാവൂട്ടും പടയണിയും ഉറഞ്ഞാടുന്ന കടമ്മനിട്ടയോട് വളരെ ചേർന്നാണ് അയാളുടെ വീടിരിക്കുന്ന ഗ്രാമം. അവിടെ വലിയ ഒരു പുരയിടം അങ്ങനെ പതിഞ്ഞിരിപ്പാണ് അയാൾ ചെല്ലുവാൻ വേണ്ടി. മാസത്തിൽ ഒരിക്കലെങ്കിലും അവിടേക്ക് ഓടി എത്തിയില്ലെങ്കിൽ അയാൾ ശ്വാസംമുട്ടി മരിക്കും. രാത്രി ഉറക്കം കിട്ടില്ല. ഒരു തീവെട്ടി കണ്ണുകൾക്ക് മുകളിൽകൂടി പാഞ്ഞുനടക്കും. തൂക്കുവിളക്കുമായി കുളപ്പടവിൽനിന്ന് അച്ഛൻ കയ്യാട്ടും. മറന്നു കളയാൻ പറ്റുമോ നിന്റെ പാതിമണ്ണിനെ എന്ന് ആരോ കാതിൽ അടക്കം ചോദിച്ച് പേടിപ്പിക്കും.
തിരിഞ്ഞും മറിഞ്ഞുമുള്ള കിടപ്പുകൊണ്ട് പലവട്ടം ഉറക്കം മുറിയുമ്പോൾ രമ എഴുന്നേറ്റ് ലൈറ്റിടും.
നിങ്ങൾ വിഷമിക്കണ്ട. നാളെത്തന്നെ പത്തനംതിട്ടക്ക് ഒന്നു പോയിട്ട് വരൂ. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം
അതുപറഞ്ഞ് അവൾ അയാളുടെ നരകയറിത്തുടങ്ങിയ തലമുടിയിൽ തലോടും.
അയാളപ്പോൾ സങ്കടത്തോടെ അവളെ നോക്കും.
എന്നാപ്പിന്നെ ഒന്നു പോയേച്ചും വരാമല്ലേ?
ഉം... പോയിട്ടു വരൂ, അതാണ് നല്ലത്.
രണ്ടു ദിവസം അവിടെനിന്ന് വീടൊന്നു വൃത്തിയാക്കാം. മുഴുവനും പൊടിയടിഞ്ഞുകാണുമിപ്പോൾ. മനുഷ്യർ പാർക്കാത്ത വീട് ഒരു വെറും കെട്ടിടമല്ലേ. പണ്ടൊക്കെ എത്ര ആളുകൾ അതിനുള്ളിൽ ഉറങ്ങിയിരുന്നു. എന്തു രസമായിരുന്നു അക്കാലം
രമ അയാളുടെ പരുക്കൻ കൈകളിൽ തഴുകി, നെഞ്ചിലും. ആ കൈകൾക്ക് എപ്പോഴും നല്ല ചൂടുണ്ടായിരുന്നു. ചുട്ടുപഴുത്ത ദേഹമാണ് തന്റേതെന്ന് പീതാംബരന് പലപ്പോഴും തോന്നാറുണ്ട്.
ഇനി ഉറങ്ങു... ഓരോന്നു പറഞ്ഞാൽ ബാക്കി ഉറക്കംകൂടി പോകും.
ഈ രാത്രിയിൽ ഒരു പടയണിക്കോമരം പോലെ പീതാംബരൻ പത്തനംതിട്ടയിലെ തന്റെ ഗ്രാമത്തിലേക്ക് ഒരിക്കൽക്കൂടി പോവുകയാണ്.
ടൂത്ത് ബ്രഷ് എടുത്തുവെച്ചോ?
രമ ചോദിച്ചപ്പോൾ അയാൾ ഞെട്ടിയുണർന്നു.
അതോ ഇന്നും മറന്നോ?
ഇല്ല, എടുത്തിട്ടുണ്ട്.
കറുത്തനിറമുള്ള തോർത്തുകൂടി എടുക്കാമല്ലേ?
പീതാംബരൻ തിരിഞ്ഞുനിന്നു.
ഉം... രമ മൂളി.
ഇതെന്താ ശബരിമലക്കാണോ പോകുന്നെ? അല്ല, ഉടനെങ്ങും മടങ്ങിവരാനുള്ള ഉദ്ദേശമില്ലേ..?
ഇനി ഞാൻ തിരികെ വരണോ? പടപ്പാട്ടും പാടി അവിടെത്തന്നെയങ്ങ് കൂടിയാലോ ബാക്കിയുള്ള കാലം? പിന്നെ, ശബരിമല അവിടെ അടുത്താണുതാനും
തന്നത്താനങ്ങ് കൂടിയാൽ മതി. ആ കാട്ടുമുക്കിൽ പോയിക്കിടന്ന് മുള്ളൻപന്നി കുത്തി ചാവാൻ ഞാനില്ലട്ടോ.
പോകാനിറങ്ങുമ്പോൾ പക്ഷേ, രമയുടെ കണ്ണുനിറയും.
സൂക്ഷിച്ചു പോണം. ഇടക്ക് വല്ലോടത്തും സ്റ്റോപ്പ് മാറി ഇറങ്ങിപ്പോയേക്കരുത്. രാത്രി ആയതോണ്ടാ എനിക്ക് പേടി. അതേ, ദയവുചെയ്ത് മൊബൈൽ ഓഫാക്കി വെക്കരുത്. കൊല്ലും, ഞാൻ പറഞ്ഞേക്കാം. ഇതാ ഇതു വെച്ചോളൂ. ചില്ലറ വേണ്ടിവന്നാലോ.
അവൾ കുറച്ചു ചെറിയ നോട്ടുകളും നാണയങ്ങളും അയാളുടെ ബാഗിന്റെ അരികുപോക്കറ്റിൽ ഇട്ടുകൊടുത്തു.
ഇതെല്ലാം രമ എന്നും പറയുന്നതാണ്. പക്ഷേ എന്നും അയാൾ എവിടെയെങ്കിലും വെച്ച് മൊബൈൽ ഓഫ് ആക്കി ഇറങ്ങിപ്പോകും. പത്തനംതിട്ടയാണെന്നു കരുതി കുറച്ചുമുമ്പുള്ള ഏതെങ്കിലും ബസ് സ്റ്റാൻഡിൽ ആവും പലപ്പോഴും ഇറങ്ങുക. പിന്നെ അബദ്ധം മറയ്ക്കാനായി ഒരു കട്ടൻകാപ്പിയും കുടിച്ച് അടുത്ത വണ്ടിക്ക് കയറും.
അരവയർ അത്താഴവും കഴിച്ച് പീതാംബരൻ പത്തനംതിട്ടക്ക് പോകാനിറങ്ങി.
അന്നേരം രമ ചോദിച്ചു,
അല്ലെങ്കിൽപ്പിന്നെ, ഇനിയിന്ന് പോകണോ?
ഹ ഹ, നിനക്കെന്താ പറ്റിയത്, പോകാൻ വേണ്ടിയല്ലേ ഇറങ്ങിയത്. ഞാൻ രണ്ടു ദിവസം കഴിഞ്ഞിങ്ങു വരാം. പേടിക്കണ്ട. പത്തനംതിട്ട അത്ര അകലെയല്ലല്ലോ. ഞാൻ ആദ്യമായി പോകുന്നതുമല്ല. ഒരൊറ്റ രാത്രിയുടെ ദൂരം മാത്രം
അയാൾ ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുന്നത് രമ വിഷമത്തോടെ നോക്കിനിന്നു. രാത്രിയിൽ ഇങ്ങനെ പോകല്ലേ എന്ന് എത്ര പറഞ്ഞാലും അയാൾ കേൾക്കില്ല. അത്രയൊന്നും പാകത വരാത്ത ആളാണ് രമക്ക് പീതാംബരൻ.
ഇപ്പോഴും ഒരു കുട്ടിയുടെ സ്വഭാവം കാണിക്കും. അത് എനിക്കല്ലേ അറിയൂ.
രമയുടെ വിചാരം അവൾ അയാളുടെ അമ്മയാണെന്നാണ്. സത്യത്തിൽ അങ്ങനെയാണ് അവൾ പീതാംബരനെ നോക്കുന്നതും.
രാത്രിയിൽ ഒട്ടും തിരക്കില്ലാത്ത ബസ് സ്റ്റാൻഡിന്റെ ഒരു മൂലയിൽ വണ്ടികാത്ത് നിൽക്കുമ്പോൾ പീതാംബരൻ രമയെ മാത്രം ഓർത്തു. ബസ് അരമണിക്കൂറോളം വൈകിയാണ് വന്നത്. ഇടക്ക് പലവട്ടം രമ വിളിച്ചു.
ഒടുവിൽ ഓടിക്കിതച്ച് ബസ് വന്നുനിന്നു. ബാഗുമെടുത്ത് വെപ്രാളംപിടിച്ച് അയാൾ അതിൽ ചാടിക്കയറി.
പൊന്നു ചേട്ടാ, പതുക്കെ കേറിയാൽ മതി. ഇവിടെ പത്തു മിനിറ്റ് ഹാൾട്ടുണ്ട്. വെറുതെ വീണുചാവണ്ട...
വാതിലിനടുത്തു നിന്ന കണ്ടക്ടർ പറഞ്ഞു. പീതാംബരൻ കണ്ടക്ടറോട് സോറി പറഞ്ഞു. ബസിൽ ആളു കുറവാണ്. മനുഷ്യർ രാത്രിയെ കെട്ടിപ്പിടിച്ച് സ്വന്തം വീടുകളിൽ സുഖമായി ഉറങ്ങുകയാണ്. തന്നെപ്പോലെ സ്വസ്ഥതയില്ലാതെ ഇങ്ങനെ പരക്കംപായുകയല്ലല്ലോ. അയാൾ ഓർത്തു. സീറ്റുകൾ പലതും ആളില്ലാതെ തണുത്തുകിടക്കുന്നു. ഒഴിഞ്ഞ സീറ്റുകൾ അയാൾക്കെപ്പോഴും ഒരു കളംവെട്ടിക്കളി കൊടുക്കും. എവിടെ ഇരിക്കണം എന്നത് ആ നേരത്ത് ഒരു വലിയ പ്രശ്നമായി തോന്നും.
പലവട്ടം സീറ്റ് മാറിമാറി ഇരുന്ന് ഒടുവിൽ പൂർണ തൃപ്തിയില്ലാതെ ഒരിടത്തിരുന്നു കഴിഞ്ഞാൽ ബാഗ് ഒതുക്കിവെക്കുക എന്നതാണ് അടുത്ത പ്രതിസന്ധി. ബാഗ് മുകളിലെ തട്ടിൽ വെച്ചാൽ പലപ്പോഴും എടുക്കാൻ മറന്നേക്കും. അതുകൊണ്ട് കാലുകൾക്കിടയിൽ താഴെ ഒതുക്കിവെക്കും. അപ്പോൾ പിന്നെ മറക്കില്ല.
രമ വിളിച്ചു ആ നിമിഷം.
ആഹ്, ബസിൽ കയറി... പുറപ്പെടുന്നേയുള്ളൂ. വണ്ടി ഇവിടെ നിർത്ത്യേക്കുവാ...
ഇന്നിനി എനിക്ക് ഉറക്കമില്ല. അതു മറക്കണ്ടാട്ടോ...
അവൾ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
അയാൾ അപ്പോൾ മാത്രമാണ് അങ്ങനെ ഒരാപത്തിനെപ്പറ്റി ഓർത്തത്. ഇറങ്ങി ഓടുന്ന തിരക്കിൽ എപ്പോഴും അതയാൾ വിട്ടുപോകുന്നു. ഭൂമിയിൽ താൻ മാത്രമല്ല തനിച്ചിങ്ങനെ ഓടിനടക്കുന്നത്. രമയും തനിച്ചാണ്, മറ്റു പലരും തനിച്ചാണ്.
എനിക്കും ഈ രാത്രി ഉറക്കമില്ലല്ലോ.
മിണ്ടിപ്പറയാനായി ആ വീട്ടിൽ മറ്റാരുമില്ല. രമക്കും പീതാംബരനും നോക്കി വളർത്തുവാനും കരുതലോടെ കൊണ്ടുനടക്കുവാനും ഭൂമിയിൽ ആരുമില്ല. ചിലപ്പോഴൊക്കെ വീടിനുള്ളിൽ അവരെ ഭയപ്പെടുത്തുന്ന ഒരു നിശ്ശബ്ദത വളരാൻ തുടങ്ങും. അപ്പോളവർ വെറുതെ വഴക്കടിക്കാൻ പോകും. തമ്മിൽ വെറുതെ ഒച്ചയെടുക്കും. അല്ലെങ്കിൽ സംഗതി കൈവിട്ടുപോകുമെന്ന് രണ്ടുപേർക്കുമറിയാം.
ബസിലിരുന്നാൽ ഉറങ്ങില്ല. ഇറങ്ങേണ്ട സ്ഥലം കടന്നുപോകുമോ എന്ന പേടിയാണ് എപ്പോഴും. അത് ചെറുപ്പത്തിൽ എന്നോ കിട്ടിയതാണ്. ഒരു പഴയ ഓർമയുണ്ട്. അന്നൊരിക്കൽ ബസിൽ കയറി ഇരുന്നതും അച്ഛൻ ഉറങ്ങാൻ തുടങ്ങി. ഏതോ ബന്ധുവിന്റെ വീട്ടിലേക്കുള്ള പോക്കായിരുന്നു അത്. താൻ ഓരോ സ്ഥലപ്പേരും വായിച്ച് ഇറങ്ങേണ്ട സ്ഥലമായോ എന്ന് വേവലാതിപ്പെട്ടു. അച്ഛനാണേൽ ഉറങ്ങുമ്പോൾ ആരു വിളിച്ചാലും തട്ടിക്കയറും. അതുകൊണ്ട് വിളിക്കാനും പേടി. ഒടുവിൽ ഏതോ ഒരിടത്ത് വണ്ടി നിർത്തിയപ്പോൾ താൻ രണ്ടും കൽപിച്ച് അച്ഛനെ തട്ടിവിളിച്ചു.
ഞെട്ടിയുണർന്ന അച്ഛൻ ചുറ്റും നോക്കി.
ആളിറങ്ങാനുണ്ട് എന്നും പറഞ്ഞ് തന്നെയും പിടിച്ചുവലിച്ച് വണ്ടി നിർത്തിച്ച് ഇറങ്ങി.
ഇറങ്ങേണ്ട സ്ഥലം അതുതന്നെ ആയിരുന്നു.
അപ്പു എങ്ങനെ അറിഞ്ഞെടാ വണ്ടി സ്ഥലത്ത് എത്തിയത്?
അച്ഛൻ ഉറക്കച്ചടവു മാറിയപ്പോൾ ചോദിച്ചു. അപൂർവമായി അച്ഛനന്ന് ചിരിച്ചു.
ബസ് പുറപ്പെട്ടു.
പതുക്കെ അത് വേഗതയാർജിച്ച് പീതാംബരനെയുംകൊണ്ട് പത്തനംതിട്ടക്ക് നേരേ കുതിച്ചു.
രാത്രിയിൽ ബസിലിരുന്നു കഴിഞ്ഞാൽ പിന്നെ ചുറ്റിനും വെളിച്ചങ്ങളുടെ ഒരു തേരോട്ടം കടന്നുപോകും പോലെ തോന്നും അയാൾക്ക്. പിന്നിലേക്ക് ഓടിയോടി മറയുന്ന വെളിച്ചത്തിന്റെ ആയിരമായിരം തോരണങ്ങൾ. വാഴവള്ളിയിൽ കൊരുത്തിട്ട കുരുത്തോലകൾ, പക്ഷിരൂപങ്ങൾ.
ഉറങ്ങാൻ നോക്കിക്കോ. എന്നെ ഓർത്തുകിടന്ന് വെറുതെ തലവേദന വരുത്തണ്ട.
പീതാംബരൻ രമക്ക് മൊബൈലിൽ ഒരു സന്ദേശമയച്ചു. ബസിലിരുന്ന് ഫോൺ വിളിക്കുന്നത് അയാൾക്കിഷ്ടമല്ല. പറയുന്നത് എന്തെന്ന് ചെവികൂർപ്പിച്ച് നോക്കിയിരിക്കുന്ന ആളുകളാണ് ചുറ്റിനും. എത്ര രഹസ്യമായി പറഞ്ഞാലും അവരത് കേൾക്കും. അതിനോട് സങ്കൽപിച്ച് മറ്റു പലതും ഓർത്തുകൂട്ടും. മനുഷ്യർ രഹസ്യം ചോർത്തുന്നതിൽ മിടുക്കരാണ്.
ഉം. പക്ഷേ, ഇന്നു പോകേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ...
രമ മറുപടി അയച്ചു.
ഇതും പതിവുള്ളതാണ്. ഇഷ്ടമില്ലെങ്കിലും സ്നേഹത്തോടെ യാത്രയാക്കും. എന്നിട്ട് ഉറങ്ങാതെ രാത്രി മുഴുവൻ തീ തിന്നു കിടക്കും.
സാരമില്ലന്നേ, ഏതായാലും ഇറങ്ങിയില്ലേ.
രാത്രിയിൽ ഇനിയൊരിക്കലും ഇങ്ങനെ പോകില്ലെന്ന് എനിക്ക് വാക്ക് തരാമോ?
രമയുടെ സന്ദേശം പിന്നെയും.
പീതാംബരൻ അതിനു മറുപടി അയച്ചില്ല. പാലിക്കാൻ പറ്റാത്ത വാക്ക് എന്തിനാണ് നൽകുന്നത്?
പീതാംബരന് പകൽയാത്ര അസഹ്യമാണ്. ചൂടുകാറ്റും മട്ടിപ്പൊടിയുമടിച്ച് വണ്ടിയിൽ ആവിച്ചിരിക്കണം. പതിവായി ശല്യംചെയ്യുന്ന വൃക്കക്കല്ല് പണിതുടങ്ങുകയും ചെയ്യും. എത്ര വെള്ളം കുടിച്ചാലും ശരീരം അത് തുപ്പിക്കളയും. ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നും, വയർ കമ്പിക്കും.
ഒരിക്കൽ പതിവില്ലാതെ പകൽ ബസ് കയറി പത്തനംതിട്ടക്ക് പോയി. അവിടെ ചെന്നതും പനിപിടിച്ച് കിടപ്പായി. ഒടുവിൽ പിറ്റേന്ന് ടാക്സി വിളിച്ച് തിരികെ പോരേണ്ടിവന്നു.
അതിനുശേഷം അയാൾ രാത്രിയിൽ മാത്രമാണ് യാത്ര. രാത്രിയാത്ര ഒരുതരം ഒളിച്ചോട്ടം പോലെയാണ്. നിഴലുകൾക്ക് മറപറ്റിയുള്ള ഒരോട്ടം. ഭൂമിയിൽനിന്ന് പ്രിയപ്പെട്ടതെന്തോ മോഷ്ടിച്ചെടുക്കും പോലെ. എവിടെയോ എത്തിച്ചേരാനുള്ള തിടുക്കം. ഒരു രക്ഷപ്പെടൽ. പാത്തും പതുങ്ങിയും അങ്ങനെ ദൂരേക്ക് പൊയ്ക്കളയുക, ഒരു കള്ളനെപ്പോലെ.
എങ്കിൽ പിന്നെ നീയും കൂടെ വരുന്നുണ്ടോ എന്നൊരിക്കലും അയാൾ രമയോട് ചോദിക്കാറില്ല.
ഞാനും കൂടെ വരാം എന്ന് രമ ഒരിക്കലും പറഞ്ഞതുമില്ല. ആ യാത്രയിൽ മറ്റാരും കൂടെച്ചെല്ലുന്നത് അയാൾക്കിഷ്ടമല്ലെന്ന് രമക്കറിയാം. ജീവിതത്തിന്റെ പങ്കുവെപ്പിൽ അയാൾ ആകെ ആവശ്യപ്പെടുന്നത് ഈ ഒരു കാര്യം മാത്രമാണ്. ഇടയ്ക്കെപ്പോഴോ താൻ ഇങ്ങനെ ഒളിച്ചോടുന്നത് രമ ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും അയാൾ ആലോചിച്ചുകൂട്ടി. കുറച്ചു ക്രൂരമായിപ്പോയി ആ ചിന്ത എന്ന് മനസ്സിലാക്കി അയാൾ സ്വയം ചീത്തവിളിച്ചു. ഒരു കുട്ടിയെ നോക്കുംപോലെ തന്നെ നോക്കി നോക്കി അവൾക്ക് മടുത്തുകാണുമോ? ഇടക്കെങ്കിലും ഇങ്ങനെ ഒഴിവായി കൊടുക്കുന്നത് ചിലപ്പോൾ രമക്ക് ഒരു സമാധാനമായേക്കും, പിന്നെയും അയാളാലോചിച്ചു. പിന്നെയും തന്നെത്തന്നെ വഴക്കുപറഞ്ഞു.
ആ രാത്രി പീതാംബരനെയും കൊണ്ടുള്ള ഒളിച്ചോട്ടം തുടർന്നു.
ഇരുട്ടിലൂടെ ബസിന്റെ കണ്ണുകൾ തീവ്രമായ വെളിച്ചംവീശി കടന്നുപോയി. വളവുകളിൽ വെളിച്ചം ഓടിച്ചെന്ന് കാണിച്ചുതരുന്ന റബർമരങ്ങളുടെ വിറങ്ങലിച്ചുള്ള നിൽപ്. ഇരുട്ടത്ത് മരങ്ങൾക്ക് േപ്രതങ്ങളുടെ ഛായയുണ്ട്. വല്ലാത്ത ഒരു നിൽപ്. ഏതൊക്കെയോ സ്ഥലങ്ങൾ, കുന്നുകൾ, മനുഷ്യരില്ലാത്ത അനാഥമായ കവലകൾ. ഒക്കെയും നല്ല പരിചയമുള്ളവ, പക്ഷേ കൃത്യമായി ഒന്നുംതന്നെ അറിയാൻ പറ്റുന്നില്ല. പാതിരാത്രി കഴിഞ്ഞതോടെ ഒരു ചുളുചുളുപ്പൻ കാറ്റ് ചെവിക്കുള്ളിൽ തുളച്ചുകയറി. ബാഗിൽനിന്നും തോർത്തെടുത്ത് അയാൾ ചെവിമൂടി വരിഞ്ഞുകെട്ടി.
ആ പോളിസ്റ്റർ ഷാൾ ഇന്നും മറന്നല്ലേ?.. തണുപ്പടിച്ച് ചെവിവേദന വരുത്തല്ലേ.
രമ വാട്സ്ആപ്പിൽ പിന്നെയും. അയാൾ ഞെട്ടിപ്പോയി.
അയ്യോ, അത് മറന്നു. പക്ഷേ കറുത്ത കച്ചത്തോർത്തുണ്ട്. അത് തലയിൽ കെട്ടി, കുഴപ്പമില്ല
എത്താറായോ?
ഇല്ല, പുലർച്ചയാവും. ഇടക്കെല്ലാം സ്റ്റാൻഡുകളിൽ കുറെനേരം വണ്ടി നിർത്തിയിട്ടു.
ഉം... ഇന്ന് ശരിക്കും മടുക്കുമല്ലേ? വെള്ളം കുടിക്കാൻ മറക്കണ്ട.
സങ്കടം കാണിക്കുന്ന ഒരു ഇമോജി ഇട്ടു രമ.
ചെറിയ മടുപ്പുണ്ട്. സാരല്ല, ആദ്യമൊന്നുമല്ലല്ലോ.
ഒട്ടും ഉറങ്ങിയില്ല, അല്ലേ? രമ ചോദിച്ചു.
ബസിലിരുന്നാൽ എങ്ങനെയാണ് ഉറങ്ങുക? തല ചെന്ന് കമ്പിയിൽ ഇടിക്കും.
അയ്യോ, സൂക്ഷിക്കണം, എന്നാപ്പിന്നെ ഉറങ്ങണ്ട.
മുമ്പൊരിക്കൽ അങ്ങനെ ഉറക്കംതൂങ്ങി മുന്നിലെ കമ്പിയിലിടിച്ച് നെറ്റി മുഴച്ചതാണ്.
ഇനി അവൾ അതോർത്ത് വിഷമിക്കും.
അത് പറയേണ്ടിയിരുന്നില്ല. പേടിക്കണ്ട, അയാൾ പറഞ്ഞു.
ഞാൻ അവിടെ എത്തിയിട്ട് മെസേജിടാം. ജങ്ഷനിൽ രാമൻ കർത്ത സ്കൂട്ടറുമായി വരും.
ആ രാത്രി അയാളെയുംകൊണ്ട് അങ്ങനെ തെക്കൊരു നാട്ടിലേക്കുള്ള യാത്ര തുടർന്നു. വണ്ടിയുടെ തലവെട്ടത്തിനപ്പുറം വലിയ മലകൾ ഇരുട്ടിനെ മുറുക്കെ കെട്ടിപ്പിടിച്ച് അങ്ങനെ നിൽക്കുകയാണ്. പറമ്പുകൾ ഗാഢനിദ്രയിലാണെന്ന് അയാൾക്ക് തോന്നി. ബസിൽ പത്തിൽ താഴെ ആളുകൾ മാത്രമേയുള്ളൂ ഇപ്പോൾ. ഇടക്ക് കുറച്ചുപേർ ഏതൊക്കെയോ സ്ഥലങ്ങളിൽ ഇറങ്ങിപ്പോയി. കണ്ടക്ടർ ഉറക്കംതൂങ്ങി ഇടക്കിടെ ഞെട്ടുന്നുണ്ട്.
ബാക്കി യാത്രക്കാർ എല്ലാവരും തന്നെ തല പിന്നിലെ കമ്പിയിലേക്ക് ചാരിവെച്ച് ഉറങ്ങുകയാണ്. ഉണർന്നിരിക്കുന്നത് പീതാംബരനും ൈഡ്രവറും മാത്രം. താൻ കൂടി ഉറങ്ങിയാൽ ചിലപ്പോൾ ൈഡ്രവറും വഴിയരികിൽ വണ്ടിനിർത്തി കിടന്നുറങ്ങിയേക്കും എന്ന് അയാൾക്ക് തോന്നി. യാത്രക്കാരിൽ ചിലർ ഉറക്കത്തിൽ സംസാരിക്കുന്നുണ്ട്. പോയ പകൽ ആരോടോ പറയാൻ കൊണ്ടുനടന്നിട്ട് കഴിയാതെപോയ ചിലത് അവർ ഉറക്കത്തിന്റെ ചവിട്ടുപടിയിൽനിന്നുകൊണ്ട് പറഞ്ഞുതീർക്കുകയാണ്. ഒരാൾ തല്ലുകിട്ടിയതുപോലെ ഇടക്കിടെ പിടഞ്ഞെണീക്കുന്നു. പിന്നെയും ഉറങ്ങുന്നു.
പീതാംബരൻ മഞ്ഞുപിടിച്ച വാച്ചിൽ സമയം നോക്കി. രണ്ടര മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ഒരു മണിക്കൂർ. കൂടി ഓടിയാൽ ബസ് പത്തനംതിട്ടയിൽ എത്തും. തനിക്ക് ഇറങ്ങേണ്ട നാട്ടിൻപുറത്തെ സ്റ്റോപ്പിൽ ഈ നേരത്ത് വണ്ടിനിർത്തിത്തരും. രാത്രി കാണിക്കുന്ന ഒരു മര്യാദയാണത്.
എത്താറായി, അല്ലേ?
രമ വീണ്ടും.
അയ്യോ, നീ എന്താ ഉറങ്ങാത്തത്?
പീതാംബരൻ ചോദിച്ചു.
ഉറക്കം വരണില്ല. എന്തോ, വല്ലാതെ പേടിയാകുന്നു.
ഞാൻ എത്താറായി. പേടിക്കണ്ട.
അതു പറഞ്ഞതും ആരോ തട്ടിപ്പറിച്ചതുപോലെ മൊബൈൽ ഫോൺ പരിധിക്കു പുറത്തായി. ബസിന്റെ ജനാലയിലൂടെ മൊബൈൽ പുറത്തേക്ക് അൽപം നീട്ടിപ്പിടിച്ചു നോക്കിയിട്ടും റേഞ്ചുകട്ടകൾ മടങ്ങിവന്നില്ല.
വെളുപ്പാൻ കാലത്ത് മൂടൽമഞ്ഞിലൂടെ നടന്നുചെന്ന് തന്റെ പഴയ തറവാട് തുറക്കുന്നത് പീതാംബരൻ മനസ്സിൽക്കണ്ടു. ബാഗിന്റെ അകത്തെ കള്ളിയിൽ തുരുമ്പുപിടിച്ച ആ പഴയ താക്കോൽ കിടപ്പുണ്ട്. അവിടെ ഇപ്പോളാരുമില്ല. പക്ഷേ, എല്ലാവരും അവിടെയാണ്. കൊഴുത്ത പച്ചയിലേക്ക് ആണ്ടുമുങ്ങി കുളിച്ചുതോർത്തിയ തണുത്ത കുളവും നിറയെ കൃഷിയിടങ്ങൾ ഉണ്ടായിരുന്ന തൊടിയും എല്ലാമെല്ലാം അവിടെയാണ്.
താൻ കയറി ചെല്ലുമ്പോൾ അവരെല്ലാം ചേർന്ന് എതിരേൽക്കും.
ഒരു വീണ്ടെടുപ്പുപോലെ, പുനർജന്മംപോലെ, മഞ്ഞുവെള്ളം വീണു നനഞ്ഞ ഈ പുലർച്ച.
പീതാംബരന് ഇറങ്ങേണ്ട സ്ഥലമെത്തി. അയാൾ പറഞ്ഞ ചെറിയ കവലയിൽ ൈഡ്രവർ വണ്ടി ഒതുക്കിനിർത്തി. അടുപ്പിലെ കനലിൽനിന്നും ഒരു തീപ്പൊരി പാറിവീഴുംപോലെ പീതാംബരൻ ബസിറങ്ങാനായി ബാഗുമായി എഴുന്നേറ്റു.
ഇതുതന്നെയാണോ ഇറങ്ങേണ്ട സ്ഥലം?
കണ്ടക്ടർ ഉറക്കച്ചടവിൽ സംശയത്തോടെ ചോദിച്ചു.
ഈ നേരം ആയോണ്ട് ചോദിച്ചതാ. ഇവിടൊന്നും ഒരു മനുഷ്യനെപ്പോലും കാണുന്നില്ലല്ലോ. അറിയാവുന്ന സ്ഥലമാണോ? ഇവിടെ അടുത്താണോ വീട്?
വണ്ടിയുടെ ടയറിൽനിന്നും ചുട്ടുപഴുത്ത ആവി പൊങ്ങി.
കരിഞ്ഞ റബറിന്റെയും ഡീസലിന്റെയും മണം.
ൈഡ്രവറുടെ തലക്കു മുകളിൽ ചുവന്ന വെട്ടമുള്ള ഒരു ചെറിയ ബൾബ് തെളിഞ്ഞു.
പീതാംബരൻ ഉറക്കം മുടങ്ങി വീർത്ത കണ്ണുകൾ തിരുമ്മി ഒന്നുകൂടെ പുറത്തേക്ക് നോക്കി അവസാനത്തെ പടിയിൽനിന്നും നിലത്തേക്കിറങ്ങി. മണ്ണിൽ കാലുകുത്തിയതും നിലകിട്ടാതെ മുന്നോട്ടേക്ക് അയാളൊന്നു വേച്ചുപോയി. കണ്ടക്ടർ വണ്ടി പോവല്ലേ എന്നു വിളിച്ചു പറഞ്ഞ് ഓടി ഇറങ്ങിവന്നു.
അയ്യോ, വീണോ? ഞാൻ പറഞ്ഞതല്ലേ ചേട്ടാ നോക്കി ഇറങ്ങാൻ, ഇപ്പം പണി ആയേനെ.
ഇല്ല, കുഴപ്പമില്ല... ഒന്നു കാലുമടങ്ങിയതാ...
പീതാംബരൻ പാതിയടഞ്ഞ ഒച്ചയോടെ പറഞ്ഞു.
ബഹളം കേട്ട് യാത്രക്കാരിൽ ചിലർ ഞെട്ടിയുണർന്ന് ഒന്നും പിടികിട്ടാതെ പുറത്തേക്ക് നോക്കി.
ചേട്ടാ, എങ്കിൽ വണ്ടീലോട്ട് കേറ്, ടൗണിൽ സ്റ്റാൻഡിലിറങ്ങിയിട്ട് നേരം വെളുക്കുമ്പം വല്ല ഓട്ടോയും വിളിച്ച് പോരാമല്ലോ
ൈഡ്രവർ പറഞ്ഞു.
അയാൾക്ക് ആകെയൊരു ജാള്യത തോന്നി. കണ്ണുതുറന്ന യാത്രക്കാർ ഒരുമിച്ച് അയാളെത്തന്നെ നോക്കി.
വേണ്ട. ആള് വരും, വണ്ടിയുമായി. ഇവിടെ തൊട്ടടുത്താണ് വീട്. നിങ്ങൾ പൊയ്ക്കോളൂ, പീതാംബരൻ പറഞ്ഞു. കണ്ടക്ടർക്ക് അത്രയൊന്നും തൃപ്തിയായില്ല. എങ്കിലും അയാൾ ഡബിൾ ബെല്ലടിച്ചു.
ബസ് മുന്നോട്ട് നീങ്ങി.
ഒരു പൂരപ്പറമ്പ് തന്നെ മറികടന്നുപോയതുപോലെ തോന്നി പീതാംബരന്. ബസിന്റെ പിന്നിലെ ചുവന്ന വെളിച്ചം അങ്ങകലെ മറഞ്ഞു. ഏകാന്തതയുടെ ഒരു നാൽക്കവല മാത്രം ബസ് ബാക്കിവെച്ചുപോയി.
പെട്ടെന്ന് താൻ ഇറങ്ങിയ സ്ഥലം അയാൾക്ക് തീർത്തും അപരിചിതമായി തോന്നി.
അബദ്ധം പറ്റി, സ്റ്റോപ്പ് മാറി ഇവിടെ ഇറങ്ങിയതാണോ താൻ. പീതാംബരൻ ചുറ്റിനും നോക്കി.
രാമൻ കർത്തയെ കാണുന്നുമില്ല.
ആരെയും കാണുന്നില്ല.
ഒരു വഴിവെളിച്ചം പോലും കാണാത്ത സ്ഥലം.
പീതാംബരൻ മൊബൈൽ ഫോൺ എടുത്തു സമയം നോക്കി. പുലർച്ചെ മൂന്നര മണി. രക്തം കട്ടപിടിച്ചതുപോലുള്ള ഇരുട്ടാണ്. വെളിച്ചം വീഴാൻ ഇനിയും ഒരുപാട് നേരം ബാക്കി. രാമൻ കർത്തയെ വിളിക്കാമെന്നുവെച്ചാൽ ഫോണിൽ പക്ഷേ റേഞ്ചുമില്ല. രമയുടെ സന്ദേശങ്ങൾ ഇൻബോക്സു നിറയെ വന്നുകിടപ്പുണ്ടാവും. അത് തുറന്നു വായിക്കുവാനും പറ്റുന്നില്ല. അവൾ ഇനിയും ഉറങ്ങിക്കാണില്ല. മറ്റേതോ പെരുങ്കാടിന്റെ കുറ്റിരുട്ടിലാണോ താൻ വന്നിറങ്ങിയത്? എതാണ് ഈ സ്ഥലം? തീരെ പരിചയമില്ലാത്ത ഒരു ഗന്ധം അപ്പോൾ പീതാംബരനെ വന്നു പൊതിഞ്ഞു. നിലതെറ്റിയ കോമരത്തെപ്പോലെ ഒരു കാറ്റ് വന്ന് അയാൾക്ക് ചുറ്റും വലംവെച്ചു.
ഇരുട്ടിലേക്ക് നോക്കിയപ്പോൾ അങ്ങകലെ എവിടെയോ ഒരു തിരിനാളം കണ്ടു. അതാണോ പിതൃക്കൾ സ്വസ്ഥതയില്ലാതെ ഉറങ്ങുന്ന തന്റെ വീട്? നാഗങ്ങൾ കാവലിരിക്കുന്ന പിതൃക്കളുടെ വീട്. ഒരാൾക്കും ഒരിക്കലുമെടുക്കാൻ പറ്റാത്ത നിധികുംഭങ്ങൾ കാണുമോ അവിടെ? പടേനി കഴിഞ്ഞ് തലപെരുത്ത കോലങ്ങൾ ചങ്ങല കിലുക്കി നടന്നുപോയ ഇടവഴി ഇതാണോ?
ഏതോ സ്വപ്നത്തിന്റെ ചൂട്ടുവെട്ടത്തിൽ പീതാംബരൻ മുന്നോട്ടു നടന്നു. ഒരു വലിയ മരം അതിന്റെ വിടർന്ന നിഴലുമായി ചാഞ്ഞുവന്ന് അയാളെ പിടിക്കാൻ നോക്കി. അയാൾ അതറിഞ്ഞില്ല. ഓർമകളുടെ ഒന്നാം വീട്ടിലേക്ക് ഇരുട്ടിലൂടെ പീതാംബരൻ നടന്നുചെന്നപ്പോൾ അയാൾക്ക് മുന്നിൽ കുറച്ചകലെ ആളുന്ന ചൂട്ടുകറ്റകളുമായി നിഴലുകളുടെ ഒരു പറ്റം തലവേച്ചും കാൽവഴുതിയും നടക്കുന്നുണ്ടായിരുന്നു.
നടന്നു നടന്ന് പീതാംബരൻ തന്റെ വീടിന്റെ പടിക്കലെത്തി.
പുല്ലു പടർന്ന നടകൾ അയാൾ തെറ്റാതെ ചവിട്ടിക്കയറി. ആ നടകളുടെ അരികും മൂലയും അയാൾക്ക് കാണാതറിയാം. നടകയറുമ്പോൾ അയാളുടെ നെഞ്ചിടിപ്പ് അതിനൊത്ത് താളംപിടിച്ചു. മുറ്റത്ത് പതിവില്ലാത്തവിധം പുല്ലുപടർന്നു കിടക്കുന്നു. ആരോ കൊണ്ടുപോയ വിളക്കുകളിൽനിന്നും പൊഴിഞ്ഞ തീത്തുള്ളികൾ കരിനാളംപോലെ മുറ്റത്തിന്റെ പഴകിയ മുറിവുകളിൽ വീണുപുകയുന്നുണ്ടോ?
പക്ഷേ, പടിവാതിലിന്റെ മുന്നിൽ മച്ചിൽനിന്നും ഞാത്തിയിട്ട തൂക്കുവിളക്കിൽ ഒരു എണ്ണത്തിരി എരിയുന്നുണ്ടായിരുന്നു.
പീതാംബരൻ അധികരിച്ച അത്ഭുതത്തോടെ അത് നോക്കിനിന്നു. ആരാണ് ഈ നേരത്ത് ഇവിടെ വിളക്കു കൊളുത്തിയത്?
അയാൾ ചുറ്റും നോക്കി. ഇരുണ്ട പറമ്പ് നിദ്രയിലാണ്ടു മൂടിക്കിടക്കുന്നു. ഏറെനേരം സംശയത്തോടെ ആ മുറ്റത്ത് പീതാംബരൻ പരുങ്ങിനിന്നു. അയാൾ ഒരു മതിഭ്രമത്തിൽ തന്റെ കണ്ണുകൾ പൊത്തിപ്പിടിച്ചു. വിരലുകളുടെ നേർത്ത വിടവിലൂടെ പീതാംബരൻ തന്റെ വീട് കണ്ടു.
അപ്പോൾ അയാളുടെ ഒരു കണ്ണുചിമ്മലിൽ വീടിന്റെ വാതിൽ തുറന്ന് പുഞ്ചിരിയോടെ രമ ഇറങ്ങിവന്നു.
കുളികഴിഞ്ഞ് വിടർത്തിയിട്ട നീണ്ട മുടിയിൽ രമ തുളസിയുടെ ഇലയും കതിരും ചൂടിയിരുന്നു. ഒരു ചന്ദനക്കുറി ആ നെറ്റിയിൽ ജ്വലിച്ചുനിന്നു.
ആഹാ, ഇത്രവേഗം വന്നോ? എനിക്കുറപ്പുണ്ടായിരുന്നു, അധികം വൈകാതെ മടങ്ങിവരുമെന്ന്,
രമ പറഞ്ഞു.
പീതാംബരൻ വിസ്മയത്തോടെ രമയെ കണ്ണുനിറച്ച് നോക്കിനിന്നു.
എന്തായാലും സമാധാനമായി. പെട്ടെന്നു തിരിച്ചുവന്നല്ലോ. പക്ഷേ, പടേനി കഴിഞ്ഞുവോ?
രമ പുഞ്ചിരിയോടെ ചോദിച്ചു. അവളുടെ കയ്യിൽനിന്നും അങ്കക്കലിപൂണ്ട കൊടുവാള് നിലത്തു വീണുവോ? കാലിൽനിന്നും ഭാദ്രകാളിയുടെ പൊൻചിലമ്പ് കിലുങ്ങിയോ?
പീതാംബരൻ ഉറക്കച്ചടവു വിടാതെ നടകയറി അകത്തേക്കു ചെന്നു.
ആട്ടം കഴിഞ്ഞ് ശിരസ്സിൽനിന്നും ആകാശക്കാവടി നിലത്തിറക്കും പോലെ പീതാംബരൻ മുഷിഞ്ഞ ബാഗ് മുറിയുടെ മൂലയിലേക്ക് മാറ്റി ഒതുക്കിവെച്ചു. പുറപ്പെടുമ്പോൾ അതിന് ഇത്രയും ഭാരം തോന്നിയിരുന്നില്ല. അതിന്റെ ഉള്ളറയിൽനിന്നും എരിക്കിന്റെ ഇലയിൽ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ച ഒരു പിടി നനഞ്ഞ മണ്ണ് പുറത്തെടുത്ത് കൈക്കുമ്പിളിൽ വെച്ച് പീതാംബരൻ രമക്കു നേരെ നീട്ടി.
രമ വിളക്കിന്റെ ചങ്ങലയിൽ പിടിച്ച് വെളിച്ചം നീട്ടി ആദ്യമായ് കാണുന്ന വ്യഗ്രതയോടെ ആ കരിഞ്ചുവപ്പുള്ള മണ്ണിനെ കണ്ടുനിന്നു. അവളുടെ കണ്ണുകളിൽ ഏതോ ചുവന്ന രാത്രി തീപാറിച്ച് ഉലഞ്ഞുനിന്നു. മണ്ണിന്റെ കുരിപ്പുകളും വിടവുകളും തുറന്ന് പടേനിക്കോലങ്ങൾ പുറത്തേക്കിറങ്ങി വീടിന്റെ നടയിറങ്ങി അപ്പോൾ നടുമുറ്റത്തു നിരന്നു.
പീതാംബരൻ പറഞ്ഞു,
നമ്മുടെ പത്തനംതിട്ട ഇനിമുതൽ ഇതാ, ഇവിടെത്തന്നെയാണ്. കണ്ടില്ലേ, കളിക്കുള്ള ഒരുക്കങ്ങൾ.
കാവിൽനിന്നും പാട്ടിന്റെ അലകൾ കേൾക്കുന്നില്ലേ? എഴുതിയിട്ട കളങ്ങൾ നീ കണ്ടില്ലേ? കൊയ്ത്തു കഴിഞ്ഞ പാടങ്ങളും.
രമ ചായ ഇടുവാനായി അടുക്കളയിലേക്ക് പോയി. ചുരുട്ടിവെച്ച ഒരു തഴപ്പായപോലെ, അവ്യക്തമായ ഏതോ കിനാവിന്റെ മുഷിവു പുരണ്ട പോയ രാത്രി മുറിയുടെ മൂലക്ക് പരുങ്ങിനിന്നു.
ഇറയത്തിന്റെ വക്കുവരെ വലിച്ചിട്ട തുണിക്കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പീതാംബരൻ പടേനി കാണുവാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.