നാടകത്തിന്റെ അവസാനരംഗത്തിനു തിരശ്ശീല ഉയരാനിനി ഏതാനും നിമിഷങ്ങൾമാത്രം. ഗ്രീൻറൂമിനെ മറച്ച കറുത്തതുണി വകഞ്ഞുമാറ്റി ജെനിഫർ പുറത്തേക്ക് നോക്കി. സ്കൂൾ മൈതാനി നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടം അരയാൽമരത്തിലെ ഇലകൾപോലെ വിറ കൊള്ളുന്നതായി തോന്നി. കാണികൾക്കിടയിൽനിന്നും ഇടക്കിടെ പുറത്തേക്കിറങ്ങിപ്പോയ കരച്ചിൽ ഇപ്പോൾ കേൾക്കുന്നേയില്ല. മാക്കത്തിന്റെയും മക്കളുടെയും ദുരന്തജീവിതം തീർത്ത സങ്കടം അവരുടെ ഒച്ചയെ തൊണ്ടയിൽനിന്നും അടർത്തിമാറ്റിയിരുന്നു!
ബെൽ മുഴങ്ങി. പുറമെയുള്ള വെളിച്ചമണഞ്ഞു. ഉള്ളിൽ വെളിച്ചം പരക്കുന്നതും നോക്കി ജെനിഫർ സൈഡ് കർട്ടനരികിൽ നിന്നു. തകർന്നുകിടക്കുന്ന ഒരു ക്ഷേത്രം. തൊട്ടടുത്ത് തന്നെ ഒരുകിണർ. ക്ഷേത്രമുറ്റവും കടന്നു പോകുന്ന വഴി വിലങ്ങിനിൽക്കുന്നുണ്ട് കാട്ടുവള്ളികൾ. ഉരുളൻകല്ലുകൾകൊണ്ട് കെട്ടിപ്പൊക്കിയ കിണറിന്റെ അരഞ്ഞാണം പലയിടത്തായ് അടർന്നുവീണിരുന്നു. തൊട്ടപ്പുറത്തായി നിറയെ നരയൻ പൂവുകളുമായി ഒരു പുല്ലാഞ്ഞിക്കൂട്ടം! പെട്ടെന്ന് പിന്നിൽനിന്നുമുള്ള ശക്തമായ തള്ളലിൽ മാക്കം കിണറ്റിനരികിലേക്ക് തെറിച്ചുവീണു. പിന്നാലെ; അമ്മേയെന്നലറിക്കൊണ്ട് രണ്ടു മക്കളും!
ഒരു നിമിഷം ജെനിഫർ തലയുയർത്തി ജനക്കൂട്ടത്തെ വീക്ഷിച്ചു. പെട്ടെന്നവൾ, ഇരുകൈകളിലും ബലമായി പിടിച്ച് കരയുന്ന കിടാങ്ങളെ സ്റ്റേജിലുപേക്ഷിച്ച്; മാക്കത്തെ തന്റെ ഉടലിൽനിന്നും ഊരിയെറിഞ്ഞു! ഭയവിഹ്വലമായ അവളുടെ കണ്ണുകൾ പുരുഷാരത്തിനിടയിൽനിന്നും ഈശോയെ തിരഞ്ഞുകൊണ്ടിരുന്നു. അവൾക്ക് തന്റെ മകനെ കണ്ടെത്തണമായിരുന്നു. അവൾക്കായി ഒരുക്കിവെച്ച പാനപാത്രത്തെക്കുറിച്ച് അവനോട് മിണ്ടണമായിരുന്നു.
ഒടുക്കം ജെനിഫർ മകനെ കണ്ടെത്തി; അവൾ കണ്ണുകൾ നീട്ടിയെറിഞ്ഞ് അവനെ വിളിച്ചു. തൊണ്ടയിലൂടെ ഇറങ്ങിപ്പോയ വിശുദ്ധജലം അവളുടെ ഉള്ളം കരിക്കാൻ തുടങ്ങിയപ്പോൾ പുറംതള്ളപ്പെട്ട ചോര ചുണ്ടിനെ നനച്ച് ഒലിച്ചിറങ്ങി. പിന്നിലുപേക്ഷിച്ച മക്കൾ ഓടിവന്ന് കൈകളിൽ ബലമായി പിടിച്ചു.
‘‘മാക്കം അതാ മുകളിലേക്കു നോക്കൂ. ദിവ്യനക്ഷത്രം ഉദിച്ചിരിക്കുന്നു.’’ മാക്കത്തിന്റെ മുത്താങ്ങളയായി വേഷമിട്ട ജോസഫ് അവൾക്കരികിൽ വന്ന് പറഞ്ഞു. അവൾ ചുറ്റിലും നോക്കി. വാളുമായി നിരന്നുനിൽക്കുകയാണ് നേരാങ്ങളമാർ!
മാക്കം ആകാശത്തേക്ക് തന്റെ നോട്ടമെറിഞ്ഞതും മൂത്താങ്ങള വാളുയർത്തിയുർത്തി ആഞ്ഞുവെട്ടി!
കഴുത്ത് മുറിഞ്ഞ് ചോരയൊലിച്ചിറങ്ങി. കുട്ടികളുടെ കൈയിൽനിന്നും വഴുതി മാക്കം കിണറ്റിനകത്തേക്ക് പതിച്ചു.
ഇന്നോവ പള്ളിമേടയിലേക്കു തിരിഞ്ഞതും ജോസഫ് ഈശോയെ തൊട്ടു.
‘‘ടാ അവിടെ സെമിത്തേരിക്ക് പുറത്ത് തെമ്മാടിക്കുഴിയിൽ ഒരാളുണ്ട്…’’ അയാൾ വിറക്കുന്ന ശബ്ദത്തിൽ മകനോട് പറഞ്ഞു. പതിനാലുവർഷത്തെ ജയിൽജീവിതം അയാളെ വൃദ്ധനും അവശനുമാക്കിയിരുന്നു.
ജോസഫിന്റെയും ഈശോയുടെയും കണ്ണുകൾ നിറയുന്നത് ഗോപിമാഷ് അലിവോടെ നോക്കിയിരുന്നു. അയാളുടെ കൈകളിലെ തണുപ്പ് അവന്റെയുള്ളിലെ മുറിവിനെ തുന്നിച്ചേർക്കാൻ ശ്രമിച്ചു.
‘‘മാഷേ...’’ നിശ്ശബ്ദതയാണ് ചില നേരങ്ങളിലെ മരുന്നെന്ന് മാഷിനറിയാമായിരുന്നു!
അവർക്കു മുന്നേ ആരോ അവിടെയെത്തിയിരുന്നു. കല്ലറ വൃത്തിയാക്കി മെഴുകുതിരി കത്തിച്ചിട്ടുണ്ട്. ഇളംകാറ്റിൽ മെഴുകുതിരി നാളങ്ങൾ നാടകസമിതിയുടെ കർട്ടൻപോലെ ഇളകിക്കളിക്കുന്നത് കണ്ടപ്പോൾ ഈശോക്ക് വീണ്ടും കരച്ചിൽ വന്നു.
മാക്കപ്പോതിയും മക്കളും അരങ്ങിൽ വരാൻ കാത്തുനിക്കാതെ കർട്ടൻ വീണിരുന്നു! ഒച്ചവെച്ചു തുടങ്ങിയ ആൾക്കൂട്ടത്തിനിടയിലൂടെ സ്റ്റേജിനകത്തേക്ക് ഈശോ നൂണുകയറി. പുല്ലാഞ്ഞി ചുവട്ടിലേക്ക് നിരങ്ങി വന്നിരുന്ന ജെനിഫറിന്റെ ശിരസ്സ് അവൻ മാറോട് ചേർത്തുപിടിച്ചു.
ജെനിഫറിന്റെ ഹൃദയം മന്ത്രിച്ചത് അവന്റെ ചെവികൾ പിടിച്ചെടുത്തു. വലിയ ചെവിയായിരുന്നു അവന് കർത്താവ് നൽകിയിരുന്നത്. മനസ്സ് ജാഗ്രതയിലേക്ക് വഴുതിവീഴേണ്ടുന്ന അവസരത്തിലൊക്കെ അവന്റെ ചെവികൾ ഒരു മുയൽക്കുഞ്ഞിന്റേതു പോലെ കൂർത്തുനിന്നിരുന്നു. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലൊക്കെ ഈശോയുടെ ചെവികൾ എന്നും ലോകത്തോട് കൂർപ്പിച്ചുനിന്നിട്ടുണ്ട്.
‘‘മോനെ... നീയിനി ഇവിടെ നിക്കരുത്... എങ്ങോട്ടേക്കെങ്കിലും പൊക്കോ... എവിടെപ്പോയാലും പപ്പായെ മറക്കരുത്... പാവമാണ് നിന്റെ പപ്പ...’’ ജെനിഫറിന്റെ ശിരസ്സ് ഒരു ഭാഗത്തേക്ക് തൂങ്ങി.
‘‘കർത്താവേ എന്റെ അമ്മ..!’’ അവന്റെ കരച്ചിൽ തൊണ്ടക്കുഴിയിൽ വെച്ച് അസ്തമിച്ചു. ഒരു ബലിഷ്ഠ കരം അവനെ തൂക്കിയെടുത്ത് വലിച്ചെറിഞ്ഞു. ഈശോ ചെന്നുവീണത് ജോസഫിന്റെ മുന്നിലേക്കായിരുന്നു.
‘‘പപ്പാ...’’ അവൻ നിരങ്ങിച്ചെന്ന് ജോസഫിനെ തൊട്ടു. ശിരസ്സിൽനിന്നും ചാലിട്ടൊഴുകിയ ചോരയിൽ അയാളുടെ കണ്ണുകൾ അടഞ്ഞുപോയിരുന്നു. കൺപോളകൾ തുറന്നുവരാനായി ജോസഫ് മുഖം ശക്തിയിൽ കുടഞ്ഞു. ക്ലാസിൽവെച്ച് തെളിയാത്ത പേന കുടയുമ്പോൾ മഷി ഉടുപ്പിൽ തെറിച്ചുവീണതുപോലെ, ചോര ഈശോയുടെ മേത്ത് പുള്ളിക്കുത്തുകൾ വീഴ്ത്തി... എന്നിട്ടും കണ്ണുതുറക്കാനാകാതെ ജോസഫ് കുതറി! ദൈവമേ... ഇതാരാണ് പപ്പായെ കെട്ടിയിട്ടത്? നാടകത്തിൽ അങ്ങനെയൊരു രംഗമില്ലായിരുന്നല്ലോ! അവൻ ജോസഫിന്റെ മുഖം കൈകളിലെടുത്ത് ശക്തിയായി കുലുക്കി.
‘‘പപ്പാ... അമ്മയ്ക്കെന്താ പറ്റിയെ? എന്തിനാ പപ്പയെ കെട്ടിയിട്ടെ? പപ്പാ എഴുന്നേൽക്ക്.’’ അവൻ വീണ്ടുമയാളെ കുലുക്കിവിളിച്ചു.
ഈശോ ജോസഫിന്റെ മുഖം നെഞ്ചോട് ചേർത്തുപിടിച്ചു കരഞ്ഞു.
‘‘മോനെ... ഈശോ... നീയിവിടന്ന് വേഗം പൊക്കോടാ... ഇല്ലെങ്കിൽ...’’ പപ്പയെ കെട്ടിയിട്ട കയർ അഴിക്കാൻ അവൻ ആവതു ശ്രമിച്ചു. അപ്പോഴാണ് ആരോ അവനെ സ്റ്റേജിൽനിന്നും പുറത്തേക്ക് ചവുട്ടിയെറിഞ്ഞത്.
പുറത്തെ ആൾക്കൂട്ടത്തിന്റെ ആരവത്തിൽ അവന്റെ ഒച്ച മുങ്ങിപ്പോയി. സ്റ്റേജിലും സദസ്സിലും എന്താണ് സംഭവിച്ചതെന്നറിയാതെ പരിഭ്രാന്തരായി നിൽക്കുകയാണ് സ്ത്രീകളും കുട്ടികളും! ചിലർ പേടിച്ച് കരയുന്നുമുണ്ട്. മുതിർന്ന പുരുഷൻമാർ അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്.
സ്റ്റേജിനു സമീപത്തെ ചെറിയൊരു കുഴിയിലേക്കാണ് ഈശോ മുഖമടിച്ചു വീണത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരം കല്ലിൽത്തട്ടി മുറിഞ്ഞ് ചോര വന്നെങ്കിലും അവൻ കൈ കുത്തി എഴുന്നേൽക്കാനുള്ള ശ്രമം നടത്തി.
ആ നേരത്താണ് ആൾക്കൂട്ടത്തിനിടയിലെ തിരക്കിൽനിന്നുമൊഴിഞ്ഞ് ഗോപി മാഷ് സ്റ്റേജിനരികിലേക്കെത്തിയത്.
മാഷ് കണ്ടു; കുഴിയിൽനിന്നും കരകയറാൻ ശ്രമിക്കുന്ന ഈശോയെ. കൈനീട്ടി മാഷവനെ കരയിലേക്ക് വലിച്ചുകയറ്റി.
‘‘മാഷേ... എന്റെ പപ്പാ... ന്റെ അമ്മ...’’ അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് മാഷിനെ കെട്ടിപ്പിടിച്ചു. ചീറിപ്പാഞ്ഞു വന്ന ആംബുലൻസിൽ ജെനിഫറിനെയും പൊലീസ് ജീപ്പിൽ ജോസഫിനെയും കൊണ്ടുപോകുന്നതും നോക്കി ഇലപൊഴിഞ്ഞ മരംപോലെ മാഷ് നിന്നു.
പാരിഷ് ഹാളിലേക്ക് കയറുമ്പോൾ അച്ചൻ സംസാരിക്കുകയായിരുന്നു. അച്ചന്റെ സംസാരത്തിന് തടസ്സമാകേണ്ടെന്ന് കരുതി ഈശോയും ഗോപി മാഷും വരാന്തയിലെ അരപ്ലേസിൽ ഇരുന്നു.
നാടകത്തെക്കുറിച്ചായിരുന്നു അച്ചൻ സംസാരിച്ചിരുന്നത്: ‘‘എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. ആറാംതരത്തിൽ പഠിക്കുമ്പോൾ സംസ്ഥാനതല നാടകമത്സരത്തിൽ ഒന്നാംസ്ഥാനം ഞങ്ങടെ സ്കൂളിന് സമ്മാനിച്ചവൻ. നിറംകെട്ടുപോയ ജീവിതനാടകത്തിലെ രംഗങ്ങൾ അരങ്ങിലും പകർത്തിയവൻ. തിരുനാമങ്ങൾ മഹത്വപ്പെടുത്തേണ്ട ചിലരാൽ ബഹിഷ്കൃതരായ ഒരു പിതാവിന്റെയും മാതാവിന്റെയും ഒറ്റ സന്താനമായ് ജനിച്ചവൻ. അവനുവേണ്ടിയല്ല ഈ ലോകത്തിൽ അവനെപ്പോലെ ഒറ്റപ്പെട്ടു പോയവർക്കുവേണ്ടി നാടകം കളിക്കാൻ വിധിക്കപ്പെട്ടവൻ!
കർത്താവിന്റെ കൃപയാൽ അവന്റെ മാതാപിതാക്കൾ അവനു നൽകിയ നാമം ഈശോയെന്നായിരുന്നു. ആ പേരും വഹിച്ച് ക്രൂശിലേറ്റപ്പെട്ട നാഥന്റെ വേഷവുമണിഞ്ഞ് നടന്ന അവനിന്ന് ലോകനാടകവേദിയിൽ നിറഞ്ഞുനിൽക്കുകയാണ്. അവന്റെ നാടകം കണ്ട ഒരു മനുഷ്യൻ അവനെ യൂറോപ്പിലേക്ക് കൊണ്ടുപോയി. അവിടങ്ങളിലെ തിയറ്ററിൽ മനസ്സുകൊണ്ടും ശരീരംകൊണ്ടും അവൻ നാടകം കളിച്ചു. കർത്താവിന്റെ ഇച്ഛപോലെ അവൻ ഉയിർക്കുകതന്നെ ചെയ്തു. കരയുന്ന മനസ്സിനെ കാരാഗൃഹത്തിലടച്ച് അവൻ നീറി നീറി പുകഞ്ഞു. ദുഃഖങ്ങളെ ചിരിച്ചുകൊണ്ട് സ്വീകരിച്ചു. നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെയെന്ന് പറഞ്ഞു. നിങ്ങൾ പാപിനിയാക്കിയ മഗ്ദലന മറിയത്തെ ചേർത്തുപിടിച്ചു. വിശുദ്ധരാണെന്ന് സ്വയം പ്രഖ്യാപിച്ച, പാപികളായ തന്റെ സ്വജാതിയോട് പൊറുക്കണമേയെന്ന് പ്രാർഥിച്ച് ചാട്ടവാറടികളേറ്റുവാങ്ങി. മരക്കുരിശു ചുമന്നു.
അവന്റെ മാതാവിനെ ചതിച്ച് പിതാവിനെ ഒറ്റുകൊടുത്തവരെ പാടെ മറന്ന് അവൻ വേദിയിലെന്നും നിറഞ്ഞുനിന്നു!
സങ്കടരംഗങ്ങളിൽ അവൻ അഭിനയിക്കുകയായിരുന്നില്ല; ജീവിക്കുകയായിരുന്നു!
വലിയ വലിയ സദസ്സുകളിൽ; നാടക തിയറ്ററുകളിൽ അവൻ ക്രൂശിതനായ കർത്താവിന്റെ വേഷമണിഞ്ഞു. അവൻ എന്നോടും നിങ്ങളോടും പറഞ്ഞു:
ഞാൻ സത്യമായും നിങ്ങളോടു പറയുന്നു; പാപിയും അഹങ്കാരിയുമായ മനുഷ്യാ എത്രമേൽ നീ നിന്റെ സഹോദരനെ ക്രൂശിലേറ്റാൻ നോക്കിയാലും അവന്റെ പിതാവായ ദൈവം അവനെ ഉയിർത്തെഴുന്നേൽപ്പിക്കുകതന്നെ ചെയ്യും. ഒടുവിൽ ന്യായവിധിയുടെ കാലത്ത് നീ കഠിനമായി ദണ്ഡിക്കപ്പെടും. ഇതു ഞാൻ പറയുന്നതല്ലായെന്ന് നിങ്ങൾ അറിയുവിൻ!
പ്രിയപ്പെട്ടവരെ എന്റെ സ്നേഹിതൻ മാരിയാനോ ജോസഫ് എന്ന ഈശോ ഇന്നിവിടെ എത്തിയിട്ടുണ്ട്. പത്തുദിവസം നീണ്ടുനിൽക്കുന്ന നമ്മുടെ ഫൈൻ ആർട്സ് സൊസൈറ്റിയുടെ വാർഷിക നാടകോത്സവത്തിൽ നമ്മളും ഒരുനാടകം അവതരിപ്പിക്കുന്നു. നാട്ടുകാർ അഭിനയിക്കുന്ന നാടകം.’’
ഗോപി മാഷിന്റെയുള്ളിൽ കീറിപ്പറിഞ്ഞൊരു യവനികയുയർന്നു.
മാഷിനായിരുന്നു നിർബന്ധം. മിനി പത്താംതരത്തിലെത്തിയിരിക്കുന്നു. ഈ വർഷംകൂടിയെ അവൾ ഈ സ്കൂളിലുണ്ടാകൂ. മികച്ച നടിയാണവൾ. പുതിയൊരു നാടകസ്ക്രിപ്റ്റ് ലഭിച്ചിട്ടുണ്ട്. നല്ലൊരു സംവിധായകനെ തേടിപ്പിടിക്കണം. ഈ വർഷമെങ്കിലും സംസ്ഥാനത്ത് പോകണം.
സംവിധായകൻ വന്നു. സ്ക്രിപ്റ്റ് വായന നടന്നു. നടീനടൻമാരെ സെലക്ട് ചെയ്തു. പക്ഷേ, പ്രധാന കഥാപാത്രമാകാൻ ആളെ കിട്ടിയില്ല.
വളരെ ചെറിയ ഒരു കുട്ടി വേണം. അഞ്ചിലോ ആറിലോ പഠിക്കുന്നതായാൽ നന്ന്. ആര് അഭിനയിക്കും?
മാധവി ടീച്ചറാണ് പറഞ്ഞത്: മാഷെ, നമുക്ക് ഈശോയെ നോക്കിയാലോ...’’
ചീല സീനുകൾ എടുത്തുനോക്കി. പക്ഷേ, അവൻ അത്രക്കങ്ങ് വഴങ്ങുന്നില്ല. സംവിധായകൻ കാണിച്ചുകൊടുക്കുന്നത് അവന് ചെയ്യാനാകുന്നില്ല.
‘‘എന്തിനാ മാഷേ നിങ്ങളിങ്ങനെ പെടാപ്പാട് പെടുന്നേ... ആ ചെറുക്കന് അഭിനയിക്കാനൊന്നും അറിയില്ലെന്നെ. എപ്പോ നോക്കിയാലും കുരങ്ങ് ചത്ത കുറവനെപ്പോലെ ക്ലാസിൽ കൂനിക്കൂടിയിരിക്കുന്നത് കാണാം. അതുകൊണ്ട് തന്നെ ഞാനവനെ ശ്രദ്ധിക്കാറേ ഇല്ല. അല്ലാ മാഷിനോട് ഞാനെന്തിനാ അതൊക്കെ പറയുന്നേ... മാഷിന്റെ വീട്ടിൽത്തന്നെയല്ലെ അവൻ,’’ കണക്കു മാഷ് പരിഹസിച്ചു.
ശനിയാഴ്ച ദിവസമാണ് ഫുൾഡേ റിഹേഴ്സൽ. സംവിധായകനും മാധവി ടീച്ചറും രാവിലെതന്നെ ഗോപി മാഷിന്റെ വീട്ടിലെത്തി.
‘‘ഇന്നവൻ ചെയ്യും... സ്ക്രിപ്റ്റ് പൂർണമായും അവൻ പഠിച്ചിട്ടുണ്ട്,’’ ഗോപി മാഷ് ഉറപ്പിച്ചു പറഞ്ഞു.
‘‘അവനിത് ചെയ്യാതിരിക്കാനാകില്ല; നാടകമെന്നത് അവന്റെ ജീവിതംതന്നെയല്ലെ?
ചെറുപനത്തടി ദൃശ്യകലാവേദിയുടെ വാർഷികത്തിന് നാടകംചെയ്യാൻ വന്നതായിരുന്നു അവന്റെ അപ്പൻ ജോസഫ്. വടക്കൻ പറവൂരിനടുത്തുള്ള ഗോത്തുരുത്തുകാരനായിരുന്നു അയാൾ. നാടോടിയായ ഒരു നാടകക്കാരൻ. ഗോത്തുരുത്തിലെ പ്രധാന ചവിട്ടുനാടകക്കാരനായിരുന്ന വാറുണ്ണിയാശാന്റെയും അന്നമ്മയുടെയും ഏക മകൻ. അമ്മയെ ജോസഫ് കണ്ടിട്ടില്ല. നിന്നെയെന്റെ കയ്യിൽ തന്ന് നിന്റെ അമ്മ ഇവിടം വിട്ടുപോയെടാ... മദ്യം തലക്കുപിടിക്കുന്ന നേരങ്ങളിൽ മകനെ കെട്ടിപ്പിടിച്ച് ആശാൻ കരഞ്ഞു പറയും.
വയറ്റാട്ടി, ഔതപ്പെമ്പിള്ളക്ക് പറ്റിയ ഒരു കയ്യബദ്ധമായിരുന്നു അന്നമ്മയുടെ ജീവനെടുത്തത്. കൊച്ചിനെ ജീവനോടെ കിട്ടിയെങ്കിലും തള്ളയെ രക്ഷിക്കാനായില്ല. അതിന്റെ മനപ്രയാസം നിമിത്തം പിന്നീടവർ വയറ്റാട്ടിപ്പണി നിർത്തി. കൊച്ചിന്റെ കാര്യങ്ങൾ നോക്കിയും വാറുണ്ണിയാശാനു വെച്ചുവിളമ്പിയും അവർ ഗോത്തുരുത്തിൽത്തന്നെ കഴിഞ്ഞു.
ചെറുപ്പത്തിലെത്തന്നെ ജോസഫ് തട്ടേൽക്കയറി. അപ്പനെക്കാൾ അഭിനയ വൈഭവമുണ്ടായിരുന്നു അയാൾക്ക്. ചവിട്ടുനാടകത്തിലെ വലിച്ചുനീട്ടലുകളോട് അയാൾക്കൊരിക്കലും യോജിക്കാനായില്ല. പതിഞ്ഞ സംഭാഷണങ്ങളും പാട്ടും അതിന്റെ ആവർത്തനവും വളരെ വിരസമാണെന്ന് അയാൾ അഭിപ്രായപ്പെട്ടു. നാടകീയത ചോർന്നുപോകുന്ന ഇത്തരം രംഗങ്ങൾ അവസാനിപ്പിക്കണമെന്ന് ജോസഫ് ആശാനോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
‘‘നെനക്കത് പറയാം. അത് നിന്റെ സ്വാതന്ത്ര്യം! എന്നാൽ അങ്ങനെ ചെയ്താൽ അതു ചവിട്ടുനാടകമാകില്ല. വെറും വേഷംകെട്ടലാകും. അതിനെന്നെ കിട്ടില്ല.’’
പാരമ്പര്യത്തിൽനിന്നും അണുവിട വ്യതിചലിക്കാൻ ആശാൻ തയ്യാറായില്ല. റിഹേഴ്സൽ ക്യാമ്പിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ജോസഫ് പിൻവാങ്ങി.
പിന്നീടങ്ങോട്ടൊരു നീണ്ട യാത്രയായിരുന്നു. നാടകത്തിന്റെ കുരിശുമല കീഴടക്കാനുള്ള വ്യഗ്രത! നടന്നുതീരാത്ത നീളമുണ്ടായിരുന്ന വഴികൾ! പരീക്ഷണങ്ങളും വ്യസനങ്ങളും കൂട്ടുവന്ന യാത്ര! പട്ടിണിയുടെ പശിമയിൽ കിടന്നുറങ്ങിയ രാത്രികൾ. രതിയുടെ സോപാനമേറിയുള്ള ഉടുക്കുകൊട്ടലുകൾ! നാടകത്തെ ചെറുപനത്തടിയിലെത്തുമ്പഴേക്കും രുചിഭേദമറിഞ്ഞ് വിളമ്പാനറിയുന്ന പാചകക്കാരനായി അയാൾ പാകപ്പെട്ടിരുന്നു.
ആ ഇടവകപ്പള്ളിയിലെ പ്രമാണിയായിരുന്നു ചോലത്തടത്തിൽ ഏനാശു. മാരാങ്കുണ്ടിലും പന്നിത്തടത്തിലുമായി പത്തമ്പത് ഏക്കർ റബർ എസ്റ്റേറ്റ് അയാൾക്കുണ്ടായിരുന്നു. ചെറുപനത്തടിയിലെ ചാരായഷാപ്പും അയാളുടേതായിരുന്നു. കൊല്ലങ്ങളായി അയാൾതന്നെയായിരുന്നു പള്ളിയിലെ കൈക്കാരനും. പട്ടഷാപ്പിൽവെച്ചാണ് ജോസഫ് കൈക്കാരന്റെ കൈകളിലേക്ക് വന്നുവീണത്.
കപ്യാരു വർക്കിയും ഷാപ്പിലെ എടുത്തുകൊടുപ്പുകാരൻ പരീതുമായിരുന്നു അവരെത്തമ്മിൽ കോർത്തിണക്കിയ കൊളുത്ത്.
‘‘പുണ്യാളന്റെ അമ്പുപെരുന്നാളിന് നാടകംവേണം... അതും ദൈവകൃപ വിളിച്ചോതുന്നതുതന്നെ വേണം. കർത്താവിശോമിഹായുടെ അപദാനങ്ങൾ വാഴ്ത്തുന്നതായിരിക്കണം നാടകത്തിന്റെ ആകെക്കൂടിയുള്ള സത്ത!’’ അച്ചൻ പറഞ്ഞു.
‘‘അച്ചനും കൈക്കാരനും ഇഷ്ടമുണ്ടായിട്ടൊന്നുമല്ല; ഞങ്ങളിൽ ചിലരുടെ നിർബന്ധത്തിനു വഴങ്ങിയിട്ടാണ് അച്ചൻ അനുമതി നൽകുന്നത്. അതുകൊണ്ടുതന്നെ കർത്താവിനും തിരുസഭക്കും നിരക്കാത്തതൊന്നും നാടകത്തിലുണ്ടാകരുത്,’’ വർക്കി നയംവ്യക്തമാക്കി.
ജോസഫ് പതുക്കെ തലയാട്ടി.
‘‘ജോസഫിനുള്ള സൗകര്യങ്ങൾ ഒരുക്കണം...’’ അച്ചൻ കൈക്കാരനെയും കപ്യാരെയും ചട്ടംകെട്ടി.
ചേരിക്കുന്നിലെ ജോർജ്കുട്ടിയുടെ ഒഴിഞ്ഞുകിടന്ന കളപ്പുര ജോസഫിന്റെ വീടായും നാടകശാലയായും പരിവർത്തനപ്പെട്ടു.
അയാൾ നാടകമെഴുതാൻ തുടങ്ങി.
ആഴ്ച രണ്ടു കഴിഞ്ഞു. ഒന്നുമങ്ങോട്ട് ശരിയാകുന്നില്ല. ദൈവത്തിന്റെ വാഴ്ത്തുപാട്ടുകൾ സൃഷ്ടിക്കാനാണോ താൻ നാടകക്കാരനായത്? നാടകമെഴുതാനിരിക്കുമ്പോഴൊക്കെ സാത്താനാണ് മുന്നിൽ വന്നുനിൽക്കുന്നത്. തനിക്കാവില്ല. ഇവിടെനിന്നും രക്ഷപ്പെടുന്നതാണ് നല്ലത്. അയാൾ കൈസഞ്ചിയിലേക്ക് തുണികൾ കുത്തിനിറച്ചു.
‘‘നാടകക്കാരൻ രക്ഷപ്പെട്ട് പോവുകയാണോ?’’
ജോർജുകുട്ടിയുടെ മകളാണ്. ജെനിഫർ... ഒരു മിന്നായംപോലെ കണ്ടിട്ടുണ്ട്. ജോസഫിന് ജാള്യത തോന്നി. അയാൾ ഒന്നും മിണ്ടിയില്ല.
‘‘ഞാൻ കണ്ടു. വെരുകിനെപ്പോലെ പെടക്കണത്... കടലാസു ചുരുളുകൾ വായുവിലൂടെ പറക്കുന്നത്! എന്തേ ഒന്നും എഴുതാൻ കഴിയുന്നില്ലെ?’’
‘‘കഴിയാത്തതല്ല, പക്ഷെ പറഞ്ഞു പഴകിയതിനെയും കേട്ടു തഴമ്പിച്ചതിനെയും ആവർത്തിക്കുന്നതിൽ...’’
‘‘എങ്കീ ഒരു കാര്യംചെയ്യു; മറിയത്തിന്റെ കഥപറയൂ...’’
‘‘മറിയം..?’’
‘‘ഉം... അമ്മ മറിയത്തെക്കുറിച്ചല്ല; പാപിനിയെന്ന് ജനം കല്ലെറിഞ്ഞ മഗ്ദലന മറിയത്തെക്കുറിച്ച്... കർത്താവിന് പ്രിയപ്പെട്ടവളായവളെക്കുറിച്ച്!’’
‘‘ഇയാള് അഭിനയിക്കുവോ?’’
‘‘കർത്താവായിട്ട് നിങ്ങളഭിനയിക്കുകയാണെങ്കിൽ..!’’
നാടകമെഴുതി തീർന്നു. അഭിനേതാക്കളെ നിശ്ചയിച്ചിച്ചതും കപ്യാര് കുറുകെ നിന്നു. കൈക്കാരൻ കൊതിച്ചതായിരുന്നത്രെ ക്രിസ്തുവിന്റെ വേഷം! മഗ്ദലന മറിയത്തോടുള്ള അയാളുടെ ഏനക്കേട് തിരിച്ചറിഞ്ഞ ജോസഫ് അതിനു സമ്മതിച്ചില്ല.
എന്നാൽ, നാടകവും വേണ്ട. മഗ്ദലനയെ തട്ടേക്കേറ്റാൻ കപ്യാരും കൈക്കാരനും സമ്മതിച്ചില്ല!
പെരുത്ത് സങ്കടംവന്നെങ്കിലും നാടകമവസാനിച്ച ഇടത്തിൽനിന്നും അവർ ജീവിതമാരംഭിച്ചു. എതിർപ്പുകളനവധിയുണ്ടായിട്ടും ജെനിഫറിന്റെ കഴുത്തിൽ ജോസഫ് മിന്നുകെട്ടി.
അവർക്കൊരുമകൻ പിറന്നു. അലസിപ്പോയ ആദ്യനാടകത്തിന്റെ ഓർമക്കെന്നോണം മകന് അവർ മാരിയാനോ ജോസഫ് എന്നു പേർ വിളിച്ചു. ക്രിസ്തുവിന്റെ മുഖഛായയുമായി പിറന്ന അവനെ ഞങ്ങൾ ഈശോയെന്ന് വിളിച്ചു.
ജോസഫിന്റെ വഴികളിൽ കപ്യാരും കൈക്കാരനുംകൂടി മുൾമുരിക്കുകൾ നട്ടു. ജീവിക്കാൻ ഒരു മാർഗവും കാണാതായപ്പോഴാണ് അവർ കണ്ണേറ്റുംകരയിലേക്ക് വന്നത്.
അന്ന് ഞാനവിടത്തെ ഗവ. ഹൈസ്കൂളിൽ പഠിപ്പിക്കുകയായിരുന്നു. ഞാനാണവർക്ക് ഒരു നടകക്കമ്പനി തുടങ്ങാനുള്ള ഒത്താശ ചെയ്തത്.
കണ്ണേറ്റുംകര നടനകലാശാലയുടെ ആദ്യനാടകം കടവാങ്കോട്ട് മാക്കമായിരുന്നു. നിരവധി സ്റ്റേജുകളിൽ വിജയകരമായി കളിച്ച മാക്കം രണ്ടായിരത്തി രണ്ട് ഡിസംബറിൽ ചെറുപനത്തടിയിലുമെത്തി.
മനസ്സിനും ശരീരത്തിനുമേറ്റ മുറിവുകൾ ഉണങ്ങും. ഓർമകൾ കാലാന്തരത്തിൽ മാഞ്ഞുപോയേക്കാം; എന്നാൽ, കാമവും പകയും ഒരിക്കലും ഒടുങ്ങുകയില്ല! അണലിയുടെ വിഷമേറ്റ മുറിവ് പൊട്ടിയടരുംപോലെ അതു ചീഞ്ഞടർന്നുകൊണ്ടേയിരിക്കും.
അഭിനയിച്ചുകൊണ്ടിരിക്കെ സ്റ്റേജിൽ വെച്ച് ജെനിഫർ കൊല്ലപ്പെട്ടു. അതേ കുറ്റത്തിന് ജോസഫ് അറസ്റ്റ് ചെയ്യപ്പെട്ടു. ഞങ്ങടെ ഈശോ... നിറഞ്ഞ കണ്ണുകൾ കാണാതിരിക്കാനായ് മാഷ് മുഖംതിരിച്ചു.
പാരിഷ് ഹാളിൽ പ്രമാണികളെല്ലാമുണ്ടായിരുന്നു. ഈശോ സൂക്ഷിച്ചുനോക്കി. എല്ലാം പരിചിതമുഖങ്ങൾ. കൈക്കാരനും കപ്യാർക്കും നരകേറിയിട്ടുണ്ടെന്നതൊഴിച്ചാൽ യാതൊരു മാറ്റവുമില്ല.
‘‘എല്ലാവർഷത്തെയും പോലെ പത്തുനാടകങ്ങൾ; ഒമ്പതുനാടകങ്ങൾ പുറമേ നിന്ന്. പത്താമത്തേത് നമ്മുടേത്. നല്ല സാമൂഹിക പ്രതിബദ്ധതയുള്ളതായിരിക്കണം നമ്മുടെ നാടകം. നീതന്നെ രചനയും സംവിധാനവും.’’
‘‘നാടകം ഞാനെഴുതാം. രണ്ടുമാസം നീണ്ടുനിൽക്കുന്ന റിഹേഴ്സൽ ക്യാമ്പ് വേണം. നടൻമാരെയും നടിമാരെയും ഞാൻ സെലക്ട് ചെയ്യും. എല്ലാത്തിലും എനിക്ക് പൂർണ സ്വാതന്ത്ര്യം വേണം. എങ്കിൽമാത്രം ഞാനിത് ചെയ്യാം.’’
ഈശോയുടെ ശബ്ദത്തിലെ ദൃഢതയും തീക്ഷ്ണതയേറിയ നോട്ടവും കൈക്കാരന്റെ ഉള്ളിലൊരു മുറിവുണ്ടാക്കി. എവിടെയോ എപ്പോഴോ കേട്ടുമറന്ന ഒച്ച! മൂർച്ചയുള്ള പകയൂറുന്ന കണ്ണുകൾ! അതുപോലെ അവന്റെ പേരും... എവിടെയാണെന്ന് ഒരൂഹവും കിട്ടിയില്ല.
കർത്താവേ, ഇതാപത്തിന്റെ കുരിശേറ്റമാണോ? അയാളുടെ ഉള്ളിലൊരു മരക്കുരിശ് പൊങ്ങിവന്നു.
ഹേയ് അങ്ങനെയാവാൻ വഴിയില്ല. തന്റെ പ്രായത്തിന്റെ തോന്നലാണത്. അയാൾ കപ്യാരെ ശ്രദ്ധിച്ചു; മഞ്ഞടർന്നു വീണു വിറങ്ങലിച്ചപോലെ ഇരിക്കുകയാണവൻ!
അപ്പോൾ ഇതവൻതന്നെ! അവൻ നാടകമെഴുതിയാൽ അതും സാമൂഹിക പ്രസക്തമായ വിഷയം... നന്മ-തിന്മകളുടെ വേലിയേറ്റം; അപ്പോൾ എന്തായിരിക്കും അതിൽ തന്റെ വേഷം. തങ്ങളുടെ പഴയകാല ചെയ്തികൾ കുത്തിപ്പൊക്കി അവൻ ഉയിർത്താൽ കുരിശുമരണം തന്നെയായിരിക്കും തനിക്ക് വിധിക്കുക. പണ്ടത്തെപ്പോലെ ഇതു തടയാൻ തനിക്കാകില്ല. പള്ളിക്കമ്മറ്റിക്കല്ല സൊസൈറ്റിയുടെ ഭരണം. പള്ളീലച്ചനും പഞ്ചായത്ത് പ്രസിഡന്റുമടങ്ങുന്ന വലിയൊരു കമ്മറ്റിക്കാണ്. പിന്നെയുള്ളത് സൊസൈറ്റി സെക്രട്ടറിയായ തന്റെ മകൾ സൂസനാണ്. പക്ഷേ എന്ത് പറഞ്ഞിട്ടാണ് അവളെ…
ഈശോ സമ്മതിച്ചു കഴിഞ്ഞു. അപ്പോൾ നാടകം നടക്കുക തന്നെ ചെയ്യും. തനിക്കുള്ള കുരുക്കുകൾ അവൻ നെയ്തെടുക്കും... പിന്നെ അന്ത്യവിധി! ഇത്രയും കാലം മറച്ചുവെച്ചതൊക്കെ വെളിയിൽ വലിച്ചിടപ്പെടും. കൈക്കാരൻ എന്നനിലയിൽ കെട്ടിപ്പൊക്കിയ ജീവിതം ഇവിടെ തീരുന്നു. അയാൾ സാവധാനം പുറത്തേക്ക് നടന്നു. കഴുത്ത് ഞെരിക്കപ്പെട്ട ഒരു പ്രാവിന്റെ അവസാന കരച്ചിൽ തന്നെ പിന്തുടരുന്നതായി അയാൾക്ക് തോന്നി.
പള്ളിയുടെ അതിഥിമന്ദിരത്തിൽ നാടകക്കാർക്കുള്ള താമസ സൗകര്യം ഒരുക്കി.
ഈശോ എഴുതാനിരുന്നു. ജോസഫ് കഥ പറയാനും. ദിവസങ്ങൾ കഴിഞ്ഞു. എന്നിട്ടും നാടകം വിചാരിച്ചതുപോലെ മുന്നോട്ടുനീങ്ങിയില്ല! ചില രംഗങ്ങൾ ഇപ്പോഴും അവ്യക്തമായിക്കിടക്കുന്നു.
ഏകാന്തതയുടെ തുരുത്തിൽ മകനെ ഒറ്റയ്ക്കലയാൻ വിട്ട് ജോസഫ് ഗോപി മാഷിന്റെ കൂടെപ്പോയി.
വിവരങ്ങൾ അന്വേഷിച്ചറിയാൻ സൂസ വന്നു. എഴുത്തിൽ തൃപ്തി വരാതെ, കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ പിടക്കുന്ന കളിക്കൂട്ടുകാരനെ നെഞ്ചോട് ചേർത്തുപിടിച്ചാശ്വസിപ്പിച്ചു. അതുവരെ എഴുതിയ ഭാഗങ്ങൾ ഈശോ സങ്കടത്തോടെ കീറിക്കളയാൻ തുനിഞ്ഞതും അവളതു ബലമായി വാങ്ങിച്ചെടുത്തു.
സൂസൻ യാത്രപറഞ്ഞു പിരിഞ്ഞതും ഇരുട്ട് വന്നുതന്നെ മൂടുന്നതായി ഈശോക്കു തോന്നി. അയാൾ കണ്ണടച്ചു കിടന്നു.
ജോസഫ് വന്നു വിളിച്ചപ്പോഴാണ് അവനുണർന്നത്. എഴുതിയത് സൂസൻ വാങ്ങിക്കൊണ്ടുപോയ കാര്യം പറഞ്ഞപ്പോൾ ജോസഫ് പറഞ്ഞു:
‘‘മോനെ എഴുത്തിൽ നമുക്ക് പ്രചോദനവുമായി അങ്ങനെ ചിലർ വരും. അതൊരു നല്ല ലക്ഷണമാണ്. മോൻ ഒന്നേനിന്നു തുടങ്ങ്...’’ ജോസഫ് ഉറങ്ങാൻ പോയി.
രാവിലെ ഏറെ വൈകിയാണ് എഴുന്നേറ്റത്. കാപ്പിയുമായി വന്ന പപ്പയുടെ കൈയിൽ സാമാന്യം വലിയൊരു കവറുണ്ടായിരുന്നു.
‘‘ഇത് നിനക്കുള്ളതാണ്; പത്രക്കാരൻ പയ്യൻ തന്നത്.’’
കവർ ഈശോക്ക് നൽകി ജോസഫ് അടുക്കളയിലേക്ക് പോയി. അയാൾ കവർ തുറന്നു വായിച്ചുതുടങ്ങി:
‘‘ഈശോ,
ഇന്നലെ ഉറങ്ങാൻപോകുന്നതുവരെ ഞങ്ങളൊരു കാര്യം ചർച്ച ചെയ്യുകയായിരുന്നു. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും എന്റെ മോളും. ഫൈൻ ആർട്സ് സൊസൈറ്റിയുടെ നാടകോത്സവത്തിൽ പത്താമത്തെ ദിവസം നമ്മൾ അവതരിപ്പിക്കേണ്ടുന്ന നാടകത്തെപ്പറ്റി.
എത്ര മാറ്റിയെഴുതിയിട്ടും തൃപ്തനാകാതെ സങ്കടപ്പെട്ടിരിക്കുന്ന ഈശോയുടെ മുഖത്തെക്കുറിച്ചായിരുന്നു സൂസൻ സംസാരിച്ചത്.
പലപ്പോഴും സങ്കടത്തെ നമ്മൾ മായ്ച്ചുകളയുന്നത് ഓർമകളെ കുടത്തെറിഞ്ഞുകൊണ്ടാണ്. ഇപ്പോൾ സമയം പുലർച്ചെ നാലുമണി. കിഴക്കുനിന്നു വെട്ടം അരിച്ചരിച്ചു വരുംപോലെ ഓർമകളും എന്നിലേക്ക് തിരിയെ എത്തുന്നുണ്ട്. ഞാനത് നിനക്കായ് പകർത്താം. പതിയെ വായിക്കൂ...
വേദിയിൽ മരിച്ചുവീണ, അല്ല കൊല്ലപ്പെട്ട, നാടക കലാകാരിയുടെ കഥ പറയാനാണ് ഈശോ ശ്രമിക്കുന്നതെന്ന് സൂസൻ പറഞ്ഞ് ഞാനറിഞ്ഞിരുന്നു. ആ നാടകത്തിലെ നായികയായിരുന്ന ജെനിഫറിന്റെയും ജോസഫിന്റെയും മകനാണ് ഈശോയെന്ന് എനിക്കാദ്യം തന്നെ മനസ്സിലായിരുന്നു.
രാത്രി മുഴുവനുമിരുന്ന് ഞാനാലോചിച്ചു... അപ്പോൾ ഞാനാരാണ്? ഈ ഇടവകയിലെ കൈക്കാരനായ എനിക്ക് ഈ നാടകത്തിൽ എന്താണ് റോൾ? നായകൻ... വില്ലൻ..?
ഞങ്ങളെ ഏറെ മോഹിപ്പിച്ചവളായിരുന്നു നിന്റെയമ്മ ജെന്നി. ജോർജച്ചായന്റെ വീട്ടിൽ വിരിഞ്ഞുനിന്നിരുന്ന ആ പനിനീർപ്പൂവ് കാണാൻ വേണ്ടിമാത്രമായി ഞങ്ങളവിടെ പോകുമായിരുന്നു. പക്ഷേ, ചെകുത്താൻ കുരിശു കണ്ടതുപോലെ: അല്ല, ആ പ്രയോഗമല്ല ശരി! അപ്പോൾ ഞങ്ങൾ നല്ലവരാകില്ലേ? സാത്താനെക്കണ്ട കുഞ്ഞാടിനെപ്പോലെ അവൾ കാഴ്ചയിൽനിന്നും വഴുതിമാറുമായിരുന്നു. ദേഷ്യവും സങ്കടവും ഞങ്ങളിൽ പുകഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും ഞാനവളെ പിന്തുടർന്നുകൊണ്ടിരുന്നു. കാരണം ഞാനവളെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു.
അപ്പോഴാണ് ആകാശത്തുനിന്നും പുറപ്പെട്ട ദിവ്യനക്ഷത്രംപോലെ ജോസഫ് അവൾക്കുമേൽ പ്രകാശിച്ചത്.
എവിടെ പതിച്ചാലും നാലുകാലിൽ നിൽക്കുന്ന പൂച്ചയെപ്പോലെയായിരുന്നു ജോസഫ്. അയാൾക്കു കരുത്തായ് നാടകമെന്ന കലയുണ്ടായിരുന്നു!
എനിക്കില്ലാതെ പോയതും അതുപോലുള്ള ഒന്നായിരുന്നു. പണമെത്രയുണ്ടായിട്ടും കാര്യമില്ലെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. എവിടെയും കലാകാരനുതന്നെയാണ് മുൻതൂക്കം. കലയുടെ ആ മാന്ത്രികക്കൂട്ടിലേക്കാണ് ജെനിഫറും അലിഞ്ഞിറങ്ങിയത്!
ജോസഫ് എഴുതിയ നാടകത്തിൽ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഈശോയുടെ വേഷം എനിക്കു നൽകാനവൻ തയ്യാറായില്ല. ആ വേഷം അവൻതന്നെ ചെയ്തു. മഗ്ദലന മറിയമായി ജെനിയും! എത്രമേൽ ഇഴുകിച്ചേർന്ന് അഭിനയിക്കാമെന്നവർ റിഹേഴ്സൽ ക്യാമ്പിൽ വെച്ച് കാണിച്ചുതന്നു.
ഏനാശു, ഇതഭിനയമല്ല; അവർ ജീവിക്കുകയാണ്. പാടുപെട്ട് കെടുത്തിയിരുന്ന എന്റെയുള്ളിലെ മെഴുകുതിരിക്ക് കപ്യാരു വർക്കി തീ കൊളുത്തി.
എന്നിലമർന്നു കിടന്നിരുന്ന സാത്താൻ കൊമ്പുകുലുക്കിയെഴുന്നേറ്റു. എന്ത് കളി കളിച്ചും നാടകത്തിന്റെ അവതരണം തടയണം. കപ്യാരെ കൂട്ടുപിടിച്ച് ഞാനതിനുള്ള കരുക്കൾ നീക്കി.
നല്ലതായിക്കോട്ടെ, ചീത്തയായിക്കോട്ടെ ഏത് കാര്യവും വിശ്വാസം ചേർത്ത് വിളമ്പിയാൽ മുന്നും പിന്നും നോക്കാതെ ആർത്തിയോടെ വാരിവിഴുങ്ങുന്നവരാണ് നമ്മുടെ ജനമെന്ന് എനിക്കറിയാമായിരുന്നു.
നാടകത്തിൽ മഗ്ദലന മറിയത്തിനാണ് മുൻതൂക്കം! നമ്മുടെ കർത്താവായ ഈശോ തമ്പുരാന് ഒരു വേശ്യയുമായി വഴിവിട്ട ബന്ധമാണ് നാടകത്തിന്റെ കാതലെന്ന് ഇടവകയിലെ കുഞ്ഞാടുകളെ വിശ്വസിപ്പിക്കാൻ എനിക്കധികം അധ്വാനം വേണ്ടിവന്നില്ല.
മറ്റെന്തിനേക്കാളും വേഗത്തിൽ സഞ്ചരിക്കുന്നതാണ് അപവാദം. അത് വിശ്വാസത്തെ തൊട്ടാണ് തൊടുക്കുന്നതെങ്കിൽ തൊടുക്കുന്നതിനു മുന്നേയതു തറച്ചിരിക്കും!
പൊതുവെ നാടകംപോലുള്ള കലാപരിപാടികളോട് പുറംതിരിഞ്ഞു നിന്നയാളായിരുന്നു അച്ചൻ. അതെനിക്ക് ഗുണമായി. നാടകം റദ്ദ് ചെയ്യപ്പെട്ടു!
പക്ഷേ അവരെന്നെ തോൽപിച്ചു കളഞ്ഞു. നാടകം നടന്നില്ലെങ്കിലും ജീവിതനാടകത്തിൽ ജോസഫ് ജെന്നിയെ നായികയാക്കി. പരമാവധി ശ്രമിച്ചതാണ് തടയാൻ സാധിച്ചില്ല; പ്രേമം അസ്ഥിക്കു പിടിച്ച പെണ്ണായിരുന്നു അവൾ!
അവരുടെ ജീവിതനൗകയെ പലവുരു മുക്കിത്താഴ്ത്താൻ ശ്രമിച്ചെങ്കിലും ഞാൻ തോറ്റുപോയി. എന്നിട്ടും ഞാൻ പിന്മാറിയില്ല; പക എന്നെ പിശാചാക്കി മാറ്റിയിരുന്നു.
പിന്നീട് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്; ഒരു സത്യവിശ്വാസിയായ, ദൈവത്തിന്റെ ആലയത്തിൽ വസിച്ചിരുന്ന എന്റെയുള്ളിൽ എങ്ങനെയാണ് സാത്താൻ സ്ഥിരതാമസമാക്കിയതെന്ന്!
നഷ്ടപ്പെടുന്ന പ്രണയം മനുഷ്യനെ പകയുള്ളവനാക്കി തീർക്കും. പതിയെ അതവന്റെയുള്ളിലെ കാമത്തെ ചുരമാന്തിയുണർത്തും. തനിക്കു ലഭിക്കാത്തത് അന്യന് ലഭിക്കാൻ പാടില്ലെന്ന വാക്യത്തിൽ മുറുകെപ്പിടിച്ച് ചിലപ്പോഴവൻ ഉന്മാദിയാകും. അല്ലെങ്കിൽ കടുത്ത പ്രതികാരദാഹിയാകും.
ദൈവം തോൽക്കുന്നിടത്ത് സാത്താൻ ജയിക്കും.
എന്നാലാവും വിധം ഞാനവരെ ദ്രോഹിച്ചു. അപവാദങ്ങളുടെ കല്ലുമഴ പെയ്യിച്ചു. ജനം അവരെ പുച്ഛത്തോടെ വീക്ഷിക്കാൻ തുടങ്ങിയതും സഹികെട്ട് അവർ ഇവിടം വിട്ടുപോയി.
പത്തിവിടർത്തിയ പക പിറകെ പാഞ്ഞെങ്കിലും പിടിതരാതെ അവർ കഴിഞ്ഞു. ഒടുക്കം ഞാനറിഞ്ഞു; നാടകക്കമ്പനിയുമായി അവർ നാടുചുറ്റുന്ന വിവരം.
ഞങ്ങളിലെ വിശ്വാസിയെ മുറിവേൽപ്പിക്കുന്നതായിരുന്നു അവരുടെ നാടകം. വിശ്വാസികളായ ജെന്നിയും ജോസഫും ചേർന്ന് അവിശ്വാസികളുടെ ദൈവത്തെക്കുറിച്ചുള്ള, കടാവാങ്കോട്ട് മാക്കമെന്ന പെൺദൈവത്തെക്കുറിച്ചുള്ള നാടകം കളിക്കുന്നു! അരങ്ങിൽ ദൈവക്കോലം കെട്ടിയാടുന്നു! ഞങ്ങൾക്കത് ഉൾക്കൊള്ളാനായില്ല.
എങ്ങനെ തടയാം? ഞാൻ വർക്കിയുമായി ആലോചിച്ചു.
അവനാണ് ആവശ്യപ്പെട്ടത് അവരെ ഈ നാട്ടിലേക്ക് വിളിക്കാൻ... എന്നിട്ടവരെ... എനിക്ക് സന്തോഷമായി. പക്ഷേ എങ്ങനെ? പള്ളിയുടെ കീഴിൽ മാക്കമെന്ന നാടകം... ഛേ... അതോർക്കാനേ കഴിയില്ല.
അപ്പോഴാണ് പലയിടത്തും രൂപവത്കരിക്കപ്പെട്ട ഫൈൻ ആർട്സ് സൊസൈറ്റിയെന്ന സംഘടന ശ്രദ്ധയിലേക്കു വന്നത്. ഇടവകയിലെ പുരോഗമനപക്ഷക്കാരായ ചെറുപ്പക്കാരെ വിളിച്ച് ഞാൻ ആശയം പങ്കിട്ടു.
അംഗങ്ങളെ ചേർത്തു. ഓരോ മാസം ഒരു നാടകം. ആദ്യനാടകം ‘പാട്ടബാക്കി’ -ടിക്കറ്റ് വെച്ച് കളിക്കാൻ തീരുമാനിച്ചു. സൗജന്യമായി നാടകം കണ്ടിരുന്ന ജനം പിന്തിരിഞ്ഞു നിന്നു. വൻ നഷ്ടം വന്നു.
രണ്ടാമത്തെ നാടകം -‘ജ്ജ് നല്ല മനിസ്സനാകാൻ നോക്ക്’ -വൻ പ്രചാരണം സംഘടിപ്പിച്ചു. കുറച്ചധികം ടിക്കറ്റുകൾ വിറ്റുപോയി. ബാക്കിയുള്ളത് നാടക ദിവസം ചെലവാകുമെന്നു കരുതിയെങ്കിലും ഗുണമുണ്ടായില്ല. എന്റേതടക്കം പലരുടെയും ആഭരണങ്ങൾ പണയത്തിലായി.
സംഗതി ഞാൻ വിചാരിച്ച ലൈനിൽക്കൂടിത്തന്നെയാണ് സഞ്ചരിക്കുന്നതെന്ന് കണ്ടപ്പോൾ സന്തോഷമായി. മീറ്റിങ്ങിൽ ഞാനെന്റെ ചൂണ്ടയെറിഞ്ഞു.
കാണികൾ കൂടണമെങ്കിൽ വിശ്വാസത്തെ ബലപ്പെടുത്തുന്ന, കണ്ണീർ വീഴ്ത്തുന്ന നാടകം കളിക്കണം.
ചിലരൊക്കെ എതിർത്തെങ്കിലും ജനസമ്മതി കൂടിയ നാടകമെന്ന നിലയിൽ ‘കടവാങ്കോട്ട് മാക്കം’ തീരുമാനമായി.
ജോസഫും കൂട്ടരും വന്നു. എന്റെയുള്ളിലെ മൂർഖനെ ഒളിപ്പിച്ചു വെച്ച് ഞാനവർക്ക് മുന്നിൽ നല്ല സമരിയാക്കാരനായി നിന്നു!
അല്ലെങ്കിലും യഥാർഥ കലാകാരനെപ്പോഴും ജീവിതത്തിൽ പരാജയപ്പെട്ടവനായിരിക്കും. നന്മമരങ്ങളെ തിരിച്ചറിയാനുള്ള പാങ്ങ് കർത്താവ് അവർക്ക് നൽകിയിട്ടില്ല!
എല്ലാ സൗകര്യങ്ങളും ഞാനൊരുക്കി. എന്റെ വീട്ടിൽനിന്നും ഭക്ഷണമെത്തിച്ചു. ജെന്നിഫറും ജോസഫും മനസ്സു തുറന്ന് ചിരിച്ചു.
മണിക്കൂറുകൾക്ക് മുന്നേ സ്കൂൾഗ്രൗണ്ട് നിറഞ്ഞു. നാടകം കത്തിക്കയറി. ജനം സങ്കടങ്ങൾ കണ്ടു കരഞ്ഞു.
അവസാന രംഗത്തിനു മുന്നേയുള്ള ഇടവേളയിൽ ജെന്നി കുടിവെള്ളമാവശ്യപ്പെട്ടു. പ്രലോഭനത്തിന്റെ കനി അരച്ചുകലക്കിയത് ഞാനവൾക്ക് സമ്മാനിച്ചു. അതിൽനിന്നും പത്തിയുയർത്തിയ മൂർഖനെ അവൾക്കു തിരിച്ചറിയാനായില്ല!
എത്ര മനോഹരമായാണ് അന്നവൾ ചിരിച്ചത്. വെള്ളത്തിനു പകരം ആപ്പിൾ ജ്യൂസ് നൽകിയ കരുതലിനെ അവൾ പുകഴ്ത്തി.
പിന്നീടെല്ലാം ഞാനെഴുതിയ തിരക്കഥക്കൊപ്പം സഞ്ചരിച്ചു.
മാക്കം -അല്ല ജെനിഫർ വീണു. ഞാൻ ചട്ടംകെട്ടി നിർത്തിയിരുന്ന ആളുകൾ ബഹളമുണ്ടാക്കി.
ജോസഫ് ജെന്നിയെ അപായപ്പെടുത്തിയെന്ന് ജനം അടക്കം പറഞ്ഞു. ഞാൻ പറയിപ്പിച്ചു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ജെന്നിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ജോസഫിനെ വലിച്ചിഴച്ച് സ്റ്റേജിനു പിന്നിൽ കെട്ടിയിട്ടു.
അപ്പോഴാണ് നീ വേദിയിലേക്ക് നൂണുവന്നത്. തടയാൻ കഴിയും മുന്നേ അവൾ ചിലതെല്ലാം നിന്നോട് പറഞ്ഞിരുന്നു.
എന്നിൽ വൻവൃക്ഷമായി വളർന്നുനിന്നിരുന്ന പക നിന്നെ വേദിയുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു.
മരണ വെപ്രാളം കാട്ടിയ ജെന്നിയെ നോക്കി ഞാൻ മനോഹരമായി ചിരിച്ചു. അത്ര നല്ല ചിരി ഞാൻ ജീവിതത്തിലൊരിക്കലും ചിരിച്ചിരുന്നില്ല. പക്ഷേ അവസാന നിമിഷത്തിൽ ജെന്നി എന്നെ നോക്കിയ നോട്ടമുണ്ടല്ലോ അതെന്റെ ചിരിയെ ജീവിതത്തിൽനിന്നും പാടെ റദ്ദ് ചെയ്തുകളഞ്ഞു.
ഞാൻ തളർന്നില്ല. എന്റെ ആളുകൾ അപ്പോഴേക്കും പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. അപ്പോഴാണ് ഞാൻ നിന്നെ പിന്നെയും കണ്ടത്. നീ ജോസഫിന്റെ കെട്ടഴിക്കാൻ നോക്കുകയാണ്. പിന്നെയൊന്നും ചിന്തിച്ചില്ല; ഒറ്റ ചവിട്ടിനു നിന്നെ പുറത്തേക്ക് തെറിപ്പിച്ചു.
എന്റെ പിടിപാടിന്റെ വല പൊട്ടിക്കാൻ ആർക്കുമായില്ല. ജെന്നിയെ ആശുപത്രിയിലേക്കും ജോസഫിനെ സ്റ്റേഷനിലേക്കും കൊണ്ടുപോയി. ഞാൻ വേഗത്തിൽ പുറത്തിറങ്ങി നിന്നെ അന്വേഷിച്ചു. കണ്ടില്ല. പിന്നീട് തിരയാൻ നിന്നില്ല. നരുന്ത് ചെക്കൻ എവിടെയെങ്കിലും പോയി തുലയട്ടെ എന്നു കരുതി.
പിറ്റേന്ന് തുന്നിക്കെട്ടിയ ജെന്നിയുടെ ഉടൽ ഞങ്ങൾ തെമ്മാടിക്കുഴിയിൽ പ്രതിഷ്ഠിച്ചു.
ഭാര്യയെ കൊന്ന കുറ്റത്തിന് ജോസഫിനെ പതിനാലു വർഷം തടവിന് ശിക്ഷിച്ചു.
ഈശോ, ഇപ്പോൾ നീയിവിടെ വന്നതിന്റെ കാരണം ഞാനറിയുന്നു. നിശ്ചയമായും നിന്റെ തീരുമാനം നിന്റെ ശരിയാണ്. എന്നാൽ എന്റെ ശരി ഇതാണ്. നിന്റെ അമ്മയുടെ മരണകാരണം ഞാനാണെന്നു ലോകത്തെയറിയിക്കാനും നിന്റെ അപ്പൻ നിരപരാധിയാണെന്ന് തെളിയിക്കാനുമായി നീ നാടകമെഴുതും മുന്നേ ഞാനിത് വിളിച്ചുപറയുകയാണ്. കൈക്കാരൻ ഏനാശുവിന് അങ്ങനെ തോൽക്കാനാകില്ല. ഇവിടെയും തോൽക്കുന്നത് നീയാണ്. ഈ കത്തിന്റെ കോപ്പി പത്രക്കാരൻ പയ്യനെ ഞാനിപ്പോൾതന്നെ ഏൽപ്പിക്കും. നാളെയെല്ലാ പത്രങ്ങളിലും അതച്ചടിച്ചു വരും. അതോടെ നിന്റെ നാടകത്തിന്റെ കഥ കഴിയും. നീ നിശ്ചയിക്കുന്നതുപോലെയിതു പര്യവസാനിക്കില്ല. ഇതിന്റെ തിരനാടകം എന്റെ കൈക്കുള്ളിൽ ഭദ്രമാണ്. പറ്റുമെങ്കിൽ നീയഭിനയിക്ക്. അപ്പനെ കൊണ്ട് സംവിധാനം ചെയ്യിക്ക്. പക്ഷേ കൈക്കാരൻ ഏനാശുവിന്റെ കഥാപാത്രം ഇനി വേണ്ട. അത് ഞാൻ റദ്ദാക്കുകയാണ്.
ഈശോ, കർത്താവിന്റെ ഉപമകളിൽ, പറ്റങ്ങളിൽനിന്നും വഴിതെറ്റിയ ഒരാടിനെക്കുറിച്ച് കേട്ടിട്ടില്ലെ? ആ ഒന്നാണ് ഞാൻ! വഴിതെറ്റിയ ഒന്നിനെ അന്വേഷിച്ച് കർത്താവ് വന്നിരിക്കുന്നു. എന്നെയവൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിയെനിക്ക് സമാധാനമായി പോകാം.’’
‘‘ഈശോ ഇതാ നോക്ക്; നിന്റെ അമ്മയ്ക്ക് ഞാൻ ഒഴിച്ചു കൊടുത്ത പ്രലോഭനത്തിന്റെ കനി പിഴിഞ്ഞ ചാറ്! ഇതെന്റെ ശരീരമാണ്. എന്റെ മനസ്സാണ്. ഇതിലെന്റെ സ്വഭാവവും അലിഞ്ഞുചേർന്നിട്ടുണ്ട്. നിങ്ങളെ ജയിക്കാനായി ഞാനിത് സന്തോഷപൂർവം പാനംചെയ്യുന്നു. ഈ കത്ത് കയ്യിൽ കിട്ടുന്നതിനും മുന്നേ ഞാൻ യാത്രയായിട്ടുണ്ടാകും. ഇനി നിനക്ക് എന്നെ തോൽപ്പിക്കാനാകില്ല. പരാജയപ്പെട്ട നാടകക്കാരനായി ചരിത്രം നിന്നെ അടയാളപ്പെടുത്തും.
ഒന്നുകൂടി; പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഞാനീ വിജയം ആഘോഷിക്കുന്നത്.
എന്ന് കൈക്കാരൻ ഏനാശു.’’
വീശിയടിച്ച പടിഞ്ഞാറൻ കാറ്റേറ്റ് ആ കത്ത് വിറകൊണ്ടു!
വിതക്കാരന്റെ ഉപമയെന്നെഴുതിയ നാടകശീർഷകത്തിനു മേൽ ചുവപ്പുമഷിപ്പേനകൊണ്ട് കടുംവെട്ട് വെട്ടി ഈശോ ആ കത്ത് അകലേക്ക് വലിച്ചെറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.