ആര്‍ട്ട് കാര്‍ണിവലിനുള്ള വര തീര്‍ത്തുനിന്ന നമ്പീശനു പിറകില്‍ മീന്‍കുളത്തിലേക്കു ചാഞ്ഞുനിന്ന കൊടപ്പുളിത്തലപ്പൊന്നിളകി. രാത്രി വിശേഷപ്പെട്ട മൗനം പാലിക്കുന്നതിനിടയിലായിരുന്നു ആ അനക്കം. രാവെന്നോ പകലെന്നോ ഇല്ലാതെ കുളക്കോഴിക്കുഞ്ഞുങ്ങള്‍ ചണ്ടിപ്പുറത്തോടുന്ന ശബ്ദം നമ്പീശന്‍ ആ ഭാഗത്തുനിന്ന് കേട്ടിട്ടുണ്ട്. ആദ്യത്തെ ആലോചനയില്‍ അങ്ങനെയെന്തെങ്കിലുമാകുമെന്ന സംശയമായിരുന്നു കയറിവന്നത്.
എന്നാല്‍, ആ ശബ്ദം അതൊന്നുമല്ലെന്നു മനസ്സിലായപ്പോള്‍ അയാള്‍ ഒന്നമ്പരന്നു. വരച്ചുനിന്ന ബ്രഷ് മേശപ്പുറത്തുവെച്ച് ഉമ്മറത്തേക്കിറങ്ങിനിന്നു. അവിടെ നിന്നുനോക്കിയാല്‍ ഇറക്കുംപാടം പടവിനപ്പുറത്ത് വെള്ളിയും ചുവപ്പും കലര്‍ന്ന കുന്നുംമുകളിലെ ആകാശവും കുന്നും, കുന്നിറക്കില്‍ എല്ലാകാലവും പൂത്തുകിടക്കുന്ന മുല്ലപ്പടര്‍പ്പുകളും കാണാം. ‘ഭൂമിക്കുമുകളില്‍ ഇങ്ങനെയൊന്നും വരച്ചിടരുതായിരുന്നു.’ ആ കാഴ്ചയിലേക്ക് നോക്കിയാല്‍ നമ്പീശന്‍ പറയും. ഇനി ഞാനെന്തു വരയ്ക്കാനാണെന്ന് ഓർമപ്പെടുത്തും.
നാളികേരത്തിനും നെല്ലിനും വിലയില്ലാതായപ്പോള്‍ നിന്നുപിഴയ്ക്കാന്‍ വേറെന്തെങ്കിലും ചെയ്യണമല്ലോന്നോര്‍ത്ത് നമ്പീശന്റെ അച്ഛന്‍ തുടങ്ങിയതായിരുന്നു മീന്‍കൃഷി. മുന്‍കാലങ്ങളില്‍ നല്ല വിളയും വിലയും ലഭിച്ച കരുത്തിലിക്കുറിയും അതാവര്‍ത്തിച്ചു. വീശുകാരെയും ചൂണ്ടക്കാരെയും പേടിച്ച് കുളത്തിനരികിലൊരു ബള്‍ബ് കത്തിച്ചുനിര്‍ത്തുക പതിവുണ്ട്. വെളിച്ചത്തിന്റെ പിഞ്ചുപൈതലായി അത് കത്തിനില്‍ക്കുന്നുണ്ടായിരുന്നു.
രാത്രിലഹരി നോക്കി നില്‍ക്കുന്നതിനിടെ കുടിച്ചുവെച്ച ബ്രാണ്ടി ഗ്ലാസ് മുഴുവനായും തൊണ്ടയില്‍ കമത്തി തിളച്ചുതേട്ടിയ തീ ഊതിക്കളഞ്ഞായിരുന്നു ബീഡിപ്പൊതിയും ലൈറ്ററുമെടുത്ത് നമ്പീശന്‍ മുറ്റത്തേക്കിറങ്ങിയത്. അടുക്കള ഭാഗത്തുനിന്ന് പാത്രങ്ങള്‍ കലമ്പുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. അത്താഴത്തിനുശേഷം അടുക്കളയിലങ്ങനെ ശബ്ദങ്ങളൊന്നും പതിവില്ലാത്തതായിരുന്നു. എന്നിട്ടും പുറത്തുനിന്നുകേട്ട ശബ്ദത്തിലായിരുന്നു നമ്പീശന്റെ മുഴുവന്‍ ശ്രദ്ധയും. കുറച്ചുനാളായി നമ്പീശന് ഊണും ഉറക്കവും ഇല്ലാതായിട്ട്. എന്താ കാരണമെന്ന് അയാള്‍ക്കൊരു നിശ്ചയവും ഇല്ലായിരുന്നു. അതിന്റെ വല്ലതും ആയിരിക്കുമെന്ന് കരുതി അൽപം മുമ്പ് കേട്ട ശബ്ദം അത്ര കാര്യമാക്കിയില്ല.
മൗനത്തിന്റെയൊരു കവചം നമ്പീശന്‍ എപ്പോഴും കൊണ്ടുനടന്നിരുന്നു. പ്രേമനൈരാശ്യം ബാധിച്ച രോഗിയെപ്പോലെ സദാ കാവി ചുറ്റി, തടിച്ചൊരു രുദ്രാക്ഷമാലയും കഴുത്തിലിട്ട്, എന്തിനെയും തിരസ്‌കരിക്കുന്ന ഹിപ്പി ജീവിതത്തില്‍നിന്ന് രൂപമാറ്റം സംഭവിച്ചത് ഏതാനും ദിവസംകൊണ്ടായിരുന്നു. അരാജകവാദികള്‍ക്ക് ഇങ്ങനെയുള്ള രൂപമാറ്റം സംഭവിക്കുന്നത് ലോകത്ത് സര്‍വസാധാരണമായിരുന്നിട്ടും നാട്ടുകാര്‍ക്ക് നമ്പീശന്റെ കാര്യത്തിലതിശയമായിരുന്നു തോന്നിയത്. ഹിപ്പി ജീവിതത്തില്‍നിന്ന് അസാധ്യമായ ചുവടുമാറ്റം. മനുഷ്യര്‍ക്ക് ഏതുവഴിയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ എന്ന് അന്തംവിട്ടുനിന്ന നാട്ടുകാരെ നോക്കി നമ്പീശന്‍ ചോദിച്ചു. എന്തു മറുപടി പറയണമെന്നറിയാതെ അവര്‍ നിന്നെങ്കിലും അപ്രതീക്ഷിതമായി വന്നുപെട്ട പുതിയ ജീവിതം തന്നിലേക്ക് എപ്പോഴാണ് വന്നതെന്ന് അയാള്‍ക്കും കൃത്യമായി അറിയില്ലായിരുന്നു.
തോന്നുമ്പോള്‍ കിടക്കും, തോന്നുമ്പോള്‍ എഴുന്നേല്‍ക്കും. ആപ്പിള്‍ സി.ഇ.ഒ സ്റ്റീവന്‍ പോള്‍ ജോബ്സിന്റെ എക്‌സ്‌ക്ലൂസീവ് ജീവചരിത്രം എന്ന പുസ്തകമായിരുന്നു നമ്പീശനെ സന്യാസി ജീവിതത്തിലേക്ക് നടത്തിയത്. ഉത്തരാഖണ്ഡിലും മറ്റും യാത്രചെയ്തു വന്നതിനുശേഷം ചിട്ടയോടെയായിരുന്നു അയാളുടെ പിന്നീടുള്ള ജീവിതം. ചന്ദനത്തിരികളും നിവേദ്യവുമില്ലാത്ത ഭക്തി വിശ്വാസവുമില്ലാത്ത സന്ന്യാസി ജീവിതം. കണ്ണും കാതുമടച്ച് എപ്പോഴും ലോകത്തെ പുറത്തിട്ടടക്കും.
തീ നശിപ്പിക്കുന്ന കാടുപോലെ വരയുടെ ഗവേഷണം അയാളെ മറ്റൊരാളാക്കിയിരുന്നു. എന്നിട്ടും നിസ്സംഗതയോടെയായിരുന്നു ചുറ്റുപാടുകളെ നോക്കിക്കണ്ടിരുന്നത്. ലോകം ചുറ്റിവന്ന മകന്റെ ശരീരത്തില്‍ ഒരു ബാധയുണ്ടെന്നുതന്നെ അച്ഛനും അമ്മയും സംശയിക്കാന്‍ തുടങ്ങി. ഒന്നും ശ്രദ്ധിക്കാന്‍ നില്‍ക്കേണ്ട, ജീവനോടെ തിരിച്ചെത്തിയല്ലോ. ശകാരവാക്കുകളുമായി വരമുറിയിലേക്കു പോകാറുള്ള അച്ഛനെ തടഞ്ഞ് മകനുവേണ്ടി അമ്മ യാചിക്കുക പതിവായിരുന്നു.
കവിയും ശിൽപിയുമായ നമ്പീശന് ആയിടക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ ഒത്തുകൂടിയ വരക്കാരൊന്നിച്ച് ഒരു വാട്സ്ആപ് ഗ്രൂപ് ആരംഭിക്കുകയുണ്ടായി. വരകളുടെ യഥാർഥ ജീവന്‍ തിരിച്ചറിയാനോരോരുത്തരും ശ്രമിച്ചുകൊണ്ടിരുന്നു. ആശയങ്ങള്‍ തമ്മിലെപ്പോഴും കുഴപ്പംപിടിച്ച തര്‍ക്കങ്ങളും നടന്നു. പക്ഷിക്കരച്ചിലുകളും മുരളിച്ചകളുംപോലെ അവര്‍ പരസ്പരം പോരടിച്ചു. വിമര്‍ശനങ്ങള്‍ക്ക് തക്ക മറുപടി എഴുതാനുള്ള സമയവും ഉണർവും നമ്പീശനില്ലെങ്കിലും ലോകത്തെ മുഴുവന്‍ തന്റെ കാന്‍വാസിലൊതുക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു.
വരക്കുള്ളില്‍ കഥയുണ്ടാകണം, കവിതയും വേണം. ഓരോ വര പൂര്‍ത്തിയാകുമ്പോഴും ഒരു വരിക്കുവേണ്ടി നമ്പീശന്‍ മാസങ്ങള്‍ ലൈബ്രറിയില്‍ ചെലവഴിക്കും. അവിടെ ഭാഷ പഠിക്കുന്ന കുട്ടിയായിരുന്നു അയാള്‍. വര വേണ്ടെന്നുവെച്ച് എഴുത്ത് തുടങ്ങിയോ എന്ന് പലരും ചോദിച്ചിട്ടുണ്ട്.
‘അല്ല, നമ്പീശന് സ്വന്തമായ ആശയങ്ങളൊന്നുമില്ലേ? ഇങ്ങനെ വല്ലവരും എഴുതിയതിന് പിറകേ പോകാതെ?’ ഒരിക്കല്‍ ലൈബ്രേറിയന്‍ പുച്ഛത്തോടെയാണ് ആ ചോദ്യം ചോദിച്ചത്. വലിയ കണ്ണുകള്‍ കാട്ടി തുറിച്ചുനോക്കിയതല്ലാതെ അയാളുമായി സംസാരിക്കാന്‍ നമ്പീശന്‍ മിനക്കെട്ടില്ല. അരാജക ജീവിതത്തിലെവിടെയോ വെച്ചുണ്ടായ തര്‍ക്കത്തിനുശേഷം നമ്പീശനോട് അശേഷം സ്‌നേഹമില്ലാത്തൊരു മനുഷ്യനായി അയാള്‍. മനഃപൂര്‍വം പുച്ഛം കലര്‍ന്ന വാക്കുകള്‍ സ്വരത്തില്‍ ഉപയോഗിക്കുന്നത് നമ്പീശനെ കൂടുതല്‍ നീരസപ്പെടുത്തി. അതുകൊണ്ടുതന്നെ നമ്പീശന് അയാളൊരു ദുഷ്ടജീവിയായിരുന്നു. വരകൊണ്ടു മാത്രം ആശയം വ്യക്തമാകണമെന്നില്ല. അതിന് ഭാഷ വേണമെന്ന് ലൈബ്രേറിയന് അറിയാതെപോയതില്‍ ദുഃഖം തോന്നിയെങ്കിലും ഒരക്ഷരം മിണ്ടാതെ ഒരു നെടുവീര്‍പ്പ് മാത്രം അയാള്‍ പുറത്തുവിട്ടു.
ആയിടക്കാണ് ഇറക്കുംപാടം ലൈബ്രറിയില്‍ വരക്കാരുടെ ഒരു യോഗം ചേര്‍ന്നത്. തര്‍ക്കങ്ങളെല്ലാം ഒരു ചിത്രപ്രദര്‍ശനം നടത്തിക്കൊണ്ട് തീര്‍പ്പാക്കാമെന്നായി അന്തിമ തീരുമാനം. വിധിപറയുന്നത് പുറത്തുനിന്നുള്ള ജൂറിയായിരിക്കണമെന്നും. ചിത്രരചനക്കുള്ള ആശയം പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നതായിരിക്കണമെന്നും വെറുപ്പും വിഭാഗീയതയും വിതക്കുന്ന ഇക്കാലത്ത് ഒരു പോസിറ്റീവ് ആശയം കൊടുക്കാന്‍ കഴിയണമെന്നുമായിരുന്നു ഉയര്‍ന്ന അഭിപ്രായങ്ങള്‍. അക്കാദമി ഹാള്‍ ബുക്കുചെയ്തു. എല്ലാമൊരു വിധം തീരുമാനമായതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു കവിയുടെ മരണം സംഭവിക്കുന്നത്.
സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച്, ഏതാനും ദിവസത്തേക്ക് അക്കാദമി പരിപാടികള്‍ മുഴുവനും റദ്ദാക്കി. അതൊരുകണക്കിനു നന്നായെന്നാണ് നമ്പീശന് തോന്നിയത്. മത്സരത്തെക്കുറിച്ച് അതുവരെ ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. എന്നിട്ടും മൂന്നാല് ചിത്രങ്ങള്‍ വരച്ചുതീര്‍ത്തു. എന്നാല്‍, അവയൊന്നും അയാളെ പൂർണതൃപ്തനാക്കിയില്ല. എങ്ങനെ ധൈര്യംകിട്ടി ജീവനില്ലാത്ത ഈ ചിത്രങ്ങളുംകൊണ്ട് പ്രദര്‍ശനത്തിനൊക്കെ ചെല്ലാനെന്ന് സ്വയം ചോദിച്ചു. പ്രദര്‍ശന ദിവസമടുക്കുംതോറും നമ്പീശന്‍ വികാരരഹിതനായി കാണപ്പെട്ടു. ഊണും ഉറക്കവും ഉപേക്ഷിച്ച് ഒരു ഭ്രാന്തനെപ്പോലെ നടന്നു. എന്നിട്ടും ഉള്ളതില്‍ നല്ലത് െവച്ച് കഴുത്ത് കുനിഞ്ഞുനില്‍ക്കാമെന്നും തോറ്റുകൊടുക്കാമെന്നും കരുതിയിരിക്കുമ്പോഴാണ് കവിയുടെ മരണം സംഭവിക്കുന്നത്. ആ അവസരം മുതലെടുത്ത് മറ്റൊരെണ്ണം വരക്കാമെന്നു കരുതി രാവും പകലും ഒരേ നിൽപ് തുടരുമ്പോഴാണ് കൊടപ്പുളിത്തലപ്പിലനക്കം കേട്ടത്.
മുറുക്കാനും ചോദിച്ച് കാമാക്ഷിയെന്നു പേരുള്ള യക്ഷി അടുത്തുള്ള കുന്നിറങ്ങിവരാറുള്ള കഥയുണ്ടായിരുന്നെങ്കിലും പിന്നീടത് ഇറക്കുംപാടത്തെ ജാനുവിനെ കാണാന്‍ വരുന്നവരുടെ കെട്ടിച്ചമപ്പാണെന്ന് തിരുത്തപ്പെട്ടിരുന്നു. വേലികളും മതിലുകളും ചാടിക്കടന്ന് ചില പോക്കുവരവുകള്‍ നാട്ടുകാര്‍ കൈയോടെ പിടിച്ചിരുന്നു. അതോടെ കാമാക്ഷി കുന്നിറങ്ങാതായി. ഇറക്കുംപാടത്തെ യക്ഷി കെട്ടിച്ചമച്ച കഥയാണെങ്കിലും അങ്ങനെയൊരുത്തി തന്നെത്തേടി വരണമെന്ന് അയാള്‍ എപ്പോഴും ആഗ്രഹിച്ചു. കുന്നിന്‍മുകളിലെവിടെയോ ചിരികേട്ട് മിക്കവാറും രാത്രി നമ്പീശന്‍ ഞെട്ടിയുണരും. രാത്രികളില്‍ കേള്‍ക്കുന്ന ആ ശബ്ദം സ്വപ്നമെന്ന് വിശ്വസിക്കാന്‍ അയാള്‍ തയാറല്ലായിരുന്നു. മഞ്ഞിന്റെ പുകമറയില്‍ അവളുണ്ട്. അവളെ കണ്ടിട്ടാകണം കുന്നിറക്കില്‍ നായ്ക്കള്‍ ഓരിയിടുന്നത്. അയാള്‍ ഊഹിച്ചു. ഇങ്ങനെയുള്ള പഠനങ്ങള്‍ കൊണ്ടുനടക്കുന്ന ഒരു ഡസന്‍ ഗവേഷകര്‍ അക്കാദമിയെ ചുറ്റിപ്പറ്റിയുള്ളത് നമ്പീശനറിയാം. മത്സര ബുദ്ധിയോടെയാണ് അവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. പഠനം എന്നു പേരിട്ട് എത്ര പുസ്തകങ്ങളാണ് അവര്‍ റഫര്‍ ചെയ്യുന്നത്. ഒരന്വേഷണവുമായി താനും അതിനടിമയാണ് എന്നോര്‍ത്ത് നമ്പീശന്‍ ചിരിച്ചു.
വീട്ടില്‍നിന്നിറങ്ങിയാല്‍ മുറ്റവും പാടവും കടന്നുവേണം നമ്പീശന് ഇറക്കുപാടം കവലയിലെത്താന്‍. പോകുമ്പോഴും വരുമ്പോഴുമെല്ലാം വെറുതേ കുറെനേരം അയാള്‍ കുന്നിലേക്ക് നോക്കിനില്‍ക്കുക പതിവുണ്ട്. എന്തെങ്കിലുമൊരനക്കം ശ്രദ്ധയില്‍പ്പെട്ടാല്‍മതി ആരെങ്കിലും അവിടെയുണ്ടാകുമോ എന്ന ശങ്കയില്‍ കുറച്ചുനേരം കുന്നിലേക്കു നോക്കിനില്‍ക്കും. ഒരിക്കല്‍ മണ്‍തിട്ടകള്‍ പിടിച്ചുകയറി കുന്നിന്‍ മുകളിലെത്താനൊരു ശ്രമംവരെ നടത്തിയിരുന്നു. നമ്പീശന്റെ കുന്നിലേക്കുള്ള പോക്കുവരവ് ശ്രദ്ധിച്ച പാടത്തുപണിക്കാരായ പെണ്ണുങ്ങള്‍ ജാനുതന്നെയാണ് കാമാക്ഷിയെന്ന് ഉപദേശിച്ചിരുന്നു.
മുതലുള്ള വീട്ടിലെ ആണുങ്ങളെ വശീകരിച്ച് കാശും സ്വത്തും ഊറ്റിത്തീര്‍ന്നാല്‍ വലിച്ചെറിയുന്നതാണ് അവളുടെ രീതി. അപ്പൊഴേക്കും പുതിയൊരാളെത്തിയിരിക്കും. സ്ത്രീകളതു പറയുമ്പോള്‍ നമ്പീശന്റെ മുഖം തുടുത്തിരുന്നു. അസൂയക്കാരോട് തോന്നുന്ന സാധാരണ ഭാവങ്ങളല്ലായിരുന്നു അയാളുടെ മുഖത്തപ്പോള്‍ ഉണ്ടായിരുന്നത്. നമ്പീശനും അറിയുന്ന കാര്യങ്ങളാണ് അവര്‍ പറഞ്ഞതെങ്കിലും ഭാവനയുടെ അതിരുകളില്‍ കമ്പിവേലിയിട്ടപോലെയായി അയാളുടെ മനസ്സ്, എന്നിട്ടും ഉള്ളില്‍ അദൃശ്യമായൊരിടത്ത് പുരുഷന്മാരോട് പകയുള്ള ഒരുവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവള്‍ക്ക് ഇറക്കുംപാടത്തെ ജാനുവിന്റെ ഛായയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വന്ന ദിവസം കുന്നുംമുകളില്‍ വലിയ കാറ്റും നായ്ക്കളുടെ ഒച്ചയും നമ്പീശന്‍ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് നമ്പീശന്റെ മുഖത്തെ മാംസപേശികള്‍ അയഞ്ഞു. പിന്നെ, നീയെന്റെ ഭാവനയാണ് അതു തളക്കാന്‍ ഞാനാരെയും സമ്മതിക്കില്ല എന്ന് വിളിച്ചുപറഞ്ഞു, ചിരിച്ചു. ഉറക്കെയുള്ള ചിരികേട്ട് അമ്മ പുറത്തേക്കുവന്നു. ചാരിയിട്ടിരിക്കുന്ന വരമുറിയുടെ അരികിലോളം വന്ന് എന്താ അവിടെ എന്ന് ചോദിച്ചു. അമ്മയെ ശ്രദ്ധിച്ചില്ലെങ്കിലും, അവള്‍, എന്റെ ഭാവനയിലെ കാമാക്ഷി, മരിക്കുന്നില്ല എന്ന് നമ്പീശന്‍ ആത്മഗതം പറഞ്ഞു.
കണ്ണടച്ചാല്‍ കാണുന്ന തീനിറമുള്ള രണ്ടു കണ്ണുകള്‍. അത് ജാനുവിന്റേതുപോലെ പൂച്ചക്കണ്ണായിരുന്നു. അധികനേരം ഒരു ബിന്ദുവില്‍ ഉറച്ചുനോക്കിയാലും ആ കണ്ണുകള്‍ കാണാം. ലോലവും മൃദുലവുമായൊരു ശരീരം തന്റെ ദേഹത്തിഴയുന്നപോലെ തോന്നി നമ്പീശന്‍ രാത്രികളില്‍ പിടഞ്ഞെഴുന്നേല്‍ക്കുക പതിവുണ്ട്. വ്യക്തമായി കണ്ടില്ലെങ്കിലും ചന്ദനത്തിന്റെ നിറമുള്ള ഒരു സ്ത്രീയാണ് അതെന്ന് അയാള്‍ക്ക് തോന്നിയിരുന്നു. എഴുന്നേറ്റാല്‍ കാമാക്ഷിയെന്നും ജാനുവെന്നും ഒരുതരം ഉന്മാദത്താല്‍ പുലമ്പും.
ഓട്ടുപാറ ദേശത്തുനിന്ന് വിഗ്രഹങ്ങള്‍ പണിയാന്‍ ഇറക്കുംപാടത്തേക്കു വന്ന ഒരു കുടുംബം. ജാനുവിന്റെ കുഞ്ഞുകാലം നമ്പീശന്റെ മുന്നില്‍ തെളിഞ്ഞുവന്നു. അച്ഛനും അമ്മയും അമ്മാവനും ജാനുവെന്ന കൊച്ചുകുട്ടിയും. അങ്ങനെ നാലുപേരടങ്ങുന്നതായിരുന്നു ആ കുടുംബം. പൂച്ചക്കണ്ണുള്ള പെണ്‍കുട്ടി എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിശ്വകർമാവിന്റെ പാരമ്പര്യമായിരുന്നു അവര്‍ക്ക്. പഴയ ഓട്ടുപാത്രങ്ങള്‍ വാങ്ങി ഉരുക്കിയാണ് അവര്‍ വിഗ്രഹങ്ങള്‍ പണിതിരുന്നത്. ഓരോ വിഗ്രഹത്തിനും ഒരു ഭാവമുണ്ട്. അത് ആദ്യം വരക്കണം. ജാനുവിന്റെ അമ്മയായിരുന്നു അതിന് വിദഗ്ധ. ഒരിക്കല്‍ ജാനുവും വരച്ചു ചിത്രം. ഒരു ദേവീരൂപം എങ്ങനെ വേണമെന്ന് ക്ഷേത്ര പുനരുദ്ധാരണക്കമ്മിറ്റിക്കാര്‍ അമ്മയോട് പറയുന്നത് കേട്ട് അവള്‍ വരച്ചതായിരുന്നു ആ ചിത്രം. എല്ലാവരുടെ മുഖത്തുമുണ്ടായി ആശ്ചര്യം. കഥകളി, കൂടിയാട്ടം തുടങ്ങിയ രൂപങ്ങളും അവള്‍ വരച്ചു. ഓരോ വരയും അമ്മയേക്കാള്‍ കേമമായിരുന്നു.
ആലയിലുണ്ടായ തീപിടിത്തത്തില്‍ അച്ഛനും അമ്മയും മരിച്ചു. പിന്നീട് അമ്മാവനായിരുന്നു ജാനുവിനെ വളര്‍ത്തിയത്. പതിനെട്ട് തികയും മുമ്പേ നല്ല പൊക്കവും ബലവുമുള്ള ഒരൊത്ത സ്ത്രീയായി ജാനു. നീണ്ടുവളര്‍ന്ന മുടി, സ്വര്‍ണ നിറം, പൂച്ചക്കണ്ണ്, ഒതുക്കമുള്ള അരക്കെട്ട്, നിറഞ്ഞ മാറിടം ഒറ്റ നോട്ടത്തില്‍ ആര്‍ക്കും പ്രേമം തോന്നും. ഒരു വര്‍ഷക്കാലത്ത് കുളത്തില്‍ വീണ് അമ്മാവനും മരിച്ചു. അമ്മാവനും മരുമകളും നീന്തിക്കുളിക്കുമ്പോഴായിരുന്നു സംഭവം. അമിതമായി ലഹരിക്കടിമയായിരുന്നു അയാള്‍. ലഹരിക്കുവേണ്ടി മരുമകളെ കൂട്ടിക്കൊടുത്ത മനസ്താപംകൊണ്ട് ആത്മഹത്യ ചെയ്തു എന്നും, ജാനു മുക്കിക്കൊന്നതെന്നും സംസാരങ്ങളില്‍ ഉണ്ടായിരുന്നു. മരിച്ചിട്ടും നിശ്ചലമാകാത്ത അമ്മാവന്റെ കണ്ണുകളില്‍ അവള്‍ ഒരുതവണ നോക്കി പിന്നെ പുച്ഛത്തോടെ ചിരിക്കുകയായിരുന്നു.
ഓട്ടുപാത്രങ്ങള്‍ ഉരുക്കി ഓട്ടുകിണ്ണമുണ്ടാക്കി ജീവിച്ചുപോന്ന ജാനുവിന്റെ സൗന്ദര്യം ആ നാട്ടിലെ യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു. പലരുടെയും സംസാരത്തില്‍ ജാനുതന്നെയായിരുന്നു വിഷയം. നല്ല പ്രകാശമുള്ള കണ്ണുകളായിരുന്നു അവളുടേത്. ഒരു നോട്ടം മതി യുവാക്കള്‍ ചിരിച്ചുകൊണ്ട് കൂടെപ്പോകും. ഒരു രാത്രിക്ക് പറമ്പും നിലങ്ങളും എഴുതിക്കൊടുത്തവരും ഉണ്ടായിരുന്നു.
പെറാതിരുന്നാല്‍ മാറും വയറും ഇടിയാതെ നോക്കാം എന്ന് കൂട്ടിന് വരുന്ന വകയിലുള്ള മുത്തശ്ശി പറഞ്ഞ് ഉപദേശിച്ചത് അവള്‍ അപ്പാടെ അനുസരിച്ചു. സ്ത്രീകളുടെ നാശത്തെക്കുറിച്ച് പലപ്പോഴായി പറഞ്ഞുകൊടുത്ത കഥകളില്‍ ചണ്ടിയായി വലിച്ചെറിയപ്പെട്ട പെണ്ണുങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു അവരത് പറഞ്ഞത്. ‘നിന്റെ സൗന്ദര്യം എത്രകണ്ട് വർധിച്ചിട്ടുണ്ടെന്ന് നിനക്കറിയില്ല കുട്ടി.’ മുത്തശ്ശി അങ്ങനെ എടുത്തുപറഞ്ഞപ്പോള്‍ ജാനുവിന്റെ പൂച്ചക്കണ്ണുകള്‍ തിളങ്ങി. ഓടുരുകുന്ന തീച്ചൂടില്‍ ചുവന്നു. ‘ഞാന്‍ പറഞ്ഞതൊക്കെ ഓർമവേണം.’ പോകുന്ന പോക്കില്‍ മുത്തശ്ശി പറഞ്ഞു.
പെറാതിരുന്നതുകൊണ്ടാവും മുപ്പതിന്റെ മൂപ്പിലും അവളുടെ വടിവൊത്ത ശരീരം അതുപോലെ നിലനിന്നു. ആറടി ഉയരത്തില്‍ കൊത്തിയുണ്ടാക്കിയ ശിൽപംപോലെ. അവളുടെ ലാളനകളില്‍ പുരുഷന്മാര്‍ ജ്വലിച്ചു, തീ പോലെ.
‘എത്ര നാളുണ്ടാകും ഈ ബന്ധം?’ ജാനുവിന്റെ പുതിയ പറ്റുകാരനെ കാണുമ്പോള്‍ ആളുകള്‍ അങ്ങനെ ചോദിക്കുക പതിവായിരുന്നു.
‘മുതലും പണവും ഊറ്റിത്തീരുവോളം.’ അവര്‍തന്നെ അതിന് മറുപടി പറഞ്ഞു. ചിരിച്ചു. അതിലെവിടെയാണ് ആശയം എന്ന് നമ്പീശന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇറച്ചി നോക്കി കൊതിച്ചുനില്‍ക്കുന്ന നായ്ക്കളുടെ ഒരുവര നടത്തിയിരുന്നു. തലയില്‍ ചുവന്ന കെട്ടുള്ള സ്ത്രീക്കു മുന്നില്‍ കൊതിമൂത്ത നായ്ക്കള്‍. ഒരു പറ്റം ആണുങ്ങള്‍ക്കുനേരെ ചിരിച്ചുകൊണ്ട് കൈനീട്ടുന്ന ഒരു സ്ത്രീ. ധാന്യങ്ങളും മറ്റ് ഭക്ഷണസാധനങ്ങളുമായി നിരവധിപേര്‍ അവള്‍ക്കു മുന്നില്‍. ആ വരകളിലൊന്നും ഒരു യക്ഷിയുടെ ദാഹം അയാള്‍ക്കു കാണാനായില്ല. അവള്‍ വരണം. അതും രാത്രിയില്‍. വരക്കു വേണ്ടിയുള്ള ലഹരിമോന്തി മുറുക്കാനും ചവച്ചിരിക്കുന്ന നേരത്ത്. അവള്‍ കയറിവരുമ്പോള്‍ ആശ്ചര്യം തോന്നണം. ലജ്ജയും അപകര്‍ഷബോധവും ഒരേപോലെ മുഖത്ത് വേണം. അപ്പോള്‍മാത്രം നിന്നുപോയ വര തിരിച്ചുവരും എന്ന് നമ്പീശന്‍ വിശ്വസിച്ചു.
ഒരിക്കല്‍ കുളിക്കടവിലിരുന്ന് തെരുപ്പുബീഡി വലിച്ചിരുന്ന ഗോവിന്ദേട്ടന്‍ മഞ്ഞളുപുരട്ടി മുറുക്കാനും ചവച്ച് പടവിലിരുന്ന ജാനുവിനെ നോക്കി പെറ്റ പെണ്ണിന്റേതുപോലെ അരയും മാറുമിടിഞ്ഞെന്ന് നാലാള്‍ കേള്‍ക്കെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത് നമ്പീശന്‍ ഓര്‍ത്തു. ഗോവിന്ദേട്ടനെ വീട്ടില്‍നിന്നും പിടിച്ചിറക്കി കരണത്തടിച്ച് ജാനു അതിനു പകരം വീട്ടി. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. ആ കാഴ്ച കണ്ട് എല്ലാവരുടെ കണ്ണുകളും തുറിച്ചു. വായയില്‍ നിറഞ്ഞുകിടന്ന മുറുക്കാന്‍ ജാനു അയാളുടെ മുഖത്തേക്ക് തുപ്പി. ഗോവിന്ദേട്ടന്‍ തല ഉയര്‍ത്താതെ നിന്നു. കണ്ടു നിന്നവരുടെ തൊണ്ടയിലൂടെ ഒരു വിറയല്‍ കടന്നുപോയി. അതിനുശേഷം ജാനുവിനോടാരും എടയാന്‍ നിന്നില്ല. തീറെഴുതിക്കൊടുത്ത മുതലൊന്നും ചോദിച്ചു ചെന്നുമില്ല. കലി പൂണ്ട രൂപമായിരുന്നു ജാനുവിന്.
ആ ഒറ്റപ്പെട്ട ജീവിതം അവളെ ഭ്രാന്തിയാക്കിയിരുന്നു. കാമഭ്രാന്തിയെന്ന് ചിലര്‍ വിളിച്ചു. പൂച്ചക്കണ്ണുകൊണ്ടുള്ള നോട്ടം പുരുഷന്മാരെ തന്നിലേക്കടുപ്പിക്കാനുള്ള ആയുധമാക്കിയ ജാനുവിന്റെ കാര്യത്തില്‍ അമിത താൽപര്യം പ്രകടിപ്പിച്ച നാട്ടുകാര്‍ കഥകള്‍ ചമച്ചുകൊണ്ടിരുന്നു. എന്തു കേട്ടാലും പൊട്ടിച്ചിരിക്കുന്നത് ശീലമാക്കിയിരുന്നു അവള്‍. ഒരുതരം പുച്ഛച്ചിരി. ആ നിമിഷം അവള്‍ മറ്റാരോ ആയിക്കൊണ്ടിരുന്നു.
ഗോവിന്ദന്റെ മുറ്റത്ത് കലിപൂണ്ടുനിന്ന ജാനുവിന്റെ രൂപം നമ്പീശന്റെ മനസ്സിലുണ്ടായിരുന്നു. സങ്കടവും ക്ഷോഭവും കുത്തിയിളക്കിയ നോട്ടത്തിനും മുന്നില്‍ അയാള്‍ ശാന്തനായി നില്‍ക്കുന്ന കാഴ്ച. ചെമ്പുനിറം കലര്‍ന്ന അവളുടെ മുഖം ആരെയും ഭയപ്പെടുത്തും. ആരോടും പ്രത്യേകമായ ഒരു അടുപ്പവും വികാരവുമില്ല അവള്‍ക്ക്. ഒരിക്കല്‍ ചണ്ടിയായി വലിച്ചെറിഞ്ഞ ഒരു വലിയ വീട്ടിലെ പയ്യനെ കവലയില്‍ പിടിച്ചുനിര്‍ത്തി അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. കണക്കുപറഞ്ഞ് കാശു ചോദിച്ച ജാനുവിന്റെ മുന്നില്‍ ഒരക്ഷരം മിണ്ടാതെ അവന്‍ കുനിഞ്ഞുനിന്നു. അപമാനംകൊണ്ട് തല ഉയര്‍ത്താതെ വേച്ചുപോകുന്ന പയ്യനെ നമ്പീശന്‍ എപ്പോഴും ഓര്‍ക്കും.
ഇറക്കുംപാടത്തെ ജാനുവിനെപ്പോലൊരുത്തി ആ നാട്ടില്‍ ഇല്ലെന്നും വരുന്ന ഗന്ധർവന്മാര്‍ സ്വപ്നകുമാരിയെ പരിണയിക്കാന്‍ പാടുന്ന പാട്ടുകളുണ്ടായിരുന്നു. അതില്‍ അവള്‍ അഭിമാനിച്ചിരുന്നു. അതിലോരോ വരികളിലുമുണ്ട് ജാനുവിന്റെ ശരീരം, കവിതപോലെ. അതുമതി ഒരു വര നടത്താന്‍. പക്ഷേ, കാമാക്ഷിയാകില്ലല്ലോ എന്നൊരു തോന്നല്‍ അയാള്‍ക്കുണ്ടായിരുന്നു. ജാനുവാണ് കാമാക്ഷിയെന്ന് അംഗീകരിക്കാന്‍ അയാള്‍ക്ക് പ്രയാസം തോന്നി. ഒരു ഗവേഷകന് സാധാരണ മനുഷ്യജീവിതംകൊണ്ട് എന്തു പുതുമ കൊണ്ടുവരാനാ സാധിക്കുക? ഒരു യക്ഷിജീവിതത്തില്‍നിന്ന് തന്റെ കാന്‍വാസിലേക്ക് തുളുമ്പേണ്ടതിനെക്കുറിച്ച് മാത്രം അയാള്‍ ചിന്തിച്ചു.
ശരീരം മുഴുവന്‍ മൂടി കുടയും പിടിച്ചു നടന്നുപോകുന്ന ജാനുവിനെ മുമ്പ് കണ്ട സന്ദര്‍ഭങ്ങളിലൊന്നും സംസാരിക്കാന്‍ നിന്നിട്ടില്ല. ഒരു തരം അകല്‍ച്ച അയാള്‍ എപ്പോഴും പ്രകടിപ്പിച്ചു. അതിനു കാരണമെന്തെന്ന് അന്വേഷിച്ചിട്ടില്ല. കവലകളില്‍ വഴിവക്കില്‍ പലപ്പോഴും അവരുടെ കണ്ണുകള്‍ തമ്മിലിടഞ്ഞിട്ടുണ്ട്. മനുഷ്യരോട് മെരുങ്ങിയിട്ടില്ലാത്ത ഒരുത്തിയോട് എന്തു സംസാരിക്കാനാണ്?
എന്നിട്ടും, ജാനുവിനെ വിളിച്ചുവരുത്തി കാമാക്ഷിയുടെ രൂപം വരക്കാന്‍ നമ്പീശന് മോഹം തോന്നിയിരുന്നു. തീരാത്ത മോഹം. കാമാക്ഷിയെന്ന് പേരുകൊടുത്താല്‍ ജാനുവിലൂടെ കാമാക്ഷിയെന്ന യക്ഷി ജീവിക്കും എന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. കേട്ടറിവുെവച്ച് ആരിലും കാണാത്തൊരു രൂപലാവണ്യമായിരുന്നു കാമാക്ഷിക്ക്. ജീവിതത്തിലേക്കു കടന്നുവന്നിട്ടുള്ള ശൂന്യതയും ഏകാന്തതയും നികത്താന്‍ ആ ഒറ്റവരക്ക് സാധിക്കും എന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അത്, നോക്കി വരച്ചാലേ തൃപ്തിയുണ്ടാകൂ. സ്ത്രീയെക്കുറിച്ച് സമൂഹത്തിനുള്ള ധാരണക്ക് തിരുത്തലുകള്‍ ഉണ്ടാക്കാന്‍ ഒരു ശ്രമം.
കറുത്ത ചണത്തുണിയില്‍ സ്വര്‍ണ മഷിയിലാണ് നമ്പീശന്‍ സ്ത്രീകളെ വരക്കുക. കറുപ്പില്‍ സ്വർണപ്പൂക്കള്‍ തുന്നിയ സാരിയുടുത്ത് നടന്നുവരുന്ന ജാനുവിനെ കണ്ടതിനുശേഷമായിരുന്നു ആ മോഹം പൂവിട്ടത്. എവിടെയോ നഷ്ടപ്പെട്ടതുപോലെയാണ് അവളുടെ ചലനങ്ങള്‍. നമ്പീശന്‍ ശ്രദ്ധിച്ചിരുന്നു. എന്തോ ചിലത് അവളില്‍നിന്ന് തലതല്ലി മരിച്ചുപോയിട്ടുണ്ട്. അതെന്താണെന്നറിയണം. അല്ലാതെ അവളുടെ മനസ്സിലെ മുറിവറിയാന്‍ സാധിക്കില്ല. കണ്ണുകളും മുഖവുംകൊണ്ട് അവള്‍ കാണിക്കുന്ന ചേഷ്ടകള്‍ തീര്‍പ്പില്ലാത്ത ചോദ്യങ്ങളായി നമ്പീശന്റെ ഉള്ളില്‍ കിടന്നു. ഒരു കവിള്‍ മനുഷ്യരക്തം കുടിച്ച് ചിറി തുടച്ച് പൊട്ടിച്ചിരിക്കുന്ന കാമാക്ഷിക്കും മുറിച്ചെടുത്ത മനുഷ്യത്തലയുമായി അട്ടഹസിക്കുന്ന കാളിക്കും ഇല്ലാത്തൊരു പക ജാനുവിനുണ്ട്. ഓര്‍ത്തപ്പോള്‍ നമ്പീശന്റെ തലക്കുള്ളില്‍ പൂത്തിരി കത്താന്‍ തുടങ്ങി.
കെട്ടുപോയ ബീഡിക്കുറ്റി ചെറിയൊരു അരിശത്തോടെ നിലത്തേക്കിട്ട് മുറുക്കാന്‍പൊതി തുറന്ന് പുകയിലത്തുണ്ടും ചുണ്ണാമ്പും വെറ്റിലയും കൈവെള്ളയിലിട്ട് ഞെരടി വായിലേക്ക് കൊട്ടി. ഒരു കവിള്‍ മുറുക്കാന്‍ ചവച്ച ഉമിനീര് തൊണ്ടയില്‍ കെട്ടിനിര്‍ത്തി കുന്നിന്‍മുകളിലേക്ക് ഒരു നോട്ടമെറിഞ്ഞു. നീലച്ചുകിടന്നിരുന്ന ആകാശം ഇളം ചുവപ്പിലേക്ക് നടക്കാന്‍ തുടങ്ങുന്നത് നോക്കി അൽപനേരം ഒന്നും ചിന്തിക്കാതെ നിന്നു.
മിന്നാമിനുങ്ങുകളെ സൂക്ഷിച്ചുവെക്കുംപോലെ അവള്‍ നമ്പീശന്റെ മനസ്സിലാണുള്ളത്. കാലങ്ങളായി അയാളതിന് കാവലിരിക്കുകയാണ്. അനാവശ്യ പകിട്ടുകള്‍ ഒഴിവാക്കി ഒരു വര നടത്താന്‍ ആഗ്രഹിക്കുന്ന സമയത്താണ് മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഓര്‍ത്തപ്പോള്‍ നമ്പീശന്‍ തല കുടഞ്ഞു. വായയില്‍ നിറഞ്ഞ മുറുക്കാന്‍ നീട്ടിത്തുപ്പി ബീഡിയെടുത്ത് കത്തിച്ച് കുളത്തിനു മുകളില്‍ പന്തലിച്ചുനില്‍ക്കുന്ന കൊടപ്പുളിയിലേക്കു നോക്കി. ഇല്ല. ഒരനക്കവും ഇല്ല. ആരും അവിടെയില്ല എന്ന് ആശ്വസിച്ചു നില്‍ക്കുമ്പോഴാണ് മുല്ലപ്പൂവിന്റെ മണമുള്ള തണുത്ത കാറ്റുവീശാന്‍ തുടങ്ങിയത്. ഇരുട്ടും രാത്രിശബ്ദങ്ങളും ഒരേസമയം നാടകീയമായി കടന്നുവന്നു. കാറ്റിന് പല ഗന്ധങ്ങള്‍. ബീഡി കത്തിയിട്ടും കെടുത്താതെ നിന്ന ലൈറ്ററിന്റെ വെളിച്ചത്തില്‍ അൽപനേരം ഒരറ്റത്തേക്കു നിന്ന കൃഷ്ണമണി പെട്ടെന്ന് ഇരുഭാഗത്തേക്കും ചലിച്ചു. കാല്‍വിരലില്‍നിന്ന് എന്തോ ഒന്ന് പാഞ്ഞുകയറി തലക്കുള്ളില്‍ പെരുക്കം തുടങ്ങി. തണുത്ത കാറ്റിനൊപ്പം മധുരമായൊരു ശബ്ദം കൂടി നമ്പീശന്‍ കേട്ടു.
‘‘ഒന്നു മുറുക്കാന്‍ കിട്ടുമോ? ഇത്തിരി വൈകിയാണ് മുറുക്കാന്‍ തീര്‍ന്ന കാര്യം ഓര്‍ക്കുന്നത്. അപ്പോഴേക്കും കടകളെല്ലാം അടച്ചു.’’ കേട്ടത് ജാനുവിന്റേതുപോലെ ശബ്ദമായിരുന്നെങ്കിലും അയാള്‍ വിറച്ചു. അജ്ഞാതമായ ചില ഒച്ചകള്‍ കുന്നുംമുകളിലും കേള്‍ക്കുന്നുണ്ടായിരുന്നു. ഈ നട്ടപ്പാതിര നേരത്ത് ജാനു എങ്ങനെ വരാനാണ്? സംശയമായിരുന്നു അയാള്‍ക്ക്. കത്തിച്ചുപിടിച്ച ലൈറ്ററില്‍നിന്നും പിടിവിടാതെ നിന്ന നമ്പീശന് വല്ലാത്ത തണുപ്പുതോന്നി. വിറക്കാനും തുടങ്ങി. ഇതെന്താ ആശിച്ചുമോഹിച്ച് അവളെത്തിയപ്പോള്‍ ഭയമോ? ബീഡിപ്പുകക്കൊപ്പം ചൂടുള്ളൊരു കാറ്റുള്ളിലെടുത്ത് ഊതിനിന്ന നമ്പീശന്‍ സ്വയം ചോദിച്ചു.
ഒരു പ്രതിമപോലെ നില്‍ക്കുകയാണ് അയാള്‍. അസ്ഥികളോട് പറ്റിച്ചേര്‍ന്ന ഭയം കുറേശ്ശ അയാളെ വിട്ടൊഴിയാന്‍ തുടങ്ങി. കുളത്തിനോടു ചേര്‍ന്ന് താഴോട്ടുള്ള തിണ്ടിറങ്ങി ഒരു കണ്ടംമുറിച്ചു കടന്നാല്‍ അടക്കാത്തൊടിയും ജാനുവിന്റെ പറമ്പുമായി. ജാനു അതുവഴിയെങ്ങാനും ഇറങ്ങി വന്നതാണോ എന്നൊരു സംശയം നമ്പീശനുണ്ടായിരുന്നു. എന്നാല്‍, പാതിരനേരത്ത് ജാനുവങ്ങനെ ഇറങ്ങാറില്ല എന്നാണ് അറിവ്. ജടാഭാരം മുഴുവന്‍ മുകളിലേക്കു കെട്ടിവെച്ച് തപസ്സിരിക്കുന്ന മുനിയെപ്പോലെ തോന്നുന്ന കുന്നിലേക്കും ഇരുട്ടു മൂടിക്കിടക്കുന്ന അടയ്ക്കാത്തൊടിയിലേക്കും നമ്പീശന്‍ നോക്കി. ഭയം മനസ്സില്‍നിന്ന് പറിച്ചുകളയാന്‍ അയാള്‍ ഏറെ പണിപ്പെട്ടു
‘‘ചേട്ടാ ഒന്നു മുറുക്കാന്‍?’’ ആശയക്കുഴപ്പത്തില്‍പെട്ടതുപോലെ നില്‍ക്കുന്ന നമ്പീശനോട് അവള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ ഒരു ദൈന്യത സ്വരത്തില്‍ കലര്‍ന്നിരുന്നു. ചിരിക്കുന്നുമുണ്ട്.
അവള്‍ അകത്തേക്കു വരാന്‍ താൽപര്യം പ്രകടിപ്പിക്കുകയാണ്. ഇതാ ഞാന്‍ വന്നു, നിന്റെ ആഗ്രഹംപോലെ എന്നു പറയുന്നില്ലെന്നേ ഉള്ളൂ. എവിടെപ്പോയി അവളുടെ ഗര്‍വ്വൊക്കെ? നമ്പീശന്‍ ചിന്തിച്ചു. കുന്നുംപുറത്ത് നായ്ക്കള്‍ ഓരിയിടുന്ന പതിവു ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. അവളുടെ വാക്കുകളില്‍ പ്രകടമാകുന്ന സൗമ്യതയും ഗർവും ജാനുവിന്റേതല്ല. ജാനുവിന്റെ പ്രവൃത്തികളെ വിശകലനം ചെയ്യുകയായിരുന്നു നമ്പീശന്‍. ഇടക്കിടെ ഒരു കാറ്റ് വന്ന് തൊടിയാകെ ഉലച്ചുപോയി. കലാകാരന്‍ ഭീരുവാകാന്‍ പാടില്ലല്ലോ എന്നോര്‍ത്ത അയാള്‍ സർവശക്തിയുമെടുത്ത് നീണ്ടൊരു ശ്വാസം ഉള്ളിലെടുത്തു.
‘മുറുക്കാന്‍ അകത്തുണ്ട്, കയറിവരൂ,’ വരമുറിയുടെ കതകു തുറന്ന് നമ്പീശന്‍ അവളെ അകത്തേക്കു ക്ഷണിച്ചു. അതിനിടയില്‍ കുപ്പിയിലുണ്ടായ ബ്രാന്‍ഡി ഒറ്റയിറക്കിന് അകത്താക്കി മൂന്നാലുവട്ടം തല കുടഞ്ഞു. അപ്പോഴേക്കും മുല്ലപ്പൂവിന്റെ മണം വരമുറിയാകെ നിറഞ്ഞിരുന്നു. ബ്രാന്‍ഡിയുടെ തീ ഞരമ്പിലൊഴുകാന്‍ തുടങ്ങിയപ്പോള്‍ നമ്പീശന്‍ പതിവിലും കൂടുതല്‍ വിയര്‍ത്തു. അകത്തുകടന്ന അവള്‍ കൂട്ടിയിട്ടിരുന്ന ചിത്രങ്ങള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചു. ചുമരില്‍ ഞാത്തിയിട്ട ചിത്രങ്ങളില്‍ നോക്കിനിന്നു. കുന്നിനു മുകളില്‍ പറക്കുന്ന പക്ഷികള്‍. താഴ്ചയിലേക്ക് നോക്കി നില്‍ക്കുന്ന ചുവന്ന കണ്ണുള്ള ഒരുകൂട്ടം നായ്ക്കള്‍.
ജയിച്ചിട്ടും തോറ്റവന്റെ മുഖവുമായി കൃഷ്ണന്റെ മുന്നില്‍ നില്‍ക്കുന്ന അർജുനന്‍. തീരാപ്പട്ടിണിയില്‍ ജീവിച്ച ഒരു കുട്ടിയുടെ മുന്നില്‍ ഒഴിഞ്ഞ പിഞ്ഞാണം. പിന്നെ വരകാത്തിരിക്കുന്ന കറുത്ത ഫ്രെയ്മുകള്‍. ഏതാനും നിമിഷം ചിന്തകളില്‍ പുകഞ്ഞുനിന്ന അവള്‍ ജനാലക്കമ്പിയില്‍ പിടിച്ച് കുന്നിലേക്കു നോക്കിനിന്നു. രാത്രി അവളെ ആദരവോടെ അഭിവാദ്യംചെയ്തു. കാഴ്ചക്ക് ജാനുവിനെപ്പോലെയാണെങ്കിലും മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ചലനമാണ് അവള്‍ക്ക്. അവള്‍ മറ്റാരോ ആയിക്കൊണ്ടിരിക്കുന്നു. ശബ്ദത്തിനുമുണ്ട് ഇടര്‍ച്ച. കണ്ണുകളില്‍ പുച്ഛം കൂര്‍ത്ത് തിളങ്ങി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അവളുടെ ചലനങ്ങള്‍ നമ്പീശനെ ആശ്ചര്യപ്പെടുത്തിയെങ്കിലും ഒരു ഭാവഭേദവും കാണിച്ചില്ല. ഒരു കുപ്പി ബ്രാണ്ടിയുടെ ലഹരി അയാളുടെ തലച്ചോറിലെ ജീനുകളെ മുഴുവന്‍ തളര്‍ത്തിയിരുന്നു.
‘‘നീയെന്നെ വരയ്ക്കാന്‍ പോകുന്നെന്നു കേള്‍ക്കുന്നു. ശരിയാണോ?’’ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ ചോദിച്ചു. അതിനിടയില്‍ പൊതിഞ്ഞുെവച്ച മുറുക്കാന്‍പൊതി തുറന്ന് നല്ലൊരു വെറ്റില തിരയാന്‍ തുടങ്ങി. വല്ലാത്തൊരു ഗൗരവം മുഖത്തുണ്ടെങ്കിലും പെരുമാറുന്നത് സൗമ്യതയോടെയായിരുന്നു. നര്‍ത്തകിയുടേതുപോലെയാണ് ഉടുത്തിരുന്നത്. പുതച്ചുമാത്രം നടക്കുന്ന ജാനുവിനെ ഒരിക്കലും ഇത്രയും അടുത്ത് അയാള്‍ കണ്ടിട്ടില്ല. അതെങ്ങനെ, മുമ്പ് കണ്ട സന്ദര്‍ഭങ്ങളിലൊന്നും അവള്‍ സംസാരിക്കാന്‍ നിന്നിട്ടില്ല. മാത്രമല്ല, സംസാരിക്കാന്‍ താൽപര്യം ഇല്ലാത്തപോലെയാണ് പെരുമാറിയിട്ടുള്ളത്. നമ്പീശന്‍ ഓര്‍ത്തു.
കസേര വലിച്ചിട്ട് നമ്പീശന്‍ എതിരേ ഇരുന്നപ്പോള്‍ അവള്‍ ചുവന്ന ചുണ്ട് നല്ലോണം വിടര്‍ത്തി ചിരിച്ചു. പിന്നെ വരമുറിയാകെ നിരീക്ഷിച്ച് അറപ്പോടെ നമ്പീശനെ നോക്കി. ‘ക്ഷമിക്കണം ഇത് നീ കരുതുന്നപോലെ ഒരിടമല്ല, നിങ്ങള്‍ ഊഹിച്ചിരിക്കാനിടയില്ലാത്ത ഒരു ദേവാലയമാണ്’ അവളുടെ പുച്ഛം കലര്‍ന്ന മുഖം നോക്കി അയാള്‍ക്ക് അങ്ങനെ പറയണമെന്നുണ്ടായിരുന്നു. എന്നാല്‍, അയാളുടെ ചുണ്ടുകള്‍ ചലിച്ചതേയില്ല. അൽപനേരം ചിന്തിച്ചതിനുശേഷം ലഹരിവീണ കണ്ണുകളാല്‍ അവളെ സൂക്ഷിച്ചു നോക്കി.
‘‘അതെ. നീ കേട്ടത് ശരിയാണ്. നിന്നെ വരയ്ക്കാന്‍ ഞാന്‍ നോമ്പുനോറ്റിരിക്കുകയായിരുന്നു. ഇന്നെന്റെ വരയുടെ അക്ഷരത്തിന് നിന്റെ പേരായിരിക്കും നല്‍കുക’’ സാഹിത്യം കലര്‍ത്തി ആവുന്നത്ര മൃദുവായിട്ടായിരുന്നു നമ്പീശന്റെ സംസാരം. അതു കേട്ട് അവള്‍ ചിരിച്ചെന്നു വരുത്തി, പിന്നെ ചുണ്ണാമ്പു പുരട്ടി മടക്കിയ വെറ്റിലയും മൂന്നാലു കഷണം അടക്കയും ഒരു കഷണം പുകയിലയും വായിലേക്കിട്ടു. അപ്പോഴെല്ലാം കരഞ്ഞുകലങ്ങിയ പോലത്തെ അവളുടെ ചുവന്ന കണ്ണുകളില്‍ നോക്കിയിരിക്കുകയായിരുന്നു അയാള്‍.
‘‘നിങ്ങളുടെ തളര്‍ന്ന ബ്രഷിന് അതിനുള്ള കരുത്തുണ്ടോ?’’ ജനാലക്കരികില്‍ ചെന്ന് വായില്‍ നിറഞ്ഞ മുറുക്കാന്‍ നീട്ടിത്തുപ്പി അവള്‍ ചോദിച്ചു. ആ ചോദ്യം അയാളുടെ ആശയക്കുഴപ്പം വർധിപ്പിച്ചു. കസേര വലിച്ചിട്ട് ഇരുന്ന അവളുടെ കണ്ണില്‍ അടഞ്ഞുപോയ ഉറവകണ്ട് നമ്പീശന്‍ തെല്ലൊന്നു പിടഞ്ഞു. കാമാക്ഷിയാണെങ്കിലും ജാനുവാണെങ്കിലും അവരുടെ പോയകാലത്തെ ചികയാന്‍ അതുപോരാ. ദുഃഖക്കടലില്‍ നീന്തിയവളുടെ തീവ്രതക്കു പകരം പകയുടെ കനല്‍ കണ്ട് കുപ്പായക്കൈയില്‍ ചുരുട്ടിെവച്ച ബീഡിപ്പൊതിയില്‍ തടിച്ചൊരെണ്ണം അയാള്‍ തിരഞ്ഞു. പക അത് ഈ മണ്ണില്‍ പിറന്നവര്‍ക്കെല്ലാമുണ്ട്, പിന്നെ ഞാനെന്തു വരക്കാനാണ്? ഒരു കണ്ണുനീര്‍ ഉറവക്കുള്ള ചോദ്യങ്ങള്‍ മാത്രമായിരുന്നു നമ്പീശന്‍ ചോദിച്ചത്. അവള്‍ ചിരിച്ചുകൊണ്ട് അയാള്‍ക്കരികിലേക്ക് ചേര്‍ന്നിരുന്നു. ദുഃഖം മറയ്ക്കുവാന്‍ ഒരുവേഷം അഭിനയിച്ചു ഫലിപ്പിക്കുകയാണ് എന്ന് തോന്നുകയേ ഇല്ല.
‘‘എന്തുപറ്റി നിനക്കെന്നെ പിടിച്ചില്ലെ? എന്തിന്റെ ആഘോഷത്തിനാണ് നീ എന്നെ വരയ്ക്കുന്നത്?’’ അവള്‍ ചോദിച്ചു. തുപ്പുന്നതിനിടെ ചുണ്ടില്‍നിന്നും ഒലിച്ചിറങ്ങിയ മുറുക്കാന്‍ ചോരയൊലിച്ചു കിടക്കുന്നപോലെ അയാള്‍ക്ക് തോന്നി. ഒരു നിമിഷം നമ്പീശന്‍ അവളുടെ ചുണ്ടിലേക്കുതന്നെ നോക്കിയിരുന്നു. പെട്ടെന്ന്, അവളുടെ കണ്ണുകളില്‍ ഒരു നനവ് പരന്നു. അത് വെറും തോന്നലാണോ എന്ന സംശയം നമ്പീശനുണ്ടായിരുന്നു. അയാള്‍ ഒന്നുകൂടെ സൂക്ഷിച്ചുനോക്കി. വികാരരഹിതനായ നമ്പീശന്റെ മുഖംകണ്ട് ഒരു പരിഹാസച്ചിരി അവളുടെ ചുണ്ടുകളില്‍ വീണു. കുറച്ചുനേരത്തേക്ക് ഒരു മൗനം ഇരുവരെയും പിടികൂടി. അപ്പോഴെല്ലാം അവളുടെ ചോദ്യത്തിന് എന്തു പറയണമെന്ന് നമ്പീശന്‍ ചിന്തിക്കുകയായിരുന്നു. ഇഷ്ടപ്പെടാത്ത എന്തെങ്കിലും പറഞ്ഞാല്‍ കടിച്ചുകീറും. ചോരയൂറ്റും. അല്ലെങ്കില്‍ ഇറങ്ങിയോടും. ഗോവിന്ദന്റെ മുഖത്തേക്ക് മുറുക്കാന്‍ തുപ്പിയ ജാനുവിന്റെ രൂപം നമ്പീശന്‍ ഓര്‍ത്തു. അതിനുമുമ്പ് ഒരു വര തീര്‍ക്കണം. ജീവിതത്തിലേക്കു പിടിച്ചുപിടിച്ചു കയറിയ ഒരു കാലത്തിലേക്ക് നമ്പീശന്‍ ചെന്നുനിന്നു. അവിടെ, നമ്പീശന്‍ വരച്ച ചിത്രങ്ങള്‍ ഓരോന്നും കൈയിലെടുത്ത് രാധാമണി ടീച്ചര്‍ നില്‍ക്കുന്നു.
‘‘നിന്റെ വരയ്ക്കു ജീവനുണ്ട്. കണ്ടില്ലേ ഓരോന്നും മുന്നോട്ട് വയ്ക്കുന്നത്...’’ നമ്പീശന്‍ സ്‌കൂളും നാടും ജില്ലയും രാജ്യവും വിട്ടുപോയി. എല്ലാം ജീവനുള്ള വരകള്‍. മുലയറുത്തു നീട്ടിയ നങ്ങേലിക്ക് പ്രതികരണശേഷി നഷ്ടപ്പെട്ട സ്വന്തം സമൂഹത്തോടായിരുന്നു പക. കാല്‍മടമ്പില്‍ അമ്പുകൊണ്ട് മരിച്ചുകിടക്കുന്ന ശ്രീകൃഷ്ണന് ഗ്രീക് യവന നായകന്‍ അക്കിലസിന്റെ മുഖമായിരുന്നു. കുന്നും മുകളില്‍ കല്ലുരുട്ടിക്കയറ്റി താഴേക്ക് ഉരുട്ടിവിട്ട് കൈയടിക്കുന്ന പ്രാന്തന് തൊഴിലാളികളുടെ പോരാട്ടമായിരുന്നു. നിമിഷംകൊണ്ടു തീരുന്നൊരു ആഹ്ലാദത്തിനുവേണ്ടിയുള്ള പ്രയത്‌നം. അതിനയാള്‍ ദിവസം മുഴുവന്‍ അധ്വാനിക്കുകയായിരുന്നു.
വായയുള്ള മക്കളെ വഴിയിലിട്ട പറയിയമ്മ പിന്നെയും കുട്ടികളെ പെറുന്നു. വായില്ലാത്തൊരു മകനുവേണ്ടി. ഓരോ പേറിനും നിറഞ്ഞുവീര്‍ത്ത മുലകള്‍ പിഴിഞ്ഞ മുലപ്പാല്‍ നദികളാകുന്നു. ഒടുവില്‍, ഏറ്റവുമൊടുവില്‍ വായില്ലാത്ത ഉണ്ണിയെ നോക്കി മുല പിഴിഞ്ഞപ്പോഴായിരുന്നു മരുഭൂമിയും ഉഷ്ണക്കാറ്റും ഉണ്ടായത്. ഒരമ്മ കണ്ണുകള്‍ അമര്‍ത്തിയടച്ച് കണ്ണുനീരിനെ മറയ്ക്കുന്നു. കാന്‍വാസിനു കീഴില്‍ ചുവന്ന അക്ഷരങ്ങളില്‍ എഴുതിവെച്ച വാക്കുകള്‍ ഓര്‍ത്ത നമ്പീശന്റെ ഉള്ളില്‍ വരയുടെ ചവിട്ടുപടികള്‍ ഇരമ്പി. അതുവരെ വരച്ചതില്‍നിന്നും വ്യത്യസ്തമായൊരു വരയായിരുന്നു അയാള്‍ ഉദ്ദേശിക്കുന്നത്. അനുകമ്പയായിരിക്കണം മുഖ്യഘടകം. പ്രത്യേകിച്ച് സ്ത്രീകളോട്. കണ്ണുകളില്‍ ദയാശൂന്യമായ ലോകത്തിനോടുള്ള പകയുണ്ടാകണം.
മാറിമാറി വരുന്ന പറ്റുകാരില്‍നിന്നും ജാനു പലതവണ ഗര്‍ഭിണിയായിട്ടുള്ളത് നമ്പീശനറിയാവുന്നതാണ്. ലജ്ജയും അപമാനവും കഠിനമായ ദേഹാസ്വാസ്ഥ്യവും നിമിത്തം അവള്‍ ദയനീയമായി കരയുന്നത് കേട്ടിട്ടുള്ളതാണ്. ആ ദിവസങ്ങളില്‍ അവളൊരു ബന്ധുവീട്ടില്‍ പോകും. വെറുംകൈയോടെ തിരിച്ചുവരും. മുഖത്തോ കഴുത്തിലോ യാതൊരു നിറവ്യത്യാസംപോലും ഇല്ലാതെ ഇടിയാത്ത വയറും മാറും കാട്ടി കവലയില്‍ നടക്കും. ആളുകള്‍ക്ക് ആശ്ചര്യം തോന്നി അവളെത്തന്നെ നോക്കിനില്‍ക്കും. ആരോടോ വീട്ടിയ പകയും വാശിയുമാകും അവളുടെ മുഖത്ത് കാണുക. ഒരിക്കല്‍ ‘കുട്ടിയെന്ത്യേ’ എന്ന് ആരോ ചോദിച്ചു. അതുകേട്ട് യക്ഷിയുടേതുപോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി.
‘‘ഗര്‍ഭം തന്നിട്ടുപോകുമ്പോള്‍ ഏതവനെങ്കിലും ഓര്‍ത്തിട്ടുണ്ടോ ഞാനെങ്ങനെ കുട്ടിയെ വളര്‍ത്തുമെന്ന്?’’ നിരന്നുനില്‍ക്കുന്ന ഒരുകൂട്ടം ആണുങ്ങളെ നോക്കിയാണ് അവള്‍ ചോദിച്ചത്.
‘‘യുവാക്കളെ വശീകരിച്ച് അല്ലലില്ലാതെ കഴിയാനുള്ള വക സമ്പാദിച്ച ഒരുത്തിയാണ് ഈ പറയുന്നത് എന്നോര്‍ക്കണം,’’ ഉടനെ കൂട്ടത്തില്‍നിന്ന് ആരോ പറഞ്ഞു. പറഞ്ഞത് ആരെന്നറിയില്ലെങ്കിലും ഒരാളുടെ ഷര്‍ട്ടില്‍ രണ്ട് കൈകൊണ്ടും കൂട്ടിപ്പിടിച്ച് അവള്‍ ചോദിച്ചു.
‘പെറ്റുപെറ്റ് മാറും വയറും ഇടിഞ്ഞൊട്ടിയാല്‍പ്പിന്നെ എന്തിനുകൊള്ളാം എന്നെ? ഒടുവില്‍ ഞാന്‍ ആരുമില്ലാത്തവളായി, ആര്‍ക്കും വേണ്ടാത്തവളായി ജീവിക്കേണ്ടിവരും.’ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തക്ക മൂര്‍ച്ചയുള്ള വാക്കുകള്‍ കരുതിയാണ് അവള്‍ എപ്പോഴും നടക്കുക. ശരീരഭാഗങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കും. ആദ്യമൊക്കെ ഗര്‍ഭം അലസിപ്പിക്കുന്നതില്‍ അവള്‍ക്ക് എതിര്‍പ്പായിരുന്നു. ഒരു തുടിപ്പ് ഉള്ളിലിരുന്ന് കരയുംപോലെ തോന്നുമത്രേ.
തീ കത്തുന്നപോലെ എരിച്ചില്‍. അരുതേ അരുതേ എന്നെ നശിക്കാന്‍ അനുവദിക്കരുതേ എന്ന് ദയനീയമായി അപേക്ഷിക്കുന്നപോലെ. അപ്പോഴൊക്കെ ജാനു ചിരിക്കുകയാണ് പതിവ്. ചിരിക്കൊടുവില്‍ പൊട്ടിക്കരയും. എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഔദാര്യവും മഹാമനസ്‌കതയും വിനയവും പ്രകടിപ്പിച്ച് ഗര്‍ഭം നല്‍കിയവര്‍ വരിക പതിവുണ്ട്, അവളുടെ സൗന്ദര്യത്തിന്റെ സ്തുതിഗീതങ്ങള്‍ പാടി. ചിരിച്ചുകൊണ്ട് ഓരോരുത്തരെയും സ്വീകരിച്ചിരുത്തി മുടിയില്‍ നേര്‍ത്ത വിരല്‍ത്തുമ്പുകള്‍ ഓടിച്ചുകൊണ്ട് അവള്‍ ചോദിക്കും.
‘‘നിന്റെ കഴപ്പ് തീരാനാണെങ്കില്‍ എന്തിനിങ്ങനെ പുകഴ്ത്തുന്നു? അല്ലാതെ തന്നെ ഞാന്‍ കിടന്നു തന്നിട്ടില്ലേ? എന്റെ ഈ ശരീരം ഏതാനും മാസങ്ങളായി നിനക്ക് വേണ്ടായിരുന്നു. എന്നിട്ടിപ്പോള്‍ വന്നിരിക്കുന്നു.’’ ജാനുവിന്റെ സ്വരം ഇടറിയാല്‍പ്പിന്നെ ചിരിക്കാന്‍ തുടങ്ങും, തന്റെയുള്ളിലിരുന്ന് പിടഞ്ഞുപിടഞ്ഞ് ഇല്ലാതായ ആ തുടിപ്പിനെ ഓര്‍ത്ത് അവള്‍ പൊട്ടിക്കരയും. ഉടനേ ഒരു ഗൗരവം മുഖത്തേക്കു വന്ന് യക്ഷിയുടേതുപോലെ പല്ലുകള്‍ കൂട്ടിക്കടിക്കും. അപ്പോള്‍ ഒരു പക അവളുടെ മുഖത്തുണ്ടാകും; ആരെയും ഭ്രാന്തനാക്കാന്‍ പോന്ന പുച്ഛവും.
‘‘ഇതെന്താ വേശ്യാലയമാണെന്നു കരുതിയോ നീ?’’ ദേഷ്യം വന്നാല്‍ അവള്‍ അത്രക്കേ സംസാരിക്കൂ. മുഖത്ത് ആഞ്ഞടിക്കും. വലിച്ച് മുറ്റത്തേക്ക് തള്ളിയിടും. എത്ര വലിയവനായാലും കരുത്തനായാലും ജീവനും കൊണ്ടോടുകയാണ് പതിവ്. വെറ്റില ചുണ്ണാമ്പു പുരട്ടി തന്നിരുന്ന, സ്നേഹംകൊണ്ട് തലോടിയിരുന്ന, സുഖിപ്പിച്ചിരുന്ന, അവള്‍ യക്ഷിയായിരുന്നെന്ന് ഓരോരുത്തരും പറഞ്ഞു നടന്നു. അങ്ങനെ എത്രപേര്‍ ആ നാട്ടിലുണ്ട്, നമ്പീശന്‍ ഓര്‍ത്തു. ഇത്രയും കഥകളൊക്കെ കേട്ടിട്ടും കാമാക്ഷിയെന്നൊരു യക്ഷി ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാന്‍ എന്തൊരു വിഡ്ഢിയാണ്? ഓര്‍ത്തപ്പോള്‍ നമ്പീശന്‍ ഒന്നുകൂടി ഉറക്കെ ചിരിച്ചു. വിശ്വസിക്കാതെ പിന്നെ? എന്നാലല്ലേ ഭാവനയുണ്ടാകൂ? കലയുണ്ടാകൂ? വരയുണ്ടാകൂ? അയാള്‍ തനിയെ സംസാരിക്കാന്‍ തുടങ്ങി.
‘എന്താ നീ ചിരിക്കുന്നത്? എനിക്കു സമയമില്ല. നോക്കു കുന്നിലിപ്പോള്‍ വെളിച്ചം വീഴും. അതിനുമുമ്പ് എനിക്കെന്റെ വീട്ടിലെത്തണം. എനിക്കെന്റെ മക്കളുടെ അടുത്തെത്തണം.’ ആഗ്രഹത്തോടെ അവള്‍ അയാളെ നോക്കി. എന്നാല്‍, നമ്പീശന്‍ അവളെ ഉറ്റുനോക്കുകയും നെടുവീര്‍പ്പിടുകയുമല്ലാതെ മറ്റൊന്നും സംസാരിച്ചില്ല. എന്തോ മരിച്ചുപോയ അയാളുടെ ഉള്ള് അവള്‍ തിരിച്ചറിഞ്ഞു. അതിനിടയില്‍ മക്കളോ? നിനക്കോ? എന്ന് നമ്പീശന്‍ പിറുപിറുത്തു. അവള്‍ ചിരിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തേങ്ങിക്കരഞ്ഞു.
സ്ത്രീശരീരം ആഗ്രഹിക്കുന്ന അയാളുടെ ബ്രഷ് അവള്‍ കൈയിലെടുത്തു. ചുവപ്പും സ്വർണച്ചായങ്ങളും നിറച്ച ടിന്നുകള്‍ ഓരോന്നായി തുറന്നുെവച്ചു. ഓട്ടുകിണ്ണങ്ങള്‍ ഉരുകുന്ന ആലയുടെ ചൂടും ഉരുകിയ ദ്രാവകത്തില്‍നിന്ന് രൂപപ്പെടുന്ന വിഗ്രഹങ്ങളും, ആലക്കു തീകൊളുത്തി ചിരിക്കുന്ന അമ്മാവനും അവളുടെ മനസ്സിലേക്ക് വന്നു. തീ വിഴുങ്ങിയ രണ്ടുപേര്‍ ആലക്കുള്ളില്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്നു. അന്തരീക്ഷം മുഴുവന്‍ ചെമ്പ് ഉരുകിയ ദ്രാവകം ചിതറിത്തെറിക്കുന്നു. പൂക്കള്‍ പൊഴിയുന്നപോലെ അവയെല്ലാം ഭൂമിയിലേക്കും അവളുടെ ഹൃദയത്തിലേക്കും പതിക്കുന്നു. എല്ലാം നോക്കി നിലവിളിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. വാക്കുകള്‍ നഷ്ടപ്പെട്ട അവള്‍ ഒരു പട്ടുമെത്തയിലേക്ക് തള്ളപ്പെടുന്നു. ബോധം കുറഞ്ഞ് മങ്ങിയ കാഴ്ചയിലേക്ക് മാറിമാറി വരുന്ന മുഖങ്ങള്‍ കണ്ട് അവള്‍ നിലവിളിക്കുന്നു. പുറത്ത് വെറ്റിലയില്‍ ചുണ്ണാമ്പു പുരട്ടി പൊട്ടിച്ചിരിക്കുന്ന അമ്മാവന്‍.
ജാനു ചിരിക്കുകയാണോ കരയുകയാണോ എന്നറിയാതെ നമ്പീശന്‍ തല കുടഞ്ഞു. ബ്രാണ്ടിയും മുറുക്കാനും ബീഡിയും തലക്കു പിടിച്ച അയാള്‍ ഒരു മയക്കത്തിലായിരുന്നു. മക്കളോ? നിനക്കോ? എന്ന് അയാള്‍ ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു. ഒരു തവണമാത്രം അവള്‍ അയാളെ വിളിച്ചുനോക്കി. അവ്യക്തമായ വിഷാദം അയാളെ തളര്‍ത്തിയിരുന്നു. അവരുണ്ട്, തീപിടിച്ച കുടിലിനുള്ളില്‍. പത്താം വയസ്സില്‍ കന്യകാത്വം പൊട്ടിയൊലിച്ച ചോര കഴുകിയ കുളത്തില്‍. ചെമ്പുരുകിത്തിളക്കുന്ന തീക്കുണ്ഡത്തിനു ചുറ്റം അവരുണ്ട്. എന്റെ മക്കള്‍.
നമ്പീശന്റെ മുഖത്തേക്ക് ഉച്ചസൂര്യന്റെ വെയില്‍ വീണ് അയാള്‍ ഉണര്‍ന്നു. കണ്ണുകള്‍ ജ്വലിച്ചു. ചുണ്ടുകള്‍ വിറച്ചു. കറുത്ത കാന്‍വാസില്‍ സ്വർണനിറമുള്ള അമ്മയുടെ ഉദരത്തില്‍ ചുവന്ന പെണ്‍കുഞ്ഞുങ്ങള്‍. അവരുടെ ആഴമുള്ള കണ്ണുകളില്‍ ഒരു തുള്ളി അടരാന്‍ നില്‍ക്കുന്നു. മുഖത്ത് ജനിക്കാനനുവാദം ചോദിക്കുന്ന യാചനയും. വിളര്‍ത്തു വിളറിയിട്ടാണെങ്കിലും ഉച്ചസൂര്യന്റെ കിരണങ്ങള്‍ തെറിച്ചുവീണ കാന്‍വാസിലെ സുന്ദരിക്ക് ജാനുവിന്റെ ഛായ. കണ്ണുകള്‍ തിരുമ്മി ഒരിക്കല്‍ക്കൂടി കാന്‍വാസിലേക്കു നോക്കിയ നമ്പീശന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.
പിന്നെ, ജനലഴികളുടെ അടുത്ത് ചെന്ന് നന്ദി തിളങ്ങുന്ന കണ്ണുകളോടെ മീന്‍കുളത്തിനും അടയ്ക്കാത്തൊടിക്കുമപ്പുറം കരിയിലകള്‍ നിറഞ്ഞ ജാനുവിന്റെ പറമ്പും വേനല് കരിച്ചുതുടങ്ങിയ കുന്നും മുകളിലേക്കും നോക്കി. തന്റെ രചനയല്ലെങ്കിലും വരയുടെ ലോകത്ത് ഒരുവളെ പിടിച്ചുനിര്‍ത്താനുള്ള ആത്മവിശ്വാസം അയാളില്‍ തുടിച്ചു. ചിത്രത്തിനടിയില്‍ ജാനു എന്നെഴുതി തുറന്നുകിടന്ന മുറുക്കാന്‍പൊതിയില്‍നിന്ന് ഒരു കഷണം പുകയില വായിലിട്ട് വെള്ളപൂശിയ ആകാശം നോക്കിനിന്നു. അപ്പോഴും വരമുറിക്കുള്ളില്‍ മുല്ലപ്പൂവിന്റെ മണം നിറഞ്ഞുനിന്നു. ഒരു പൊട്ടിച്ചിരിയുടെ മാറ്റൊലിയും കേട്ടു.
‘‘അറിഞ്ഞില്ലേ, അമ്പലക്കുളത്തില്‍ ജാനുവിന്റെ ശവം കിടക്കുന്നു.’’ മീന്‍കുളത്തില്‍ മുക്കിപ്പിഴിഞ്ഞു നിന്ന സ്ത്രീ നമ്പീശനെ നോക്കി പറഞ്ഞൂ. ‘‘എന്താ?’’ ഒരു ഞെട്ടലില്‍നിന്ന് എഴുന്നേറ്റപോലെ നമ്പീശന്‍ ആ സ്ത്രീയോട് ചോദിച്ചു.
‘‘രണ്ടു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. ബന്ധുവീട്ടില്‍ പോയതായിരിക്കും എന്നായിരുന്നു സഹായത്തിനു വന്നിരുന്ന തള്ള വിശ്വസിച്ചിരുന്നത്. മൂന്നു മാസം ഗര്‍ഭിണിയായിരുന്നത്രേ.’’ അവസാന വാക്ക് പുറത്തുവരും മുമ്പ് അവരുടെ സ്വരം തെല്ലൊന്ന് ഇടറിയിരുന്നു. പിന്നെ തേങ്ങിക്കരയാനും തുടങ്ങി. ഒരഗ്‌നിപർവതം നമ്പീശന്റെ തലയില്‍ പൊട്ടിത്തെറിച്ചു. അയാള്‍ മുറ്റത്തേക്കും പടിക്കലേക്കും ഓടി. പെട്ടെന്ന്, ആകാശത്തുനിന്ന് ചെമ്പുരുകിയ ദ്രാവകത്തിന്റെ നിറമുള്ള ചുവന്ന പൂക്കള്‍ പൊഴിയാന്‍ തുടങ്ങി. കുന്നിന്‍മുകളില്‍നിന്ന് പൊട്ടിച്ചിരിയും കേട്ടു. അയാളുടെ കണ്ണുകള്‍ ചുവന്നു. ചുണ്ടുകള്‍ വിറച്ചു. ചെവി പൊത്തി നിലത്തേക്കിരുന്ന നമ്പീശന്‍ ചിരിക്കുകയാണോ കരയുകയാണോ എന്നറിയാതെ സ്ത്രീ നെഞ്ചത്ത് കൈവച്ചു. ആ നട്ടുച്ചക്കും കുന്നിന്‍മുകളിലെ ആകാശത്തിന് ചുവപ്പുനിറമാര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.