അവൾ ഒരു രൂപകം

വളരെക്കുറച്ചാളുകൾ മാത്രമേ ആ വിയോഗമറിഞ്ഞ് അവിടെയെത്തിയിരുന്നുള്ളൂ. അജിത്തിന്‍റെ ഏതാനും ബന്ധുക്കൾ, സുഹൃത്തുക്കൾ, ഓഫീസിലെ സഹപ്രവർത്തകർ, നാട്ടുകാരായ ഏതാനും പേർമാത്രം. ആ പ്രദേശത്തവർ താമസം തുടങ്ങിയിട്ട് കുറച്ചുമാസങ്ങളേ ആയിട്ടുള്ളൂ. അതിനാൽ, അധികം പേരൊന്നും അവിടെയെത്താനിടയില്ല. അവൾക്കാകട്ടെ വരാൻ ബന്ധുക്കളുമില്ല. പ്രേമവിവാഹം; അതും ജാതിമാറിക്കല്യാണമായതിനാൽ വീട്ടുകാർ അവളെയും അവൾ വീട്ടുകാരെയും ഉപേക്ഷിച്ചതാണ്. പോരാത്തതിന് അതവളുടെ വീട്ടുകാരുടെ നാടുമല്ല. അവളാണ് തൊട്ടടുത്ത വീട്ടുകാരെയും അയാളുടെ ഒന്ന് രണ്ട് ബന്ധുക്കളെയും ഓഫീസിലെ ഒരു സഹപ്രവർത്തകനെയും രണ്ട് സുഹൃത്തുക്കളെയും ഫോൺ ചെയ്ത്...

വളരെക്കുറച്ചാളുകൾ മാത്രമേ ആ വിയോഗമറിഞ്ഞ് അവിടെയെത്തിയിരുന്നുള്ളൂ. അജിത്തിന്‍റെ ഏതാനും ബന്ധുക്കൾ, സുഹൃത്തുക്കൾ, ഓഫീസിലെ സഹപ്രവർത്തകർ, നാട്ടുകാരായ ഏതാനും പേർമാത്രം. ആ പ്രദേശത്തവർ താമസം തുടങ്ങിയിട്ട് കുറച്ചുമാസങ്ങളേ ആയിട്ടുള്ളൂ. അതിനാൽ, അധികം പേരൊന്നും അവിടെയെത്താനിടയില്ല. അവൾക്കാകട്ടെ വരാൻ ബന്ധുക്കളുമില്ല. പ്രേമവിവാഹം; അതും ജാതിമാറിക്കല്യാണമായതിനാൽ വീട്ടുകാർ അവളെയും അവൾ വീട്ടുകാരെയും ഉപേക്ഷിച്ചതാണ്.

പോരാത്തതിന് അതവളുടെ വീട്ടുകാരുടെ നാടുമല്ല. അവളാണ് തൊട്ടടുത്ത വീട്ടുകാരെയും അയാളുടെ ഒന്ന് രണ്ട് ബന്ധുക്കളെയും ഓഫീസിലെ ഒരു സഹപ്രവർത്തകനെയും രണ്ട് സുഹൃത്തുക്കളെയും ഫോൺ ചെയ്ത് വിവരമറിയിച്ചത്. കൂടുതൽ പേരുടെ നമ്പർ അയാളുടെ മൊബൈലിൽ നിന്ന് കണ്ടുപിടിക്കാൻ അവൾ ഏറെനേരം ശ്രമിച്ചിരുന്നു, കിട്ടിയില്ല. അയൽപക്കക്കാരും മൂന്നോ നാലോ ബന്ധുക്കളും ചില സുഹൃത്തുക്കളും എത്തിക്കഴിഞ്ഞപ്പോൾ അവൾക്കാശ്വാസമായി. മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് അവളിൽനിന്ന് കേട്ടപ്പോൾ അവർ അതേറ്റെടുത്തു. തുടർന്നുള്ളവരെ അയാൾ ഫോൺ നമ്പറുകൾ എഴുതാറുണ്ടായിരുന്ന ഒരു പോക്കറ്റ് ഡയറിയിൽനിന്ന് അവൾ കാണിച്ചുകൊടുത്ത നമ്പറുകൾ നോക്കിയും അറിയുന്നവരുടെ ഫോണിൽ വിളിച്ചും അവർതന്നെ വിളിച്ചുവരുത്തിയതാണ്.

ഇക്കാലത്ത് ഇപ്പോഴും ഇങ്ങനെ പുസ്തകത്തിൽ ഫോൺനമ്പറുകൾ എഴുതിവെച്ച് സൂക്ഷിക്കുന്നല്ലോയെന്ന് തെല്ല് പരിഹാസത്തോടെ അവരിൽ ചിലർ തമ്മിൽ കുശുകുശുക്കുന്നതും ഇടക്ക് കേൾക്കാനായി. ഏതായാലും വേണ്ടപ്പെട്ട ആൾക്കാരെ വിളിച്ചുവരുത്തുന്ന ജോലി അവരേറ്റെടുത്തതിൽ അവൾക്കുള്ള ആശ്വാസം ചെറുതല്ല. ബന്ധുകളിലെ ചില സ്ത്രീകളാണ് അവളെ അകത്തെ മുറിയിലെ കട്ടിലിലേക്ക് നയിച്ചത്. ഇനിയവൾക്കവിടെ കണ്ണീരൊലിപ്പിച്ച് കിടന്നാൽ മതിയാകും. അവളുമായി നല്ല അകൽച്ചയിലായിരുന്ന അജിത്തിന്‍റെ ഒന്നു രണ്ട് ബന്ധുക്കൾ മാത്രമാണ് മരണത്തിൽ സംശയം പറഞ്ഞ് പരസ്പരം കുശുകുശുത്തത്. അതിനവൾക്ക് മറുപടിയുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളായി ചികിത്സയിലായിരുന്നതിന്‍റെ തെളിവായ ആശുപത്രി ഫയൽ അവൾ അയാളുടെ ഒരു സുഹൃത്തിന്‍റെ കയ്യിലേൽപിച്ചു. അത് മതിയായിരുന്നു കുശുകുശുപ്പുകാരുടെ വായടപ്പിക്കാൻ.

പുറത്തേക്കെടുക്കുന്നതിനുമുമ്പേ അന്ത്യചുംബനത്തിനായി ബന്ധുവായ ഒരു സ്ത്രീ അവളെ കൈപിടിച്ച് കൂട്ടിവന്ന് കണ്ണടച്ച് കിടക്കുന്ന അജിത്തിന്‍റെ അരികിലിരുത്തി. നിസ്സംഗതയോടെയും നിർവികാരതയോടെയും അവളവന്‍റെ മുഖത്ത് നോക്കി. അവളെ വീണ്ടും കബളിപ്പിച്ച് തോൽപിച്ചു വരുതിയിലാക്കിയതിന്‍റെ ഒരുതരി സന്തോഷം ആ മുഖത്തവൾ വീണ്ടും കണ്ടു. പിന്നെയും തോൽപിക്കപ്പെട്ടവളുടെ ആത്മനിന്ദയാൽ മുഖം വലിഞ്ഞുമുറുകുന്നത് അയാൾ കാണാതിരിക്കാൻ അവൾ കൈപ്പടത്താൽ മുഖം പൊത്തി. പണിപ്പെട്ടിട്ടും തേങ്ങലിന്‍റെ ഒരു ചീളുപോലും പുറത്ത് വരാതെ ഉള്ളിൽ തങ്ങി. താൻ എന്തേയിങ്ങനെ എന്ന് അവൾക്കുതന്നെ ആ പെരുമാറ്റത്തിൽ സംശയം തോന്നിച്ചു.

കുളിപ്പിച്ച് പട്ടിൽ പൊതിഞ്ഞ ശരീരവുമായി എല്ലാവരും പുറത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ അവശേഷിച്ചത് അയൽക്കാരും ബന്ധക്കാരുമായ മൂന്നോ നാലോ സ്ത്രീകൾ മാത്രം. ആളുകളൊഴിഞ്ഞതിൽ അവളാശ്വാസം കൊണ്ടു. എഴുന്നേറ്റ് മുറിയിലെ ജനലോരത്ത് നിന്നു. അജിത്തിനെ മഞ്ചലിലേറ്റി നടന്നുനീങ്ങുന്നവർ മറയുന്നത് ജാലകച്ചതുരത്തിലൂടെ അവൾ നിസ്സംഗതയോടെ കണ്ടു. ഇന്നലെ വരെ കണ്ടതുപോലെയായിരിക്കില്ല ഇനി ആളുകൾ തന്നെ നോക്കുക. എങ്ങനെയാണ് ആളുകളെയും അവരുടെ ചിന്തകളെയും പുറമേക്കെങ്കിലും ജീവിതംകൊണ്ട് അഭിമുഖീകരിക്കുക എന്നത് അവളെ സംബന്ധിച്ച് പിടിതരാതെ വഴുക്കിച്ചാടുന്ന വരാലാണ്.

നിലനിൽപിനെ പ്രതി ഉള്ളിൽ നിശ്ശബ്ദമായി ഒലിക്കുന്ന കണ്ണീരിൽ പോലും അവളില്ലായിരുന്നു. മറ്റാരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യംപോലെ ഒരു പുകമറക്കുള്ളിലെന്നപോലെ അവൾ നിശ്ചലയായി കാഴ്ച കാണുന്നു... ആളുകൾ അത് കാണുകയും അതേപ്പറ്റി ആലോചിക്കുകയും പരസ്പരം പറയുകയും ചെയ്തു.

‘‘നോക്ക്, ബോഡിയെടുക്കുമ്പം ഇത്രയും വർഷം ഒപ്പം നിഴലായിനിന്ന പെണ്ണിന്‍റെ കണ്ണിൽ ഒട്ടും നനവില്ല?’’

‘‘ചിലർക്ക് ദുഃഖം അങ്ങനെയാണ്.’’

‘‘ഇനി അവളെങ്ങനെയാ തനിച്ച്?’’

ഇതേവരെ അവളെ ഭർത്താവിന്‍റെ നിഴലായി കണ്ടിരുന്ന ബന്ധുക്കളും അയൽക്കാരും അയാളുടെ സഹപ്രവർത്തകരും സുഹൃത്തുക്കളുമടങ്ങുന്ന ലോകം അവളെ സാകൂതം നോക്കി സങ്കടപ്പെട്ടു. പരസ്പര വിശ്വാസവും സ്നേഹവുമുള്ള മാതൃകാദമ്പതികളായിട്ടാണവരെ സുഹൃത്തുക്കളും സഹപ്രവർത്തകരും അംഗീകരിച്ചിട്ടുള്ളത്.

എങ്കിലും ആ രാത്രിയിൽ, ശവസംസ്കാരത്തിനുശേഷം, അണഞ്ഞിട്ടില്ലാത്ത അയാളുടെ ചൂടുകനലിൽനിന്ന് വീശിയ കാറ്റിൽ പെയ്ത് വന്ന ശ്വാസം മുഖത്ത് തട്ടി അവളുടെ നെഞ്ചു നിറച്ചുപോയി. അവൾ നിശ്ശബ്ദതയിൽ തുളുമ്പിപ്പോയി.

‘‘ഇനിയും ഞാൻ ജീവിക്കും.’’

‘‘ഇനിയാണ് ഞാൻ ജീവിക്കാൻ പോകുന്നത്.’’

അയാളുമായുള്ള പല വാക് തർക്കങ്ങൾക്കുമൊടുവിൽ തോറ്റു കൊടുത്ത ശേഷം ‘‘പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനിപ്പട കാണാനിരിക്കുന്നതേയുള്ളൂ’’ എന്ന പഞ്ച് സിനിമാ ഡയലോഗ് ഇടക്കിടെ അയാളോട് തമാശക്കോ തൽക്കാലത്തെ പിടിച്ചുനിൽക്കലിനാ​േയാ പറഞ്ഞ്, വരാനിരിക്കുന്ന ജയം പുഞ്ചിരിയോടെ ആസ്വദിക്കാറുണ്ടായിരുന്ന ഒരു നിഴലിനെ ഓർമയിൽ കണ്ടപ്പോൾ മുളപൊട്ടിയ ചിരി അവൾ കടിച്ചമർത്തി.

‘‘എടീ, ഈ ആണുങ്ങളെ കുടിക്കുന്ന വെള്ളത്തിൽപോലും വിശ്വസിക്കാൻ പറ്റ്വോ?’’

വിവാഹശേഷം താൽപര്യമുള്ളത്രയും പഠിക്കാമെന്നും ആഗ്രഹിച്ച ജോലിക്ക് പോകാമെന്നും ഒന്നിനും താൻ എതിരാവില്ലെന്നും അജിത്ത് ഉറപ്പുപറഞ്ഞ കാര്യം കേട്ടപ്പോൾ സുഹൃത്തും സഹപാഠിയുമായ രേഷ്മ ആർത്തുചിരിച്ചു.

‘‘അവർ ചിരിച്ചുകൊണ്ട് വഞ്ചിക്കും. വഞ്ചിച്ചുകൊണ്ട് സ്നേഹിക്കും. നീയത് അനുഭവത്തിൽ കൊള്ളുമ്പോഴേ തിരിച്ചറിയൂ. അപ്പോഴേക്കും നിന്‍റെ നല്ലസമയം കഴിഞ്ഞുകിട്ടും. പിന്നെ ബാക്കിയുള്ള കാലം നഷ്ടസ്വപ്നങ്ങളെയോർത്ത് കരഞ്ഞുതീർക്കാം.’’

അവളെ പറഞ്ഞിട്ട് കാര്യമില്ല. അനുഭവം അങ്ങനെയായിരുന്നല്ലോ. പാളിപ്പോയ രണ്ട് പ്രണയങ്ങൾക്കും ഒരു ഗർഭച്ഛിദ്രത്തിനും ശേഷം ഒറ്റയാൻ തടിയായി നിൽക്കുന്ന രേഷ്മ കുറെ കാലങ്ങൾക്കുശേഷം; ഒരിക്കൽ പൂർവ വിദ്യാർഥി സംഗമത്തിൽ വെച്ച് കണ്ടപ്പോൾ നിരുന്മേഷത്തോടെ പറഞ്ഞു:

‘‘കുറെ വിശ്വാസവഞ്ചനകളുണ്ടെങ്കിലും നിന്നെപ്പോലെ പരിപൂർണ സ്നേഹവും പൂർണ സംരക്ഷണവും തരുന്ന ബന്ധം എന്‍റെയും സ്വപ്നമായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം? ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലത്തെ അവസ്ഥയിൽ സ്ത്രീ സ്വാതന്ത്ര്യം തലക്കുപിടിച്ച അന്നത്തെ ചുറ്റുപാടിൽ എല്ലാറ്റിനെയും സംശയത്തോടെ നോക്കാനാണ് തോന്നിയത്.’’

ഒരു വിളറിയ ചിരിയോടെ മാത്രം പ്രതികരിക്കാനാണ് അന്ന് തോന്നിയത്. മാത്രമല്ല, കൂടെ വന്ന അജിത്ത് സംശയത്തോടെ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ വേഗം സംസാരം അവസാനിപ്പിക്കുകയും ചെയ്തു.

ഓർത്തപ്പോൾ ഒരു ചിരിയാണ് മനസ്സിൽ തേട്ടിയത്. രേഷ്മ എന്തറിഞ്ഞിട്ടാണിങ്ങനെ പറയുന്നത്?

പി.ജിയുടെ റിസൾട്ടറിഞ്ഞപ്പോൾ വളരെ സന്തോഷത്തോടെയാണ് അജിത്തിനെ വിളിച്ചത്. എന്നാൽ തണുപ്പൻ പ്രതികരണമായിരുന്നു.

‘‘ഓ, അതിപ്പോ വല്യ കാര്യമൊന്നുമല്ലല്ലോ ഒരു എഫ്.സി.ഡി! ഫസ്റ്റ് ക്ലാസ് വിത്ത് ഡിസ്റ്റിങ്ഷൻ. റാങ്കൊന്നുമല്ലല്ലോ?’’

ഉള്ളു തുരന്നുവരാനാഞ്ഞ കരച്ചിൽ അവൾ പണിപ്പെട്ടമർത്തി. ഓഫീസിൽ പോകുമ്പോഴേക്കും അജിത്തിന് വേണ്ട ഭക്ഷണങ്ങളുണ്ടാക്കി, ഉച്ചഭക്ഷണം വരെ ഉണ്ടാക്കി പാത്രത്തിലിട്ട് ബാഗിലെടുത്തുവെച്ച്, ഇടേണ്ട പാന്‍റും ഷർട്ടും ഇസ്തിരിയിട്ട് വെച്ചിട്ടുവേണം ഓടി കോളേജിലേക്കുള്ള ബസു പിടിച്ച് സമയത്തിനെത്താൻ. കോഴ്സ് പൂർത്തീകരിക്കുന്നതിനുമുമ്പ് വിവാഹത്തിന് തലവെച്ചുകൊടുത്തതിൽ പരിതപിച്ചിട്ടുണ്ട്, ക്ലാസിലെത്താനുള്ള ആ ഓട്ടക്കിതപ്പിനിടയിൽ. ഡിഗ്രിക്ക് സെക്കൻഡ് റാങ്കുണ്ടായിരുന്നു. വിവാഹം എന്ന നുകം പേറിയിരുന്നില്ലെങ്കിൽ പി.ജിക്കും റാങ്ക് വാങ്ങിയേനെ... അതെങ്ങനെ; അത്രയ്ക്കല്ലേ നിർബന്ധങ്ങളും സമ്മർദതന്ത്രങ്ങളും; സുഹൃത്തുക്കൾ വഴിയായും അല്ലാതെയും. സൗഹാർദത്തോടെയും ഭീഷണിയുടെ കുപ്പായമണിഞ്ഞും...

നീയിരിക്ക്, ഞാൻ വിളമ്പിത്തരാം എന്നോ നിനക്ക് പഠിക്കാനുള്ളതല്ലേ, ഞാൻ ഇസ്തിരിയിട്ടോളാമെന്നോ നീ പഠിച്ചോ, ഞാൻ ചായയിടാമെന്നോ ഒരു വാചകംപോലും അയാളിൽനിന്ന് വീണിട്ടില്ല. പരീക്ഷാക്കാലത്ത് പോലും വീട്ടുജോലിക്കു ശേഷം രാത്രിയിരുന്ന് എന്തെങ്കിലും പഠിക്കണമെങ്കിൽ അയാളുടെ സ്നേഹപ്രകടനങ്ങൾ കഴിയണം. കൂർക്കം വലിക്കുന്ന അജിത്തിനെ ശബ്ദമുണ്ടാക്കിയുണർത്താതെ ഇരുട്ടത്ത് പതുങ്ങി അടുക്കളയിലേക്ക് പോയിട്ട് വേണം എന്തെങ്കിലും വായിക്കാനും എഴുതാനും.

ഒരിക്കൽ കോളേജ് വിട്ട് വിട്ടിലെത്തുമ്പോഴുണ്ട് അജിത്ത്, തന്നെ കണ്ടപ്പോൾ പരുങ്ങുന്നതുപോലെ. അത് ശ്രദ്ധിക്കാത്തതുപോലെ അവൾ കുശലം ചോദിച്ചു:

‘‘അജിത്ത് ഇന്നെന്തേ നേരത്തെ?’’

‘‘ഒന്നൂല്ല. നേർത്തെ വരാൻ തോന്നി. എന്താ പാടില്ലേ?’’

അയാൾ താൽപര്യമില്ലാത്തതുപോലെ നോട്ടം പിൻവലിച്ചു.

റൂമിലെത്തിയപ്പോഴാണവളത് കണ്ടത്; തന്‍റെ പെട്ടി തുറന്ന് മുഴുവനും വാരിവലിച്ചിട്ടിരിക്കുന്നു. കൂട്ടുകാരികളുടെ കത്തുകൾ, ഓട്ടോഗ്രാഫ്, സ്കൂൾ, കോളേജ് ഫോട്ടോകൾ... തന്‍റെ വിലപ്പെട്ട ഡയറിയെവിടെ? അക്കൂട്ടത്തിൽ കാണുന്നില്ല. ഓർമക്കുറിപ്പുകളോ അനുഭവങ്ങളോ സ്വപ്നങ്ങളോ എന്ന് വേർതിരിക്കാനാത്തവിധം തന്നോട് തന്നെയുള്ള സംസാരമോ തോന്നലുകളോ ഒക്കെയായി എഴുതിവെക്കുന്ന കാര്യങ്ങൾ; ചിലപ്പോൾ കവിതകൾ... ഇതൊക്കെയാണ് ഡയറിയിലുള്ളത്. അവൾ പ്രാണൻ മുറിയുന്ന സങ്കടത്തോടെയും ദേഷ്യത്തോടെയും അയാൾക്കു നേരെ ഓടി.

അപ്പോഴതാ അടുപ്പിലേക്ക് കൈ ചൂണ്ടി അയാൾ പൊട്ടിച്ചിരിക്കുന്നു. അടുപ്പിൽ മുക്കാലും കത്തിക്കരിഞ്ഞ നിലയിൽ ഡയറി. ദേഷ്യവും സങ്കടവും കൊണ്ട് ഒന്നും മിണ്ടാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ടവൾ കിടക്കയിലേക്ക് വീണു. അന്ന് മുഴുവൻ അവൾ എഴുന്നേൽക്കാനോ അയാളോട് മിണ്ടാനോ ഭക്ഷണം കഴിക്കാനോ തുനിഞ്ഞില്ല. അവളുടെ മനസ്സിൽ ഈ ദുരന്തത്തിലേക്കുള്ള വഴികളൊന്നാകെ തെളിഞ്ഞു വന്നു. തലേ ദിവസത്തെ ഒരനുഭവം. അയാളെത്തിയയുടനെ അവൾ അന്ന് കയ്യിൽ കിട്ടിയ കോളേജ് മാഗസിൻ കാണിച്ചു. അതിലവളുടെ കവിതയുണ്ടായിരുന്നു. അത് വായിച്ചപ്പോൾ അയാളുടെ മുഖത്ത് ആഹ്ലാദത്തിന്‍റെ പൂത്തിരി മിന്നി.

‘‘ങാ, നന്നായിട്ടുണ്ടല്ലോ..!’’

മറുപടിയായി അവളുടെ മുഖം വിടർന്നു.

 

‘‘പഠിക്കുന്ന കാലത്ത് ഞാനുമെഴുതാറുണ്ടായിരുന്നു. പക്ഷേ ജോലിയായപ്പോ നിർത്തി. ജീവിക്കാൻ കവിതകൊണ്ടാവില്ലല്ലോ.’’

തെല്ലിട ആലോചിച്ചശേഷം തുടർന്നു.

‘‘നിനക്ക് സൂര്യനെപ്പറ്റിയോ ഭൂമിയെപ്പറ്റിയോ പുഴയെപ്പറ്റിയോ പൂവിനെപ്പറ്റിയോ ദൈവത്തപ്പറ്റിയോ എഴുതിയാ പോരേ. എന്തിനാണ് ഇമ്മാതിരി വേണ്ടാത്ത കാര്യങ്ങൾ എഴുതുന്നത്? എനിക്കതിഷ്ടമല്ല.’’

അവളുടെ മുഖം കുനിഞ്ഞു. ഇത്തരക്കാരോട് എന്ത് പറയാനാണ്?

ഒരു മഹായുദ്ധം കഴിഞ്ഞതിന്‍റെ പ്രതീതിയായിരുന്നു പിറ്റേന്ന് അടുക്കളയിൽ കണ്ടത്. എച്ചിലുകൾ, കഴുകാത്ത ഭക്ഷണപാത്രങ്ങൾ, നിലത്താകെ വാരി വിതറിയിട്ട ചോറും കറികളും. ഓ... നാറിയിട്ട് വയ്യ.

അവൾക്ക് ഓക്കാനം വന്നു. തന്നോടിടഞ്ഞാൽ ഇങ്ങനെ തന്നെ എന്ന് പറയാതെ പറഞ്ഞ് അവളെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് അയാൾ ഹാളിൽ ഉലാത്തിക്കൊണ്ടിരുന്നു.

‘‘ആന്‍റിയെ അമ്മ വിളിക്കുന്നു.’’

എട്ടോ പത്തോ വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടി അവളെ തൊട്ടു. അവൾ പരിസരത്തിലേക്ക്, മരണവീടിന്‍റെ അനിശ്ചിതത്വത്തിലേക്ക് കണ്ണ് തിരുമ്മി.

ഹാളിലപ്പോൾ നാലഞ്ചു പേരുണ്ട്. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും. അവളെ കണ്ടയുടൻ ഒരു സ്ത്രീ മുരടനക്കി. അജിത്തിന്‍റെ ബന്ധുവാണവൾ. മറ്റുള്ളവർ നാട്ടുകാരും.

‘‘ചേച്ചീ, ഇനിയെങ്ങനാ കാര്യങ്ങള്...’’

അവൾ ഒന്നും മനസ്സിലാവാത്ത പോലെ മിണ്ടാതിരുന്നു.

‘‘അല്ലാ, ചടങ്ങുകളൊന്നുമില്ലല്ലോ. അല്ലേ... അതറിയാനാണ്.’’

ഒരു നാട്ടുകാരൻ പറഞ്ഞു.

‘‘ബലിയിടാൻ നിങ്ങൾക്ക് മക്കളൊന്നുമില്ല. അജിത്തിന്‍റെ ആകെയുള്ള ബന്ധുവായ ഇവൾക്കാന്നെങ്കിൽ ഒരുപാട് കുടുംബ പ്രാരബ്ധങ്ങളും. എന്താ ചെയ്ക..!’’

അയാൾ ആ സ്ത്രീക്ക് നേരെ നോക്കി. അത് കേട്ടതും അവൾ ഇടറുന്ന സ്വരത്തിൽ വിശദീകരിച്ചു.

‘‘ചേച്ചിക്കറിയാലോ, അങ്ങേർ കിടപ്പിലാണെന്ന്. മരുന്നെട്ത്ത് കൊടുക്കാമ്പോലും വേറെ ആരുല്ലാന്ന്...’’

അവൾ വിതുമ്പി. സാരിത്തലപ്പുകൊണ്ട് കണ്ണൊപ്പിക്കൊണ്ട് തുടർന്നു.

‘‘അല്ലാണ്ട് ചേട്ടനോടോ ചേച്ചിയോടോ സ്നേഹുല്ലാഞ്ഞിട്ടല്ല.’’

‘‘ആൾ പോയില്ലേ. ചടങ്ങ് നടത്തീട്ടെന്ത് കാര്യം..!’’

എവിടെനിന്നോ കിട്ടിയ ആത്മബലത്തോടെ അവൾ ഉള്ള് തുറന്നു.

‘‘വേണ്ട, ഒര് ചടങ്ങും വേണ്ട. ആരെയും ഇക്കാര്യത്തിന് ബുദ്ധിമുട്ടിക്കാൻ ഞാനില്ല. വേണ്ടത് ഞാനൊറ്റക്ക് ചെയ്തോളാം.’’

ആ നിശ്ചയദാർഢ്യത്തിൽ അവർ ഞെട്ടിയെങ്കിലും ഉള്ളാലെ സമാധാനം കൈവന്നു.

‘‘എന്നാ ഞാനിറങ്ങാ. ഇപ്പളേ പോയാലേ വൈന്നേരത്തിന് മുമ്പെങ്കിലും എത്തൂ.’’

ആ സ്ത്രീ, പെൺകുട്ടിയുടെ കയ്യും പിടിച്ച് എല്ലാവരോടുമായി യാത്ര പറഞ്ഞിറങ്ങി. എല്ലാവരും തലയാട്ടി അനുവാദം നൽകി.

‘‘ഒറ്റക്കിരിക്കൽ ബോറാവും അല്ലേ ചേച്ചീ. ഒരു ജോലീണ്ടായ് നെങ്കി...’’

നാട്ടുകാരിലൊരാളായ മറ്റേ സ്ത്രീ അവളെ നോക്കി. തെല്ലിട ശേഷം ശങ്കിച്ചുകൊണ്ട് തുടർന്നു.

‘‘അല്ലാ, ഞാനുദ്ദേശിച്ചത്... വല്യ പഠിപ്പുള്ളയാളല്ലേ. ഒര് ജോലി കിട്ടാൻ വല്യ വെഷമുണ്ടാവൂലല്ലോന്നാ.’’

അവൾ മറുപടിയൊന്നും പറയാതെ വെറുതെ ചിരിച്ചു.

പബ്ലിക് സർവീസ് കമീഷനിൽനിന്ന് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായി ശിപാർശ ചെയ്ത അഡ്വൈസ് മെമ്മോ വന്നപ്പോൾ അവൾ അതിയായി സന്തോഷിച്ചു. പോസ്റ്റ്മാനിൽനിന്നത് കൈപ്പറ്റുമ്പോൾ കൂടെ അജിത്തുണ്ടായിരുന്നതിനാൽ അവനിൽനിന്നത് മറച്ചുവെക്കാനവൾക്ക് കഴിഞ്ഞില്ല. മുമ്പ് പല പരീക്ഷകൾക്കും പോകാനനുവദിക്കാഞ്ഞതിനാൽ അവനറിയാതെയാണ് ഇതിന്‍റെ പരീക്ഷ അവളെഴുതിയിരുന്നതും ഇന്‍റർവ്യൂ അറ്റൻഡ് ചെയ്തതും.

‘‘നിന്നെപ്പോറ്റാനുള്ള വരുമാനം എനിക്കുണ്ടല്ലോ? പിന്നെ നിനക്കെന്തിനാണ് ജോലി?’’

നിയമന ശിപാർശ ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റിങ് കിട്ടാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണവൾക്കാ സത്യം മനസ്സിലായത്.

അജിത്താണ് അപോയിൻമെന്‍റ് ഓർഡർ കൈപ്പറ്റിയത്.

നാട്ടുകാരും പോയ്ക്കഴിഞ്ഞപ്പോൾ അവളൽപം മയങ്ങി. കു​െറനേരമായുള്ള നിൽപും കിടപ്പും ആലോചനയും അവളെ തളർത്തിയിരുന്നു. നേരത്തേ വന്ന് മടങ്ങിപ്പോയ അജിത്തിന്‍റെ ഓഫീസിൽനിന്നുള്ള ചില സഹപ്രവർത്തകരാണ്, അവർക്കൊപ്പം ഓഫീസ് മേധാവിയുമുണ്ട്. അയാൾ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഭാര്യ എന്ന നിലയിൽ അവൾക്ക് കിട്ടേണ്ട സാമ്പത്തിക ആനുകൂല്യങ്ങളെപ്പറ്റി പറഞ്ഞു. നോമിനി അവളാണ്. ആശ്രിത നിയമനമനുസരിച്ച് ജോലിയും ലഭിക്കും. എങ്കിലും വേറെ അവകാശികളില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. പൂരിപ്പിച്ച് ഒപ്പിടേണ്ട ഒട്ടേറെ ഫോറങ്ങളും മറ്റും അയാൾ അവളെ ഏൽപിച്ചു. ഉടനെ പൂരിപ്പിച്ച് തരാൻ മറക്കല്ലേയെന്ന് ഇറങ്ങുമ്പോഴും അയാൾ സൂചിപ്പിച്ചു.

എന്നിട്ടും അയാൾ മാത്രമെന്തേ വന്നില്ല? ആ ഒരാൾ? അവളോട് വളരെ അനുതാപപൂർവം ഇടപെടുകയും സഹോദര നിർവിശേഷമായ വാത്സല്യം പകരുകയും ചെയ്തൊരാൾ? ഏതാൾക്കൂട്ടത്തിനിടയിലും തിരിച്ചറിയപ്പെടാനുള്ള ഓർമപ്പൊട്ടോടെ അയാളുടെ സവിശേഷ വ്യക്തിത്വം ഉള്ളിൽ ഫ്രെയിമിട്ട് സൂക്ഷിച്ചിട്ടുണ്ടവൾ. അജിത്തിന്‍റെ അടുത്ത ബന്ധുവെന്നവകാശപ്പെട്ട് വീട്ടിൽ കയറി വന്നയാളെ ഒരു സാധാരണ സ്ത്രീലമ്പടന്‍റെ പതിവ് ശരീരഭാഷയിലാണാദ്യം വായിച്ചത്. അയാൾ സുഖവിവരം അന്വേഷിച്ചു. പല തവണത്തെ സന്ദർശന പരിചയത്തിലുള്ള വീടെന്നപോലെ വസ്തുക്കളോരോന്നിലും പെരുമാറ്റ സാമീപ്യം പുതുക്കി. പ്രഥമദൃഷ്ടിയിലെ തെറ്റിദ്ധാരണ ഉള്ളിൽ നിഷ്കളങ്കമായിപ്പതഞ്ഞ പശ്ചാത്താപത്തിൽ കഴുകിപ്പോയി. അന്നയാൾ ഒരുപാട് സംസാരിച്ചു. അജിത്ത് എത്തുന്നതു വരെ കാത്തിരിക്കുകയും ചെയ്തു.

‘‘മോളേ, അവന്‍റെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത?’’

പിന്നീടത്തെ; രണ്ടാമത്തെയോ മൂന്നാമത്തെയോ വരവിലാണയാളാ ചോദ്യത്തെ അവളുടെ സ്വാഭാവികാശ്ചര്യത്തിന് നേരെ തൊടുത്തത്.

‘‘അല്ല, അവൻ നേരത്തെ വിഷാദരോഗത്തിന് ചികിത്സിച്ചിരുന്നതാണ്. അതറിയാമായിരുന്നോ എന്നാണ്...”

അയാൾ അൽപം പരുങ്ങലോടെ സൂചിപ്പിച്ചു.

അവൾക്കാ വിവരം അജ്ഞാതമായിരുന്നു. അവളുടെ ഉള്ളിലെ വിഷമാവസ്ഥ കണ്ടിട്ടാവണം അയാൾ ഒരുപാട് കാര്യങ്ങൾ പ്രത്യേകിച്ചും സൈക്കോളജിക്കലായ കാര്യങ്ങൾ അവളോട് സംസാരിച്ചു. അജിത്തിനോട് ചോദിക്കരുതെന്ന മുഖവുരയോടെ തീരെയറിഞ്ഞു കൂടാത്ത കാര്യങ്ങളെപ്പറ്റിയുള്ള ആ സംസാരമവളെയെത്തിച്ചത് എന്തു ചെയ്യണമെന്നറിയാത്ത സന്ദിഗ്ധതയിലും ദിവസങ്ങളോളം നീണ്ട നിരുന്മേഷ പൂർണമായ മാനസികാവസ്ഥയിലുമായിരുന്നു. ദിവസങ്ങൾക്കു ശേഷം; ഒരുപക്ഷേ അയാളുടെ പതിവു സന്ദർശനങ്ങളുടെ അവസാനം അയാൾക്കൊപ്പം അവരിരുവരും ഒരു സൈക്യാട്രിസ്റ്റിനെ സന്ദർശിക്കുകയുണ്ടായി. അജിത്തിന്‍റെ അസുഖം തന്‍റെ സുഹൃത്തായ സൈക്യാട്രിസ്റ്റിനെക്കൊണ്ട് ചികിത്സിപ്പിക്കാനാന്നെന്ന് അവളോടയാൾ പറഞ്ഞു. അവൾക്കുവേണ്ടി കൺസൽട്ട് ചെയ്യുകയാണെന്ന് അജിത്തിനെ വിശ്വസിപ്പിച്ചതായും അയാളിൽനിന്ന് മനസ്സിലാക്കി.

സൈക്യാട്രിസ്റ്റ് തന്നെ മാറ്റിനിർത്തി അവരിരുവരോടും സംസാരിക്കുമ്പോൾ സൂത്രത്തിലവളെ ഒളികണ്ണിട്ട് നോക്കി അവർ ചിരിക്കുന്നതെന്തിനായിരിക്കുമെന്ന് അന്നവൾക്ക് മനസ്സിലായില്ല. അവൾക്ക് സ്കിസോഫ്രീനിയയാണെന്നും രാത്രി ഉറക്കത്തിലെഴുന്നേറ്റിരുന്ന് തനിച്ച് ചിരിക്കുകയും കരയുകയും ചെയ്യുന്നതായും ഉച്ചത്തിലാരോടൊക്കെയോ സംസാരിക്കുന്നുവെന്നും അജിത്ത് പറഞ്ഞപ്പോൾ തൊട്ട് ഓരോ ആലോചനകൾ അവൾക്കുമേൽ ചവിട്ടിക്കയറുകയായിരുന്നു.

രാത്രി ഏറെ വൈകിയിട്ടും അവൾക്ക് ഉറക്കം വന്നില്ല. താരനിബിഡമായ ആകാശം. നക്ഷത്രങ്ങൾ പരസ്പരം കണ്ണിറുക്കി സംസാരിക്കുന്നതുപോലെ.

അവൾ മുറ്റത്തേക്കിറങ്ങി. നിലാവ് ഒരു കുളിർതെന്നലിന്‍റെ കൈവീശലോടെ അവളുടെ മുഖത്തുരുമ്മി. അതവളെ ക്ഷണിച്ചുകൊണ്ടിരുന്നു. ഇത്രനാളും വെറും നിഴലായി പറ്റിക്കൂടിയിട്ടെന്ത് നേടി? ഇഷ്ടങ്ങളെ, സ്വാതന്ത്ര്യങ്ങളെ; ഒന്നൊന്നായി ബലി കൊടുത്തിട്ട് എന്ത് നേടി? ഈ നിരാശാപൂർണമായ ജീവിതമല്ലാതെ...

അവൾ മുറ്റത്തേക്കിറങ്ങി. നിലാവ് അവളെ അമ്മ വാത്സല്യത്തോടെ പുണർന്നു.

കയ്യിലുണ്ടായിരുന്ന ആശ്രിതനിയമനത്തിന്‍റെ ഫോറവും ആനുകൂല്യങ്ങളുടെ ചില കടലാസുകളും അവൾ വായിച്ചുപോലും നോക്കിയില്ല. ഏറെ നാളത്തെ ആട്ടവും പാട്ടുംകൊണ്ട് മുഖരിതമായ നിലയിൽ ആ രാത്രി നിലാവിനെ നുകർന്ന് സ്വച്ഛത വരുത്തി. എങ്ങു നിന്നോ നിറഞ്ഞെത്തിയ സൗഹൃദക്കാറ്റിൽ മരച്ചില്ലകൾ അവളോട് തലയാട്ടി. ഒരു ഊർജപ്രവാഹം അവളുടെ ഉള്ളിലേക്ക് ഒഴുകിയെത്തി. പുതിയ സ്വാതന്ത്ര്യത്തിന്‍റെ കാറ്റ് ഊഷ്മളമായി അവളിലെ സ്വത്വത്തെ എതിരേറ്റു. അവൾ കയ്യിലെ ഫോറങ്ങളും കടലാസുകളും മറ്റും പിച്ചിച്ചീന്തിയെറിഞ്ഞു.

വേണ്ട; അയാളുടെ ഔദാര്യങ്ങളൊന്നുമെനിക്ക് വേണ്ട. ഇനി ഞാൻ ഞാനാകുന്നു. തനിച്ചായ ഞാൻ, ആരുടെയോ ഭാര്യയായി അമ്മയായി അല്ല; എന്‍റെ തന്നെ ഹൃദയത്തിന്‍റെ ജന്മസ്ഥലമായി ഒരു ഞാൻ.

ഞാനൊരു വിധവയല്ല, ഒരു സ്ത്രീയാണ്. ഓരോ നിഴലിലും തിളങ്ങുന്ന തന്‍റെ കണ്ണീരുള്ള കാഴ്ചയും ചിരിയിലേക്കുള്ള അർഹതയും തിരിച്ചടിച്ച് നേടുന്ന മനുഷ്യ സ്ത്രീ... വൈധവ്യം എനിക്ക് സ്വാതന്ത്ര്യം തന്നുവോ? അല്ല-മരണമാണ് ആ ഗിഫ്റ്റ്. പക്ഷേ, ജീവിതം ഞാൻതന്നെയാണ് തിരികെ വാങ്ങേണ്ടത്.

നിഴലസ്തമിച്ചു. ഇനി ഞാനാകണം. പുതിയ പുതിയ യാത്രകൾ, ഇഷ്ടപ്പെട്ട ജീവിതങ്ങൾ... ചങ്ങലകളില്ലാത്ത ബന്ധങ്ങൾ...

അവൾ ഉറച്ച കാൽവെപ്പോടെ, നിലാവ് നൽകിയ തെളിച്ചത്തോടെ നടന്നുതുടങ്ങി. ഉച്ചത്തിൽ ആരോ ചിരിക്കുകയും ഒച്ച​െവച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ആരോ തന്നെ പിന്തുടരുന്നുണ്ടോ? അവൾ തിരിഞ്ഞുനോക്കി.

ഇല്ല, ആരുമില്ല. നിശ്ശബ്ദവും നിശ്ചലവുമായ രാത്രി. ആ രാത്രിയോട് അവൾക്ക് ഏറെ ഇഷ്ടം തോന്നി. രാത്രിയെ പുണർന്ന് ആവുന്നത്ര ഉച്ചത്തിൽ ചിരിക്കാനും സംസാരിക്കാനുമായെങ്കിൽ?

Tags:    
News Summary - malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-17 05:15 GMT
access_time 2026-08-17 03:15 GMT
access_time 2026-08-10 06:00 GMT
access_time 2026-08-10 05:45 GMT
access_time 2026-08-10 05:30 GMT
access_time 2026-08-09 02:19 GMT
access_time 2026-07-27 05:45 GMT
access_time 2026-07-27 04:30 GMT
access_time 2026-07-20 05:45 GMT
access_time 2026-07-20 05:15 GMT