“പുതിയൊരു സ്ഥലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കിട്ടുന്ന സമാധാനം,’’ ചില്ലു ജാലകത്തിലൂടെ കാണുന്ന അടുക്കിവെച്ച ചെറുകെട്ടിടങ്ങളെ ഗൗനിക്കാതെ എതിർവശത്തെ ഒഴിഞ്ഞ കസേരയെ നോക്കിക്കൊണ്ടവൾ പറഞ്ഞു. ഒരു ഡ്രാഗണെപ്പോലെ പുകയൂതുന്ന മേൽക്കൂരയും അതിനു പുറകിൽനിന്ന് എത്തിനോക്കുന്ന ലൈബ്രറിയെന്ന ബോർഡും അവളുടെ മനസ്സിനെ സാന്ത്വനിപ്പിച്ചു. “അതൊരു ലൈബ്രറിയാണോ?” അടക്കിപ്പിടിക്കാനാകാതെ, കൗതുകം പുറത്തേക്ക് തുളുമ്പി. “സ്കൂളാണ്.’’ അപ്പോഴാണവൾ ആകാശത്തേക്കുയരാൻ കൊതിച്ചു ചുമരിൽ പറ്റിപ്പിടിച്ചുനിൽക്കുന്ന മഞ്ഞയും ചുവപ്പും നീലയും നിറങ്ങളിലുള്ള ബലൂണുകളുടെ ചിത്രം ശ്രദ്ധിച്ചത്. ഭൂതകാലത്തിൽ നിന്നുള്ള കുട്ടികളുടെ ഇരമ്പൽ...
“പുതിയൊരു സ്ഥലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കിട്ടുന്ന സമാധാനം,’’ ചില്ലു ജാലകത്തിലൂടെ കാണുന്ന അടുക്കിവെച്ച ചെറുകെട്ടിടങ്ങളെ ഗൗനിക്കാതെ എതിർവശത്തെ ഒഴിഞ്ഞ കസേരയെ നോക്കിക്കൊണ്ടവൾ പറഞ്ഞു. ഒരു ഡ്രാഗണെപ്പോലെ പുകയൂതുന്ന മേൽക്കൂരയും അതിനു പുറകിൽനിന്ന് എത്തിനോക്കുന്ന ലൈബ്രറിയെന്ന ബോർഡും അവളുടെ മനസ്സിനെ സാന്ത്വനിപ്പിച്ചു.
“അതൊരു ലൈബ്രറിയാണോ?” അടക്കിപ്പിടിക്കാനാകാതെ, കൗതുകം പുറത്തേക്ക് തുളുമ്പി.
“സ്കൂളാണ്.’’
അപ്പോഴാണവൾ ആകാശത്തേക്കുയരാൻ കൊതിച്ചു ചുമരിൽ പറ്റിപ്പിടിച്ചുനിൽക്കുന്ന മഞ്ഞയും ചുവപ്പും നീലയും നിറങ്ങളിലുള്ള ബലൂണുകളുടെ ചിത്രം ശ്രദ്ധിച്ചത്. ഭൂതകാലത്തിൽ നിന്നുള്ള കുട്ടികളുടെ ഇരമ്പൽ ആ നിമിഷമവളുടെ ചെവിയിലേക്ക് തുളച്ചുകയറി. അതോടൊപ്പം തീരെ ഇടുങ്ങിയ കുത്തനെയുള്ള മരകോണിപ്പടിയും വലിയ പെട്ടികൾ കയറ്റിവെക്കാനുള്ള തട്ടുകളും കൊതുകു വലകൾക്ക് പുറകിൽ ചുളിവുകളില്ലാതെ പേടിച്ചുവിറച്ചു നിൽക്കുന്ന ബെഡ് ഷീറ്റുകളും ഓർമവന്നു.
“ഇതുവരെ നിന്ന ഏതെങ്കിലും സ്ഥലത്തെ ഇഷ്ടത്തോടെ ഓർക്കാറുണ്ടോ?” ഓർക്കാപ്പുറത്തായിരുന്നു ആ ചോദ്യം. വെള്ളത്തിനടിയിലൂടെ വന്നതുപോലെ ആ ശബ്ദം അവ്യക്തമായിരിക്കുന്നതെന്താണെന്ന് ചിന്തിക്കവേ അവൾ ഒരു ദീർഘ നിശ്വാസമെടുത്തു. സമുദ്രത്തിനടിയിലെ മീനുകളെയും കോറൽ റീഫുകളെയും കണ്ടു സുഗമമായി ഒഴുകി നടക്കുന്നതിനിടയിലെപ്പോഴോ വായിലൂടെ ശ്വാസമെടുക്കുന്നതൊരു ബുദ്ധിമുട്ടായിത്തോന്നുകയായിരുന്നു. സ്കൂബ ഡൈവിങ് ടീം മുമ്പ് കാണിച്ചുതന്ന അപകട സിഗ്നലുകളെല്ലാം അപ്പോളവൾ മറന്നു. വെപ്രാളത്തിൽ ഓക്സിജൻ മാസ്കും വലിച്ചൂരി. ഒടുക്കം, മൂക്കിൽ അവശേഷിച്ച വെള്ളത്തെ പുറംതള്ളിയപ്പോൾ ആ ഭയമൊരു ഭയമല്ലാതായിത്തീർന്നുവോ?
മലിനമാകുന്ന സമുദ്രജലം. താപനില ഉയരുമ്പോൾ വിഷ സംയുക്തങ്ങൾ സൃഷ്ടിക്കുന്ന ആൽഗേകൾ. ശ്വാസംമുട്ടുമ്പോൾ ആൽഗയെ വലിച്ചെറിയുന്ന കോറൽ റീഫുകൾ. വലിച്ചെറിയപ്പെടാൻ മാത്രം താനെന്ത് തെറ്റാണ് ചെയ്തതെന്നറിയാൻ വെമ്പുന്നു ആൽഗേകൾ.
“നീ നീയായി ജീവിച്ചു. നീ ഒരിക്കലും ഉയർന്ന താപനിലയോട് പ്രതികരിക്കാൻ പാടില്ലായിരുന്നു,” കോറൽ റീഫ് കുറ്റപ്പെടുത്തി. ‘നിലനിന്നു എന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണെങ്കിൽ അങ്ങനെയാകട്ടെ’, ആൽഗേയുടെ ശബ്ദം ആദ്യമായി വർണമത്സ്യങ്ങളുടെ കാതിലെത്തി. നിറമില്ലാത്ത ജീവിതമാസ്വദിക്കുന്നതിനിടയിലെപ്പോഴോ കോറൽ സമുദ്രത്തിനടിയിലേക്ക് തളർന്നുവീണു. അന്നവൾക്കൊരു കടൽച്ചിപ്പി സമ്മാനിച്ച ആ സമുദ്രത്തിന്റെ അടിത്തട്ട് കോറൽ റീഫിനെ ആശ്ചര്യത്തോടെ നോക്കി.
സ്വയം രക്ഷക്കായി അതുല്യമായ ഒരു ചിപ്പി നിർമിച്ചശേഷം അതിൽ പതിയിരുന്ന ആ ജീവിയെ ഒന്നു കണ്ടുമുട്ടാൻ കഴിഞ്ഞിരുന്നെങ്കിൽ.
“പഴയതെല്ലാം ഉപേക്ഷിച്ചു പോകാനുള്ള പരിപാടിയാണോ?” ശൂന്യതയിൽനിന്നും വീണ്ടുമൊരു ചോദ്യമുയർന്നു.
അപ്രതീക്ഷിതമായി ആ ചോദ്യമവളുടെ ചിന്തകളെ കടന്നുപിടിച്ചു. അങ്ങനെ എളുപ്പത്തിലൊന്നിനേയും ഉപേക്ഷിക്കുന്ന സ്വഭാവക്കാരിയല്ല താൻ. പഴയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കടലാസു കെട്ടുകളുമൊരിക്കൽ കൂടിച്ചേർന്ന് വലിയൊരു മോൺസ്റ്ററായി പരിണമിച്ച് തന്‍റെനേരെ വരുന്നത് അവളുടെ നിദ്രകളെ ശല്യപ്പെടുത്താറുണ്ട്.
“ഓ... സോറി,” ഒന്നു രണ്ടു നിമിഷങ്ങൾക്കൂടി വേണ്ടിവന്നു കയ്യിൽപ്പടർന്ന ചൂടിനെ തിരിച്ചറിയാൻ.
“ഈ കടലാസ് കപ്പായതുകൊണ്ടാ പിടിവിട്ടുപോയത്.”
വെള്ളനിറത്തിലുള്ള ചുരിദാറിൽപ്പടർന്ന കാപ്പിക്കറ കഫേ ലാറ്റേയിലെ ഹൃദയത്തെപ്പോലെ ചിതറിയോടാൻ ശ്രമിച്ചു. ലക്ഷദ്വീപിൽനിന്നുള്ള മടക്കയാത്രയിലായിരുന്നു വഴിയിലെ ചായക്കടയിൽനിന്നു വാങ്ങിയ കാപ്പി കടലാസു ഭിത്തികളെ ഭേദിച്ച് തന്റെ കയ്യിലേക്ക് തുളുമ്പിയത്.
“കാപ്പി മറിഞ്ഞു. വാട്ടർ ടാപ്പുണ്ടോ ഇതൊന്നു കഴുകാൻ?” മൂന്നാല് ദിവസം സ്നേഹസമ്പന്നരായ ലക്ഷദ്വീപുകാർക്കിടയിൽ താമസിച്ചതു കൊണ്ട് വാക്കുകൾക്ക് നല്ല ഒഴുക്കുണ്ടായിരുന്നു. കടക്കാരന്റെ നിശ്ശബ്ദതയിൽനിന്നാണ് താൻ നാട്ടിലെത്തിയെന്ന തിരിച്ചറിവ് അവൾക്കുണ്ടായത്.
“ഈ ഭൂമിയിൽ സമാധാനമുള്ള സ്ഥലങ്ങളുമുണ്ടെന്നറിയുന്നത് ആശ്വാസമല്ലേ?”
“അവിടെയല്ലല്ലോ നമ്മൾ താമസിക്കുന്നത്,” കൂറ്റൻ ഗ്ലാസിലൂടെ താഴോട്ട് നോക്കിക്കൊണ്ടവൾ പറഞ്ഞു.
താഴെ, ഒരു ഹോട്ടലിനു മുന്നിലുള്ള ചെറുവഴിയിലൂടെ താൻ നടന്നു പോകുന്നതായവൾ കണ്ടു. പലചരക്കും പഴങ്ങളും പച്ചക്കറികളും നിറച്ച കവറുകളുണ്ട് കയ്യിൽ. തോളിലൊരു കനമുള്ള ബാഗും. അരികിലായി നടക്കുന്ന എട്ടു വയസ്സുകാരിയും. ഭാരത്തെ വകവെക്കാതെ അവൾ മകളോടു വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അണയാതിരിക്കാനെത്ര ശ്രമിച്ചിട്ടും കെട്ടുപോകുന്ന വിളക്കിന്‍റെയുള്ളിലെ കനലാണ് തന്നെ ചിരിക്കാൻ സഹായിക്കുന്നതെന്നവൾക്കറിയാം. യന്ത്രത്തെ ഉപേക്ഷിച്ചുപോകാനെളുപ്പമാണ്. കേടായ യന്ത്രഭാഗങ്ങൾ നന്നാക്കിയെടുത്തും ദ്രവിച്ചുതുടങ്ങിയ വിജാഗിരികളിൽ കൃത്യമായി ഓയിലൊഴിച്ചു ചേർത്തുപിടിക്കാനുമാണ് ബുദ്ധിമുട്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ അവളുടെ യന്ത്രം സാവധാനം മുന്നോട്ടുനീങ്ങി.
“നിങ്ങൾക്കെല്ലാം ഉപേക്ഷിക്കരുതോ? എന്നിട്ട് മറ്റൊരു സ്ഥലത്തേക്കു ചേക്കേറിയാൽ മതിയല്ലോ,” ആ ശബ്ദം വീണ്ടുമവളെ സമീപിച്ചു.
“പക്ഷികളെപ്പോലെ, അല്ലേ?”
“അല്ല, ദേശാടനം താൽക്കാലികമാണല്ലോ. ഇത് എന്നെന്നേക്കുമായുള്ള ഒരു മാറ്റമാണ്,” ശൂന്യതയിൽനിന്ന് വരുന്ന ശബ്ദത്തിന് ഇപ്പോൾ കൂടുതൽ വ്യക്തതയുണ്ടായിരുന്നു.
“അതേ. എന്നെന്നേക്കുമായുള്ള ഒരൊളിച്ചോട്ടം. നാം ജീവിച്ച പരിസരങ്ങളെയും നമ്മുടെതന്നെ ഒരു ഭാഗത്തെയും പിച്ചിച്ചീന്തി മറ്റൊരു പൂവ് തേടിയുള്ള യാത്ര -ഒരു നാടോടിയെപ്പോലെ. എനിക്കതിനു താൽപര്യമില്ല. കാരണം, എനിക്കെന്‍റെ ഒരു ഭാഗത്തെയുമങ്ങനെ വലിച്ചെറിയാൻ താൽപര്യമില്ല. തന്നെയുമല്ല, ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റണമെന്നുമുണ്ട്.”
ശൂന്യതയിൽനിന്നൊരു ശബ്ദം വന്നു. ഒരു മൂളലോ മുരളലോ അങ്ങനെയെന്തോ ഒന്ന്. അതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ശ്രമിക്കവേ അടുത്തുള്ള മരത്തിലേക്ക് ഒരുകൂട്ടം കാക്കകൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിപ്പറന്നുവന്നു. എന്തെങ്കിലും അപകടം സംഭവിച്ചതാകുമോ? ഭക്ഷണം കണ്ടുപിടിച്ചതുമാകാലോ. അത് പ്രിയപ്പെട്ടവരുമായി പങ്കിടാനുള്ള പുറപ്പാടായിരിക്കാം. ഒരു കണക്കിന് പറഞ്ഞാൽ മനുഷ്യരേക്കാൾ മനുഷ്യത്വമുള്ളവരാണ് മൃഗങ്ങളും പക്ഷികളും വൃക്ഷലതാദികളും.
പുളിമരത്തിന്‍റേതുപോലുള്ള ചെറിയ ഇലകളുള്ള കൂറ്റൻമരത്തിൽക്കണ്ട നാരുപോലുള്ള പിങ്ക് പൂക്കൾ അവൾക്കത്ഭുതമായിരുന്നു. എത്ര നേരമതിങ്ങനെ നോക്കിയിരുന്നെന്നറിയില്ല. അപ്പോഴേക്കും ആ മരത്തിലെ ഇലകൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. അടുത്തദിവസം കാറ്റത്ത് പറക്കാമെന്ന് പ്രത്യാശിച്ച് ബലൂണുകളും കുട്ടികളെ കാത്തിരുന്നു മടുത്ത പുസ്തകങ്ങളും പതിയെ കണ്ണുകളടച്ചു. കോറൽ റീഫും ഉറങ്ങിയെന്നുറപ്പായത്തോടെ ധൈര്യം സംഭരിച്ചു ആൽഗേ പതിയെ നീങ്ങിത്തുടങ്ങി. അവളും തന്‍റെ പുതിയ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോൾ, ശൂന്യത ചുരുങ്ങിപ്പോകുന്നത് അവളറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.