സിംഗുര്‍ റോസ്

“Tell me who knows, a peaceful place where I can go To clear my head I’m feelin’ low, losin’ control My heart is sayin’ leave, oh, What a tangle web we weave.” -Tupac Shakur [‘Do for love’]അർധരാത്രി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം നോക്കി ടെറസില്‍ മലര്‍ന്നുകിടന്നുകൊണ്ട് അലി ഉമ്മയോട് പറഞ്ഞു: ‘‘ആളുകളും നല്ലതാണ് ഉമ്മാ!’’ നക്ഷത്രങ്ങളുടെ തിളക്കം അവന്‍റെ കണ്ണുകളില്‍ വീണ് ചിതറി. എത്രയോ ദൂരം അകലെയിരുന്നുകൊണ്ട് ഉമ്മ ആശ്വസിക്കുന്നത് അവനന്നേരം കാണാന്‍ കഴിഞ്ഞു. ‘‘നല്ലോണം പണിയെടുത്ത് പൈസയുണ്ടാക്കി മോന്‍ ഇനിയും പഠിക്കണം. ഉമ്മാന്‍റെ ആഗ്രഹാത്!’’ അവന്‍ ഉമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. ശ്വാസംവലിക്കുമ്പോള്‍ നെഞ്ചിനകത്തെ കുറുകലിനിപ്പോള്‍ കുറവുണ്ടെന്ന് ഉമ്മ പറഞ്ഞു. അവനോട് നല്ല കിനാവുകള്‍...

“Tell me who knows, a peaceful place where I can go To clear my head I’m feelin’ low, losin’ control My heart is sayin’ leave, oh, What a tangle web we weave.” -Tupac Shakur [‘Do for love’]

അർധരാത്രി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം നോക്കി ടെറസില്‍ മലര്‍ന്നുകിടന്നുകൊണ്ട് അലി ഉമ്മയോട് പറഞ്ഞു:

‘‘ആളുകളും നല്ലതാണ് ഉമ്മാ!’’

നക്ഷത്രങ്ങളുടെ തിളക്കം അവന്‍റെ കണ്ണുകളില്‍ വീണ് ചിതറി. എത്രയോ ദൂരം അകലെയിരുന്നുകൊണ്ട് ഉമ്മ ആശ്വസിക്കുന്നത് അവനന്നേരം കാണാന്‍ കഴിഞ്ഞു.

‘‘നല്ലോണം പണിയെടുത്ത് പൈസയുണ്ടാക്കി മോന്‍ ഇനിയും പഠിക്കണം. ഉമ്മാന്‍റെ ആഗ്രഹാത്!’’

അവന്‍ ഉമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. ശ്വാസംവലിക്കുമ്പോള്‍ നെഞ്ചിനകത്തെ കുറുകലിനിപ്പോള്‍ കുറവുണ്ടെന്ന് ഉമ്മ പറഞ്ഞു. അവനോട് നല്ല കിനാവുകള്‍ കണ്ട് ഉറങ്ങിക്കോളാന്‍ പറഞ്ഞ് ഫോണ്‍ വെക്കുന്നതിനിടയില്‍ ഉമ്മായുടെ ശബ്ദം മുറിഞ്ഞ് നിറുത്താനാവാത്ത നീണ്ട ചുമകളിലേക്ക് മറിഞ്ഞു.

ടെറസില്‍ അവന്‍ എഴുന്നേറ്റിരുന്നു. രാത്രികാല നഗരം ഉറക്കമില്ലാത്ത അതിന്‍റെ തിളങ്ങുന്ന കണ്ണുകള്‍കൊണ്ട് അവനെ തുറിച്ച് നോക്കി. പൊതുവെ ശാന്തമായ അതിന്‍റെ വീഥികളിലൂടെ ഒട്ടും സ്വാസ്ഥ്യമില്ലാത്ത ഒരുഷ്ണക്കാറ്റ് ഒന്നാഞ്ഞുവീശി ഒഴിഞ്ഞുപോയി. അലി എഴുന്നേറ്റ് ടെറസിലെ തന്‍റെ ഒറ്റമുറി താമസസ്ഥലത്തെ വാതില്‍ പതുക്കെ തുറന്നു. സഹമുറിയനായ റഹീമിന്‍റെ താളത്തിലുള്ള കൂര്‍ക്കംവലികള്‍ കടുംചുവപ്പ് നിറമടിച്ച മുറിക്കകത്തെ ചൂടുവായുവില്‍ ഉഷ്ണത്തിരകളുണര്‍ത്തി. താഴെ വിരിച്ചിട്ട പായയില്‍ കമിഴ്ന്നുകിടന്നുറങ്ങാന്‍ നോക്കുന്ന അലിയുടെ മനസ്സില്‍ അണപൊട്ടിയപോലെ ജന്മദേശത്തിന്‍റെ ദൃശ്യങ്ങള്‍ ഒഴുകിവന്നു.

വിളഞ്ഞു കിടക്കുന്ന തോട്ടങ്ങളിലൂടെ ഓടിമറയുന്ന സ്കൂള്‍കുട്ടികള്‍. ചാഞ്ഞുവീഴുന്ന സായാഹ്ന സൂര്യന്‍റെ ആറിത്തണുത്ത സ്പര്‍ശം. വളഞ്ഞു നീണ്ടുപോകുന്ന അറ്റമില്ലാത്ത ഗ്രാമപാതകളിലൂടെ പണികഴിഞ്ഞ് നടന്നുവരുന്ന തന്‍റെ വാപ്പ. മറന്നുകളയണം, എല്ലാം മറന്നുകളയണം. അവന്‍ കണ്ണുകള്‍ അമര്‍ത്തിയടച്ചു.

പിറ്റേന്ന് സന്ധ്യക്കാണ് അലി സഫിയയെ ആദ്യമായി കാണുന്നത്. ഇടപ്പള്ളിയില്‍ വൈകുന്നേരങ്ങളില്‍ മാത്രം തുറക്കുന്ന ‘മൂണ്‍ലൈറ്റ് കഫേ’ നടത്തുകയായിരുന്നു സഫിയ. ഭര്‍ത്താവില്‍നിന്ന് മോചനം നേടിയ അവള്‍ക്ക് എട്ടു വയസ്സുകാരിയായ ഷംന എന്ന മകളുണ്ട്. സഫിയയുടെ ‘മൂണ്‍ലൈറ്റില്‍’ നാലാമത്തെ പണിക്കാരനായിട്ടാണ് അലി ഇന്നലെ ജോലിക്ക് ചേര്‍ന്നത്. പാതയോരത്ത് ഒറ്റക്കുനില്‍ക്കുന്ന ഒരു രണ്ടുനില കെട്ടിടത്തിന്‍റെ താഴത്തെനിലയില്‍ മനോഹരമായ മഞ്ഞനിറത്തിലുള്ള രണ്ട് മുറികളും ഒരു അടുക്കളയും ചേര്‍ന്നതാണ് ‘മൂണ്‍ലൈറ്റ്’. കഫേയുടെ മുന്നിലായി തന്നെ ഷവര്‍മയും ഗ്രില്‍ഡ് ചിക്കനും ഉണ്ടാക്കിക്കൊണ്ടിരുന്നു.

കസ്റ്റമേഴ്സില്‍നിന്നും ഓര്‍ഡറെടുത്ത് ഭക്ഷണം കൊണ്ടുകൊടുക്കുന്ന പണിയായിരുന്നു അലി ചെയ്തത്. മലയാളമറിയില്ലെങ്കിലും ഹിന്ദിയും മുറി ഇംഗ്ലീഷും ഉപയോഗിച്ച് അവന്‍ പരമാവധി ഭംഗിയായി ജോലിചെയ്യാന്‍ ശ്രമിച്ചു. കഫേയില്‍ മിക്കപ്പോഴും നല്ല തിരക്കുണ്ടായിരുന്നു. ഇടമുറിയാതെ കസ്റ്റമേഴ്സ് വന്നുകൊണ്ടിരുന്നു. അധികവും ചെറുപ്പക്കാരായ കമിതാക്കളായിരുന്നു. കിച്ചണില്‍ റഹീമും ഇജാസും നിന്നപ്പോള്‍ ഭക്ഷണം കൊണ്ടുക്കൊടുക്കാനായി അലിയും ഹിഷാമും ഓടി നടന്നു. ആത്മാർഥമായി പണിയെടുക്കുന്ന അലിയെ സഫിയക്ക് ഇഷ്ടമായി. കുഞ്ഞു ഷംനക്ക് അതിനേക്കാളും ഇഷ്ടമായി.

അര്‍ധരാത്രി പന്ത്രണ്ടുമണി വരെ നീളുന്ന പണിക്കുശേഷം അലി കുബൂസ് മയണൈസില്‍ മുക്കിയ ചെറിയ ചിക്കന്‍ കഷണവും സലാഡും കൂട്ടി വായിലോട്ടു വെച്ചു. ഭക്ഷണത്തിനിടയില്‍ അവന്‍ ആലോചനയുടെ നൂലാമാലയില്‍പ്പെട്ട് വലഞ്ഞു. ഉമ്മ ഇപ്പോള്‍ ഒറ്റക്ക് എന്തുചെയ്യുകയായിരിക്കും?

ഉമ്മായുടെ ശ്വാസകോശം പണ്ടുമുതലേ ദുർബലമായിരുന്നു. വാപ്പ ഉമ്മായെ ജോലിക്കൊന്നും പറഞ്ഞയച്ചിരുന്നില്ല. വാപ്പായെ കാണാതായതിനുശേഷം ഉമ്മാക്ക് പക്ഷേ ജോലിക്ക് പോകേണ്ടിവന്നു. കളിമണ്ണുകൊണ്ട് ചെറിയ ചായക്കപ്പുകള്‍ ഉണ്ടാക്കലായിരുന്നു ഉമ്മായുടെ തൊഴില്‍. ദുർബലയായ അവര്‍ തന്‍റെ നീണ്ടുമെലിഞ്ഞ വിരലുകള്‍കൊണ്ട് ദിവസവും തനിക്ക് കഴിയാവുന്നിടത്തോളം നേരം പണിയെടുത്തു. സ്കൂളില്‍നിന്നു വരുന്ന അലിക്ക് നല്ല ചൂടുള്ള ചായ അവരാ മൺകപ്പുകളില്‍ ഒഴിച്ചുകൊടുക്കും. ആവി പൊന്തുന്ന ചായ കുടിക്കുമ്പോള്‍ ഉമ്മായുടെ ഗന്ധംകൂടി മൂക്കിലേക്ക് വരും. പശിമയുള്ള കളിമണ്ണിന്‍റെ മണമായിരുന്നു തന്‍റെ ഉമ്മാക്കെന്ന് അലി ഓര്‍ത്തു.

ഒരു നിമിഷവും പാഴാക്കാതെ എന്തെങ്കിലും ജോലികള്‍ എപ്പോഴും ചെയ്തുകൊണ്ടിരുന്ന ഉമ്മായുടെ ചിത്രം ഉള്ളില്‍ വന്ന് നിറഞ്ഞു. അപ്പോള്‍ വായ്ക്കുള്ളിലെ കുബൂസും മയണൈസുമെല്ലാം അരഞ്ഞ് കുറുകി സ്വന്തം രുചി നഷ്ടമായി ഉമിനീരിനോട് കലര്‍ന്ന് മറ്റെന്തോ ആയിത്തീര്‍ന്നു. രുചിയേറിയ ഭക്ഷണങ്ങളുടെ രൂപമാറ്റം അവന് പുതുതായിരുന്നില്ല. മുമ്പ് ഗോവയില്‍ പണിയെടുത്ത ഹോട്ടലിലെ കൂമ്പാരമായി കിടന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അഴുകി രൂപം മാറുന്നതും ദുര്‍ഗന്ധം വമിക്കുന്നതും പുഴുക്കള്‍ നുരയുന്നതും അവന്‍ ഒരുപാട് കണ്ടിട്ടുണ്ട്. പഴകുംതോറും സ്വാദിഷ്ഠമായ ആഹാരത്തിന് എവിടെനിന്നാണ് ഇത്രയും മാറ്റങ്ങള്‍ വരുന്നതെന്ന് അവന്‍ ആലോചിക്കാറുണ്ട്. അവയുടെ ഉള്ളില്‍തന്നെയുള്ളവയാണോ അതോ പുറത്തുനിന്നു വന്നവയാണോ മാറ്റങ്ങളുണ്ടാക്കുന്നത്?

അന്നു രാത്രിയും മൂണ്‍ലൈറ്റ് കഫേയുടെ മുകളിലെ ഒറ്റമുറിയിലെ പുഴുകിയ വായുവില്‍ പതിവുപോലെ റഹീം ഉറങ്ങിക്കിടന്നു. കടുംചുവപ്പ് നിറമടിച്ച മുറിയുടെ ചുവരുകളില്‍ പല ഭാഗങ്ങളിലായി നിറമിളകി അടര്‍ന്നുപോയിരുന്നു. വാതില്‍ പതുക്കെ തുറന്ന് അലി പുറത്തേക്കിറങ്ങി. അവന്‍ കുളിച്ച് വൃത്തിയായി നീല ബനിയനും ഗ്രേ നിറമുള്ള ബര്‍മുഡയും ധരിച്ചിരുന്നു. സമയം ഏകദേശം പാതിരാത്രി കടന്ന് ഒരു മണിയായിക്കാണും. മൊബൈല്‍ ഫോണില്‍ റിങ് ചെയ്യുമ്പോള്‍ അലിക്കറിയാമായിരുന്നു ഉമ്മ ഉറങ്ങിക്കാണില്ലെന്ന്. തന്‍റെയീ വിളിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാവുമെന്നും അലിക്കറിയാമായിരുന്നു. രണ്ടാമത്തെ റിങ് പൂര്‍ത്തിയാവുന്നതിനു മുമ്പേ ഉമ്മ ഫോണെടുത്തു.

സംഭാഷണത്തിനിടയില്‍ ഉമ്മായുടെ ശ്വാസം വലിയുന്നത് വ്യക്തമായി ഇങ്ങേത്തലക്കല്‍ കേള്‍ക്കാമായിരുന്നു. കൃത്യമായി ഉമ്മക്ക് മരുന്നു വാങ്ങിക്കൊടുക്കാന്‍പോലും കഴിയാത്തതിന്‍റെ ജാള്യം അവനില്‍ കയ്പായി നിറഞ്ഞു. അതിനെ മറികടക്കാന്‍ അവന്‍ മധുരമുള്ള വിശേഷങ്ങള്‍ മാത്രം ഉമ്മായോട് പറഞ്ഞു. ജോലിക്കിടയില്‍ സഫിയ അടുത്തുവിളിച്ച് ഒരു ലൈം ടീം കുടിച്ചോളാന്‍ പറഞ്ഞത് പ്രത്യേകം എടുത്തുപറഞ്ഞു. കുഞ്ഞു ഷംന ഗൗരവക്കാരിയാണെങ്കിലും ഓമനത്തമുള്ളവളാണെന്നും അലി കൂട്ടിച്ചേര്‍ത്തു. ടെറസില്‍ ആകാശം നോക്കിക്കിടക്കുമ്പോള്‍ അവനെ അങ്ങേത്തലക്കല്‍നിന്ന് ഉമ്മായുടെ സന്തോഷത്തിന്‍റെ നിശ്വാസങ്ങള്‍ വന്ന് തഴുകാന്‍ തുടങ്ങി. ഉമ്മായുടെ സന്തോഷത്തില്‍ ആവേശം കയറി അവന്‍ സിംഗൂരിലെ വിശേഷങ്ങള്‍ തിരക്കി. ഉമ്മയൊന്നും പറഞ്ഞില്ല. നീണ്ട നിശ്ശബ്ദത. പിന്നെ, ചുമകളുടെ നെഞ്ചുപിളര്‍ക്കുന്ന രൂക്ഷശബ്ദം. ഫോണ്‍ വെക്കുന്നതിനു മുമ്പ് അലി നിന്നുപോയ പഠിപ്പ് തുടരണമെന്നുമാത്രം അവര്‍ പറഞ്ഞൊപ്പിച്ചു.

‘മൂണ്‍ലൈറ്റ്’ കഫേയിലെ വൈകുന്നേരങ്ങള്‍ അലിക്ക് പൊതുവേ രസകരമായിരുന്നു. ലാഘവം നിറഞ്ഞ അവന്‍റെ പെരുമാറ്റം പൊതുവെ ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. കമിതാക്കളായ കസ്റ്റമേഴ്സിന് അവനോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. ഇടക്ക് ഒഴിവുള്ളപ്പോള്‍ മാറിനിന്ന് അവനും കമിതാക്കളെ ശ്രദ്ധിക്കാറുണ്ടായിരുന്നു. തന്‍റെതന്നെ പ്രായമുള്ള അവരുടെ പ്രണയചേഷ്ടകള്‍ കാണുമ്പോള്‍ അവന്‍ പ്രണയത്തെക്കുറിച്ചോര്‍ക്കും. ഇവര്‍ക്ക് ഇത്രയും സന്തോഷവും ഊർജവും ഉണ്ടാകുന്നത് പ്രണയത്തില്‍നിന്നാണെങ്കില്‍ അത് തീര്‍ച്ചയായും നല്ലൊരു വികാരംതന്നെയായിരിക്കും.

 

അലിക്ക് ഇതുവരെ അങ്ങനെയാരോടും പ്രണയം തോന്നിയിട്ടില്ല. സുന്ദരികളായ സ്ത്രീകളെ കാണുന്നത് അവനിഷ്ടമാണ്. മൊബൈല്‍ ഫോണില്‍ അതിസുന്ദരികളായ സ്ത്രീകളുടെ റീല്‍സ് അവന്‍ കാണാറുണ്ട്. പക്ഷേ, അതിങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കുറച്ച് സമയം കഴിഞ്ഞാല്‍ അവന് ഭയം തോന്നാന്‍ തുടങ്ങും. എന്തോ അരുതാത്തത് ചെയ്യുന്നതിന്‍റെ കനം അവനില്‍ കല്ലിച്ചുകിടക്കും. അവന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് കണ്ണുകളമര്‍ത്തിയടക്കും. ഒഴിഞ്ഞ പള്ളിമുറിയില്‍ നിസ്കാരം ചെയ്യുന്നതിനിടയില്‍ മുറിക്കുള്ളിലൂടെ അതിവേഗം ചരിക്കുന്ന കറുത്ത നിറമുള്ള വിഷപ്പാമ്പിനെ സ്വപ്നം കണ്ട ഒരു പുലര്‍കാലം അലിക്കപ്പോള്‍ ഓർമവരും. നല്ല വേനലിലെന്നപോലെ അവനപ്പോള്‍ വിയര്‍ക്കാന്‍ തുടങ്ങും.

വൈകുന്നേരങ്ങളില്‍ സഫിയ കുഞ്ഞു ഷംനയോടൊപ്പം തന്‍റെ ഹോണ്ട ആക്ടിവയില്‍ വന്നുചേരും. ക്യാഷിലിരിക്കുന്ന അവരുടെ കൈയിലായിരിക്കും മൊത്തം കാര്യങ്ങളുടെ കടിഞ്ഞാണുമുള്ളത്. എല്ലാവരുടെയും ചലനങ്ങളെ അവരറിയാതെ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ഒരു കഴിവ് അവള്‍ക്കുണ്ട്. ഒട്ടും മേധാവിത്വം പ്രകടിപ്പിക്കാത്ത സൗമ്യമായ എന്നാല്‍ പറയേണ്ടിടത്ത് പറയേണ്ടത് ദൃഢമായി പറയാന്‍ കഴിയുകയും ചെയ്യുന്ന തരം പ്രകൃതമായിരുന്നു അവരുടേത്. തന്നോട് വളരെ മൃദുവായിട്ടാണ് അവര്‍ പെരുമാറുന്നതെന്ന് അലിക്ക് തോന്നിയിട്ടുണ്ട്. ഇടനേരങ്ങളില്‍ മാറിനിന്ന് അവനവരെ നിരീക്ഷിക്കാറുണ്ട്.

മുഖത്തേക്ക് വീഴുന്ന ഇളം നീല തട്ടം പതുക്കെ മുകളിലേക്കുയര്‍ത്തുന്നതും പണം വാങ്ങി എണ്ണി കസ്റ്റമേഴ്സിനെ നോക്കി സൗമ്യമായി ചിരിക്കുന്നതും കുഞ്ഞു ഷംനയെ തന്നോട് ചേര്‍ത്തുപിടിച്ച് ക്യാഷ് കൗണ്ടറില്‍ തന്നെയിരുത്തുന്നതും അവന്‍ സന്തോഷത്തോടെ കാണും. ഇടക്ക് കൗണ്ടറില്‍ തന്നെയിരുന്ന് അവര്‍ അവനെ കൈകൊണ്ട് ആംഗ്യം കാണിച്ച് അടുത്തേക്ക് വിളിപ്പിക്കും. ക്ഷീണം മാറ്റാനായി നാരങ്ങ ജ്യൂസ് കുടിക്കാന്‍ പറയും. മൊരിച്ചെടുത്ത കായബജ്ജി കഴിക്കാന്‍ കൊടുക്കും. അന്നേരങ്ങളില്‍ സഫിയായെ കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് അവന് തോന്നി. അവരുടെ വിടര്‍ന്നുപൂത്ത കണ്ണുകളും നിലാവുപോലെയുള്ള ആ ചിരിയും അവനേറെ ഇഷ്ടമാണ്. നന്നായി തുടുത്ത കൈകളില്‍ മുകളിലേക്ക് പടര്‍ന്നുകയറുന്ന ഇളം പച്ച ഞരമ്പുകള്‍ അവനവരറിയാതെ നോക്കും. പെട്ടെന്ന് മുഖം തിരിച്ച് അവന്‍ വഴി തെറ്റിക്കുന്ന പലതരം തോന്നലുകളെക്കുറിച്ച് ബോധവാനാകും. സഫിയായെക്കുറിച്ച് അവരുടെ ജീവിതത്തെക്കുറിച്ച് കൂടുതലായി ഒന്നുമറിയേണ്ടതില്ലെന്ന് അവനന്നേരം തീരുമാനിക്കും.

മൂണ്‍ലൈറ്റ് കഫേയുടെ മനോഹരമായ വെളിച്ചവും ഇരുട്ടും ഇടകലര്‍ന്ന മൂലയില്‍ നന്നായി മെലിഞ്ഞ മധ്യവയസ്കന്‍റെ കൂടെയിരുന്ന് വലിയ ചില്ലുപാത്രത്തില്‍ സേമിയ ചേര്‍ത്തു കൊഴുത്ത ഫലൂദ കഴിക്കുന്നതിനിടയിലും തന്നെ മോഹത്തോടെ നോക്കുന്ന ആ മധ്യവയസ്സുള്ള തടിച്ചുരുണ്ട യുവതിയുടെ നോട്ടത്തെ തനിക്ക് എങ്ങനെയും എങ്ങോട്ടും കൊണ്ടുപോകാവുന്നതാണ്. വളരെ ക്ഷണികമായ ഒരാകര്‍ഷണം തന്‍റെ യുവത്വം തുടിക്കുന്ന ശരീരത്തോട് അവര്‍ക്ക് തോന്നിയതാവാം. തീവ്രമായ ഒരാസക്തിയുടെ കനല്‍ ആ നോട്ടത്തിന്‍റെ വേരുകളില്‍ ഒളിച്ചിരിക്കുന്നുണ്ടാവുമോ? അതോ പരദേശ തൊഴിലാളികളോട് പൊതുവേ സുന്ദരികളായ മലയാളി യുവതികള്‍ക്ക് തോന്നുന്ന വില കുറഞ്ഞ അനുകമ്പയില്‍നിന്നുടലെടുത്ത ഒരുതരം താഴ്ന്ന നോട്ടമാണോ അത്! ഇനി ശരിക്കും അവരുടെ അതേ മാന്യതയുള്ള ഒരാളായി തന്നെ കണ്ടുകൊണ്ട് സ്നേഹപൂർവം നോക്കുന്നതായിരിക്കുമോ ഇത്!

എല്ലാ രാത്രികളിലും പണികഴിഞ്ഞ് ടെറസില്‍ ആകാശം നോക്കി കിടന്ന് അവന്‍ ഉമ്മായോട് സംസാരിക്കും. മനസ്സില്‍ തോന്നുന്ന കാര്യങ്ങളെല്ലാം അവന്‍ ഉമ്മായോട് പറയും. ഒന്നൊഴിച്ച്. കാണാതായ തന്‍റെ വാപ്പായെക്കുറിച്ച് മാത്രം അവന്‍ ഒന്നും ചോദിക്കുകയോ പറയുകയോ ഇല്ല. തങ്ങളുടെ കൃഷിഭൂമിയില്‍ വ്യവസായം തുടങ്ങാനുള്ള ടാറ്റായും ഗവണ്‍മെന്‍റും ചേര്‍ന്നുള്ള വന്‍ പദ്ധതികളെ എതിര്‍ക്കുന്നവരുടെ മുന്‍പന്തിയില്‍ അവന്‍റെ വാപ്പയുണ്ടായിരുന്നു. സമരത്തിനിടയില്‍ ഒരുദിവസം വാപ്പായെ കാണാതായി. ഒത്തിരി അന്വേഷിച്ചു. ഒരുപാട് സ്ഥലങ്ങളിലും ഒരുപാട് ആളുകളോടും അന്വേഷിച്ചു. നിരാശയായിരുന്നു ഫലം. ഇപ്പോള്‍ അലി ആരോടും വാപ്പായെക്കുറിച്ച് ഒന്നും പറയാറില്ല.

പണി കഴിഞ്ഞു വന്ന് കുളിച്ച് നിലത്ത് പായയില്‍ മലര്‍ന്നുകിടക്കുന്ന വാപ്പയുടെ രോമം നിറഞ്ഞ മാറിനുമേലെ കുഞ്ഞലിയെ കമിഴ്ത്തിക്കിടത്തും. അവന്‍റെ പുറത്ത് തലോടി വാപ്പ എന്തോ ആലോചനകളില്‍ മുഴുകി അങ്ങനെ കിടക്കും. വാപ്പ വീണ്ടും പെട്ടെന്ന് വിയര്‍ക്കാന്‍ തുടങ്ങും. കക്ഷങ്ങളില്‍ ഉരുണ്ടുകൂടി ഒലിച്ചിറങ്ങാന്‍ തുടങ്ങുന്ന വിയര്‍പ്പിന്‍റെ ഗന്ധം മൂക്കിലേക്കടിച്ചു കയറും. നീണ്ട ശ്വാസോച്ഛ്വാസങ്ങളില്‍ ബീഡിപ്പുകയുടെ പഴകിയ ഗന്ധം പരക്കാന്‍ തുടങ്ങും. അന്തിനേരത്തെ സുവർണനിറം ഇടുങ്ങിയ മുറിയില്‍ വന്ന് നിറയുമ്പോള്‍ വാപ്പ അവനെ മാറ്റി പതുക്കെ എണീറ്റ് വീടിനു പുറത്തേക്കിറങ്ങും. ബീഡിപ്പുക ഊതിയൂതി പടിഞ്ഞാറനാകാശത്തേക്ക് നോക്കി ഒരു കല്‍പ്രതിമപോലെ നില്‍ക്കും. അന്നേരം വിദൂരമായ ഏതോ കാലത്തെ പഴകി പൊടിപിടിച്ച ഗതകാല പ്രൗഢി മാത്രമുള്ള കറുപ്പും വെളുപ്പും കലര്‍ന്ന ചിത്രത്തിനുള്ളിലെന്ന പോലെ ഉമ്മായെയും അലി കണ്ടു. തന്‍റെ ജീവിതത്തിന്‍റെ കേന്ദ്രമായ ആ പഴകിയ ചിത്രത്തെ ചിതലരിക്കാതെ എന്നും കാക്കണമെന്ന് അവനുറച്ചു.

വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ പാഴ്സല്‍ കൊടുക്കാനായി അലി പുറത്തേക്ക് പോകാറുണ്ട്. നിലക്കാത്ത സന്തോഷങ്ങളുടെ നഗരമാണ് കൊച്ചിയെന്ന് അപ്പോള്‍ അലിക്ക് തോന്നും. അവസാനിക്കാത്ത ആഘോഷ രാവുകളാണ് ഇവിടത്തെ ഓരോ രാത്രിയും. ആകാശം മുട്ടേ വളര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങളും കൂറ്റന്‍ പരസ്യപ്പലകകളും കണ്ണഞ്ചിപ്പിക്കുന്ന തരം ആഡംബര കാറുകളും ഈ നഗരത്തിലുണ്ട്. മനുഷ്യരില്‍ ഇത്രമാത്രം സന്തോഷം പൂത്തുലയുന്നത് എന്തുകൊണ്ടാണെന്ന് അലിക്ക് സംശയം തോന്നി! സിംഗൂര്‍ വിട്ട് താനെന്തിനാണ് ഗോവയിലേക്കും കൊച്ചിയിലേക്കും വന്നതെന്ന് അവനോര്‍ത്തു. കൂടുതല്‍ സൗകര്യങ്ങളും സുഖങ്ങളും തേടിയുള്ള യാത്രയിലാണ് താനടക്കമുള്ള എല്ലാവരും.

നിറുത്തിയിട്ട ഓട്ടോറിക്ഷയില്‍ ചാരിയിരുന്ന് മൊബൈല്‍ ഫോണില്‍ സിനിമ കാണുന്ന ചേട്ടനേയും വഴിയോരത്ത് തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന വലിയ പേരക്കകള്‍ വില്‍ക്കാന്‍ വെച്ച തമിഴത്തിയെയും നോക്കി കൊറച്ച് നിമിഷങ്ങള്‍ അവന്‍ നില്‍ക്കും. തെരുവിന്‍റെ മൂലയില്‍ ഒതുക്കിയിട്ട തേപ്പുവണ്ടിയില്‍ ഒതുങ്ങിനിന്ന് വസ്ത്രം ഇസ്തിരിയിടുന്ന കഷണ്ടിയുള്ള ചേട്ടനും ചെവിയില്‍ വലിയ ഹെഡ്ഫോണ്‍ വെച്ച് തലയാട്ടി പാട്ടുകേട്ടുകൊണ്ട് കൈ ആഞ്ഞു വീശി നടക്കുന്ന കുടവയറുള്ള മധ്യവയസ്ക്കനും അവന്‍റെ ചിന്തയെ ശരിവെക്കും. എങ്കിലും കൊച്ചിയിലെ കട്ടിയുള്ള ക്ലോറിന്‍ വെള്ളത്തേക്കാള്‍ നല്ലതായിരുന്നു നാട്ടിലെ തെളിനീര്‍വെള്ളം. അവിടത്തെ വായുവില്‍ ഇത്രയും പുകയുടെ നാറ്റമുണ്ടായിരുന്നില്ല. എന്തും വിളയുന്ന ഫലഭൂയിഷ്ഠമായ മണ്ണും നാട്ടിലുണ്ട്. കൊഴിഞ്ഞുപോകുന്ന മുടിയിഴകളെ നോക്കിനില്‍ക്കുമ്പോള്‍ അലിക്ക് തോന്നും താന്‍ സുഖസൗകര്യങ്ങളുടെ പുറകെ ഓടുകയല്ല മറിച്ച് എന്തില്‍നിന്നോ രക്ഷനേടാന്‍ എങ്ങോട്ടെന്നില്ലാതെ പരക്കം പായുകയാണെന്ന്.

കഫേയില്‍ തീറ്റബാക്കി തുടച്ചു കളയുമ്പോഴും നിറുത്താതെ പാടുന്ന ഹിപ്ഹോപ് ഗാനങ്ങള്‍ കേള്‍ക്കുമ്പോഴും അതിഗൗരവത്തില്‍ ഇംഗ്ലീഷില്‍ പരസ്പരം തര്‍ക്കിക്കുന്ന കമിതാക്കളെ കാണുമ്പോഴും തന്നിലെന്തോ നികത്താനാവാത്ത ശൂന്യതയുണ്ടെന്നവനു തോന്നി. പാനിപൂരി തിന്നു തീര്‍ത്ത് ഇടക്ക് റഹീം തരുന്ന ഹാന്‍സ് ചവച്ച് തെരുവിലൂടെ പാഞ്ഞുപോകുന്ന കടുംപച്ച നിറത്തിലുള്ള ലംബോര്‍ഗിനി കാണുമ്പോഴും യഥാർഥത്തില്‍ ഒരു വികാരവും ഉണ്ടാകാത്തതായി അവന് തോന്നി. തലേ ദിവസത്തെ ഭക്ഷണാവശിഷ്ടങ്ങള്‍ എടുത്തു കളയാനായി ചെല്ലുമ്പോള്‍ അഴുകി തുടങ്ങിയ തീറ്റ സാധനങ്ങളുടെ മേല്‍ ആര്‍ത്തിയോടെ ചലിക്കുന്ന കൂറകളെ കാണുമ്പോള്‍ മാത്രം അവന്‍ കാര്‍ക്കിച്ച് തുപ്പും. ഭക്ഷണവും വിസര്‍ജ്യവും തുപ്പലും കഫക്കട്ടയും രക്തവും അവന്‍റെയുള്ളില്‍ കൂടിക്കലരും. അവന്‍ ധൃതിയില്‍ കുളിമുറിയിലെ അഴുക്കു പിടിച്ച വാഷിങ്ങ് ബേസിനിലേക്ക് മുഖം കമിഴ്ത്തും.

പ്ലസ് ടൂവില്‍ നിന്നുപോയ പഠനത്തെക്കുറിച്ച് എപ്പോഴും ഉമ്മ പറയാറുണ്ട്. വിയര്‍പ്പു നാറിയ കിടക്കപ്പായില്‍ കിടന്ന് അവന്‍ ദിവസവും രാവിലെ ഉറച്ച തീരുമാനമെടുക്കും. പണിയെടുത്ത കാശുകൊണ്ട് താന്‍ പഠനം തുടരും. ഉമ്മായുടെ കേടുപാടുകള്‍ വന്ന ശ്വാസകോശം എത്രയും പെട്ടെന്ന് വിദഗ്ദ്ധമായ ചികിത്സ കൊടുത്ത് ശരിപ്പെടുത്തണം. സിംഗൂരിലേക്ക് വീണ്ടും തിരിച്ചുപോകണം. മാര്‍ബിള്‍ തറയില്‍ മുറുക്കാന്‍ ചവച്ചു തുപ്പിയതിന്‍റെ കഴുകിയാല്‍ പോകാത്ത കറ പോലും തുടച്ചു തുടച്ച് വൃത്തിയാക്കുന്നതുപോലെ എല്ലാം ശരിയാക്കണം. സര്‍ക്കാറിനെതിരെയും കോടീശ്വരന്മാര്‍ക്കെതിരെയും സമരംചെയ്ത ഉപ്പായുടെ കൈയിലെ കൊടി നിലത്തുവീണ് പൊടിപിടിച്ചു കിടക്കുന്നത് അവനന്നേരം കണ്ടു.

ഉപ്പ നിന്ന നിൽപില്‍ അദൃശ്യനായത് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. അത് ഒരിക്കലും ഉള്‍ക്കൊള്ളാനാവുകയുമില്ല. ഉപ്പായെ വീണ്ടും തിരയണം. കൂടുതല്‍ വർണങ്ങളും കൂടുതല്‍ ശബ്ദങ്ങളും കൂടുതല്‍ വെളിച്ചങ്ങളും കാണുമ്പോള്‍ എല്ലാം മറന്ന് ഓടിയണയുന്ന ഈയാംപാറ്റയായി ആ ഉപ്പയുടെ മകന്‍ മാറിപ്പോകുന്നുണ്ടെന്ന തോന്നല്‍ ചിലപ്പോള്‍ ഒരു കടന്നലിന്‍റെ കുത്തുപോലെ വേദനിപ്പിക്കാറുണ്ട്. മൂത്രച്ചൂരുള്ള ഇടുങ്ങിയ കുളിമുറിയിലെ വിള്ളലു വീണ ചെറിയ മുഖക്കണ്ണാടിയില്‍ വിളറിയ പ്രതിബിംബം നോക്കി നില്‍ക്കുമ്പോള്‍ അലി വീണ്ടും എല്ലാം മറന്നുകളയാനും ഒന്നില്‍നിന്നും വീണ്ടും തുടങ്ങാനും ദൃഢനിശ്ചയം ചെയ്യും.

സഫിയ വല്ലാത്തൊരു ആശ്വാസമായിരുന്നു. വിണ്ടുകീറിയ തന്‍റെ ജീവിതത്തിന്‍റെ വിടവുകളിലേക്ക് പതുക്കെ ഒഴുകിവന്ന് നിറയുന്ന തണുപ്പുള്ള വര്‍ഷകാല ജലമാണ് സഫിയ. തോന്നലുകള്‍കൊണ്ട് താന്‍ നിർമിക്കുന്ന ഒരു മരീചികമാത്രമാണ് സഫിയയെന്ന് ചില നേരങ്ങളില്‍ സംശയിക്കാറുണ്ട്. സത്യമാണെങ്കിലും ഇല്ലെങ്കിലും സഫിയ സാന്ത്വനമേകുന്ന ഒരു തണല്‍മരംപോലെയാണ്. തന്‍റെയുള്ളിലെ ശൂന്യതയുടെ പരപ്പുകളില്‍ വേരുകളാഴ്ത്തി പടരുന്ന ഒരു തണല്‍മരം.

അർധരാത്രി ഉമ്മയോട് പറയാറുള്ള വിശേഷങ്ങള്‍ സഫിയയെക്കുറിച്ച് മാത്രമായിരുന്നു.

‘‘വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണ് അവരെന്ന് തോന്നുന്നു ഉമ്മാ. എന്നോട് എപ്പോഴും വല്ലാത്ത കരുതലുമുണ്ട്. ഉമ്മായെപ്പറ്റി എപ്പോഴും ചോദിക്കും. ചില നേരങ്ങളില്‍ അടക്കാനാവാത്ത സ്നേഹം അവരോട് തോന്നാറുണ്ട്!’’

പെട്ടെന്ന് അവന്‍ ഫോണ്‍ കട്ട് ചെയ്യും.

മുഴുവന്‍ ദിവസം പണിയെടുത്ത് ശരീരം തളര്‍ന്നു പോകുമ്പോഴും മനസ്സില്‍ കെടാതെ ജ്വലിച്ചുനില്‍ക്കുന്ന ഒരാളുടെ ഓർമപോലെയാണത്. നിരന്തരം കാണാന്‍ പ്രേരിപ്പിക്കുന്ന ചുറ്റുവട്ടത്തെവിടെയെങ്കിലും ആ മണവും പിടിച്ചുനില്‍ക്കാന്‍ തോന്നിപ്പിക്കുന്ന കൊതി പിടിപ്പിക്കുന്ന സാന്നിധ്യമാണത്. അപ്രതീക്ഷിതമായി നേരെ വരുന്ന നോട്ടങ്ങളിലെ തീ പിടിപ്പിക്കുന്ന ഒടുങ്ങാത്ത അഗ്നിയുമാണ്. പനി പിടിപ്പിക്കുന്ന, ജ്വരംപോലെയുള്ള ആ കാഴ്ചയെ ‘സ്നേഹം’ എന്ന വാക്കുകൊണ്ട് വിനിമയം ചെയ്യാനാകുമോ?

പരിമിതമായ, കനം കുറഞ്ഞ ആ വാക്ക് പൊടിയുന്ന തൂവല്‍പോലെ കാറ്റില്‍ പാറിപ്പറന്നു പോകുന്നു. രാവിലെ കുളിമുറിയിലെ വിള്ളലു വീണ കണ്ണാടിയില്‍ തെളിയുന്ന നേരിയ മഞ്ഞനിറമുള്ള തന്‍റെ മുന്‍വരിപ്പല്ലുകളിലേക്ക് അപകര്‍ഷതയോടെ അവന്‍ നോക്കി. എത്ര വിലകൂടിയ ടൂത്ത് പേസ്റ്റിട്ട് കഴുകിയാലും പോകാത്ത ആ മഞ്ഞപ്പ് അവനെ നോക്കി ഇളിച്ചുകാട്ടി. തോന്നലുകളാണ്! എല്ലാം തന്‍റെ നശിച്ച തോന്നലുകളാണ്! കണ്ണുകളമര്‍ത്തിയടച്ചപ്പോള്‍ തുടുത്ത കൈകളിലെ ഞരമ്പുകളുടെ ഇളം പച്ച നിറവും നിലത്തുവീണ പൊടിപിടിച്ച കൊടിയിലെ മങ്ങിയ ചുവപ്പും ഒഴിഞ്ഞ നിസ്കാരമുറിയിലെ അതിവേഗം ചരിക്കുന്ന വിഷപ്പാമ്പിന്‍റെ കറുപ്പും ഇട കലര്‍ന്ന് തലകറങ്ങാന്‍ തുടങ്ങി. ബക്കറ്റില്‍ നിറച്ചുവെച്ച തണുത്തജലം അവന്‍ തലയിലേക്ക് ഒഴിച്ചു.

അന്നു രാത്രി സിംഗൂരിലെ ഉപേക്ഷിച്ചുപോന്ന വീടായിരുന്നു സ്വപ്നം കണ്ടത്. അടച്ചുപൂട്ടിയ മുറിക്കുള്ളില്‍ ദുഃഖം നേര്‍ത്ത പൊടിപോലെ തണുത്ത തറകളില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ശിരസ്സിനുള്ളില്‍ നിലക്കാത്ത വിലാപങ്ങളുയരാന്‍ തുടങ്ങി. അവസാനമായി എന്നാണ് ഞാനവിടത്തെ കണ്ണാടിയില്‍ മുഖം നോക്കിയത്? എന്നാണ് ആ വാതിലുകള്‍ അവസാനമായി അടച്ചുപൂട്ടിയത്?

കിഴക്ക് വെള്ളകീറുമ്പോള്‍, കൊച്ചിയുടെ വിജനമായ തെരുവുകള്‍ തെളിഞ്ഞുവരുമ്പോള്‍, മുടിഞ്ഞുപോയ ഒരു തണുത്ത കാറ്റ് വീശിയടിക്കാന്‍ തുടങ്ങുമ്പോള്‍ പെരുക്കുന്ന തലയുമായി അലി ഇടുങ്ങിയ കുളിമുറിയില്‍ കടക്കും. സമാധാനം കിട്ടാനുള്ള അവസാനമാർഗം എന്നനിലയില്‍ ബര്‍മുഡയുടെ ബട്ടണുകള്‍ അവനഴിക്കും. പെരുകിവരുന്ന ഒരു അമര്‍ഷം അവനില്‍ വന്ന് നിറയും. ഉറഞ്ഞാടിയ ആ നിമിഷങ്ങള്‍ ഒടുങ്ങി അവന്‍ തളര്‍ന്ന് കുളിമുറിയുടെ മൂലയില്‍ കുനിഞ്ഞിരിക്കും. കൊച്ചിയുടെ തെരുവുകളില്‍ അടഞ്ഞുകിടക്കുന്ന കടകള്‍ അപ്പോള്‍ തുറക്കാന്‍ തുടങ്ങും. തിളങ്ങുന്ന കണ്ണുകളുമായി ഉ​േന്മഷത്തോടെ സ്കൂള്‍ കുട്ടികള്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങും. അന്തരീക്ഷത്തിലാകെ പ്രതീക്ഷയുടെ നേരിയ സുഗന്ധം നിറഞ്ഞുനില്‍ക്കും. അപ്പോള്‍ വിദൂരമായ ദേശങ്ങളും ഭയപ്പെടുത്തുന്ന ആഴങ്ങളും മറന്ന് അവന്‍ മയങ്ങാന്‍ തുടങ്ങും.

ആദ്യമാസത്തെ ശമ്പളം ഒരു ശനിയാഴ്ച വൈകുന്നേരം സഫിയ അലിക്ക് കൊടുത്തു. അന്നു രാത്രി ഉമ്മാക്ക് എന്താണ് താന്‍ വാങ്ങിത്തരേണ്ടതെന്ന് ചോദിച്ച അലിയോട് തനിക്കൊന്നും വേണ്ടെന്നും നിന്‍റെ സഫിയാക്ക് നല്ലൊരു സമ്മാനം വാങ്ങി കൊടുക്കാനും ചിരിച്ചുകൊണ്ട് ഉമ്മ പറഞ്ഞു. തന്‍റെ ആലോചനയിലില്ലാത്ത നൂതനമായ ഒരാശയം പറഞ്ഞുതന്ന ഉമ്മാക്ക് ഉമ്മ കൊടുത്തതിനുശേഷം അവന്‍ ഫോണ്‍ കട്ട് ചെയ്തു.

 

പിറ്റേന്ന് ഞായറാഴ്ച നട്ടുച്ചക്ക് ബ്രോഡ് വേയിലെ ചെറിയ ഞരമ്പുകള്‍പോലെ പടര്‍ന്നുകയറിയ ഇടവഴികളിലെ കച്ചവടസ്ഥാപനങ്ങള്‍ക്കിടയിലൂടെ സഫിയക്ക് കൊടുക്കാന്‍ പറ്റിയ ഒരു സമ്മാനത്തിനുവേണ്ടി അലയുമ്പോള്‍ സൂര്യന്‍ അലിയുടെ ശിരസ്സിനു നേരെ മുകളിലുണ്ടായിരുന്നു. തൃപ്തിവരാതെ അവന്‍ ഒരു കടയില്‍നിന്നും അടുത്ത കടയിലേക്ക് കയറി, വീണ്ടുമിറങ്ങി അടുത്ത കടയിലേക്ക് നടന്നു. ഒടുവില്‍ തിരച്ചില്‍ നിർത്തി നിരാശനായി പോകാന്‍ തുടങ്ങുകയായിരുന്ന അവന്‍റെ മുന്നില്‍ തൊട്ടാല്‍ ചുവന്നു കത്തുന്ന സംഗീതം പൊഴിക്കുന്ന ഒരു ഹൃദയം മനോഹരമായ കുഞ്ഞുചതുരത്തിനുള്ളിലായി കാത്തുനിന്നു! അലിക്കത് ഇഷ്ടമായി. വിലപേശലുകള്‍ നടത്താതെ പറഞ്ഞ പൈസ കൊടുത്ത് അവനത് വാങ്ങി.

ഷര്‍ട്ടിന്‍റെ പോക്കറ്റിലിടാവുന്ന വലിപ്പമേ അതിനുള്ളൂ. ചുവന്ന ഹൃദയത്തില്‍ പതുക്കെ വിരലുകളമര്‍ത്തുമ്പോള്‍ മിന്നിക്കൊണ്ട് മധുരസംഗീതം പൊഴിക്കുന്ന ആ സമ്മാനം അവന്‍ ഷര്‍ട്ടിന്‍റെ കീശയിലിട്ടു. പൊള്ളുന്ന ചൂടത്ത് ഒരു മൂളിപ്പാട്ടും പാടി നടക്കാന്‍ തുടങ്ങിയ അവന്‍റെ മൊബൈല്‍ ഫോണ്‍ അന്നേരം റിങ് ചെയ്യാന്‍ തുടങ്ങി. പാന്‍റിന്‍റെ പോക്കറ്റില്‍നിന്നെടുത്ത ഫോണില്‍ ഉമ്മായുടെ നമ്പറാണ് കാണിച്ചത്. അപ്പുറത്ത് പക്ഷേ ഉമ്മായുടെ ശബ്ദമായിരുന്നില്ല. അയൽപക്കത്തെ വാപ്പയുടെ ഉറ്റസ്നേഹിതനായ മജീദിക്കയായിരുന്നു.

ഇടറുന്ന ശബ്ദത്തില്‍ അയാള്‍ അലിയോട് എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടണമെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ച അലിയോട് ശ്വാസംമുട്ടും നെഞ്ചുവേദനയും സഹിക്കാനാവാതെ ഉമ്മായെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചുപോയെന്ന് എങ്ങനെയോ ഉമിനീര് വരണ്ട ശബ്ദത്തില്‍ അയാള്‍ പറഞ്ഞുതീര്‍ത്തു. ശബ്ദങ്ങളില്ലാത്ത ഇരുണ്ട ഒരു ഗുഹയായിത്തീര്‍ന്നു അലിക്ക് ലോകം. മേഘരഹിതമായ ആകാശം തന്‍റെ മേല്‍ ഇടിഞ്ഞുവീഴുന്നതായി അലിക്ക് തോന്നി. തലയുയര്‍ത്തി നില്‍ക്കാനാവാത്ത ശൂന്യമെന്ന് തോന്നിയ ബ്രോഡ്​േവ തെരുവില്‍ അവന്‍ മുട്ടുകുത്തി വീണു. കാല്‍മുട്ടിലെ തൊലിയടര്‍ന്ന് ചോര വന്നു.

ആദ്യമായാണ് അലി സഫിയ താമസിക്കുന്ന വീട്ടിലെത്തുന്നത്. ആകാശ നീല നിറമുള്ള ഒരു രണ്ടുനില കെട്ടിടമായിരുന്നു അത്. വീടിനു മുന്നില്‍ നന്നായി മഞ്ഞയും ചുവപ്പും പൂക്കളുള്ള ഒരു ചെറിയ തോട്ടമുണ്ട്. ഹോണ്ടാ ആക്ടിവ ആ ഉച്ചനേരത്ത് ശാന്തനായി വീടിനു മുന്നില്‍ അടങ്ങിയിരിക്കുന്നുണ്ട്. അലി വീടിനു മുന്നിലേക്ക് കയറിച്ചെല്ലുമ്പോള്‍ പുറത്ത് ഷംന മാത്രമേയുള്ളൂ. പൂമുഖത്തിരുന്ന് ചായപ്പെന്‍സിലുപയോഗിച്ച് ഒരു കൊച്ചുവീടിന് നിറം കൊടുക്കുകയായിരുന്നു അവള്‍. അതില്‍തന്നെ മുഴുകിപ്പോയ അവള്‍ കുറച്ച് കഴിഞ്ഞാണ് അലിയെ കാണുന്നത്. അവള്‍ പുസ്തകവും ചായപ്പെന്‍സിലുകളും താഴെവെച്ച് സഫിയയെ വിളിച്ച് ഉള്ളിലേക്കോടി. കൊറച്ച് കഴിഞ്ഞ് സഫിയ ഒരു വശത്തേക്ക് വിടര്‍ത്തിയിട്ട മുടി തുണികൊണ്ട് തുടച്ച് ഷംനയുമായി പുറത്തേക്ക് വന്നു. കുളി കഴിഞ്ഞ് വരികയായിരുന്ന സഫിയ അലിയെക്കണ്ട് അത്ഭുതത്തോടെ ചിരിച്ചു.

‘‘വാ അലി, ഉള്ളിലേക്കിരിക്കാം.’’

സഫിയ മുറ്റത്തേക്കിറങ്ങി.

‘‘എനിക്ക് ഇന്നു വൈകുന്നേരം നാട്ടില്‍ പോകണം.’’

എല്ലാ ശക്തിയുമെടുത്ത് അലി പറഞ്ഞു.

ഒന്നും മനസ്സിലാവാതെ എന്തിനെന്ന ചോദ്യഭാവത്തില്‍ സഫിയ അവനെ നോക്കി.

‘‘എന്‍റെ ഉമ്മ മരിച്ചു!’’

അലി ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.

പെട്ടെന്ന് സഫിയ,

‘‘ങ്ങേ, അതെങ്ങനെയാ അലീ...

ഇന്ന് ഞായറാഴ്ച വൈകീട്ട്...

റഹീമിന്ന് ലീവാ... നീയും കൂടി...

ഇതൊക്കെ ഒന്നു നേരത്തെ പറയണ്ടേ...’’

എന്നിങ്ങനെ തുടര്‍ച്ചയായി ചെറിയ നിറുത്തലുകളോടെ പുലമ്പാന്‍ തുടങ്ങി. പിന്നെ, പെട്ടെന്ന് അരുതാത്തതെന്തോ പറഞ്ഞുപോയതിലുള്ള കുറ്റബോധത്തില്‍ മുഖം ഇരുണ്ടു. നിസ്സഹായമായി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി തിരിഞ്ഞുനടന്ന അലിയുടെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ ആ ചുവന്ന ഹൃദയം പ്രകാശവും സംഗീതവും പൊഴിക്കാതെ കിടക്കുന്നുണ്ടായിരുന്നു.

അന്നു വൈകുന്നേരം ഷാലിമാര്‍ എക്സ്പ്രസിലെ പരദേശ തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ ജനറല്‍ കമ്പാർട്​െമന്‍റില്‍ ഒരു മൂലയില്‍ ഒതുങ്ങിയിരുന്ന് പുറത്തേക്ക് നോക്കി അലി നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. അലിയുടെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ സഫിയക്കുള്ള സമ്മാനം അനാഥമായി കിടക്കുന്നുണ്ടായിരുന്നു. മൂവന്തി നേരത്ത് ഉമ്മ മരിച്ച വീട്ടില്‍ തിരിച്ചെത്തുന്ന തന്നെക്കുറിച്ച് അലി അന്നേരം ഓര്‍ത്തു. പാന്‍റിന്‍റെ പോക്കറ്റിലെ ഫോണ്‍ എടുക്കാനായി തുനിഞ്ഞ അയാളുടെ ഇടംകൈ അറിയാതെ അപ്പോള്‍ ഷര്‍ട്ട് പോക്കറ്റില്‍ ഒന്നമര്‍ന്നു. ചുവന്ന ഹൃദയം തെളിഞ്ഞു കത്താനും സംഗീതം പൊഴിക്കാനും തുടങ്ങി.

അത് നിറുത്താനായി വീണ്ടും കൈയമര്‍ത്തിയപ്പോള്‍ അത് നില്‍ക്കാതായി. ചെഞ്ചുവപ്പായ ഹൃദയം തുടര്‍ച്ചയായി മിടിക്കാനും സംഗീതം ഒഴുകാനും തുടങ്ങി. അന്നേരം ആ മിടിക്കുന്ന ഹൃദയത്തില്‍ വേരുകളാഴ്ത്തി ഒരു ചെറിയ ചെടി പതുക്കെ വളരാന്‍ തുടങ്ങി. പുറത്തേക്ക് നീട്ടിയ അതിന്‍റെ ചെറിയ ശാഖകളിലൊന്നില്‍ ഒരു റോസാപുഷ്പം വിടരാന്‍ തുടങ്ങി. ഇരുണ്ടു തുടങ്ങിയ സന്ധ്യാസമയത്ത് ആളുകള്‍ നിറഞ്ഞ കമ്പാര്‍ട്മെന്‍റില്‍ റോസാപുഷ്പം നന്നായി ചിരിച്ചുകൊണ്ട് വിടര്‍ന്നുനിന്നു.

Tags:    
News Summary - malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-24 03:30 GMT
access_time 2026-08-24 02:45 GMT
access_time 2026-08-24 02:15 GMT
access_time 2026-08-24 02:00 GMT
access_time 2026-08-17 05:30 GMT
access_time 2026-08-17 05:15 GMT
access_time 2026-08-17 03:15 GMT
access_time 2026-08-10 06:00 GMT