ഇതൊരു കഥയാക്കണമെന്നൊന്നും എനിക്കില്ല. ചിലപ്പോള്‍ ചുറ്റിനും കണ്ടുവരുന്ന ജീവിതങ്ങളില്‍ ഒന്നാവാം. കാലം ഒരു നീരൊഴുക്കാണ്. തടയാന്‍ പറ്റാത്ത നീരൊഴുക്ക്. അതില്‍ പലതും തട്ടിമറിഞ്ഞ് ഒഴുകിയെന്ന് വരും. തകിടം മറിഞ്ഞങ്ങനെ ഒരു തുരുത്തായി എവിടെയെങ്കിലും അടിഞ്ഞുകൂടിയെന്ന് വരും. കാലത്തിനൊപ്പം മാറിയൊഴുകി സ്വയം മാറ്റിയെടുത്തെന്നും വരും. അതുപോലെയാണ് ജീവിതവും.
ഞാന്‍ കണ്ട പല ജീവിതങ്ങളും, കഥക്കുള്ള അസംസ്കൃതവസ്തുക്കളാണ്. ഒരു കുശവന്‍ കളിമണ്ണുകൊണ്ട് പാത്രങ്ങള്‍ക്ക് ആകാരം പകരുന്നതുപോലെ സ്വന്തം മനസ്സും കൈകളും കൊണ്ട് അവ പരുവപ്പെടുത്തിയെടുക്കുകയാണ് എന്റെ ജോലി. കൈകളെന്ന് പറഞ്ഞാല്‍, പണ്ടത്തെപ്പോലെ വലംകൈകൊണ്ട് മാത്രമല്ലല്ലോ ഇപ്പോഴത്തെ എഴുത്ത്. വല്ലാതെയങ്ങു പിടിച്ചുനിന്ന് കാലത്തിനൊപ്പം മാറ്റിയെടുത്തിട്ടും കടൽത്തിരകളിലകപ്പെട്ട് കരയിലേക്ക് കുതിച്ചടുക്കാന്‍ നോക്കുന്ന ജീവനെ ഓരോ തവണയും ചുഴറ്റിപ്പൊതിഞ്ഞ് നിമിഷനേരങ്ങളിലേക്ക് ഗര്‍ഭത്തിലൊളിപ്പിക്കുന്ന തിരകളെപ്പോലെ വീറും വാശിയോടും കൂടി കാലം, അല്ല ജീവിതം അവളെ വല്ലാതങ്ങ് ചുഴറ്റുകയാണ്. എന്റെ കഥാനായികയെ.
“എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ, ഞാന്‍ എന്തല്ലോലം ആലോയ്ച്ച് കൂട്ടി ഇര്ന്നിറ്റ് നേരം പോയതറഞ്ഞില്ലപ്പാ. സന്ധ്യക്ക് വെളക്ക് ബെക്കണ്ട നേരം കയിഞ്ഞല്ലോ. അന്നേരാ ഓരോ ബേണ്ടാതീനം ആലോയ്ച്ച് കൂട്ട്ന്നെ” എന്ന് മുത്തപ്പന് കേള്‍ക്കാന്‍ പാകത്തില്‍ തെല്ലുറക്കെ പറഞ്ഞുകൊണ്ട് വലിയ വെള്ള ടൈലുകള്‍ പാകി ഗ്രില്ലിട്ടടച്ച് ബന്തവസ്സാക്കിയ ഇറയത്തിലെ നിലത്ത് കൈകുത്തി എഴുന്നേറ്റപ്പോള്‍ മാക്സിയില്‍ കാല്‍ തടഞ്ഞുവീഴാന്‍ പോയപ്പോഴും ശീലാവതിയുടെ കണ്ണുകള്‍ വഴിക്കണ്ണുകളായി ചെറിയ ഇരുമ്പു ഗേറ്റില്‍ തറഞ്ഞുനിന്നു.
കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന മകന്‍ വസന്തന് വേണ്ടിയാണ് ദൈവം അവള്‍ക്ക് കണ്ണുകള്‍ കൊടുത്തിരിക്കുന്നതെന്ന് തോന്നും അവയിലെ ആകാംക്ഷയും വെപ്രാളവും കണ്ടാല്‍. അടിതെറ്റാതിരിക്കാന്‍ ശ്രമിച്ച് നിവര്‍ന്നു നിന്നപ്പോള്‍ താനിരുന്ന നിലത്തുനിന്ന് കാട്ടുകല്ലുകളുടെ ചീളുകളില്‍നിന്നുയര്‍ന്ന ഗന്ധം തന്നോടൊപ്പം ഉയര്‍ന്ന് വന്നതായി അവള്‍ക്ക് തോന്നി. അവളത് ആവോളം മൂക്കിലേക്ക് വലിച്ചുകയറ്റി. വെള്ളവും മണ്ണും ചേര്‍ത്ത് കുഴച്ചതിന്‍ മേലുറപ്പിച്ച, വലുപ്പം ഒപ്പിച്ചെടുത്ത ചീളുകള്‍. ഒരല്‍പ നേരത്തേക്ക് ശീലാവതി ഭൂതകാലത്തിലേക്ക് കയറി.
അന്ന്. വരാന്തക്ക് ഇത്രയൊന്നും നീളമുണ്ടായിരുന്നില്ല. ഒരു കുഞ്ഞു നീളത്തില്‍. അതിലേറെ ഇടുങ്ങിയ വീതിയില്‍. നാല് അതിരുകള്‍ക്കുള്ളിലായി. അതിരുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന ചെറു താഴ്ചയിലെ ജലമൂര്‍ന്ന് വറ്റിയ ചെളിയിലുറപ്പിച്ച കാട്ടുകല്ലിന്റെ ചെറു ചീളുകള്‍. ഉണങ്ങിക്കഴിയുമ്പോഴുള്ള വിടവുകളില്‍ ഉറച്ച ചളിക്കൂട്ടുകൊണ്ട് പൊത്തി നിലംതല്ലികൊണ്ട് തച്ചടുക്കി ഉണങ്ങിക്കഴിഞ്ഞ് രണ്ടു പ്രാവശ്യം കട്ടിയില്‍ ചാണകം മെഴുകിയാല്‍ പെണ്ണിനും കുഞ്ഞിക്കും നീന്തി കളിക്കാനും പച്ചോലപാമ്പുകൊണ്ട് തട്ടിക്കളിക്കാനുമുള്ള മൈതാനമായി.
മൈതാനത്തിന്റെ വിസ്തൃതിയിലൂടെ കാട്ടുകല്ലിന്‍റെ മണവും പേറി പച്ചോലപ്പാമ്പിന്റെയും പന്തിന്റെയും കാഴ്ചയില്‍ നടന്ന് ചെന്ന് ഒതുങ്ങിയ പൂജാമുറിയില്‍ കയറി ശീലാവതി ചെറിയ തൂക്കുവിളക്ക് കൊളുത്തി. അതില്‍നിന്ന് വലം കയ്യിലൊതുങ്ങുന്ന ചെറിയ നിലവിളക്ക് കത്തിച്ച് അത് ഇറയത്തിലെ വെള്ള ടൈലിന്റെ മിനുക്കത്തിനു മേലെ വെച്ച് മൂന്നു പ്രാവശ്യം ദീപം എന്ന് പറഞ്ഞു. വലംകൈക്ക് ഇയ്യിടെയായി ശക്തി കുറഞ്ഞുവരുന്നു. തൂവിയ ഒരുതുള്ളി എണ്ണ മതി അടി തെറ്റിക്കാന്‍. ബലക്കുറവിന്റെ കാര്യം കുഞ്ഞിയോട് പറഞ്ഞിട്ടില്ല. പകരം അമ്മയുടെ വകയായി കിട്ടിയ ഏക സമ്പാദ്യമായ ഘനമുള്ള ഓട്ടുവിളക്ക് മാറ്റി കൈപ്പിടിയിലൊതുങ്ങുന്ന ഒരെണ്ണം വാങ്ങിപ്പിക്കുകയായിരുന്നു.
ശീലാവതിക്ക് ഒരിക്കലും ഒടിയാതെ ചരിയാതെ നിലത്ത് പടിഞ്ഞിരിക്കാന്‍ പറ്റുകയില്ല. അവൾ രണ്ടുകാലുകളും ഒടിച്ച് പിന്നോട്ട് ഒരുവശത്തേക്കിട്ട് നിലത്തിരുന്ന് ദേവീമാഹാത്മ്യത്തിലെ ഏതാനും വരികള്‍ ചൊല്ലി. ചൊല്ലുമ്പോള്‍ വിരലുകള്‍ കുഞ്ഞാരാണേട്ടന്‍ കെട്ടിയ കറുത്തചരടിലെ പൊടിപോലത്തെ താലിക്കു താഴെ കഴുത്തിലുള്ള മൂന്നു പവന്റെ സ്വര്‍ണമാലയില്‍ തെരുപ്പിടിച്ചിരിക്കും. വര്‍ഷങ്ങളോളം സഹായിച്ചിട്ടുള്ള മഠത്തിലെ അമ്മച്ചി പ്രാര്‍ഥിക്കുമ്പോള്‍ ചെയ്യുന്നതില്‍നിന്ന് കിട്ടിയ ശീലം. വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കറുത്ത ചരട് നേരിയ സ്വര്‍ണ ചെയിനായി മാറിയിരുന്നു. മഠം വിട്ട ശേഷം സ്വന്തം വീടുപോലെ കരുതി പണിയെടുത്ത വീട്ടിലെ വല്യമ്മയില്‍നിന്ന് കിട്ടിയ ശീലമാണ് ദേവീമാഹാത്മ്യത്തിലെ വരികളുടെ പാരായണം. അര്‍ഥമറിയില്ലെങ്കിലും വല്യമ്മ ചൊല്ലുന്ന അതേ ഈണത്തില്‍ ചൊല്ലുന്നത് മനസ്സിനൊരു കുളിർമയാണ്.
ശീലാവതി മൂന്നാം ക്ലാസു വരെയേ പഠിച്ചിട്ടുള്ളൂ. മുഴു മദ്യപാനിയായ അച്ഛന് സ്കൂളിലേക്കുള്ള വഴിയേത് ജീവിതത്തിലേക്കുള്ള വഴിയേത് എന്ന ബോധ്യം തിരിയാന്‍ ബോധം തെളിഞ്ഞ നേരമില്ല. വിശക്കുന്ന വയറിന്റെ കലിയടപ്പിക്കാന്‍ അമ്മ ജോലിയെടുക്കുന്ന വീട്ടിലേക്ക് ഒരു കൈത്താങ്ങായി ശീലാവതിയെയും കൂട്ടിത്തുടങ്ങി. ആ വീടാണ് ജീവിതത്തെ മാറ്റിപ്പണിയാനുള്ള ഊര്‍ജം അവള്‍ക്ക് കൊടുത്തത്. നന്മകളും അതിലേറെ തിന്മകളും കൊടുത്ത വീട്. തിന്മകളെ തട്ടിയകറ്റാനുള്ള കരുത്ത് പകര്‍ന്ന വീട്. ഒരു വീടിന് മനുഷ്യരെപ്പോലെതന്നെ കയ്യും കാലും മനസ്സും കണ്ണീരും ചിരിയും ഉണ്ടെന്ന് പഠിപ്പിച്ചത് ആ വീടാണ്. പക്ഷേ, സ്വന്തം ജീവിതം കരുപ്പിടിപ്പിച്ച ശേഷം അവള്‍ ഓര്‍മകളിലേക്ക് വലിച്ചിടാതിരിക്കാന്‍ ശ്രമിച്ച ഒരു വീടുകൂടിയായിരുന്നു അത്.
മുക്കാല്‍ ഏക്കര്‍ കൃത്യം വരുന്ന പറമ്പിനു മുന്നിലെ കാട്ടുകല്ലുകള്‍ ചെളിമണ്ണുകൊണ്ട് മെഴുകി കരിങ്കല്ലിനോളം ഭദ്രത വരുത്തി കെട്ടിയ മതിലിന് നടുക്ക് ഇരുമ്പില്‍ തീര്‍ത്ത വലിയൊരു താമര നെടുകെ മുറിച്ച് പാളികള്‍ തുറന്നിട്ടാല്‍ വസന്തന്‍റെ ബൈക്കിന് കയറിവരാനുള്ള സൗകര്യമായി. കാര്‍ വരാനുള്ള സൗകര്യത്തെപ്പറ്റി ശീലാവതി ചിന്തിച്ചിട്ടേ ഇല്ല. അങ്ങനെ വല്ല ചിന്തകളും മനസ്സിലൂടെ ഓടിയാല്‍ത്തന്നെ “ന്റെ മുത്തപ്പാ കൂട്ടിയാ കൂടാത്ത കാര്യങ്ങളൊന്നും ശീലാവതി അലോയ്ക്കറേനും” എന്ന് മനസ്സിന് പിഴയിട്ട് പിടിച്ചുകെട്ടും. താനും തന്റെ ഓനും കൂടെ സമ്പാദിച്ചതാണ് ഈ കാണുന്ന മണ്ണും അതില്‍ നെറഞ്ഞു നില്‍ക്കുന്ന നയ്പും.
പിലാവും മാവും തെങ്ങും വാഴയും സകലമാന പഴച്ചെടികളും ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന് തിക്കിത്തിരക്കി നില്‍ക്കുന്ന ഒരു പുരയിടമാണ്. നല്ലൊരു ഭാഗം പൂച്ചെടികള്‍ക്കു വേണ്ടിയും നീക്കിവെച്ചിട്ടുണ്ട്. ഒരു പെണ്ണുള്ളതിനെ തരക്കേടില്ലാതെ പറഞ്ഞയച്ചെങ്കിലും അവൾക്കും എഴുതി അതിരിട്ട് വെച്ചിട്ടുണ്ട് കാലേക്കര്‍ സ്ഥലം. പെണ്ണിനുശേഷം ഏറെ ആശിച്ചും കാത്തിരുന്നും കിട്ടിയ മകന് വസന്തന്‍ എന്ന് പേരിടാന്‍ കാരണം അവരുടെ പൂച്ചെടി ഭ്രാന്താണ്. സ്കൂളില്‍ ചേര്‍ക്കുന്നതുവരെ അവന്‍ അവര്‍ക്ക് കുഞ്ഞിയായിരുന്നു. ഒരിക്കലും വളരരുതെന്ന് കരുതി പിടിച്ചുകെട്ടി വളര്‍ത്തിയതുപോലെ തോന്നും അവരുടെ രീതികള്‍ കണ്ടാല്‍.
ഇരിപ്പുമുറിക്ക് തൊട്ട് ഒരു കൊച്ചുമുറിയുണ്ട് ശീലാവതിയുടേത് മാത്രമായിട്ട്. ആര്‍ക്കും പ്രവേശനമുണ്ടെങ്കിലും ആരും അതിലേക്ക് കടക്കാറില്ല. കറുപ്പിലും വെളുപ്പിലുമുള്ള ഒരു കൊച്ചു ടി.വി. ചില്ലുമൂടികള്‍ തുറക്കാവുന്ന നാല് തട്ടുകളുള്ള വീതികുറഞ്ഞ ഒരു മരയലമാര. ബിച്ചോർമന്‍ ആശാരിയുടെ കൊച്ചുമകന്‍ യതീന്ദ്രന്‍റെ ടൗണിലുള്ള ഫര്‍ണിച്ചര്‍ കടയില്‍നിന്ന് കുറി വെച്ച് മേടിച്ചത്. അമ്മ പണിക്ക് പോയിരുന്ന തറവാട്ടുവീട്ടിലെ മരപ്പണികള്‍ വലിയ മുറ്റത്തിരുന്ന് ചെയ്യുമ്പോള്‍ അവിടത്തെ കുട്ടികള്‍ക്കായി തീര്‍ത്തുകൊടുത്തിരുന്ന, തനിക്ക് ഒരിക്കലും തൊടാന്‍ കിട്ടാതിരുന്ന മരപ്പാവകളെ നോക്കിനിന്നിട്ടുണ്ട് ശീലാവതി. സ്വയം തനിച്ചെന്ന് തോന്നുമ്പോള്‍ അവള്‍ അലമാര തുറന്ന് ഏതെങ്കിലും പുസ്തകമെടുത്ത് വായിക്കും.
രണ്ടാം ആവര്‍ത്തിയായേക്കാം. തിടുക്കത്തിലാണെങ്കില്‍ തലക്കെട്ടിലൂടെ കണ്ണോടിച്ച് മണപ്പിച്ച് തലോടി തിരിഞ്ഞുനടക്കും. മൂന്നാം ക്ലാസുകാരിയാണെങ്കിലും ചുറ്റിനുമുള്ള തുടിപ്പുകള്‍ ഉള്‍ത്തുടിപ്പുകളായി കൊണ്ടുനടക്കുന്നവളാണ് ശീലാവതി. എന്തിനും ഏതിനും നാരാണ്‍ട്ടാ ന്ന് വിളിച്ച് പുറകെ നടന്നിരുന്ന കുഞ്ഞാരായണന്‍ തനിച്ചാക്കി പോയശേഷം ജീവിതഭാരങ്ങള്‍ ഒന്നയച്ചിറക്കി അടുത്തുള്ള വായനശാലയില്‍ പോയിരുന്ന് പത്രമാസികകള്‍ വായിച്ചിരിക്കാന്‍ തുടങ്ങിയതാണ്. തുടര്‍ന്ന് അംഗത്വമെടുത്ത് പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് വായിക്കാൻ തുടങ്ങി. നല്ലതെന്ന് തോന്നുന്നവ വസന്തനോട് പറഞ്ഞ് വാങ്ങി സൂക്ഷിച്ചുവെക്കാനും.
ഇപ്പോള്‍ കുറെയായി അവരുടെ ചങ്കിന്‍റെ പിടപ്പ് വസന്തന്‍റെ കാര്യം ഓര്‍ത്താണ്. ഓനൊരു പെണ്ണ് കെട്ടുമ്പോള്‍ കെട്ടേണ്ട താലിമാല. അമ്മയുടെ വക കഴുത്തിലിട്ടുകൊടുക്കാന്‍ ഒരു കുഞ്ഞു നെക്ലസ്. മകള്‍ വീടിന് പുറത്തേക്ക് പൊയ്ക്കഴിഞ്ഞു. മരുമകളാണ് അകത്തേക്ക് കടക്കേണ്ടവള്‍. വസന്തനൊരു കുഞ്ഞി വന്നാല്‍ ഇരുപത്തെട്ടിന് കഴുത്തിലും അരയിലും കൈകളിലും അണിയിക്കേണ്ട പൊന്ന്. താന്‍ കേറിപ്പോയ വീട്ടില്‍ ജീവിതം തന്നോട് കാട്ടിയ തെണ്ടിത്തരങ്ങള്‍ മറ്റൊരാള്‍ക്ക് തിരിച്ച് കൊടുക്കില്ലെന്ന് ശീലാവതി ഉറപ്പിച്ചിരിക്കുകയാണ്. മറിച്ച് അവയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം മാറ്റിപ്പണിയാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നാമജപം കഴിഞ്ഞ് വരാന്തയിലിട്ട ചാരുകസാലയിലേക്ക് നടുവു നിവര്‍ത്തി ചരിഞ്ഞപ്പോള്‍ താടിക്ക് കൈകൊടുത്തുകൊണ്ട് ശീലാവതി മുത്തപ്പന് കേള്‍ക്കാന്‍ പാകത്തില്‍ പിറുപിറുത്തുകൊണ്ടിരുന്നു.
“ന്റെ മുത്തപ്പാ... നീ ഇത് കേക്കുന്നും കാണുന്നൂല്ലേ. ഞാള് അമ്മേനീം മോനീം എന്തിനിങ്ങനെ തീ തീറ്റിക്ക്ന്നെന്റെ പറശ്ശിനിയപ്പാ... കുഞ്ഞി ഒന്നും പറഞ്ഞില്ലെങ്കിലും ഓന്റെ ചങ്കിലെ തീ നീ കാണ്ന്നില്ലെ. എപ്പൊ തോടങ്ങീതാ നിന്ന ബ്ളിക്കാന്‍... നാരാണ്‍ട്ടന നീ ഞാങ്ങളെ മനസ്സിന്റെ പങ്കപ്പാടൊന്നും കാണിക്കാണ്ടങ്ങ് എട്ത്തില്ലെ... എന്ന നോക്കണ്ട. കുഞ്ഞീന നോക്കാന്‍ നല്ലോരുത്തീന നിനിക്ക് തെരറോ മുത്തപ്പാ.”
പതംപറഞ്ഞ് ശീലാവതി ചിലപ്പോള്‍ ഇരുന്ന ഇരുപ്പില്‍ മയങ്ങിയെന്നിരിക്കും. വഴിക്കണ്ണോടൊപ്പം അകക്കണ്ണും മയങ്ങിയെന്നിരിക്കും. വസന്തന്‍റെ ബൈക്കിന്‍റെ മുരള്‍ച്ച കേട്ടില്ലെന്നിരിക്കും. ഗ്രില്ലിന്‍റെ ഓടാമ്പല്‍ പുറത്തുനിന്ന് നീക്കി അകത്ത് കടക്കും വരെ ചെലപ്പോള്‍ മുത്തപ്പനോടുള്ള പരിഭവം ചുണ്ടിലുണ്ടാവും. വസന്തന്‍ ചുമലില്‍ കൈ വെക്കുമ്പോള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഒരു വളിച്ച ചിരിയോടെ അവന് കരുതിവെച്ച അത്താഴം ചൂടാക്കി വെച്ചിരിക്കും. വസന്തന്‍ ഒരു ചെറിയ മൈക്രോവേവ് ഓവന്‍ വാങ്ങി ചൂടാക്കേണ്ട വിദ്യ അമ്മയെ പഠിപ്പിച്ചിട്ടുണ്ട്.
മറ്റൊരു ദിവസം. ശീലാവതി വസന്തനെ കാത്തിരുന്ന് സ്വന്തം മുറിയില്‍ കയറി വായിച്ചിരുന്ന് മയങ്ങിപ്പോയതാണ്. ചങ്ങായിയുടെ വീടുക്കൂടലിന്‍റെ തലേന്ന് ഉത്സാഹിക്കാൻ പോയതാണവന്‍. വൈകുമെന്ന് പറഞ്ഞിരുന്നു. അമ്മക്ക് മുഖം തരാതെ പലപ്പോഴും ഒഴിഞ്ഞുമാറുകയാണ്. ഒര് പെണ്ണ് ആണിനെ വേണ്ടെന്ന് പറഞ്ഞ് നിരസിക്കുന്ന കാര്യം അവള്‍ക്ക് ആലോചിക്കാനേ വയ്യ.
ശീലാവതി മെല്ലെ കണ്ണുകള്‍ തുറന്നു. കണ്ണുകളില്‍ ഏതോ പാട മൂടിയതുപോലെ. മനസ്സില്‍ ഒരു കല്ലെടുത്തു വെച്ചപോലെ. തലയിലൊരു കറക്കം. തല മെല്ലെ പിറകോട്ട് ചായുന്നു. ബോധം പതുക്കെ മറയുന്നുണ്ടോ? ശീലാവതി മെല്ലെ പുസ്തക അലമാരിയുടെ കണ്ണാടി അടപ്പിന്റെ കൈപ്പിടിയില്‍ പിടിച്ചു. കണ്ണുകളിലെ പാട നീക്കി, മനസ്സിന്റെ ഭാരം കുടഞ്ഞകറ്റി തലയിലെ കറക്കം തല്ലിക്കെടുത്തി ശൂന്യതയില്‍നിന്ന് ഒരു ദൈവരൂപം മുന്നില്‍ തെളിഞ്ഞുവരുന്നതുപോലെ അവള്‍ക്ക് തോന്നി. “ന്റെ മുത്തപ്പാ” എന്ന് വിളിച്ച് ചാടി എഴുന്നേറ്റ് ശീലാവതി രണ്ടു കാലുകളില്‍ ഉറച്ചുനിന്നു. അങ്കലാപ്പടങ്ങി മുത്തപ്പനു നേര്‍ക്കുനേരെ മുഖമുയര്‍ത്തി. ഒരാണിന്റെ കുറിയ രൂപം. തന്റേത് ഒരു പെണ്ണിന്റെ നെടിയതും. ഓർമയുണ്ട്. താലികെട്ടി കൊണ്ടുവന്ന ആദ്യ നാളുകളില്‍ നാരാണ്‍ട്ടന്‍ കുറിയതും താന്‍ നെടിയതുമായിരുന്നു. ആ കാരണം പറഞ്ഞാണ് പലപ്പോഴും മൂത്ത രണ്ടു പെങ്ങന്‍മാരും തന്നോട് കലമ്പിയിരുന്നത്. “ഓന കണ്ണും മേലും കാട്ടി നീ മയക്കി എട്ത്തേല്ലേ... എന്റെ ആങ്ങളക്ക് കോപ്പ്ല്ലട്ത്ത്ന്നെല്ലം എത്ര ആലോയ്ന ബന്നിനി. ഓളൊരു നെറൂം നീളൂം.”
മുത്തപ്പന് നേര്‍ക്കുനേര്‍ നിന്നപ്പോള്‍ ശീലാവതി അറിയാതെ വിതുമ്പിപ്പോയി. ആ കണ്ണുകളില്‍ നിറഞ്ഞ ശാന്തത. ശീലാവതിയുടെ കണ്ണുകളില്‍ നോക്കി മുത്തപ്പന്‍ അവളുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. ഒരു കൈകൊണ്ട് തലയില്‍ തൊട്ട് മറ്റെ കൈകൊണ്ട് കയ്യിലെ പിടി മുറുക്കി. കണ്ണുകളില്‍ കണ്ണുകള്‍ കോര്‍ത്ത് മുത്തപ്പന്‍ മൊഴിഞ്ഞു.
“സങ്കടങ്ങള്‍ വരുമ്പോള്‍ മുത്തപ്പനെ വിളിക്കാറില്ലേ?”
ശീലാവതി നനവാര്‍ന്ന കണ്ണുകള്‍ കൂര്‍പ്പിച്ച് മുത്തപ്പന്‍റെ കണ്ണുകളിലേക്ക് നോട്ടമെയ്ത് ആശ്ചര്യം കൂറി. മുത്തപ്പനിതെങ്ങനെ അറിഞ്ഞു?
“മുത്തപ്പന്‍ വിളി കേള്‍ക്കാറില്ലേ?”
ശീലാവതിയുടെ നനവാര്‍ന്ന കണ്ണുകളില്‍ തുള്ളികള്‍ ഉരുണ്ടുകൂടി. അവള്‍ തലയാട്ടല്‍ തുടര്‍ന്നുകൊണ്ടിരുന്നു.
“മുത്തപ്പന്‍ എന്നും കൂടെത്തന്നെയുണ്ട് കേട്ടോ.”
ശീലാവതിയുടെ രണ്ട് കണ്ണുകളും പെയ്തിറങ്ങാന്‍ തുടങ്ങി.
“മുത്തപ്പന്‍ കഷ്ടങ്ങളൊക്കെ നെഞ്ചേറ്റിയില്ലെ, കാലാകാലം നീക്കി തന്നില്ലേ?”
കണ്ണീര്‍ പുറംകൈകൊണ്ട് തുടച്ച് ശീലാവതി പൊട്ടിക്കരഞ്ഞു.
“എല്ലാം നീക്കിയില്ല. അല്ലേ?”സങ്കടപ്പെടേണ്ട. മുത്തപ്പന്‍ എന്നും കൂടെയുണ്ട് കേട്ടോ. എല്ലാം ശരിയാക്കാം.”
ആര്‍ത്തലച്ച് കരഞ്ഞുകൊണ്ട് ശീലാവതി മുത്തപ്പന്റെ നെഞ്ഞിലേക്കാഞ്ഞു.
രണ്ടു കൈകള്‍കൊണ്ടും നെഞ്ചിലേക്കടുപ്പിച്ച് തട്ടി തലോടി മുത്തപ്പന്‍ അവളെ അടര്‍ത്തി മാറ്റി കൈകള്‍ ചേര്‍ത്തുപിടിച്ച് മൊഴിഞ്ഞു. “ചോദിച്ചോളു. മുത്തപ്പനോട് എന്ത് വേണമെങ്കിലും ചോദിച്ചോളു. മടിക്കണ്ട... കെട്ടോ.”
കണ്ണുനീര്‍ പുറംകൈകൊണ്ട് തുടച്ചുകൊണ്ട് ശീലാവതി തലയാട്ടി. ആ കണ്ണീരില്‍ പുഞ്ചിരിയുടെ നനവുണ്ടായിരുന്നു.
“ന്റെ മുത്തപ്പാ ഒന്ന് ചോയ്ക്കാന്‍ ഇണ്ടെനു” ശീലാവതി തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു. മുത്തപ്പന്‍ തെല്ലുറക്കെ ചിരിച്ചു. പിന്നെ സാന്ത്വനിപ്പിക്കുന്ന സ്വരത്തില്‍ മൊഴിഞ്ഞു.
“ചോദിച്ചോളു. ചോദിച്ചോളു. ഭയം അശേഷം വേണ്ട കേട്ടോ. ഈ അകക്കണ്ണിലൂടെ എല്ലാം അറിയുന്നുണ്ട്. മകന്റെ കാര്യമല്ലെ. എല്ലാം ശരിയാവും. മുത്തപ്പനെ എന്നും മനസ്സില്‍ ധ്യാനിച്ചോളൂ. മുടക്കം വേണ്ട കേട്ടോ.”
“ദിവസൂം ധ്യാനിക്കല്ണ്ട്,” അവള്‍ തേങ്ങിക്കൊണ്ട് തുടര്‍ന്നു. “മോന് ജോലീം കോപ്പൊന്ന്വല്ല ബേണ്ടെ മുത്തപ്പാ. ഒര് പെണ്ണിന്യാന്. എത്ര നല്ല ആലോനകള് നോക്കി. പെണ്ണിന ഞങ്ങക്ക് പിടിക്കാഞ്ഞ്റ്റല്ല. ഒര് പെണ്ണിനും ഓന്റെ ആലോന പ്ടിക്ക്ന്നില്ല. ഞാനെന്താ ബേണ്ടേന്‍റെ മുത്തപ്പാ.”
കരച്ചിലില്‍ ഒതുങ്ങാഞ്ഞ് കൈ നെഞ്ചിനിട്ടടിക്കാന്‍ തുടങ്ങുമ്പോള്‍ മുത്തപ്പന്‍ ശീലാവതിയുടെ കൈ തടഞ്ഞ് ശാന്തനായി മൊഴിഞ്ഞു.
“അരുത്. അവിവേകം കാട്ടരുത്. മകന് വേണ്ട കോപ്പെല്ലാം കരുതി വെച്ചിരിക്കുകയാണല്ലോ. അല്ലേ.”
ശീലാവതിയുടെ ഞെട്ടല്‍ ഞെട്ടലിനപ്പുറത്തേക്ക് കടന്നു. അവള്‍ തലയാട്ടി.
ശീലാവതിയുടെ ഏറക്കുറെ ശാന്തമായ മുഖത്തേക്ക് നോക്കി അതിലും ശാന്തമായി മുത്തപ്പന്‍ മൊഴിഞ്ഞു.
“മോന് നാല്‍പ്പത്തഞ്ച് കഴിഞ്ഞു അല്ലേ. കുടിയില്ല, വലിയില്ല, മറ്റ് ദുസ്വഭാവങ്ങളൊന്നുമില്ല. അല്ലേ. നാട്ടുകാരെല്ലാം യോഗ്യതാ സാക്ഷ്യപത്രം കൊടുത്തില്ലേ. ശരിയല്ലെ? അതുകൊണ്ട് മാത്രം അവന്റെ ആവശ്യം നെറവേറുവോ.” മുത്തപ്പന്‍ ദേഹമാസകലം ഒന്ന് കുടഞ്ഞ് ചിരിച്ചു.
ശീലവാതിയുടെ തലയിലേക്ക് മുത്തപ്പന്‍ അടിച്ചു കയറ്റിയത് മരവിപ്പിന്റെ ആണികളാണ്.
അവള്‍ കണ്ണുകള്‍ ഇറുകെയടച്ച് മുത്തപ്പന്റെ മുന്നില്‍ കൈകള്‍ കൂപ്പി നിന്നു.
“ശരിയല്ലെ. മുത്തപ്പന്‍ പറഞ്ഞത് ശരിയല്ലേ.” ശീലാവതിയുടെ മനസ്സിലപ്പോള്‍ മുത്തപ്പനല്ല. നാരാണ്‍ട്ടനാണ്. കാണാന്‍ ചേലില്ലെങ്കിലും കുറിയ മന്ഷ്യനെങ്കിലും ആ പ്രായത്തില്‍ നാരാണ്‍ട്ടന് എന്തായിരുന്നു ഉശിര്. ശീലാവതിയുടെ ഉടലില്‍ കുളിരു കോരി. മനസ്സില്‍ നാണം മൊട്ടിട്ടു. കണ്ണുകളില്‍ എപ്പൊഴോ കൂമ്പടഞ്ഞുപോയ ആലസ്യം വിടര്‍ന്നുവന്നു.
മുത്തപ്പന്റെ ശബ്ദം എങ്ങുനിന്നോ എന്നപോലെ കാതില്‍ മുഴങ്ങുന്നു. ‘‘ആണിനെ നന്നായറിഞ്ഞ അമ്മ മകന് പെണ്ണിനെ അറിയാതിരിക്കാന്‍ തുണനില്‍ക്കരുത്.” ഇതും പറഞ്ഞ് കൊടുങ്കാറ്റുപോലെയാണ് മുത്തപ്പന്‍ എങ്ങോ പോയിമറഞ്ഞത്.
ആ നിമിഷം തന്റെ സ്വകാര്യമുറിയിലെ വീതികുറഞ്ഞ കട്ടിലിലേക്ക് ശീലാവതി വീഴുകയായിരുന്നു. ഈ കാണുന്ന സൗകര്യങ്ങള്‍ വിട്ട് അവള്‍ തന്റെ ആദ്യകാല സൗകര്യങ്ങളില്ലായ്മകളിലേക്ക് ഇറങ്ങുകയായിരുന്നു. അന്ന്. മൂത്ത പെണ്ണിന് തിന്നാന്‍ കൊടുക്കാന്‍പോലും ഇല്ലാത്ത കാലം. മുലകുടി മാറിയതല്ല.
മാറ്റിയതാണ്. നാരാണ്‍ട്ടന്‍ ജന്മിയുടെ ഉയരമുള്ള കവുങ്ങില്‍നിന്ന് അടക്ക പറിക്കുമ്പോള്‍ വീണ് നടുവൊടിഞ്ഞു കിടപ്പാണ്. പെണ്ണിന് തിന്നാന്‍ കൊടുക്കണമെങ്കില്‍ ശീലാവതി കൂലിപ്പണിക്കിറങ്ങിയേ തീരൂ. പാറ അടിച്ചുപൊട്ടിച്ചെടുത്ത കാട്ടുകല്ലുകള്‍ ടൗണിലെ മുതലാളിക്കുവേണ്ടി ട്രക്കില്‍ കയറ്റുകയായിരുന്നു ആദ്യം കിട്ടിയ ജോലി. മേസ്തിരിയുടെ കയ്യും കാലും പിടിച്ച് കിട്ടിയതാണ്. മനസ്സില്‍ ഒരിറ്റ് അലിവുള്ളവനാണ് മേസ്തിരി. നാരാണ്‍ട്ടന്‍റെയും തന്റെയും രണ്ടു വീട്ടുകാരുടെ കുടികിടപ്പു സ്ഥലങ്ങള്‍ ഒരേ ജന്മിയുടേതായിരുന്നു.
രണ്ടു വീട്ടുകാരും അവിടത്തെ ആശ്രിതര്‍. അങ്ങനെയാണ് നാരാണ്‍ട്ടന്റെ ആലോചന വരുന്നത്. വീട്ടിലെ ദാരിദ്ര്യത്തില്‍നിന്നും അച്ഛന്റെ കുടിയില്‍നിന്നും അടിയില്‍നിന്നും രക്ഷപ്പെട്ടാല്‍ മാത്രം മതിയായിരുന്നു ശീലാവതിക്ക്. നിറമല്ല, ഉയരമല്ല, കാണാന്‍ല്ല പാങ്ങല്ല, പിഞ്ഞാണം നെറച്ച് കഞ്ഞികിട്ട്വോ എന്നാണ് ശീലാവതി ആദ്യം ചിന്തിച്ചത്. സ്നേഹോള്ളോനായിരുന്നു നാരാണ്‍ട്ടന്‍. അത് വാരിക്കോരി ശീലാവതിക്ക് കൊടുക്കുകയും ചെയ്തു. നാരാണ്‍ട്ടന്റെ കറുത്ത ചരടില്‍ കെട്ടിയ പൊടി താലി കഴുത്തില്‍ വീണതില്‍പിന്നെ മറ്റൊരാളെക്കുറിച്ച് ശീലാവതി മനസ്സില്‍ ചിന്തിച്ചിട്ടുകൂടെയില്ല.
ചെമ്മണ്‍ നിരത്തില്‍ കൂട്ടിയിട്ട മുട്ടന്‍കല്ലുകള്‍ തുണിത്തെരിക വെച്ച തലയിലേക്ക് കയറ്റി വെക്കുമ്പോള്‍ ബാല്യക്കാരുടെ കൈകള്‍ വളഞ്ഞുപിടിച്ച് ശീലാവതിയുടെ മാറിലേക്ക് കയറും. കണ്ണടച്ച് നാരാണ്‍ട്ടന്റെ മുഖം മനസ്സില്‍ വരുത്തി അവള്‍ പണിതുടരും. മറ്റ് വഴികളില്ല. ഒച്ച വെച്ചാല്‍ കല്ല് സ്വന്തം പൊക്കിയെടുത്തോളാന്‍ പറയും. തലയിലേറ്റിയ കല്ല് വാഹനത്തിലേക്ക് എത്തിക്കുകയാണ് ജോലി. മുലപ്പാല്‍ തൂവി ബ്ലൗസ് കുതിര്‍ന്നിരിക്കും. പാല്‍ നിറഞ്ഞ് മുലകള്‍ വീങ്ങി വേദനിക്കും. അന്ന് നിര്‍ത്തിയതാണ് പെണ്ണിന്റെ മുലകുടി. അന്ന് തുടങ്ങിയതാണ് മുത്തപ്പനെ വിളിക്കാന്‍. ചെയ്യാന്‍ മറ്റൊന്നുമില്ലായിരുന്നു. വിളിക്കാന്‍ മറ്റാരുമില്ലായിരുന്നു. അമ്മയുടെ കൂടെ പറശ്ശിനിക്കടവില്‍ പോയിട്ടുണ്ട്. ഇല്ലാത്ത പൈസ കൂട്ടിവെച്ചും കിട്ടാത്ത ബസ് കയറിയും അമ്മയുടെ കയ്യും പിടിച്ച് കുന്നത്തൂര്‍പാടിയില്‍ ദാഹിച്ചും വിശന്നും നടന്നിട്ടുണ്ട്. ആ ഓര്‍മകളാണ്...
കുഞ്ഞാരാണന്റെ വീട്ടിലെ കഷ്ടതകള്‍ മണത്തറിഞ്ഞ് ജന്മിയുടെ മകന്‍ മോഹനനാണ് അച്ഛനോട് സമ്മതം വാങ്ങി രണ്ടുപേര്‍ക്കും സ്വന്തം സ്ഥലഞ്ഞ് ഓലകൊണ്ട് മറച്ച് ഒരു കുടിലുണ്ടാക്കി താമസിക്കാനുള്ള ഒത്താശ ചെയ്തത്. എന്തോ, ശീലാവതിക്കത് മനസ്സില്‍ അത്ര പിടിച്ചില്ലെങ്കിലും വേറെ നിവൃത്തിയില്ലാത്തതിനാല്‍ അവളൊന്നും മിണ്ടിയില്ല. തലയില്‍ കാട്ടുകല്ലുകളേറ്റുമ്പോള്‍ പല കൈകളും നെഞ്ചത്ത് കയറ്റിയിട്ട ഇരച്ചില്‍ ഇനിയും മാറിയിട്ടില്ല. മോഹനന്‍ നായനാര്‍ക്ക് അകലെ ടൗണിലെ കോളേജില്‍ പഠിപ്പിക്കലായിരുന്നു പണി. സുമുഖന്‍. വഴിക്കു കണ്ടാല്‍ മര്യാദയുള്ള വര്‍ത്തമാനം.
പെണ്ണ് വയറ് വിശന്ന് കരഞ്ഞ് ഉറങ്ങാന്‍ വൈകിയ ഒരു ദിവസം. ശീലാവതി ഓരോന്നാലോചിച്ച് നിലത്തെ മെത്തപ്പായയില്‍ ഉണങ്ങാത്ത കൈതോലയുടെ മണം മൂക്കിലേറ്റി കിടക്കുകയായിരുന്നു. പിഞ്ഞിയ പായ മാറ്റി കഴിഞ്ഞാഴ്ച പുതിയത് ചന്തയില്‍നിന്ന് വാങ്ങിയതാണ്. കുഞ്ഞാരാണന്‍ അടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്നു. പെട്ടെന്ന് കണ്‍പോളകള്‍ക്ക് മേലെ നേരിയ വെളിച്ചത്തിന്റെ മിന്നലാട്ടം. തോന്നലാവാം. രണ്ടു പ്രാവശ്യവും കൂടെ മിന്നി കെട്ടപ്പോള്‍ ശീലാവതി ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റ് മെടഞ്ഞ ഓലക്കീറുകള്‍ ചേര്‍ത്തുകെട്ടിയ ചുമരിന്‍റെ വിടവ് വിരലുകള്‍കൊണ്ട് നീക്കി നോക്കി. മോഹനന്‍ നായനാര്‍ സ്വന്തം മുഖത്തേക്ക് ചെറുതായി ടോര്‍ച്ച് മിന്നിച്ച് നില്ക്കുന്നു. ശബ്ദമടക്കി ശാന്തയായി പറഞ്ഞു. ‘‘നിങ്ങോ പോ നായനാറെ.”
“നീ പൊറത്തേക്ക് വാ. പേടിക്കണ്ട. വേം മടങ്ങിവരാം” അയാള്‍ അല്‍പ്പം ദൂരെയുള്ള അടച്ചിട്ട പത്തായപ്പുരയിലേക്ക് വിരല്‍ചൂണ്ടി. മടിക്കുത്തില്‍ വെച്ച നോട്ടുകള്‍ കാണാന്‍ പാകത്തില്‍ മുണ്ടഴിച്ച് കുടഞ്ഞുടുത്തു. അയാളുടെ മുണ്ടിന്റെ കോന്തലയില്‍ കിടന്ന് താക്കോല്‍ കൂട്ടം ചെറുതായി കിലുങ്ങി. ഭയം ഒരു തേരട്ടയെപ്പോലെ അവളുടെ തൊണ്ടക്കുഴിയിലൂടെ കയറിയിറങ്ങി. എന്തുചെയ്യണം? ഈ മാന്യന്‍ മറ്റു ചില പെണ്ണുങ്ങളുമായി പത്തായപ്പുരയിലേക്ക് നുഴഞ്ഞു കയറുന്നത് കണ്ടിട്ടുണ്ട്. സഹകരിച്ചില്ലെങ്കില്‍ ഒരു ബലാബലം നടന്നേക്കാം.
നാരാണ്‍ട്ടനാനെങ്ക് ഇയാളോട് കൂട്ട്യാ കൂടൂല, പോരെങ്ക് ഒടിഞ്ഞ നടൂം. പെട്ടെന്നാണ് അവള്‍ അടുത്ത പറമ്പിലെ വീട്ടില്‍ നടക്കുന്ന മുത്തപ്പന്‍ തിറയെക്കുറിച്ചോര്‍ത്തത്. കഴിയാറായിട്ടുണ്ടാവണം. പറമ്പിന്റെ ഇടവഴിയുടെ അറ്റത്ത് ചൂട്ടുകറ്റയുടെ ഒരു മിന്നലാട്ടം. തുടര്‍ന്ന് ഒര് ടോര്‍ച്ച് വെട്ടവും. പെട്ടെന്ന് തോന്നിയ പെണ്‍ബുദ്ധിയില്‍ അവള്‍ ചെറ്റ വാതില്‍ തുറന്നു. മുറ്റത്തിറങ്ങി. ഉച്ചത്തിലുച്ചത്തില്‍ “ന്റെ മുത്തപ്പാ കാത്തോളണെ” എന്നലറി. നാട്ടുകൂട്ടം ഓടിയെത്തി. പിന്നെ പറയേണ്ടല്ലോ. നാട്ടിലേക്കുള്ള നായനാരല്ലെ എന്നുവെച്ച് ഒതുക്കിപ്പറഞ്ഞ് വിട്ടു. പിന്നെ അയാളുടെ ശല്യം ഉണ്ടായതുമില്ല, അവരെ കുടികിടപ്പില്‍നിന്ന് പറഞ്ഞുവിട്ടതുമില്ല.
ജീവിതം കെട്ടിപ്പടുക്കാന്‍ ഏറെ അധ്വാനിച്ചതും വാശിപിടിച്ചതും ശീലാവതിയാണ്. പെണ്ണും ഭര്‍ത്താവും സ്കൂള്‍ അധ്യാപകരാണ്. മകളെ ടി.ടി.സിക്ക് അയച്ചതും കോഴകൊടുത്ത് എയിഡഡ് സ്കൂളില്‍ ജോലിക്ക് കേറ്റിച്ചതും ശീലാവതിയുടെ മിടുക്കാണ്. മകനെ പ്രീഡിഗ്രിയിലും ചെറിയൊരു വര്‍ക്ക്ഷോപ്പിലും ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലും ഒതുക്കി. ജീവിക്കാന്‍ ധാരാളം. എന്നിട്ടും മകന്റെ കാര്യമോര്‍ക്കുമ്പോള്‍....
ഇന്നലെ മുത്തപ്പന്‍ മുന്നില്‍ വന്ന് പറഞ്ഞതിലും കാര്യമുണ്ട്. ശീലാവതി വീണ്ടും സ്വയം മാറ്റിപ്പണിയാന്‍തന്നെ തീരുമാനിച്ചു. ഇന്ന് ഞായര്‍. വൈകി എഴുന്നേറ്റ് ഉച്ചയൂണും ഉറക്കവും കഴിഞ്ഞ് ചെങ്ങായിമാരുമൊത്തുള്ള കൂടലും കഴിഞ്ഞ് ഒമ്പതുമണികഴിയും വീടണയാന്‍. പക്ഷെ അന്ന് നേരത്തേ എഴുന്നേറ്റ് രാവിലെ പത്തുമണിക്കു മുമ്പെ വസന്തന്‍ ഇറങ്ങി. പോകുന്നെന്ന് പറഞ്ഞു. എവിടേക്കെന്ന് ശീലാവതി ചോദിച്ചുമില്ല. അന്ന് ശീലാവതി അവനോട് വിളക്ക് വെക്കും മുന്നേ എത്താനാവശ്യപ്പെട്ടു.
അവന്‍, വസന്തന്‍, അച്ഛനമ്മമാരുടെ കുഞ്ഞി കൃത്യസമയത്തുതന്നെ എത്തി. അമ്മയുടെ മുന്നില്‍ അവന്‍ നിന്നത് രണ്ടുകാലില്‍ ഉറച്ചല്ല. ജീവിതത്തിലാദ്യമായി ചങ്ങാതിമാരുടെ നിര്‍ബന്ധമില്ലാതെ, സ്വയം നിയന്ത്രണമില്ലാതെ അവന്‍ മദ്യപിച്ച ദിവസമായിരുന്നു അന്ന്. നെഞ്ചില്‍നിന്ന് പറിച്ചെറിയാന്‍ പറ്റാത്ത ഓരോർമ അവിടെ കൊത്തിപ്പറിച്ചിട്ട ഒരു ദിവസം. അമ്മ നേരത്തേ വരാന്‍ പറഞ്ഞതില്‍ എന്തെങ്കിലും കാര്യം കാണാതിരിക്കില്ല.
രാവിലെ വീട്ടില്‍നിന്ന് അവന്‍ നേരെ പോയത് അവളെ കാണാനായിരുന്നു. സ്വന്തം കളിക്കൂട്ടുകാരിയെ, മുറപ്പെണ്ണായിരുന്ന, തങ്ങളുടെ പൂന്തോട്ടത്തിലെ മറ്റൊരു പൂവായിരുന്ന മല്ലികയെ. അവള്‍ കുടുംബസമേതം എത്തിയിട്ടുണ്ടെന്നറിഞ്ഞു. മുറ്റത്തെ പോര്‍ച്ച് നിറഞ്ഞ് ഒരു കാറും അകത്ത് കുട്ടികളുടെ ബഹളവും. വിളിമണി അടിക്കും മുന്നേ അവളിറങ്ങി വന്നു. മനപ്പൊരുത്തമാണോ? പണ്ട് ഇതെത്ര കേട്ടതാണ്. “ബന്തേട്ടന്‍ കേറി ഇരിക്ക്.” അതും പറഞ്ഞ് അവള്‍ കുടുകുടെ ചിരിച്ചു. പണ്ടത്തെ അതേ ചിരി. ആ വിളിയില്‍ അവന്‍ കോരിത്തരിച്ചുപോയി. നാവ് മറിയാന്‍ തുടങ്ങുന്നതുവരെ അവളവനെ വിളിച്ചത് അങ്ങനെയാണ്. പിന്നെ കുറേ കാലം കളിയായും. കളി മാറി വിവരവും വിദ്യാഭ്യാസവും ആയപ്പോഴാണ് വസന്താട്ടനായത്.
എന്തു പറയണം? നിന്നെ കാണാനാണെന്ന് പറയാന്‍ പറ്റുമോ? “അമ്മായി...” വസന്തന്‍ വിക്കി. ഉറങ്വാനെങ്ക് വിളിക്കണ്ട.”
“ഏയ് അല്ല ഇപ്പൊ ചായയും മരുന്നും കൊടുത്ത് കെടത്തീറ്റേ ഇല്ലൂ. ഒര് ഹോംനര്‍സ് നോക്കാനുണ്ട്. വന്തേട്ടന്‍ വാ. കണ്ടാ സന്തോഷാവും.” വസന്തന്‍ മല്ലികയുടെ പിറകെ പോയി. ലോഷന്റെ മണത്തിന് മേലെ റൂം ഫ്രെഷ്നര്‍ അടയിരിക്കുന്ന, എ.സിയും ടി.വിയും കാറ്റും വെളിച്ചവുമുള്ള വിശാലമായ മുറി.
പണ്ട് ഇതേ സ്ഥലത്ത് ഇരുട്ട് മാറാല കെട്ടിയ കുടുസ്സ് മുറിയിലായിരുന്നു അമ്മാമന്റെയും അമ്മായിയുടെയും ഉറക്കം. പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു അമ്മാമന്‍. ബൂട്ട്സിട്ട കാലടിയൊച്ച കേട്ട് എത്രതവണ ഈ കട്ടിലിനടിയില്‍ കയറി ഒളിച്ചിട്ടുണ്ട്. കൂടെ മല്ലികയും കയറി തൊട്ടിരിക്കും. അന്നേ ഒരേ ചരടുകൊണ്ട് ബന്ധിച്ചതാണ് വീട്ടുകാര്‍ തങ്ങളെ.
“അമ്മേ ഇതാരാ നോക്കിയേ...” അതും പറഞ്ഞ് കൊല്ലുന്ന ആ ചിരി ചിരിച്ച് അവള്‍ കൈത്തണ്ടയില്‍ പിടിച്ച് മുന്നോട്ട് നടത്തി. വസന്തന് എത്രയും വേഗം അവിടെനിന്ന് രക്ഷപ്പെടണമെന്ന് തോന്നി. വെറും മര്യാദക്കുവേണ്ടി മാത്രം ചോദിച്ചു, “നിന്റെ മിസ്റ്ററെ കണ്ടില്ലല്ലോ.”
“മോളില്ണ്ട്. നല്ല ഒറക്കാ. വെടി പൊട്ടിച്ചാ അറിയൂല. ഓഫീസിലെ തെരക്കല്ലെ. ഇവിട വന്നാലാ ഒരു റസ്റ്റ്.”
ഭാഗ്യം. വസന്തന്‍ മനസ്സില്‍ പറഞ്ഞു. “എന്നാ ഞാന്‍ പോട്ടെ മല്ലി. ആട ആളില്ല.”
“പണ്ടത്തെ പൊടിമില്ലിലോ. ഇന്ന് ഞാറാഴ്ച ല്ലെ. ഓ... പുറംപണിക്കാര്‍ക്കെല്ലം അവധീല്ല ദിവസല്ലെ. അടുക്കള പെണ്ണ്ങ്ങള്‍ക്ക് പൊടിപ്പിക്കാന്‍ പറ്റിയ ദിവസം. തെരക്കുണ്ടാവും.”
അവജ്ഞയുടെ തേനീച്ചക്കൂടാണ് അവള്‍ തന്റെ നേരെ ഇളക്കിവിട്ടത്.
ഓർമകള്‍. ഓർമകളുടെ ഒരു തേനീച്ചകൂട് ഇളകിയാണ് ഇപ്പോള്‍ നെഞ്ചില്‍ കുത്തുന്നത്.
“മല്ലീ എനക്കൊരു കാര്യം പറയാനുണ്ടായിരുന്നു.” അവളുടെ വീട്ടിന് കുറച്ച് മുമ്പുള്ള ഇടവഴിയാണ്.
“വീട്ട് കേരീറ്റ് പറഞ്ഞാ പോരേ. അല്ലെങ്ക് വേണ്ട. വന്തേട്ടന്‍ പറയ്. ഞാന്‍ കേക്കാം.” അന്നവള്‍ക്ക് പ്രായം ഇരുപത്തൊന്ന്. ഡിഗ്രി കഴിഞ്ഞ് പല ടെസ്റ്റുകളും എഴുതിക്കൊണ്ടിരിക്കുന്ന സമയം. തനിക്കന്ന് മുപ്പതില്‍ താഴെ. പ്രീഡിഗ്രി കഴിഞ്ഞ് പൊടിമില്ലുമായി നടക്കുന്നു. അച്ഛന്‍ മരിച്ചശേഷം അമ്മയെക്കൊണ്ട് മറ്റൊന്നും കൂട്ടിയാല്‍ കൂടാത്ത കാലം.
വസന്തന് തൊണ്ട വരളുന്നതുപോലെ തോന്നി. എങ്ങനെ പറയണം? എങ്ങനെയോ പറഞ്ഞൊപ്പിച്ചു. “അമ്മ വന്ന് ഒര് കാര്യം അമ്മായിയോട് പറഞ്ഞുന്നറിഞ്ഞു. അമ്മായിക്ക് വിരോധോന്നൂല്ല, മല്ലിക്ക് താൽപര്യൂല്ല ന്നാ പറഞ്ഞേ.”
“അതെങ്ങനെ ശരിയാവും വന്തേട്ടാ. എനക്ക് പരീക്ഷെല്ലം എഴുതണം. ഇപ്പൊ ഡിഗ്രി കഴിഞ്ഞു. പി.എസി.ക്ക് പ്രിപ്പയര്‍ ചെയ്യുന്ന്ണ്ട്. വന്താട്ടന്‍ ഒര് പൊടിമില്ലും വെച്ച് ഈടതന്നെ കൂടിയാലെങ്ങന്യാ. വന്താട്ടന എനക്കിഷ്ടാ. എന്നും വെച്ച് എന്റെ ഭാവി നോക്കണ്ടെ. നിങ്ങക്ക് എന്നെക്കാളും നല്ലൊരു പെണ്ണിന കിട്ടും. ഇപ്പോ എന്ന വെറുതെ വിട്.”
കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല. ഒരക്ഷരം മിണ്ടാതെ തിരിഞ്ഞു നടന്നു. ബുദ്ധിയുള്ളവളാണ്. തിരിച്ചുവിളിച്ചില്ല. പിന്നെ ഓരോ ആലോചന വരുമ്പോഴും, വേലിയിറക്കത്തില്‍ വലിഞ്ഞിറങ്ങുന്ന കടല്‍വെള്ളം പോലെ, കറുത്തപക്ഷത്തില്‍ തേഞ്ഞുതീരുന്ന ചന്ദ്രനെപ്പോലെ തിരിച്ചുവരാനായി മാത്രം അവളെ മനസ്സില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കും.
ജാതി വേണ്ട, കോപ്പ് വേണ്ട എന്ന് പറഞ്ഞ് ആലോചിച്ചതെല്ലാം വസന്തനെ വേണ്ടെന്ന് വെക്കുകയായിരുന്നു. തെങ്ങുകയറ്റക്കാരന്‍ ചന്ദപ്പന്റെ മകള്‍പോലും വസന്തന്‍റെ ആലോചന നിഷ്കരുണം തട്ടിക്കളഞ്ഞതാണ്.
വസന്തനും പെങ്ങളും അല്‍പം മുതിര്‍ന്നപ്പോള്‍ ശീലാവതി തൊട്ടടുത്ത പറമ്പില്‍ ജന്മിയുടെ വീട്ടില്‍ ജോലിക്ക് പോയിത്തുടങ്ങി. മോഹനന്‍ നായനാര്‍ അപ്പോഴേക്കും കുടുംബസമേതം ഭാര്യയുടെ ജോലിസ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. നായനാരുടെ അച്ഛന്‍ മരിച്ച് അമ്മ അവശയായിക്കഴിഞ്ഞു. നല്ലവളായ ആ അമ്മ ശീലാവതിയുടെ ഉച്ചയൂണില്‍ കുറേയധികം വറ്റുകളിട്ട് അൽപം കഞ്ഞിവെള്ളവും പാര്‍ന്ന് വലിയ ബോണിയില്‍ കറികളടക്കം വീട്ടില്‍ കൊണ്ടുപോകാന്‍ പകര്‍ച്ച കൊടുക്കുമായിരുന്നു. ശീലാവതിയുടെ പകര്‍ച്ചയും കാത്ത് ചന്ദപ്പന്റെ ചക്കക്കുരു പോലത്തെ നാല് മക്കളും കാത്തിരിക്കും. ശീലാവതിയുടെ തലമൊട്ട് കണ്ടതും വസന്തന് മൂന്ന് വയസ്സ് ഇളപ്പമുള്ള മൂത്ത പെണ്ണായ സുശീല വസന്തന്‍റെ മടിയില്‍ കൈമുട്ട് കുത്തി നിലത്ത് ഇരിപ്പുറപ്പിച്ചിരിക്കും. ചന്ദപ്പന്റെ വീട്ടിലെ ദാരിദ്ര്യവും ഭാര്യയുടെ അനാരോഗ്യവും കണക്കിലെടുത്ത് ശീലാവതി അവര്‍ക്കാവും ഈരണ്ട് വറ്റുവീതം അധികം വിളമ്പുക.
ആ പെണ്ണാണ്, സുശീലയാണ്... അമ്മ നേരിട്ട് ചോദിച്ചപ്പോള്‍... ആലോചിക്കുമ്പോള്‍ വസന്തന്‍റെ ചങ്ക് പൊട്ടും. ബി.എസ് സി നഴ്സിങ് ആണ്. മെറിറ്റില്‍ പഠിച്ചതാണ്. കടല്‍ കടന്ന് പോവാനുള്ളതാണ്. നാട്ടില്‍ പൊടിമില്ലുമായി... അതെങ്ങനെ ശരിയാവും? അതു മാത്രമല്ല. പിന്നെ പലതും. എല്ലാം അങ്ങോട്ട് കയറി ആലോചിച്ചതാണ്. ഓര്‍മകളല്ലെ. എത്ര തട്ടിമാറ്റിയാലും കയറിവരികതന്നെ ചെയ്യും.
ശരിയാക്കാന്‍ അമ്മ എന്തെങ്കിലും വഴികാണാതിരിക്കില്ല. ഇല്ലെങ്കില്‍ അവര്‍ ശീലാവതി അല്ലാതിരിക്കണം. അതാണ് സന്ധ്യാദീപം വെക്കുമ്പോള്‍ തന്നോട് ചെല്ലാന്‍ പറഞ്ഞത്. ഏതോ ഒരു ഉള്ളുണര്‍വില്‍, വസന്തന്‍ നാലുകാലില്‍ വീട്ടിലേക്ക് കടന്നു. ബൈക്കില്ല. നടന്നുതന്നെ.
മുത്തപ്പനെയും മറ്റ് സകല ദൈവങ്ങളേയും തൊഴുത് ശീലാവതി അവന്റെ നെറ്റിയില്‍ മുത്തപ്പന്റെ ഭസ്മം തൊടുവിച്ച് ഭംഗിയുള്ള ഒരു ചെറു പെട്ടി ഏൽപിച്ചു. അവന്റെ തലയില്‍ കൈവെച്ച് അവള്‍ പറഞ്ഞു. “ഇത് കുഞ്ഞിക്ക് ബേണ്ടിറ്റ് അച്ഛനും അമ്മീം നയ്ച്ചിറ്റ് കരുതിവെച്ച്യാന്. പെണ്ണിന് നിന്നെല്ലേ ബേണ്ടാത്തെ. നിനിക്ക് ബേണ്ട്ന്ന പെണ്ണിന്‍റട്ത്ത് നീ പോയ്ക്കൊ. പക്കെ നല്ല മന്നസ്സുള്ളോളായിരിക്കണം. ആണ്ങ്ങോ പോന്ന എല്ലാ പെണ്ണുങ്ങളും ബെടക്കല്ല കുഞ്ഞി. നിവര്‍ത്തീല്ലാണ്ട് അങ്ങനെ ആയിപ്പോന്ന്യ. അല്ലെങ്ക് മന്ശ്യര് ആക്ക്ന്ന്യ മോനേ...”
ശീലാവതി ഒന്ന് വിതുമ്പി. ഒന്നും പറയാനാവാതെ വിക്കി. കാലങ്ങള്‍ കൂടിയാണ് അവള്‍ അവനെ മോനേയെന്ന് വിളിക്കുന്നത്. വസന്തന്‍ അമ്മയെ കെട്ടിപ്പിടിച്ചു. അവന്റെ കണ്ണീര്‍ വീണ് ചുമല് നനയുന്നത് ശീലാവതിയറിഞ്ഞു.
“മോനേ ഒര് പെണ്ണിന അറിഞ്ഞാല്, ആട നീ വെതച്ചാല്, അത് നീ തന്നെ എന്നൊറപ്പായാല്, നീ തന്നെ കൊയ്യണം മോനേ. കൈവിടറ്. അമ്മേന്‍റീം അച്ചന്‍റീം മനസ്സ്ണ്ടാവും എപ്പൂം നിന്‍റൊപ്പരം.”
അതു പറഞ്ഞതും ശീലാവതി വസന്തന്‍റെ നെഞ്ചിലേക്ക് വീണു കരഞ്ഞു. “എന്റെ കുഞ്ഞി, പെണ്ണ് കാണാണ്ട്, ജാതകൂം ജാതീം ല്ലാണ്ട്, താലി കെട്ടാണ്ട്, ആരീം അറീക്കാണ്ട്... എല്ലം നമ്മൊ വിചാരിച്ചപൊലെ നടത്താന്‍ നമ്മൊ ദൈവൊന്ന്വല്ലല്ലോ. ഇങ്ങനീം ജീവിക്കാം മോനെ. അയില് വിശ്വാസൂം ചാങ്കൊറപ്പും ഇണ്ടെങ്കില്. എന്റെ കുഞ്ഞി നന്നായിരിക്കട്ട്.”
വസന്തന്‍റെ കൈകള്‍ തന്നെ പൊതിഞ്ഞപ്പോള്‍ ശീലാവതി മുത്തപ്പനെയറിഞ്ഞു. അവന്റെ ഉറക്കാത്ത കാലുകള്‍ മുത്തപ്പന്റെ ചുവടുകളായി. അവന്റെ മുഖത്തുനിന്നു പൊഴിഞ്ഞ മദ്യത്തിന്റെ ഗന്ധം മുത്തപ്പന്റെ പാനീയത്തില്‍നിന്നുള്ളതായി. അവള്‍ മുഖമുയര്‍ത്തി അവനെ നോക്കി പതുക്കെ പുഞ്ചിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.