“ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.
ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.”
(എസ്സക്കിയേൽ 37, 5-6)
നേരം ഇരുട്ടിത്തുടങ്ങി. നിലാവെളിച്ചം ഇലച്ചാർത്തുകൾക്കിടയിൽകൂടി അരിച്ചിറങ്ങിയപ്പോൾ മങ്ങാടൻ ഔസേപ്പിന്റെ ചുണ്ടിൽ പഴയൊരു പാട്ടിന്റെ ഈരടികളുയർന്നു.
“ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിൽ അലിയുന്നെൻ ജീവരാഗം.”
ഇറയത്ത് കത്രീനയപ്പോൾ ഔസേപ്പിന്റെ വരികൾക്ക് മറുപാട്ട് പാടി.
“നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം.”
പാട്ടിനൊപ്പം കത്രീനയുടെ മുടിക്കെട്ടിൽ തിരുകിവെച്ചിരുന്ന ജമന്തിപ്പൂവിന്റെ മണം അവിടമാകെ പടർന്നു...
കത്രീനാമ്മേ.. എന്നാടി നിന്റെ പാട്ടിനൊരു ഓജസ്സില്ലാത്തെ.
ഇന്നലത്തെ മഞ്ഞ് അപ്പടി നനഞ്ഞതാ. മനുഷ്യാ രാത്രി മുഴുവൻ നിലാവ് നോക്കി ഇരിക്കാൻ വിളിച്ചപ്പോ ഓർക്കണമാരുന്നു. എന്നിട്ടോ നേരം വെളുക്കുംമുമ്പേ പോയി. ഒന്ന് പറഞ്ഞേച്ചെങ്കിലും പോകാരുന്നു.
നീയൊന്നു ക്ഷമിക്കടി.. ഞാനാ ഇഞ്ചിക്കണ്ടത്തിലെ തോമാ ഒരത്യാവശ്യം പറഞ്ഞ് വിളിച്ചപ്പോൾ അവന്റെ കൂടെ പോയതാ. കൊറേ സമയം അങ്ങനെ പോയി. പിന്നെ നിന്നെ ഒന്ന് കാണണെങ്കിൽ ഈ നേരം വരെ കാത്തിരിക്കണ്ടേ.
എന്തോന്നാ ഇത്ര അത്യാവശ്യം. അല്ലേലും തോമയെ കിട്ടിയാൽ എന്നെ മറക്കും. പണ്ടേ അങ്ങനെയാണല്ലോ. എല്ലാം കഴിയുമ്പോൾ കിള്ളാൻ വന്നോളും. എനിക്കൊന്നും മിണ്ടാനില്ല.
എടീ... പണ്ടുതൊട്ടെ ഞാനീ പാത്തും പതുങ്ങിയും വരുന്നതുതന്നെ നിന്നെക്കാണാനാ. ഇങ്ങനെ കെറുവിക്കാതെ. നീ ഇങ്ങോട്ടൊന്ന് നോക്കിക്കേ.
എനിക്ക് ആരേം കാണണ്ടാന്ന് പറഞ്ഞില്ലേ.
ഒരു കാര്യം ഞാൻ ചോദിച്ചാൽ സത്യം പറയുവോ. പകൽ വെളിച്ചത്തിൽ നാലാളുടെ മുന്നിൽവെച്ച് ധൈര്യത്തോടെ ഒരുവട്ടമെങ്കിലും നിങ്ങളെന്നോട് മിണ്ടീട്ടുണ്ടോ. പോട്ടെ... ഒന്ന് നോക്കീട്ടുണ്ടോ?
അതെന്നാ വർത്താമാനമാടി കൊച്ചെ... പറഞ്ഞേ.
പണ്ട് എട്ടാം ക്ലാസിൽ വേദപാഠക്ലാസിൽ വെച്ചല്ലേ നമ്മള് ആദ്യം കാണുന്നെ.
പിന്നെ... വീണ പാഠം. ഞാൻ വല്ല തെറിയും പറയും കേട്ടോ. എനിക്കങ്ങ് പെരുപ്പ് കേറി വരുന്നുണ്ട്. ഈ ഞായറാഴ്ച കുർബാനക്കും അതുകഴിഞ്ഞ് വേദപാഠത്തിനുമിരിക്കുമ്പോളും ആരും കാണാതെ ഏറ്കണ്ണിട്ട് നോക്കിയതല്ലാതെ എപ്പോഴേലും ഒന്ന് കാണാനോ മിണ്ടാനോ നിങ്ങള് മെനക്കെട്ടിട്ടില്ല. ഒളിയോ മറയോ ഉണ്ടെങ്കിൽ ഇതുപോലെ ഒരു ധൈര്യവാൻ വേറെയില്ല.
എന്തിനേറെ പറയുന്നു... വീട്ടുകാരെല്ലാംകൂടി മാഞ്ഞാനിയിലെ ഇട്ടിച്ചനുമായി എന്റെ കല്യാണം തീരുമാനിച്ചപ്പോൾ എന്നെ വീട്ടീന്ന് വിളിച്ചിറക്കണമെന്ന് കൂട്ടുകാരനോട് പറയാൻ തോമയോട് പറഞ്ഞിട്ടുപോലും ആ വഴിക്ക് വരാൻ ധൈര്യം ഇല്ലാത്ത മനുഷ്യനാണ് നിങ്ങള്. മനസ്സമ്മതത്തിന് തലേന്നുവരെ കരഞ്ഞു തീർത്ത കണ്ണീരിനു കണക്കില്ല. എന്റെ കണ്ണീരുകണ്ട ചാച്ചൻ വരേ അവസാനം എന്നോട് പറഞ്ഞു. എടീ അവൻ വരുവാണേൽ നീ പൊക്കോ. എന്നാ മാനക്കേട് ഒണ്ടായാലും ചാച്ചൻ സഹിച്ചോളാന്നു. പുലർച്ചവരെ ഞാനും ചാച്ചനും നിങ്ങള് വരുന്നതും നോക്കി കാത്തിരുന്നു.
കണ്ടില്ല...
കത്രീനയുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു.
ഔസേപ്പ് മറുപടിയൊന്നും പറഞ്ഞില്ല.
കണ്ണുകൾ തുടച്ചുകൊണ്ട് കത്രീന തുടർന്നു.
എനിക്കെന്തോ നിങ്ങളോട് അന്നുമുതൽ ദേഷ്യമായിരുന്നു. ഇട്ടിച്ചൻ പൊന്നുപോലെയാ നോക്കിയെ. ഒരു വാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല. നമ്മുടെ കാര്യം ഒക്കെ ചാച്ചൻ പറഞ്ഞ് അറിയാമായിരുന്നെങ്കിലും ഒരിക്കൽപോലും അതെപ്പറ്റി ചോദിച്ചിട്ട് കൂടിയില്ല. കുട്ടികളൊക്കെ ആയപ്പോൾ പതുക്കെ ഞാൻ നിങ്ങളെ മറന്നു.
ദാ ഇപ്പോ.. മനസ്സിലെന്നോ പതിഞ്ഞ ആ മുഖം വീണ്ടും കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. ആ ദേഷ്യമൊക്കെ എങ്ങോട്ടോ പോയി.
എട്ടാം ക്ലാസിൽവെച്ച് ആദ്യമായി കണ്ട ദിവസംപോലെ. നിലാവെട്ടത്തിൽ പെെട്ടന്ന് എന്റെ മുന്നിലേക്ക് വന്നപ്പോൾ നമ്മുടെ ആദ്യത്തെ ക്രിസ്തുമസ് ഓർത്തുപോയി. അന്ന് നക്ഷത്രവിളക്കുകൾ തൂക്കി കരോൾ പാട്ടുകൾ പാടിനടക്കുമ്പോൾ നമ്മുടെ കണ്ണുകൾ പരസ്പരം മിണ്ടിയത്, പിന്നീട് പള്ളിയിൽ പാതിരാ കുർബാന നടക്കുമ്പോൾ പുൽക്കൂടിനരികെ നിന്ന് ആദ്യമായ് മിണ്ടിയത്. കഴിഞ്ഞ ദിവസം നിലാവെട്ടത്തിൽ വീണ്ടും കണ്ടപ്പോൾ പണ്ട് പുൽക്കൂടിന് പിന്നിൽനിന്ന് നക്ഷത്രവിളക്കിന്റെ വെട്ടത്തിലേക്ക് നീ വന്നപ്പോൾ മുഖത്തുണ്ടായ അതെ പേടി അതുപോലെ നിന്റെ മുഖത്തുണ്ടായിരുന്നു. ഒരുപക്ഷേ ആ ഭയം കണ്ടിട്ടാവണം എന്റെ ദേഷ്യമെല്ലാം പെെട്ടന്ന് പോയത്.
ഔസേപ്പ് കത്രീനയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
ഇങ്ങോട്ട് വരുന്നത് ആരേലും കണ്ടോ..?
അറിയില്ല.
ഔസേപ്പ് അവളുടെ കൈകൾ ചേർത്തുപിടിച്ചു. കത്രീനയപ്പോൾ ഔസേപ്പിന്റെ ചുമലിലേക്ക് തലചായ്ച്ചു. നിലാവ് മേഘങ്ങൾക്കിടയിലേക്ക് ചുരുണ്ടുകൂടി അവർക്കിരുവർക്കുമായി ഇരുളിന്റെ പന്തലൊരുക്കിയപ്പോൾ മങ്ങാടൻ ഔസേപ്പ് ഇറയത്ത് കത്രീനയുടെ നെറുകയിൽ ഉമ്മവെച്ചു. അയാളുടെ കൈ തട്ടി അവളുടെ മുടിയിഴയിൽനിന്നും ജമന്തിപ്പൂവ് താഴേക്ക് വീണു.
മേഘപ്പുതപ്പിലൊളിച്ച നിലാവ് വീണ്ടും പുറത്തേക്കിറങ്ങിയപ്പോൾ കത്രീന ചോദിച്ചു.
നമ്മള് തമ്മിൽ കാണുന്നതും ഇവിടെ ഇരിക്കുന്നതും ആരെങ്കിലും കാണുമോ ഔസേപ്പച്ചാ.
ആര് കാണാൻ. ഇനി ആരേലും കണ്ടാലും എനിക്ക് കൊഴപ്പമൊന്നുമില്ല.
നിങ്ങൾക്കത് പറയാം. ഇട്ടിച്ചനോ പിള്ളരോ അറിഞ്ഞാൽ മാനക്കേട് എനിക്കാ. അറിയാവോ?
നിനക്ക് മാനക്കേട് വരാതെ ഞാൻ നോക്കിക്കോളാം. പോരെ. ഇനി നമ്മളറിയാതെ ഇങ്ങോട്ട് ആരേലും വരുന്നുണ്ടോ എന്ന് നോക്കാൻ ഞാൻ തോമായെ ഏൽപിച്ചിട്ടുണ്ട്.
ഓഹോ. അപ്പോ എല്ലാം തീരുമാനിച്ച് എറങ്ങിയതാ അല്ലെ.
പിന്നല്ലാതെ.
എന്നാലും ഔസേപ്പച്ചാ... ഈ ഇരുട്ടത്ത് ഇങ്ങനെ പാത്തും പതുങ്ങിയും വരേണ്ട കാര്യം വല്ലതും ഉണ്ടാരുന്നോ... പണ്ടേക്ക് പണ്ട് വിളിച്ചോണ്ട് പോയി കൂടെ പൊറുപ്പിച്ചാരുന്നേൽ എനിക്ക് എന്തൊരു സന്തോഷം ആയേനെ.
ചില കാര്യങ്ങള് അങ്ങനാ കത്രീനാ നമ്മള് തീരുമാനിച്ചാലും നടക്കത്തില്ല.
എന്നാലും വീണ്ടും കാണാൻ പറ്റിയല്ലോ. ഇത്രേം നാൾ കാത്തിരുന്നതിന് ഇപ്പോ ഒരർഥം ഉണ്ടായല്ലോ.
ഇനിയിപ്പോ എന്തർഥം ഉണ്ടായിട്ടെന്താ കാര്യം.
ഔസേപ്പച്ചാ... ഒന്ന് ചോദിച്ചോട്ടെ... തോമായോട് പറഞ്ഞുവിട്ടിട്ടും അന്നെന്താ എന്നെ വിളിക്കാൻ വരാതിരുന്നത്.
അതൊരു വലിയ കഥയാ. ഞാൻ സൗകര്യംപോലെ പറയാം. ഇനിയിപ്പോ എന്നും കാണുമ്പോൾ പറയാൻ എന്തേലും വേണ്ടെ.
മതി. സമയംപോലെ മതി.
അത് പോട്ടെ, ചോദിക്കാൻ മറന്നു... ഔസേപ്പച്ചന്റെ കുടുംബം..?
ഞാൻ പെണ്ണൊന്നും കെട്ടീല. അതിനൊള്ള സമയം കിട്ടീല. പിന്നെ മനസ്സിൽ നീയൊണ്ടാരുന്നു. അതിപ്പോഴും അങ്ങനെ തന്നെയുണ്ട്.
കത്രീന ഔസേപ്പിന്റെ കണ്ണുകളിലേക്ക് നോക്കി.
ഞാൻ... പോട്ടെ.
എന്താ എന്ത് പറ്റി..?
ഒന്നുലാ..
കത്രീനാമേ...
തിരിഞ്ഞുനോക്കാതെ കത്രീന നടന്നു.
ഔസേപ്പ് പിന്നെ കത്രീനയെ വിളിച്ചില്ല.
നാളെ ഈ സമയം നിന്നെയും കാത്ത് ഞാനിവിടെയുണ്ടാകും. ഇരുളിൽ എവിടെയൊക്കെയോ അയാളുടെ ശബ്ദം പ്രതിധ്വനിച്ചു.
നിലാവ് ഒരുക്കിയ പന്തലിന് താഴേ ഔസേപ്പും തോമായും ഒറ്റക്കായി.
അതെന്താടാ അവള് പോയെ. കുറേകാലം കൂടി കണ്ടിട്ട് നീ എന്നാ വേണ്ടാതീനമാ പറഞ്ഞേ?
ഏയ് ഞാനൊന്നും പറഞ്ഞില്ല. ഇത്രേം നാളായിട്ടും പെണ്ണ് കെട്ടിയില്ല എന്നറിഞ്ഞപ്പോൾ അവളുടെ മുഖം മാറി. ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല. കഴിഞ്ഞതൊക്കെ ഞാനവളോട് എങ്ങനെ പറയും. ഈ ഒരു നിമിഷത്തിനുവേണ്ടി ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നു. അവളറിയുമ്പോൾ... എനിക്ക് അറിയില്ല അവൾ എങ്ങനെ പ്രതികരിക്കുമെന്ന്.
എല്ലാം ശരിയാകുമെടാ നമുക്ക് കാത്തിരിക്കാം. നീ നോക്കിക്കോ നാളെയും അവള് വരും.
കത്രീന ആകെ അസ്വസ്ഥയായിരുന്നു. പഴയ ഓർമകളിലേക്ക് അവൾ ഒരു ശലഭമായി പറന്നുപോയി.
ഇടവകേൽ നാട്ടീന്ന് വന്ന പുതിയ കുടുംബക്കാര് ചേർന്നിട്ടൊണ്ടെന്നു പറഞ്ഞ് അച്ചൻ മങ്ങാട്ട് കുടുംബത്തെ പരിചയപ്പെടുത്തിയപ്പോൾ എഴുന്നേറ്റ് നിന്ന സുന്ദരനായ ആ പയ്യനെ എല്ലാവരും ശ്രദ്ധിച്ചു. വേദപാഠത്തിന് എന്റെ ക്ലാസിൽ വരണമെന്ന് അന്ന് പള്ളീൽ ഒണ്ടാരുന്ന എല്ലാ പെൺപിള്ളാരും ആഗ്രഹിച്ചിട്ടുണ്ടാകും. അതിലെന്റെ പ്രാർഥന കർത്താവ് കേട്ടു. വേദപാഠത്തിന് മാത്രമല്ല സ്കൂളിലും ഞങ്ങള് ഒരേ ക്ലാസിൽ.
കരിപ്പാറയിൽനിന്ന് ടൗണിലേക്ക് ജീപ്പ് മാത്രമേയുള്ളൂ. പള്ളിത്താഴേന്ന് രാവിലെ എട്ട് മണിക്ക് കൊറ്റനാട്ടെ സണ്ണിച്ചേട്ടന്റെ ജീപ്പെടുക്കും. സണ്ണിച്ചേട്ടൻ തന്നെയാണ് ഓടിക്കുന്നതും. അതിൽ ടൗണിലോട്ട് പോകാനുള്ള ആർക്ക് വേണേലും കേറാം. അടുത്തത് എട്ടരക്കാണ് അതിൽ പക്ഷേ സ്കൂൾകുട്ടികൾ മാത്രമേ കാണൂ. രാവിലത്തെപോലെതന്നെ ഉച്ചക്കും വൈകുന്നേരവും ജീപ്പ് സർവീസുണ്ട്. വൈകുന്നേരം നാലരക്കുള്ളത് സ്കൂൾകുട്ടികൾക്ക് മാത്രമാണ്.
ആദ്യകാലത്ത് ടൗണില് പോകുന്നോര് സ്പെഷ്യല് കൂട്ടിയും കുട്ടികള് നടന്നും ഒക്കെയാരുന്നു. എഴുപത്തിയൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ഇഞ്ചനാട്ടെ ജോണിക്കുട്ടി ഒഴുക്കിൽ പോയതോടെയാണ് മഴക്കാലത്ത് സ്കൂളിലോട്ട് കുട്ടികൾ ജീപ്പിൽ പോയാൽ മതിയെന്ന് പള്ളിക്കമ്മറ്റി കൂടി തീരുമാനിച്ചത്. ടൗണില് നിന്ന് കരിപ്പാറയിലേക്കുള്ള ആദ്യത്തെ കയറ്റം കയറി ഇല്ലിക്കല്ലിന്റെ താഴെയുള്ള കൊടുവളവ് ബസ് ഒടിഞ്ഞുകേറിെല്ലന്ന് മനസ്സിലാക്കിയതോടെ നാട്ടുകാർക്ക് ജീപ്പ് മാത്രമായി ഏക ആശ്രയം. പക്ഷേ, എല്ലാവർക്കും എപ്പോഴും സ്പെഷല് കൂട്ടാൻ പറ്റുകയുമില്ല. നാട്ടിലെ പൊതുപ്രശ്നങ്ങൾക്ക് കമ്മറ്റി കൂടുക സാധാരണയായതുകൊണ്ട് വിഷയം കമ്മറ്റിയിൽ ചർച്ചചെയ്തെടുത്ത തീരുമാനമാണ്, രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ജീപ്പ് സർവീസ്.
എട്ടരക്കുള്ളത് വീട്ടിലെ വണ്ടി ആണേലും ഞാനെപ്പോഴും ഏറ്റവും പിറകിലാണ് ഇരിക്കുന്നത്. ഔസേപ്പ് ഒരിക്കൽപോലും സീറ്റിലിരിക്കില്ല പുറകിൽ സ്റ്റെപ്പിൽ ചവിട്ടിനിൽക്കും. ബുക്കുകൾ എന്നെ ഏൽപിക്കും. അതാകട്ടെ സൈക്കിൾ ട്യൂബിൽ നിന്ന് മുറിച്ചെടുത്ത ബാൻഡിൽ ചുറ്റിവെച്ചിരിക്കുകയായിരിക്കും. ബുക്കുകൾ ഓരോന്നെടുത്ത് വെറുതെ മറിച്ചുനോക്കും. അവനെപ്പോലെ സുന്ദരമായ അക്ഷരങ്ങളിൽ വിരലോടിച്ചങ്ങനെയിരിക്കുമ്പോൾ അവനെന്നേ നോക്കും. ഒരു വാക്കുപോലും മിണ്ടാതെ കണ്ണുകൾകൊണ്ട് സംസാരിച്ച നാളുകൾകൊടുവിൽ ഒരുദിവസം അവന് മുന്നിൽ ഒരു കത്തിലൂടെ ഞാനെന്റെ ഹൃദയം തുറന്നുവെച്ചു. എട്ടിലെ കൊല്ലപ്പരീക്ഷക്ക് മുമ്പ് പനിപിടിച്ച് രണ്ടുമൂന്ന് ദിവസം സ്കൂളിൽ പോകാൻ എനിക്ക് പറ്റിയില്ല. ക്ലാസിൽ ചെന്നപ്പോൾ എന്റെ ആഗ്രഹംപോലെതന്നെ ടീച്ചർ പറഞ്ഞു.
ഔസേപ്പെ... നിന്റെ ബുക്ക് നോട്ടെഴുതാൻ കത്രീനയ്ക്ക് കൊടുക്കണം.
അവൻ എന്നെ ഒന്ന് നോക്കി. പിന്നെ ബുക്ക് ടീച്ചറിനെ ഏൽപിച്ചു. ടീച്ചർ എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു,
ഞായറാഴ്ച പള്ളിയിൽ കാണുമ്പോൾ ബുക്ക് തിരിച്ചു കൊടുത്തേക്കണം കേട്ടോ.
ഞാൻ തലകുലുക്കി. നോട്ടെല്ലാം എഴുതിക്കഴിഞ്ഞ് ഞായറാഴ്ച വേദപാഠക്ലാസിൽ വെച്ച് ബുക്ക് തിരിച്ചുകൊടുക്കുമ്പോൾ ഞാൻ അവനോട് പറഞ്ഞു:
നിന്റെ ബുക്കിനെന്തോ മാന്ത്രികശക്തിയുണ്ട്, കേട്ടൊ. അത് കിട്ടിയതുകൊണ്ടാ എന്റെ പനി മൊത്തത്തിൽ മാറിയത്. ഇന്നലേം മിനിഞ്ഞാന്നും ഞാനീ ബുക്കും കെട്ടിപ്പിടിച്ചുകിടന്നാ ഒറങ്ങിയത്.
അവൻ ഒന്നും മിണ്ടിയില്ല, പക്ഷേ ചിരിച്ചു.
നിന്നോട് പറയാൻ ഒരുകൂട്ടം എഴുതീട്ടുണ്ട്. നോക്കണം...ട്ടോ.
അവളതിൽ എന്താ എഴുതിയെ... നിലാവൊരുക്കിയ പന്തലിന് താഴെയിരിക്കുമ്പോൾ തോമാ ചോദിച്ചു. സത്യം പറഞ്ഞാൽ വേദപാഠ ക്ലാസിൽ ഇരിക്കുമ്പോൾ ബുക്ക് തിരിച്ചും മറിച്ചും ഞാൻ നോക്കി അതിലൊന്നും കണ്ടില്ല. വീട്ടിൽ ചെന്നും കുറെ നോക്കി ഒന്നും കണ്ടില്ല. ഞാൻ വിചാരിച്ചു എന്നെ പറ്റിക്കാൻ പറഞ്ഞതാണെന്ന്. പക്ഷേ കുറെ കഴിഞ്ഞപ്പോൾ ഞാനത് കണ്ടു പിടിച്ചു മലയാളം നോട്ട്ബുക്കിന്റെ പൊതിക്കുള്ളിൽ ഒരു കുറിപ്പ്. അത് പക്ഷേ കത്തൊന്നും ആയിരുന്നില്ല. അതിൽ ഒരു വേദവാക്യം എഴുതിയിരുന്നു.
“ജെറമിയ 31:3.”
ഞാൻ ബൈബിൾ എടുത്തു നോക്കി. പഠിക്കാനിരുന്ന ഞാൻ ബൈബിൾ എടുക്കുന്നത് കണ്ടപ്പോൾ അമ്മച്ചിക്കും അത്ഭുതം. കൂടെ ഒരു ഉപദേശവും പഠിക്കുന്നതിനു മുന്നേ ഒരു അധ്യായം വായിക്കുന്നത് നല്ലതാ. അതിന്റെ കൃപയുണ്ടാകും. ഞാൻ ചിരിച്ചു. അമ്മച്ചിക്ക് അറിയില്ലല്ലോ സത്യം.
എടാ നീ വളക്കാതെ കാര്യം പറയടാ ആ വാക്യം എന്തായിരുന്നു. തോമാക്ക് ദേഷ്യം വന്നു.
“എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്, നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.”
പെണ്ണ് കൊള്ളാമല്ലോ ഔസേപ്പെ. അവള് വലിച്ചുനീട്ടാതെ കാര്യം പറഞ്ഞു. എന്നിട്ട് നീ അതിനു മറുപടി കൊടുത്തോ?
ശരിക്കും പറഞ്ഞാൽ അതൊരു തുടക്കമായിരുന്നു. ആദ്യം ആദ്യം വേദവാക്യങ്ങൾ. അങ്ങോട്ടുമിങ്ങോട്ടും പറയാനുള്ള കാര്യങ്ങൾ വേദവാക്യങ്ങളിലൂടെ കണ്ടെത്താൻ കുറെ കഷ്ടപ്പെട്ടു. പക്ഷേ, ഒരു കാര്യമുണ്ട്, തോമാ ഈ ബൈബിൾ വാക്യം പരിപാടി ആരും കണ്ടുപിടിക്കത്തില്ല. ഒരാൾക്കും സംശയം തോന്നത്തുമില്ല.
അവളുടെ വാക്യത്തിന് നീ എന്തു മറുവാക്യമാ എതുതിയെ..?
“സുഭാഷിതങ്ങൾ 24:26.”
നീ വാക്യം പറയാതെ എന്താണെന്ന് പറയടാ.
“സത്യസന്ധമായ ഉത്തരം നൽകുന്നത് ചുംബനം നൽകുന്നതുപോലെയാണ്.”
അതുകൊള്ളാം അതെനിക്കിഷ്ടപ്പെട്ടു തോമാ ഉറക്കെ ചിരിച്ചു. ശരിക്കും പറഞ്ഞാൽ നിങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഒരുകൊല്ലത്തെ കണക്കെ എനിക്ക് അറിയാതൊള്ളു. ഒമ്പതിൽ പഠിക്കുമ്പോഴല്ലേ ഞങ്ങടെ കുടുംബം കരിപ്പാറയിലേക്ക് വരുന്നത്. അന്നുമുതലുള്ള കഥ എനിക്കറിയാം. ഞാൻ ആയിരുന്നല്ലോ രണ്ടു പേരുടെയും മനസ്സ് സൂക്ഷിച്ചിരുന്നത്. കത്ത് കൈമാറ്റം, കാവൽനിൽപ് എന്തൊക്കെയായിരുന്നു.
ങാ... അതൊക്കെ ഒരു കാലം. പക്ഷെ ഒരുമിച്ച് ജീവിക്കാൻ മാത്രം ഭാഗ്യം ഉണ്ടായില്ല.
ഔസേപ്പ് തോമായെ നോക്കി നിർവികാരനായി ഒന്ന് പുഞ്ചിരിച്ചു.
എല്ലാം വിധിയാ. എന്തൊക്കെ ചെയ്താലും ഇന്നത് ഇന്നാർക്കെന്ന് വിധിച്ചിട്ടുണ്ട് അങ്ങനെയേ നടക്കൂ.
അത് ശരിയാ. എല്ലാത്തിനും ഒരു യോഗം വേണം. കാഞ്ഞിരമറ്റം ടൗണിന്ന് ഒരു കിലോമീറ്റർ ദൂരമേ വീട്ടിലോട്ട് ഒണ്ടാരുന്നൊള്ളു. ഇവിടെ ഏതാണ്ട് പൊന്ന് ഇരിപ്പൊണ്ടെന്ന് പറഞ്ഞ് ചാച്ചൻ പിരികേറ്റി.
നാട്ടിന്നു പോരാൻ അമ്മച്ചിക്ക് തീരെ ഇഷ്ടമില്ലായിരുന്നു. ചാച്ചന്റെ നിർബന്ധത്തിന് അവസാനം അമ്മച്ചി വഴങ്ങി. ഉള്ളതെല്ലാം വിറ്റുപെറുക്കിയ പൈസക്ക് ഒരേക്കറ് സ്ഥലം വാങ്ങി. അതും മേലെ ഇരുപത്തിനാലിൽ കാടിനോട് ചേർന്ന് കിടക്കുന്ന സ്ഥലം. നേരം വൈകിയാൽ ആന ചിന്നംവിളിക്കുന്നത് കേൾക്കാം. അമ്മച്ചി പിന്നെ പുറത്തേക്കിറങ്ങത്തില്ല. അന്ന് പക്ഷേ ആ ഭാഗത്ത് ഞങ്ങളുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോടിന്റെ അക്കരെ നിന്റെ വീടും. കൊല്ലം മൂന്നാല് കഴിഞ്ഞപ്പോഴേക്ക് കുറെ വീടുകൾകൂടി വന്നു. ആദ്യകാലത്ത് എന്തൊക്കെയായിരുന്നു. പള്ളി വരുന്നു, പള്ളിക്കൂടം വരുന്നു, കോളജ് വരുന്നു, അരമനേന്ന് അച്ചന്മാർ നേരിട്ട് വരുന്നു. മഠം വരുന്നു...
അവസാനം ഒരു പള്ളി മാത്രം. ചാച്ചനൊക്കെ... ശരിക്കും പറഞ്ഞാൽ പെട്ട് പോയതാ. നീ നോക്കിക്കേ വർഷം ഇത്രേം കഴിഞ്ഞിട്ടും ഇവിടെ എന്തേലും മാറ്റമുണ്ടോ..? ഒന്നും പറഞ്ഞിട്ട് കാര്യമില്ല. യോഗമില്ല.
തോമാ പറഞ്ഞത് ശരിയാണെന്ന് ഔസേപ്പ് തലകുലുക്കി സമ്മതിച്ചു.
ഇനിയിപ്പോ ഇരുന്നിട്ട് കാര്യമില്ല.. നമുക്കും പോകാം, തോമാ എഴുന്നേറ്റു.
നീ വിട്ടോ ഞാൻ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കട്ടെ.
ഞാൻ പോകുവാ. നീ നിന്റെ നട്ടപ്രാന്തും കൊണ്ടിരുന്നു നേരം വെളുപ്പിച്ചോ.
തോമാ പോയപ്പോൾ ഔസേപ്പ് കത്രീനയുമൊന്നിച്ചിരുന്ന പാറയിലേക്ക് കയറി. കത്രീനയുടെ മുടിക്കെട്ടിൽനിന്നും വീണ ജമന്തിപ്പൂവ് അയാൾ കൈയിലെടുത്തു. അതിന്റെ ഇതളുകൾ പൊഴിച്ച് കൈക്കുമ്പിളിലാക്കി പാറയിലേക്ക് മലർന്നു. കൈക്കുമ്പിളിലെ പൂവിതളുകൾ മുകളിലേക്ക് ഊതിപ്പടർത്തി. വായുവിൽ ഊളിയിട്ട് ജമന്തിയിതളുകൾ അയാളുടെ മുഖത്തേക്കു തന്നെ വീണു. അതിന്റെ സുഗന്ധത്തിൽ അയാൾ മയങ്ങി. ഇടയിൽ അയാളെ തഴുകി കടന്നുപോയ കാറ്റിലെ ജമന്തിപ്പൂമണം അയാളെയുണർത്തി. അപ്പോഴേക്കും ജമന്തിപ്പൂക്കളുടെ ഒരു കാട് അയാൾക്ക് ചുറ്റും രൂപപ്പെട്ടിരുന്നു.
അയാൾ കൈനീട്ടി ഒരു പൂവ് പറിച്ചെടുത്തു.
കരിപ്പാറയിലേക്ക് വന്നതിന്റെ അടുത്തവർഷം പതിനഞ്ച് നോമ്പ് വീടിയതിന്റെ പിറ്റെ ഞായറാഴ്ച വൈകുന്നേരം നാല് മണിക്കുള്ള കുർബാനക്ക് ഗായകസംഘത്തിൽ വന്ന കുറവ് നികത്താൻ എന്നോട് കേറിനിൽക്കാൻ കൊച്ചച്ചൻ പറഞ്ഞതു കേട്ടതേ എന്റെ കണ്ണിൽ ഇരുട്ട് കയറി. കാലിലെ പെരുവിരലിൽനിന്ന് തുടങ്ങിയ വിറയൽ മുടിവരെ പടർന്നു.
പാട്ടുക്കൂട്ടത്തിൽ ഞാനുമുണ്ട് എന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് കത്രീനയാണ്.
ഇതുപോലൊരു അവസരം ഇനി കിട്ടൂല. ആർക്കും ഒരു സംശയവും ഒണ്ടാകത്തുമില്ല.
ഇതിനിടയിൽ അവളുടെ പിറകിൽ തന്നെ നിന്നോളണമെന്ന് അവള് ഉത്തരവുമിറക്കി. അങ്ങനെ അവളുടെ പിറകിൽ നിൽക്കുന്ന സമയത്താണ് അവളുടെ പിന്നിയിട്ട മുടിയിലെ മഞ്ഞയും വെള്ളയും കലർന്ന ജമന്തിപ്പൂവ് ശ്രദ്ധിക്കുന്നത്. സാധാരണ നാട്ടിലുള്ള പെൺപിള്ളേർ മുഴുവൻ റോസപ്പൂവോ മുല്ലപ്പൂവോ ഒക്കെ ചൂടുമ്പോൾ ഒരുത്തിമാത്രം കടുത്തമണമുള്ള ജമന്തിപ്പൂവ് മുടിയിൽ കൊരുത്തുവെച്ചിരിക്കുന്നു.
മൂന്നാം മണിയടിച്ചു. ഗായകസംഘം പാട്ട് തുടങ്ങി.
“എരിയുന്ന തിരിനാളം പോലെ
വിടരുന്ന നറുസൂനം പോലെ
നിൻമുമ്പിലർപ്പിതരാകാൻ നാഥാ...
ഞങ്ങളിതാ വരുന്നൂ...”
കൊച്ചച്ചൻ കുർബനക്കായി അൾത്താരയിലേക്ക് കയറിയതും ഞാൻ വീണതും ഒരുമിച്ചായിരുന്നു. കണ്ണുതുറക്കുമ്പോൾ മേടയിലെ തിണ്ണയിൽ ബെഞ്ചിൽ കിടക്കുകയാണ്. കത്രീന അടുത്തുണ്ട്. പള്ളിയിൽ കുർബാന നടക്കുന്നു.
എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു.
കുർബാന തീരുന്ന വരേ അവിടെ കിടന്നോ.
എന്നാലും ഒരു ജമന്തിപ്പൂവിന്റെ മണമടിച്ചാൽ ഇങ്ങനെ ബോധം പോകുമോ.
ഞാൻ ചിരിച്ചു. എനിക്കറിയില്ല.
ന്നാ... ഇതൊന്ന് മണത്തെ. അവൾ മുടിയിൽനിന്നും പൂവെടുത്ത് എന്റെ നേരെ നീട്ടി.
ഞാൻ മണത്തുനോക്കി.
ബോധം പോയില്ലല്ലോ അവൾ ചിരിച്ചു.
ഞാനും.
കത്രീന എന്റെ കൈയിൽനിന്നും പൂവ് വാങ്ങി തിരികെ മുടിയിൽ ചൂടി.
എന്റെ കവിളിൽ ഒരുമ്മയും തന്ന് അവൾ എഴുന്നേറ്റു.
ഔസേപ്പൂട്ടി അവിടെ കിടന്നോ. ഞാനേ കുർബാനക്ക് കേറട്ടെ. ഇനിയിങ്ങനെ വീഴല്ലെ... അവൾ ചിരിച്ചുകൊണ്ട് പള്ളിയിലേക്ക് നടന്നു.
കൈമുട്ട് പിന്നിലേക്ക് കുത്തി ഞാൻ തലയുയർത്തി അവൾ പോകുന്നത് നോക്കിനിന്നു.
അവിടന്നങ്ങോട്ട് ഞങ്ങളിടങ്ങളിൽ ഉമ്മകൾ പിന്നെയും പലതവണ പിറന്നു.
ക്രിസ്തുമസിന് പാതിരാകുർബാന നടക്കുമ്പോൾ പുൽക്കൂടിന് പുറകിൽവെച്ച്...
ഉപജില്ലാ കലോത്സവത്തിന് പോയപ്പോൾ.
കത്രീനയുടെ വീടിന് താഴെ തോട്ടിൽ, രണ്ടാം കയത്തില്... പതഞ്ഞുപൊങ്ങിയ ചന്ദ്രിക സോപ്പിന്റെ മണത്തോടൊപ്പം മുങ്ങി നിവർന്ന് കണ്ണ് തുറക്കുമ്പോൾ അവൾ മുന്നിലുണ്ട് ഞൊടിയിടയിൽ എന്നെയും ചേർത്തുപിടിച്ച് അവൾ മുങ്ങാംകുഴിയിട്ടു. കയത്തിന്റെ ആഴങ്ങളിൽനിന്ന് ഞങ്ങളുടെ നിശ്വാസങ്ങൾ കുമിളകളായി ജലോപരിതലത്തിലേക്ക് പടർന്നു.
ഞങ്ങളുടെ ബന്ധത്തിൽ തോമാക്ക് ആദ്യം മുതലേ സംശയമുണ്ടായിരുന്നു. ഒരിക്കൽ അവനെന്നോട് ചോദിച്ചു. ഒടുവിൽ അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് കീഴടങ്ങേണ്ടിവന്നു.
രണ്ടാം കയത്തിലേക്ക് എന്റെയും അവന്റെയും വീട്ടിൽനിന്ന് കുറച്ചു ദൂരമുണ്ട്. മഴക്കാലത്ത് ഇരുപത്തിനാലിലോട്ട് തോട് മുറിച്ചുകടക്കുക പ്രയാസമാണ് എപ്പോഴും ഒരാൾ പൊക്കത്തിൽ വെള്ളമുണ്ടാകും. ചിലപ്പോൾ മേലെ കാട്ടിൽ ശക്തമായ മഴയെങ്ങാനും പെയ്താൽ വലിയ തോതിൽ വെള്ളം ഇരമ്പിയെത്തും. അങ്ങനെ പ്രതീക്ഷിക്കാതെ പെയ്തൊരു മഴയിലാണ് ജോണിക്കുട്ടി പോയത്. ഇരുപത്തിനാലിൽ വീട്ടുകാരുടെ എണ്ണം കൂടിയപ്പോൾ തോടിന് കുറുകെ കടക്കാൻ ഒരു പാലം കെട്ടി. തോടിന് ഇരുകരയിലുമുള്ള വലിയ രണ്ട് മരങ്ങളിൽ കെട്ടിയ ഇരുമ്പുവടത്തിന്റെ ബലത്തിൽ മുളംകീറുകൾ കൂട്ടിക്കെട്ടിയ ഒരു തൂക്കുപാലം. വേഗത്തിൽ നടന്നാൽ പാലം നന്നായി കുലുങ്ങും. എങ്കിലും മഴക്കാലത്ത് ആ പാലം വലിയൊരു ആശ്വാസം തന്നെയായിരുന്നു. ഒരിക്കൽ പാലത്തിൽ നിൽക്കുമ്പോൾ തോമാ മറുകരയിലുണ്ട്. പാലത്തിന് നടുക്ക് എത്തിയപ്പോഴേക്കും അവൻ ഓടി എന്റെ മുന്നിലെത്തി. പാലം കുലുക്കിക്കൊണ്ട് അവൻ ചോദിച്ചു.
നീയും കത്രീനയും തമ്മിൽ എന്നതാ എടപാട്..?
അതെന്താ നീ അങ്ങനെ ചോദിച്ചേ..?
കാര്യമുണ്ട്... എനിക്ക് അറിയണം.
തോമാച്ചാ... നീ പാലം കുലുക്കാതെ. നമ്മൾ രണ്ടാളും വെള്ളത്തിൽ വീഴും.
വീഴട്ടെ... അല്ലേൽ നീ കാര്യം പറ. ഒരു കൂട്ടുകാരന് മറ്റൊരു കൂട്ടുകാരന്റെ രഹസ്യങ്ങളും അറിഞ്ഞിരിക്കണ്ടെ. അല്ലേൽ നീ പറ.
പറയാം ഞങ്ങൾ തമ്മില് അടുപ്പത്തിലാ.
പറഞ്ഞു തീരുമ്പോഴേക്കും ഞങ്ങള് വെള്ളത്തിൽ വീണു. നനഞ്ഞു കുതിർന്ന് ഞങ്ങൾ ഒരു പാറയിലേക്ക് വലിഞ്ഞുകയറി. ആകാശം നോക്കി മലർന്നുകിടക്കുമ്പോൾ അവൻ ചോദിച്ചു.
എത്ര നാളായി തൊടങ്ങിയിട്ട്..?
കുറച്ചായി.
ഉം...
എനിക്ക് തോന്നിയിരുന്നു. എങ്കിലും നിന്റെ വായിൽനിന്ന് തന്നെ കേൾക്കാൻ ഒരാഗ്രഹം.
ഞാൻ ചിരിച്ചു.
ആ... പിന്നെ ഒരു കാര്യം. ഈ വെള്ളത്തിൽ കിടന്ന് പരിസരം മറന്നുള്ള പരിപാടിയൊന്നും വേണ്ട.
നീ അവിടെ ഉണ്ടാരുന്നോ..?
നീ രണ്ടാം കയത്തിന്റെ അവിടെ കാണുമെന്ന് എനിക്കറിയാമായിരുന്നു. മേലെ പാറയിൽ സമയത്ത് എത്തിയകൊണ്ട് രണ്ട് പ്രണയമീനുകളെ കാണാൻ പറ്റി.
വേറെ ആരേലും കണ്ടോ.
തൽക്കാലം ഇല്ല. അതുകൊണ്ടാ പറഞ്ഞേ, പരിസരം മറക്കരുതെന്ന്.
എന്തായാലും നീ കണ്ടത് നന്നായി. വേറെ ആരേലും ആയിരുന്നേൽ വെട്ടിക്കൂട്ടി തെങ്ങിന് ഇട്ടേനെ.
അവിടുന്നങ്ങോട്ട് ഇവിടം വരെ തോമാ ഞങ്ങളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി.
തോമാ പറഞ്ഞെങ്കിലും രണ്ടാം കയത്തിന്റെ ആഴങ്ങളിൽ പിന്നെയും പലതവണ ഞങ്ങൾ ഊളിയിട്ടു.
അതിന് മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു. കരിപ്പാറയിലെ ഒരാൾക്കും അറിയാത്ത ഒരു രഹസ്യം രണ്ടാം കയത്തില് ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. കത്രീനയുടെ വീടിന് താഴ്ഭാഗത്ത് ആണെങ്കിലും കയത്തിലേക്ക് എത്താൻ കുറച്ച് പ്രയാസമാണ്. ഒന്നാം കയം കഴിഞ്ഞ് താഴേക്ക് തോട് ഒഴുകുന്ന ഭാഗം അത്രയും വലിയ പാറകളാണ്. സാധാരണ കുട്ടികളും മുതിർന്നവരും ഒക്കെ കുളിക്കാനും തുണി നനക്കാനും ഒക്കെ തൂക്കുപാലം മുതൽ ഒന്നാം കയം വരെയുള്ള ഭാഗത്താണ് പോകുന്നത്. ഒന്നാം കയം കഴിയുമ്പോൾ മേലെ കാട്ടിൽനിന്ന് വരുന്ന ഒരു തോടുകൂടി സംഘമിച്ച് കരിപ്പാറതോടിന്റെ ശക്തി ഒന്നുകൂടി വർധിക്കും. അവിടന്ന് ഏതാണ്ട് ഒരു പതിനഞ്ച് മീറ്ററോളം താഴ്ചയിലേക്ക് വെള്ളം പതഞ്ഞ് ചാടുന്നിടത്താണ് രണ്ടാം കയം. പാറകളിൽ പിടിച്ച് താഴേക്ക് ഇറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഏതെങ്കിലും പാറയിൽ തലയിടിച്ച് ജീവൻ പോകും. കത്രീനക്ക് അവരുടെ ജാതിത്തോട്ടത്തിന്റെ അതിരെക്കൂടി താഴേക്കിറങ്ങി രണ്ടാം കയത്തിലേക്ക് എളുപ്പത്തിൽ എത്താം. ഞാൻ കൂടി പാറക്കൂട്ടത്തിന് കിഴക്ക് നിൽക്കുന്ന കല്ലാലിന്റെ വേരിൽ പിടിച്ച് താഴേക്കിറങ്ങും
കയത്തിൽ ആദ്യം എത്തുന്നയാൾ കല്ലാലിന്റെ നേരെ താഴെയുള്ള പാറപ്പുറത്ത് അടയാളമായി ഒരു മക്കുംകായ എടുത്ത് വെക്കും. എന്നിട്ട് നേരെ കയത്തിലേക്ക് ഇറങ്ങും. മുങ്ങാംകുഴിയിട്ട് കുറച്ചു മുന്നോട്ടുപോയാൽ പാറകൾക്കിടയിലുള്ള ഒരു ഗുഹയിലേക്ക് കയറാൻ പറ്റും. അതായിരുന്നു രണ്ടാം കയത്തിനടിയിൽ ഞങ്ങൾ കണ്ടെത്തിയ രഹസ്യം. പുറംലോകം അറിയാത്ത രണ്ടാം കയത്തിലെ ഗുഹക്കുള്ളിൽ പാറയുടെ വിള്ളലുകൾക്കിടയിൽക്കൂടി അരിച്ചിറങ്ങുന്ന വെള്ളത്തുള്ളികൾ ഞങ്ങൾക്കായി സംഗീതമൊരുക്കുമ്പോൾ അകമ്പടിയായി എത്തുന്ന സൂര്യരശ്മികൾ ഞങ്ങൾക്കിടയിൽ പ്രകാശവലയം തീർക്കും. കത്രീനയുടെയും ഇട്ടിച്ചന്റെയും കല്യാണത്തിന് തലേന്നുവരെ അതായിരുന്നു പ്രണയക്കയത്തിലെ ഞങ്ങളുടെ മുറി.
മറ്റൊരിടത്ത് ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുടെ നടുവിൽ കത്രീന അസ്വസ്ഥയായിരുന്നു. ഔസേപ്പിന്റെ ഉത്തരങ്ങൾക്കായി ഒരു പകൽ ദൂരം അവൾക്ക് കാത്തിരിക്കേണ്ടി വന്നു.
ഇലച്ചാർത്തുകളുടെ ചിത്രം നിലാവ് മണ്ണിലേക്ക് വരച്ച് തുടങ്ങിയപ്പോൾ ഔസേപ്പ് വന്നു. ചോദ്യങ്ങളുടെ മുനയില്ലാതെ കത്രീന ഔസേപ്പിന്റെ കണ്ണിൽത്തന്നെ നോക്കിയിരുന്നു. ഇരുവരുടെയും കണ്ണുകൾക്കും അവർക്കിടയിലെ മൗനത്തിനും രണ്ടാം കയത്തിന്റെ അത്രയും ആഴം ഉണ്ടായിരുന്നു.
കത്രീന ഔസേപ്പിന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു.
ഔസേപ്പച്ചാ...
ഉം..
ഇത്രയും നാൾ എവിടെയായിരുന്നു?
അന്ന് എന്നെ വിളിക്കാൻ വരാതെ എങ്ങോട്ടാ പോയത്?
ഞാൻ എങ്ങോട്ടും പോയില്ല കത്രീനാ. ഈ കരിപ്പാറയും നിന്നെയും വിട്ട് ഞാൻ എങ്ങോട്ട് പോകാനാണ്. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. നീ എന്റെ അടുത്തേക്ക് വരുന്ന ദിവസം നോക്കിയിരിക്കുകയായിരുന്നു ഇതുവരെ.
കത്രീനാ നീ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്.
ഇന്നലെയായിരുന്നു നിന്റെ അടക്കം.
കത്രീന ഔസേപ്പിന്റെ കൈയിൽ പിടിച്ചു.
ഔസേപ്പച്ചാ എന്നതാ ഈ പറയുന്നെ.
എനിക്കൊന്നും മനസ്സിലാകുന്നില്ല.
വാ... നമുക്ക് നിന്റെ വീട്ടിലേക്ക് പോകാം.
കത്രീന ഔസേപ്പിന്റെ കൈ പിടിച്ചു നടന്നു.
മാഞ്ഞാനിയിലെ കുടുംബക്കല്ലറ ഔസേപ്പ് അവൾക്ക് കാണിച്ചുകൊടുത്തു. ഗ്രാനൈറ്റിൽ കൊത്തിവെച്ചത് അവൾ വായിച്ചു.
“Whoever dwells in the shelter of the Most High
will rest in the shadow of the Almighty”
Psalm 91;1
“ മാഞ്ഞാനിയിൽ കത്രീന”
ജനനം: 06/04/1964 മരണം: 11/08/2018
ഔസേപ്പച്ചാ എനിക്ക് വീട്ടിലോട്ട് ഒന്ന് പോണം. ഒരിക്കൽക്കൂടി ഇട്ടിച്ചനെയും മക്കളെയും കാണണം.
ഔസേപ്പ് കത്രീനയുടെ കൈപിടിച്ച് മാഞ്ഞാനിയിലേക്ക് നടന്നു.
ഇറയത്ത് ചാരുകസേരയിലേക്ക് ചാഞ്ഞ് ഇട്ടിച്ചൻ ഇരിപ്പുണ്ട്.
ഇട്ടിച്ചൻ എന്നെ ഓർക്കുകയാകും അല്ലെ ഔസേപ്പച്ചാ.
ആവാം.
ജീവിച്ചിരിക്കുമ്പോൾപോലും ഒരാൾ ചിന്തിക്കുന്നത് മറ്റൊരാൾക്ക് അറിയില്ലല്ലോ. മക്കളെയും മരുമക്കളെയും ഇട്ടിച്ചനെയും മാഞ്ഞാനിയിലെ വീടും... എല്ലാം ഒരിക്കൽക്കൂടി കണ്ട് കരിപ്പാറയിലെ കാഴ്ചകൾ ഓരോന്നും കണ്ട് രണ്ടാം കയത്തിനടുത്തേക്ക് അവർ നടന്നു. മേലെ പാറയിൽ തോമാ അവരെയും കാത്തിരിപ്പുണ്ടായിരുന്നു. കരിപ്പാറതോട് അവർക്കിടയിലൂടെ ഒഴുകി.
വെള്ളം കൂടിയിട്ടുണ്ട്. മേലെ കാട്ടിലെവിടെയോ മഴ പെയ്യുന്നുണ്ട്, അല്ലെ തോമാച്ചാ...
ഉം... മൂന്നാല് ദിവസമായിട്ട് മഴയുണ്ട് ഉരുള് പൊട്ടാതിരുന്നാൽ മതി.
കത്രീന, ഞാൻ വരാതിരുന്നതിന്റെ കാരണം നിനക്ക് അറിയണ്ടേ..?
ഇവനാ. ഇവനാ... എന്നെ കൊന്നത്.
കത്രീന തോമായെ നോക്കി.
ജീവിച്ചിരുന്നപ്പോൾ നീയിത് അറിഞ്ഞിരുന്നെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എനിക്ക് മനസ്സിലാകും കത്രീന... പക്ഷേ, ഇവിടെയിപ്പോ വികാരങ്ങൾക്ക് സ്ഥാനമില്ല. ശരീരമുള്ളപ്പോഴല്ലേ വികാരങ്ങളുള്ളൂ. തോമാ ചിരിച്ചു.
പറ, എന്തിനാ നീയത് ചെയ്തത്. ഔസേപ്പ് നിന്റെ കൂട്ടുകാരൻ ആയിരുന്നില്ലേ..? എന്നിട്ടും നീയെന്തിനാ.
നീ പറഞ്ഞത് ശരിയാ. കൂട്ടുകാരനെന്നു പറയുന്നതിനേക്കാൾ കൂടപ്പിറപ്പ് എന്ന് പറയുന്നതാ ശരി. അത്രക്ക് സ്നേഹമായിരുന്നു എനിക്ക് അവനേം അവന് എന്നേം. നിങ്ങൾ ഒരുമിച്ച് ജീവിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാനാ.
അന്ന് ഒത്ത്കല്യാണത്തിന് തലേന്ന് നീ പറഞ്ഞതനുസരിച്ച് ഇവനോട് പറയാൻ വരുന്ന വഴി തൂക്ക്പാലത്തിന്റെ അവിടെവെച്ച് ഇട്ടിച്ചനെയും കൂട്ടുകാരെയും കണ്ടു. തോട്ടരികിൽ അവരെല്ലാവരും കൂടെ കൂടിയതാ. നിങ്ങള് തമ്മിലുള്ള ഇഷ്ടത്തെപ്പറ്റി അയാള് എന്നോട് ചോദിച്ചു. എനിക്കെന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എന്നിട്ടും അറിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഇട്ടിച്ചൻ പറഞ്ഞു.
എടാ... തോമാ... ഇനിയിപ്പോ അവളുടെ മനസ്സിൽ അവനാണേൽ അവര് ഒരുമിച്ച് ജീവിക്കട്ടെ. അതല്ലേ നല്ലത്. നീയൊരു കാര്യം ചെയ്യ്. അവനോട് പറഞ്ഞ് ഇന്നുതന്നെ അവളെ വിളിച്ചോണ്ട് പോകാൻ പറ. റോഡിൽകൂടെ വേണ്ട നാട്ടുകാര് ആരേലും കണ്ടാൽ പ്രശ്‌നമാ. അവനോട് കത്രീനയുടെ വീടിന് താഴേ രണ്ടാം കയത്തിനടുത്തേക്ക് വരാൻ പറ. അവിടന്ന് തോട്ടെറമ്പ് വഴി തന്നെ പൊക്കോളാൻ പറയണം. എന്നിട്ട് ഏതേലും നാട്ടിൽ പോയി ജീവിക്കാൻ പറ.
ഒരാഴ്ച നാട്ടുകാര് പല കഥകൾ പറയും പിന്നെ എല്ലാരുമങ്ങ് മറക്കും.
കത്രീനയോട് പറയണ്ടേ.
അത് ശരിയാ. ഇവനെ വിടാം.
ഇട്ടിച്ചൻ, ഇഞ്ചനാട്ടെ ജോണിയുടെ അനിയൻ ബെന്നിയെ കാര്യങ്ങൾ പറഞ്ഞേൽപിച്ച് കത്രീനയുടെ വീട്ടിലേക്ക് വിട്ടു.
എനിക്കയാളോട് വലിയ ബഹുമാനം തോന്നി. ഈ വിവരം ഔസേപ്പിനോട് പറയാൻ തിടുക്കമായി.
തോമാച്ചോ. ഒരു ചെറുത് അടിക്കുന്നോ. കൂട്ടിന് കപ്പേം പന്നീം ഒണ്ട്.
വേണ്ട... ഇട്ടിച്ചാ... ഞാൻ അവനോട് പോയി കാര്യങ്ങൾ പറയട്ടെ.
ഒരെണ്ണം അടിച്ചിട്ട് പോടാ ഉവ്വേ. കരിപ്പാറയിൽ ഒരു മഹാസംഭവം നടക്കാൻ പോകുവല്ലേ. ഇട്ടിച്ചൻ ചിരിച്ചു.
ഒന്ന് രണ്ടായി... രണ്ട് നാലായി...
നേരെ വീട്ടിൽ ചെന്ന് ഔസേപ്പിനോട് നടന്നതൊക്കെ പറഞ്ഞു. കൂടെ ചെല്ലാമെന്ന് പറഞ്ഞിട്ടും ഇവൻ സമ്മതിച്ചില്ല.
ഞാൻ പിന്നെ വീട്ടിലേക്ക് പോയി.
പിറ്റേന്ന് കരിപ്പാറ രണ്ട് സംഭവങ്ങൾ നടന്നു.
ഒന്ന് ഇട്ടിച്ചനും കത്രീനയും തമ്മിലുള്ള കല്യാണം ഒറപ്പിച്ചു.
രണ്ട് മങ്ങാട്ട് ഔസേപ്പ് നാടുവിട്ടു.
ഇട്ടിച്ചൻ പറഞ്ഞതുപോലെ ഒരാഴ്ച എല്ലാവരും പറയും, പിന്നെ മറക്കും...
പക്ഷേ ഞാൻ മറന്നില്ല. ഔസേപ്പ് അന്ന് വന്നില്ലെന്ന് നീയും പറഞ്ഞതോടുകൂടി ഇവനെന്തോ സംഭവിച്ചെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഒടുവിൽ രണ്ടാം കയത്തിലെ ഗുഹക്കുള്ളിൽ ഇവനെ ഞാൻ കണ്ടെത്തി.
എനിക്കീകാര്യങ്ങളൊക്കെ എല്ലാരോടും പറയണമെന്ന് തോന്നി. അങ്ങനെ ചെയ്താൽ കത്രീനയുടെ ജിവിതംകൂടി നശിക്കുമല്ലോ എന്നോർത്ത് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. കാണുന്നില്ലെങ്കിലും ഏതോ നാട്ടിൽ ഇവൻ ജീവിച്ചിരിപ്പുണ്ടെന്ന് ഇവന്റെ ചാച്ചനും അമ്മയും വിചാരിച്ചോട്ടെ എന്ന് ഞാനും കരുതി.
ഇവൻ പോയതിന്റെ നാൽപതാം നാൾ ഈ പാറയിൽനിന്ന് ഞാനും താഴേക്ക് ചാടി. അതുകൊണ്ട് ആരും കാണാതെ ഇത്രയും കാലം ഈ കരിപ്പാറയിലെ ഒരോ മാറ്റങ്ങളും ഞങ്ങള് കണ്ടു. തമാശകൾ പറഞ്ഞു. പൊട്ടിച്ചിരിച്ചു. കത്രീന വരുന്നതും കാത്ത് ഇവനിരുന്നപ്പോൾ അവന് കൂട്ടായി ഞാനും.
ഔസേപ്പേ... എന്താ ഇതൊക്കെ എനിക്കൊന്നും മനസ്സിലാവുന്നില്ല. ഇത്രയും കൊല്ലം എന്റെ കൂടെ ഉണ്ടായിരുന്ന ഇട്ടിച്ചൻ. ഒരു വാക്കുകൊണ്ടുപോലും എന്നെ നോവിക്കാത്ത ഇട്ടിച്ചൻ. ഇനി എല്ലാം അറിയാമായിരുന്നെങ്കിൽ തന്നെ ഒരിക്കൽപോലും നിന്റെ പേരുപോലും ആ വീട്ടിൽ പറയുന്നത് ഞാൻ കേട്ടിട്ടില്ല. ആ ഇട്ടിച്ചൻ എന്തിനാ നിന്നോട് ഇങ്ങനെ ചെയ്തത്. അന്നുരാത്രി നീ വന്നോ..?
ഉം... വന്നു. രണ്ടാം കയത്തിനടുത്ത്. കല്ലിന്റെ മോളിൽ മക്കുംകായ കണ്ടപ്പോൾ നീ ഗുഹക്കുള്ളിൽ ഉണ്ടാകുമെന്ന് കരുതി ഞാൻ കയത്തിലിറങ്ങി.
ഇട്ടിച്ചൻ ചതിച്ചതാ. അയാൾ ഞാൻ ചെല്ലുന്നതും കാത്ത് അവിടെയുണ്ടായിരുന്നു. അയാൾക്ക് നിന്നെ അത്രക്ക് ഇഷ്ടമായിരുന്നുപോലും... എപ്പോഴും അയാള് നമ്മുടെ പിറകിൽതന്നെയുണ്ടായിരുന്നു. നമ്മളറിഞ്ഞില്ല. അല്ലേലും മറ്റുള്ളവർ അറിയില്ലെന്ന് നമ്മൾ വിചാരിക്കുന്ന കാര്യങ്ങളിൽ പലതും അവർ കാണുന്നില്ലെന്ന് നടിക്കുന്നതാണ്. നല്ലൊരു അവസരത്തിനുവേണ്ടി അയാൾ കാത്തിരിക്കുകയായിരുന്നു.
എന്നാലും ഇട്ടിച്ചൻ അങ്ങനെ ചെയ്തല്ലോ... ഔസേപ്പച്ചാ...
മജ്ജയും മാംസവും ചിന്തയുമുള്ള ശരീരം ഉണ്ടായിരുന്നെങ്കിൽ നമുക്ക് അയാളെ വെറുക്കാം, പ്രതികാരം ചെയ്യാം. ഇനിയിപ്പോ ഒന്നും നടക്കില്ലല്ലോ.
കത്രീന ഔസേപ്പിന്റെ തോളിലേക്ക് ചാഞ്ഞു.
അവർക്ക് മീതെ ആകാശം വിതുമ്പി. കരിപ്പാറയിലെ മണ്ണ് ഇളകിത്തുടങ്ങി. മഴ നിർത്താതെ പെയ്തതിന്റെ നാലാം ദിവസം കരിപ്പാറയുടെ നെഞ്ച് പൊട്ടി. കലങ്ങിമറിഞ്ഞ് കലിതുള്ളിയൊഴുകിയ വെള്ളത്തിൽ കത്രീനയുടെ ശരീരം രണ്ടാം കയത്തിലടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.