കോഴിക്കോട്: അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഡി.എന്‍. പരിശോധന വഴി സ്വന്തമാക്കി യുവതി. ഡി.എൻ.എ പരിശോധനക്ക് പണമില്ലാതെ വിഷമിച്ച യുവതിക്ക് വനിത -ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലാണ് തുണയായത്.
ഡി.എൻ.എ സാമ്പിൾ നൽകിയ ശേഷം പണമടക്കാൻ ഇല്ലാത്തതിനാൽ ഫലം ലഭിക്കില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗജന്യമായി ഫലം നൽകണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകിയിരുന്നു. തുടർന്നാണ് പരിശോധന നടത്തി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നുള്ള റിപ്പോർട്ട് കോഴിക്കോട് ചെൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി.
ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സി.ഡബ്ല്യൂ.സി തുടർ നടപടികളിലേക്ക് കടന്നിട്ടുണ്ട്. റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
മാർച്ച് നാലിനാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകുന്നത്. പങ്കാളിയുമായുള്ള പ്രശ്നങ്ങളും കുടുംബ സമ്മർദ്ദവും കാരണം മാർച്ച് 12-ന് ആശുപത്രി വിട്ടറങ്ങിയ യുവതി, കുഞ്ഞിനെയും മൂത്ത മകളെയും കൂട്ടി കോഴിക്കോട് ബീച്ചിലെത്തി. തുടർന്ന് കടുത്ത മനോവിഷമത്തിലായ യുവതി ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ 48 ദിവസങ്ങൾക്ക് ശേഷം മാനസിക വിഷമവും കുറ്റബോധവും താങ്ങാനാവാതെ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് യുവതി കോഴിക്കോട് ജില്ലാ കലക്ടർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകുകയായിരുന്നു.
പിന്നാലെ അന്നേ ദിവസത്തെ ഇലക്ട്രോണിക് ലോഗുകൾ പരിശോധിച്ച സി.ഡബ്ല്യു.സി ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടെത്തി. യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ മറ്റൊരു ആൺകുട്ടിയെക്കൂടി ആ അമ്മത്തൊട്ടിലിൽ ആരോ ഉപേക്ഷിച്ചിരുന്നു. ആഴ്ചകൾ ഇരു കുഞ്ഞുങ്ങളും ഒരേ രൂപസാദൃശ്യമുള്ളവരായി മാറി. സിസിടിവി ദൃശ്യങ്ങൾ സിസ്റ്റത്തിൽ നിന്നും മാഞ്ഞുപോയതിനാൽ മാതാവിനെ ശാസ്ത്രീയമായി തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന മാത്രമായിരുന്നു ഏക വഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.