സുന്ദരി 23 വർഷങ്ങൾക്ക് ശേഷം മകനെ കണ്ടപ്പോൾ
കോയമ്പത്തൂർ: 23 വർഷം മുമ്പ് വീട്ടിൽനിന്ന് ഒളിച്ചോടിയയാൾ ദുരിതജീവിതത്തിനൊടുവിൽ അമ്മയുടെ അടുക്കൽ തിരിച്ചെത്തി. വിരുദുനഗർ ജില്ലയിലെ പൂമലപ്പട്ടിയിലെ ആനൈകുളത്ത് രാമമൂർത്തി-സുന്ദരി ദമ്പതികളുടെ മകൻ പ്രകാശാണ് അമ്മക്കൊപ്പം ചേർന്നത്. കോയമ്പത്തൂരിൽ താമസിക്കുമ്പോൾ മാതാപിതാക്കളുമായുള്ള ചെറിയ വഴക്കിനെ തുടർന്നാണ് പ്രകാശ് 16ാം വയസ്സിൽ വീട് വിട്ടുപോയത്. മാതാപിതാക്കളും ബന്ധു ക്കളും പലയിടങ്ങളിലും തിരഞ്ഞങ്കിലും കണ്ടെത്താനായില്ല.
ജൂലൈ ഒന്നിന് തിരുപ്പൂർ ജില്ലയിലെ പല്ലടം പ്രദേശത്തെ മുത്തയ്യ എന്ന പത്രപ്രവർത്തകൻ പ്രകാശിന്റെ അമ്മ സുന്ദരിയെ കണ്ടെത്തി പ്രകാശ് പഞ്ചാബിലെ പട്യാല ജില്ലയിലെ ലച്ച്ഖാനിയിൽ അപ്ന ഫർസ് സേവാ സൊസൈറ്റിയുടെ ഷെൽട്ടർ ഹോമിലുണ്ടെന്ന് പറഞ്ഞു. മരിച്ചുപോയെന്ന് കരുതിയ മകൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയ സുന്ദരി പ്രകാശിനെ കോയമ്പത്തൂരിലേക്ക് കൊണ്ടുവരാൻ ബന്ധുക്കളോടും ഉദ്യോഗസ്ഥരോടുമൊപ്പം ഷെൽട്ടർ ഹോമിലേക്ക് പോയി.
പഞ്ചാബിലെ പാകിസ്താൻ അതിർത്തിയിൽ അടിമ തൊഴിലാളിയായി തൊഴിലെടുക്കുന്നതിനിടെയാണ് പഞ്ചാബിലെ സന്നദ്ധ സംഘടന പ്രകാശിനെ മോചിപ്പിക്കുന്നത്. വൻകിട തോട്ട ഉടമകളുടെ തടവിലായിരുന്ന സമയത്ത് പ്രകാശത്തെ ചങ്ങലയിൽ ബന്ധിച്ച് ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്യാനും ഒരു ഷെഡിലാക്കി 30ഓളം എരുമകളെ വളർത്താനും നിർബന്ധിച്ചിരുന്നു. മാനസികമായി തകർന്ന പ്രകാശിന് ആവർത്തിച്ചുള്ള കൗൺസലിങ് മാസങ്ങളോളം നൽകിയാണ് സ്വദേശം തമിഴ്നാട് ആണെന്ന് മനസ്സിലാക്കിയത്. കൗൺസലിങ്ങിനിടെ പ്രകാശ് അരുപ്പുകോട്ടൈ എന്ന പേര് പരാമർശിച്ചപ്പോഴാണ് സ്വദേശം അറിയാൻ കഴിഞ്ഞത്. തുടർന്ന് മുത്തയ്യയുമായി പഞ്ചാബിലുള്ളവർ ബന്ധപ്പെട്ടു. ശേഷമാണ് മുത്തയ പ്രകാശിന്റെ അമ്മ സുന്ദരിയെ കണ്ടെത്തിയത്.
പഞ്ചാബിലെത്തിയ സുന്ദരി 23 വർഷങ്ങൾക്ക് ശേഷം മകനെ കണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞു. 39കാരനായ പ്രകാശത്തെ തമിഴ്നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ കോയമ്പത്തൂർ ജില്ലാ ഭരണകൂടം ആരംഭിച്ചതായി കലക്ടർ പവൻകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.