ടാർപായ കെട്ടിയ ഷെഡിനു മുന്നിൽ സുമതിയും മകൾ അശ്വതിയും
പന്തളം: വീടെന്നുപോലും പറയാൻ പറ്റാത്ത ഷെഡിൽ കഴിഞ്ഞ 12 വർഷം ജീവിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കാതെ ഒരു കുടുംബം. പന്തളം നഗരസഭയിലെ 19ാം വാർഡിൽ പൂഴിക്കാട് പടിഞ്ഞാറ് മഞ്ജു ഭവനിൽ ഭാസ്കരനും നാലംഗ കുടുംബവും ജീവിക്കുന്നത് ഇവിടെയാണ്. പറന്തൽ-ഐരാണിക്കുഴി വലിയ തോടിന്റെ ഒരു കരയിൽ ടാർപായ കെട്ടി നിവർന്നു നിൽക്കാൻ പോലും കഴിയാത്ത കൂരക്കുള്ളിലാണ് ഇവരുടെ താമസം.
പാടശേഖരത്തിനരികിൽ വർഷങ്ങൾക്ക് മുമ്പ് ഭാസ്കരൻ വാങ്ങിയ 7 സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുന്ന ഇവർ വീടിനായി മുട്ടാത്ത വാതിലുകളില്ല. രോഗബാധിതനായ ഭാസ്കരൻ, ഭാര്യ സുമതി, സുമതിയുടെ മകൾ അശ്വതി അശ്വതിയുടെ ഭിന്നശേഷിക്കാരിയായ മകൾ സാന്ദ്ര എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സാന്ദ്രയുടെ ചികിത്സ കോട്ടയം മെഡിക്കൽ കോളജിലാണ് നടക്കുന്നത്. കുരമ്പാല ഗവൺമെന്റ് എൽ.പി സ്കൂളിൽ ഒന്നാംക്ലാസ് പഠനത്തിനായി സാന്ദ്ര എത്തിയപ്പോഴാണ് വീടിന്റെ അവസ്ഥ പുറംലോകം അറിയുന്നത്. വൈദ്യുതിയില്ലാത്ത വീട്ടിലേക്ക് പോകാൻ വഴിയില്ല. ഏതു നിമിഷവും നിലംപതിക്കുന്ന കൂരയിൽ ജീവിതം പണയംവെച്ചാണ് ഈ കുടുംബം ജീവിക്കുന്നത്. ഹോട്ടൽ ജോലിയെടുത്ത് ജീവിക്കുകയായിരുന്ന സുമതി അസുഖബാധിതയായതോടെ ജോലിക്ക് പോകാതായി. റേഷനരി ലഭിക്കുന്നതുകൊണ്ട് മാത്രം കുടുംബം കഞ്ഞികുടിക്കുന്നു. രോഗവും ജീവിതവും വഴിമുട്ടിയതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഈ കുടുംബം . വീടിനായി മുട്ടാത്ത വാതിലുകളില്ല.
റേഷൻ കാർഡ് ഉണ്ടെങ്കിലും മറ്റ് ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കാറില്ല. സ്കൂൾ അധികൃതർ അറിയിച്ചതോടെ നഗരസഭ കൗൺസിൽ മനോജ് കുമാർ വീട്ടിലെത്തി സ്ഥിതിഗതികൾ നേരിൽ മനസ്സിലാക്കി. മിക്കപ്പോഴും വീട്ടിൽ പാമ്പിനെ കാണാമെന്നും ഒരു ദിവസം മുട്ടയും പാമ്പിനെയും കണ്ടതായും അശ്വതി പറഞ്ഞു. വെളിച്ചമില്ലാത്തതിനാൽ സോളാറിന്റെ സഹായത്തോടെ ഒരു ലൈറ്റ് പ്രവർത്തിക്കുന്നുണ്ട്. സുഖമില്ലാത്ത കുഞ്ഞുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പകച്ചുനിൽക്കുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.