ദീ​പ ഗോ​പാ​ൽ

ചിത്രങ്ങൾ കൊണ്ട് കവിത രചിക്കാം...

ഉൾകാഴ്ച്ചയുള്ളവരാണ് കലാകാരന്മാർ. പലപ്പോഴും വാക്കുകൾക്ക് പറയാൻ സാധിക്കാത്ത പലതും ചിത്രങ്ങൾക്ക് പറയാനാകും. ആ ചിത്രങ്ങൾ വർണ്ണം ചാലിച്ച് വരച്ചെടുത്തൊരു കലാകാരിയുടെ ഉൾക്കാഴ്ച്ചയിൽ നിന്നാണെങ്കിൽ അവ സംസാരിച്ചു തുടങ്ങും. ഒരുപാട് ആശകളുടെ, പ്രതീക്ഷകളുടെ, കരുത്തിന്‍റെ, സ്നേഹത്തിന്‍റെ കഥകൾ പറയുന്ന വർണ്ണം ചാലിച്ച സ്വപ്നങ്ങളാണ് ദുബൈയിലെ വിഷ്വൽ ആർട്ടിസ്റ്റും ക്രിയേറ്റീവ് എഴുത്തുകാരിയുമായ ദീപ ഗോപാൽ എന്ന ചിത്രകാരിയുടെ ക്യാൻവാസിൽ വിരിയുന്നത്.

ചിത്രങ്ങൾ കൊണ്ട് കവിത വരക്കാം! ആർട്ട് പോയട്രി എന്ന വ്യത്യസ്ത കലാസൃഷ്ടികൾ കൊണ്ടും ദീപയുടെ പെയിൻറിങ് ശ്രദ്ധേയമാണ്. വ്യത്യസ്ത മീഡിയങ്ങളുപയോഗിച്ചാണ് ദീപ ചിത്രങ്ങൾ വരക്കാറുള്ളത്. കോവിഡ് കാലത്ത് തുടങ്ങിയ വി ആർ ഐലൻറ്സ് എന്ന സെൽഫ് പോർട്ടറേറ്റുകളിൽ 10 എണ്ണത്തിന് 2021ൽ കേരള സ്റ്റേറ്റ് ഓണറബിൾ മെൻഷൻ അവാർഡ് ദീപയെ തിരഞ്ഞെത്തിയിരുന്നു.

സ്ത്രീകൾ നേരിടുന്ന മാനസിക പ്രശ്നങ്ങളും സമ്മർദ്ദങ്ങളുമൊക്കെ ദീപയുടെ ചിത്രങ്ങളിൽ വിഷയമായിരുന്നു. സ്ത്രീകളുടെ ശക്തമായ കാഴ്ച്ചപ്പാടുകളെയാണ് ദീപ വർണ്ണങ്ങൾ കൊണ്ട് അവതരിപ്പിക്കാറുള്ളത്. സ്ത്രീകൾ സഞ്ചരിക്കാറുള്ള മാനസിക പാതയിലൂടെ ദീപയുടെ ചിത്രങ്ങൾ സഞ്ചരിക്കാറുണ്ട്.

പാലക്കാട് കാരിയായ ദീപ 2001ലാണ് ദുബൈയിൽ എത്തുന്നത്. കവിതകൾ എഴുതാൻ കൂടി താൽപര്യമുള്ള ദീപ തന്‍റെ ചിത്രങ്ങൾക്ക് തലക്കെട്ടായി കൊടുക്കാറുള്ളത് ഹൈക്യൂ കവിതകളും മൈക്രോ കവിതകളുമാണ്. 2009ൽ ഹോബിയായി തുടങ്ങിയ ആർട്ട് ബ്ലോഗായ ഹ്യൂസ് എൻ ഷേഡ്സിൽ ദീപ വരച്ച ചിത്രങ്ങൾക്കൊപ്പം അവയുടെ വിവരണമായി ഹൈക്യൂ കവിതകൾ കൂടി ചേർത്തു തുടങ്ങി. പിന്നീട് ആർട്ട് ബ്ലോഗ്ഗിങ്ങിങ്ങിലേക്ക് കാര്യമായി ഇറങ്ങിച്ചെന്നു.

2012ൽ ദുബൈയിൽ ആർട്ട് സൂക്കിൽ വെച്ച് തന്‍റെ ചിത്രങ്ങളുടെ എക്സിബിഷൻ നടത്തി. 2013ൽ കേരളത്തിൽ പലയിടത്തും

എക്സിബിഷൻ നടത്തിയാണ് പെയിൻറിങ് ദീപയുടെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയാക്കി മാറ്റിയത്. 2021ലെ ഓറഞ്ച് ഫ്ലവർ അവാർഡിലെ 'ആർട്ട്ഗ്രാം' അവാർഡ് നേടിയ ദീപ മൂന്ന് ഷോകൾ ആശയപരമായി രൂപപ്പെടുത്തുകയും ക്യൂറേറ്റ് ചെയ്യുകയും ഇന്ത്യയിലും യു.എ.ഇയിലും നിരവധി എക്സിബിഷനുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഹ്യൂസ് എൻ ഷേഡ്‌സ് എന്ന ബ്ലോഗിന്‍റെ രചയിതാവു കൂടിയായ ദീപ ഇംഗ്ലീഷ് ഭാഷ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള കലാകാരന്മാരെ ക്ഷണിച്ചുകൊണ്ട് 2020ൽ ഇഗ്നൈറ്റ് എന്ന ഓൺലൈൻ ചിത്രങ്ങളുടെയും കവിതകളുടെയും പ്രദർശനവും ദുബൈയിൽ ദീപ നടത്തിയിരുന്നു.

കേരള ലളിത കലാ അക്കാദമിയുടെ വാർഷിക സംസ്ഥാന എക്സിബിഷനിലും 2022ൽ ദുബൈ വേൾഡ് ട്രേഡ് സെൻറ്ററിൽ നടന്ന വേൾഡ് ആർട്ട് ദുബൈയിലും ദീപയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ച് ദുബൈയിൽ നടന്ന 'ഷീ'യിൽ ദീപയുടെ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 2018ൽ തുടങ്ങിയ ബേർഡ്സ് ഓഫ് കേരള എന്ന സീരീസിൽ കേരളത്തിൽ കണ്ട് വരുന്ന വിവിധയിനം പക്ഷികളുടെ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട് ദീപ.

2016ൽ ഐ ഓഫ് ദി സോൾ എന്ന പേരിൽ ദുബൈ ദർബാർ ഹാളിൽ ദീപയുടെ ആഭിമുഖ്യത്തിൽ നടന്ന എക്സിബിഷനും ഏറെ ശ്രദ്ധേയമായിരുന്നു. അതേവർഷം മുംബൈ, പെറു, ലെബനൻ തുടങ്ങിയ സ്ഥലങ്ങളിലെ ആർട്ടിസ്റ്റുകൾക്കൊപ്പം ആറ് പെയിൻറിങ്ങുകൾ പ്രദർശിപ്പിച്ചു.

ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോരിറ്റിയിൽ ജോലി ചെയ്യുന്ന ഭർത്താവ് സുനിലിനും മിഡിൽസെക്സ് യൂനിവേഴ്സിറ്റിയിൽ ബി.എ ഓണർ ഫോർ ഫിലിംസിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ അനൗഷ്ക സുനിലിനുമൊപ്പം സ്ത്രീകൾ നേരിടുന്ന പല മാനസിക സമ്മർദ്ദങ്ങൾക്കും പുതിയ പല ആശയങ്ങൾക്കും നിറം പകരാനൊരുങ്ങുകയാണ് ദീപ. 

Tags:    
News Summary - You can write a poem with pictures ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.