നവജിത് കൗർ ബ്രാർ

ചരിത്രം തിരുത്തി വീണ്ടും ഇന്ത്യൻ വംശജ; തലപ്പാവ് ധരിച്ച സിഖ് വനിതക്ക് ബ്രാംപ്ടൺ സിറ്റി കൗൺസിലേക്ക് മിന്നും ജയം

ബ്രാംപ്ടൺ: കനേഡിയൻ നഗരമായ ബ്രാംപ്ടണിലെ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജക്ക് തകർപ്പൻ ജയം. തലപ്പാവ് ധരിക്കുന്ന സിഖ് വനിതയായ നവജിത് കൗർ ബ്രാർ ആണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

2, 6 വാർഡുകളിൽ ജനവിധി തേടിയ നവജിത് കൗർ പോൾ ചെയ്ത വോട്ടിന്‍റെ 28.85 ശതമാനം നേടി. ബ്രാംപ്ടൺ വെസ്റ്റിലെ മുൻ കൺസർവേറ്റീവ് എം.പി സ്ഥാനാർഥിയായ ജെർമെയ്ൻ ചേമ്പേഴ്സിനെയാണ് തോൽപ്പിച്ചത്.

ബ്രാംപ്ടൺ സിറ്റി കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ തലപ്പാവ് ധരിച്ച സിഖ് വനിതയാണ് ഇൻഡോ-കനേഡിയൻ ആരോഗ്യ പ്രവർത്തകയായ നവജിത് കൗർ ബ്രാർ. ശ്വാസകോശ തെറാപ്പിസ്റ്റായ നവജിത് കൗർ മൂന്ന് കുട്ടികളുടെ അമ്മയാണ്.

രണ്ടാം സ്ഥാനത്തെത്തിയ ജെർമെയ്ൻ ചേംബേഴ്സ് 22.59 ശതമാനവും മൂന്നാം സ്ഥാനത്തെത്തിയ കാർമെൻ വിൽസന് 15.41 ശതമാനവും വോട്ട് നേടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി 40,000 വീടുകൾ സന്ദർശിച്ച കൗർ, 22,500ലധികം വോട്ടർമാരുമായി ആശയവിനിമയം നടത്തിയിരുന്നു.

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ച നവജിത് കൗറിനെ പുകഴ്ത്തി ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ രംഗത്തെത്തി. "നവ്ജിത് കൗർ ബ്രാറിനെ ഓർത്ത് അഭിമാനിക്കുന്നു. മഹാമാരി സമയത്ത് നിസ്വാർഥവും അർപ്പണബോധവുമുള്ള മുൻനിര ആരോഗ്യ പ്രവർത്തകയായിരുന്നു അവർ. പൊതുസേവനത്തിനായി മുന്നിട്ടിറങ്ങിയ കൗർ, ബ്രാംപ്ടൺ സിറ്റി കൗൺസിലിന് ഒരു മുതൽക്കൂട്ടാണെന്ന് എനിക്ക് ഉറപ്പുണ്ട് -പാട്രിക് ബ്രൗൺ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.

മുമ്പ് ബ്രാംപ്ടൺ വെസ്റ്റിൽ ഒന്‍റാറിയോ എൻ.ഡി.പി സ്ഥാനാർഥിയായി മത്സരിച്ച ബ്രാർ, പ്രോഗ്രസീവ് കൺസർവേറ്റീവ് എം.പി പി. അമർജോത് സന്ധുവിനോട് പരാജയപ്പെട്ടിരുന്നു.

9, 10 വാർഡുകളിൽ മൽസരിച്ച മറ്റൊരു സിഖ് സ്ഥാനാർഥിയായ ഗുർപർത്തപ് സിങ് തൂർ എതിർ സ്ഥാനാർഥിയായ ഗുർപ്രീത് ധില്ലനെ 227 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ബ്രാംപ്ടൺ സിവിൽ തെരഞ്ഞെടുപ്പിൽ 40ഓളം പഞ്ചാബികൾ മൽസരിച്ചിരുന്നു. 3,54,884 വോട്ടർമാരിൽ 87,155 പേർ മാത്രമാണ് വോട്ട് ചെയ്യാനെത്തി. 24.56 ശതമാനം പോളിങ്.

Tags:    
News Summary - Turban-wearing Sikh woman of Indian origin is new councillor of Canadian city Brampton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.