കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകി ബുധനാഴ്ച പുലർച്ച ഇന്ത്യയുടെ നടപടി ‘ഓപറേഷൻ സിന്ദൂർ’ രാജ്യത്തോട് വിശദീകരിക്കാൻ സൈന്യം ചുമതലപ്പെടുത്തിയത് കേണല്‍ സോഫിയ ഖുറേഷിയെയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനെയുമായിരുന്നു. പഹൽഗാമിൽ സ്ത്രീകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരാക്രമണത്തിന് നൽകിയ തിരിച്ചടി വിശദീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം ഇരുവരുമെത്തിയത് ചരിത്ര നിയോഗം.
ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ ആണ് വ്യോമിക സിങ്. എൻജിനീയറിങ് പഠന ശേഷമാണ് അവർ സേനയുടെ ഭാഗമായത്. 2019 ഡിസംബറിൽ ഹെലികോപ്ടര്‍ പൈലറ്റായി പെര്‍മനന്റ് കമീഷന് ലഭിച്ചു. സേനയുടെ ചേതകും ചീറ്റയുമടക്കം ഹെലികോപ്ടറുകള്‍ പറത്തി അനുഭവസമ്പത്തുണ്ട്.
2500 മണിക്കൂർ ഫ്ലൈയിങ് റെക്കോര്‍ഡുള്ള വ്യോമിക ജമ്മു-കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിലും വടക്കുകിഴക്കൻ മേഖലയിലെ വിദൂര പ്രദേശങ്ങളിലും ഹെലികോപ്ടറുകൾ പറത്തി പരിചയമുള്ളയാളാണ്. ഹിമാചൽപ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിരംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സർവിസസ് മൗണ്ടനീയറിങ് ടീമിന്റെ ഭാഗമായിരുന്നു. അരുണാചൽ പ്രദേശിലെ രക്ഷാദൗത്യത്തിലും പങ്കാളിയായിട്ടുണ്ട്.
1981ല്‍ ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച സോഫിയ ഖുറേഷിയുടെ കുടുംബവും സൈനിക പശ്ചാത്തലമുള്ളവരാണ്. അച്ഛനും മുത്തച്ഛനും സേനയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിഎച്ച്.ഡിയും അധ്യാപന ജീവിതവും ഉപേക്ഷിച്ചാണ് സോഫിയ ആർമി ഓഫിസറായത്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയായ അവർ 1999ല്‍ ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്നാണ് ലെഫ്റ്റനന്റായി സൈന്യത്തിലെത്തിയത്.
2016ൽ പുണെയിൽ നടന്ന 17 രാജ്യങ്ങൾ പങ്കെടുത്ത ആസിയാൻ അന്താരാഷ്ട്ര സൈനിക അഭ്യാസ ക്യാമ്പിൽ ഇന്ത്യൻ സേനയെ നയിച്ചു. രാജ്യം ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ സൈനിക അഭ്യാസമായിരുന്നു ഇത്. 18 രാജ്യങ്ങളിൽനിന്നുള്ള ലീഡിങ് കമാൻഡർമാരിൽ ഏക വനിതയായിരുന്നു മുപ്പത്തഞ്ചുകാരിയായ സോഫിയ ഖുറേഷി. 2006 ൽ കോംഗോയിലെ യു.എൻ സമാധാന സേനയുടെ ഭാഗമായി. നിലവിൽ ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ഓഫിസറാണ് കേണല്‍ സോഫിയ ഖുറേഷി.
ഇന്ത്യൻ സൈന്യത്തിന്റെ മെക്കനൈസ്ഡ് ഇൻഫൻട്രി ഉദ്യോഗസ്ഥനാണ് ഭർത്താവ്. മകളെക്കുറിച്ച് അഭിമാനിക്കുന്നതായി പിതാവ് താജുദ്ദീൻ ഖുറേഷി പറഞ്ഞു. മാതാവ്: ഹനിമ. മകൾ: സാറ. സഹോദരൻ മുഹമ്മദ് സഞ്ജയ് ഖുറേഷിയും അഭിമാന നിമിഷമെന്ന് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.