വീട്ടിലുണ്ടാക്കിയ ‘മാജിക് കൂട്ടുകൾ’ ഹിറ്റ്! ഷാജിതയുടെ ‘നാച്ചുറൽ ഉൽപന്നങ്ങൾ’ ശ്രദ്ധേയമാകുന്നു

കൊടുവള്ളി: പാരമ്പര്യമായി പകർന്നുകിട്ടിയ അറിവും പ്രകൃതിയോടുള്ള സ്നേഹവും കൈമുതലാക്കി സ്വന്തം സംരംഭത്തിലൂടെ മുന്നേറുകയാണ് എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ സ്വദേശിനി ഷാജിത അഷ്റഫ്. പതിനഞ്ച് വർഷത്തിലേറെയായി വീട്ടിൽ തന്നെ പ്രകൃതിദത്ത രീതിയിൽ ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന ഷാജിതയുടെ സംരംഭം നൂറുകണക്കിന് കുടുംബങ്ങളുടെ വിശ്വാസം നേടിയിട്ടുണ്ട്.

‘ഷാജീസ് നാച്ചുറൽ പ്രൊഡക്ട്സ്’ എന്ന ബ്രാൻഡിൽ ഹെയർ ഓയിൽ, ഷാംപൂ, സോപ്പ്, ഫേസ് വാഷ്, ഫേസ് ക്രീം, ന്യൂട്രി മിക്സ്, ഡിഷ് വാഷ്, ഹാൻഡ് വാഷ്, മസാലപ്പൊടികൾ തുടങ്ങി വിവിധ ഉൽപന്നങ്ങളാണ് ഷാജിത സ്വന്തം കൈകളാൽ നിർമിച്ച് വിപണിയിലെത്തിക്കുന്നത്. പാരമ്പര്യമായി ലഭിച്ച അറിവുകളെ ആധുനിക സംരംഭകത്വവുമായി കൂട്ടിയിണക്കിയാണ് പ്രവർത്തനം.

ചെറുപ്പം മുതൽ പരിചയിച്ച നിർമാണരീതികൾ പിന്നീട് ജീവിതത്തിന്റെ ഭാഗമാക്കിയ ഷാജിതക്ക് സംരംഭം ഉപജീവനമാർഗം മാത്രമല്ല, ഏറെ ഇഷ്ടപ്പെട്ട തൊഴിൽ കൂടിയാണ്. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹമാണ് സംരംഭകത്വത്തിലേക്ക് നയിച്ചതെന്ന് ഷാജിത പറയുന്നു.

ഗുണനിലവാരത്തിലും വിശ്വാസ്യതയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഉൽപന്നങ്ങൾക്ക് സ്വീകാര്യത ലഭിക്കാൻ കാരണമെന്ന് ഷാജിത പറയുന്നു. ആവശ്യമായ സർക്കാർ അംഗീകാരങ്ങളും സർട്ടിഫിക്കറ്റുകളും നേടിയ ശേഷമാണ് സംരംഭം പ്രവർത്തിക്കുന്നത്. ഓണത്തോടനുബന്ധിച്ച് വിവിധ പഞ്ചായത്തുകളിൽ ഒരുക്കിയിട്ടുള്ള ഓണച്ചന്തകളിലും ഷാജിതയുടെ ഉൽപന്നങ്ങളുടെ വിൽപന സ്റ്റാളുകൾ സജീവമാണ്. ഉൽപന്ന നിർമാണത്തിനും വിപണനത്തിനും പിന്നിൽ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും തന്റെ സംരംഭത്തിന്റെ ഏറ്റവും വലിയ ശക്തി ഭർത്താവ് മുഹമ്മദ് അഷ്റഫാണെന്നും ഷാജിത പറഞ്ഞു. ഷക്കീൽ, ഷഹാന എന്നിവരാണ് മക്കൾ.

Tags:    
News Summary - Shajita Ashraf is moving forward with her own venture.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.