ഭാഗീരഥി അമ്മ
പ്രായം തോൽപ്പിച്ച പഠനമോഹം; 105-ാം വയസ്സിൽ പരീക്ഷയെഴുതി, കണക്കിൽ 100ൽ 100 നേടിയ ഭാഗീരഥി അമ്മയുടെ കഥ...
വിദ്യാഭ്യാസത്തിന് പ്രായപരിധിയില്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കേരളത്തിന്റെ അഭിമാനം ഭാഗീരഥി അമ്മ. ഇന്ന് ലോക അധ്യാപക ദിനം ആഘോഷിക്കുമ്പോൾ, ഓരോ അധ്യാപകനും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന ഒരു പേരാണ് അവരുടേത്. 105-ാം വയസ്സിൽ പഠനം പുനരാരംഭിച്ച് കേരള സാക്ഷരതാ മിഷന്റെ നാലാം തരം തുല്യതാ പരീക്ഷ എഴുതി വിജയിച്ച ആ അമ്മയുടെ കഥ, ഒരു അധ്യാപകന്റെ വിജയത്തിന്റെ കൂടി കഥയാണ്.
2019ലാണ് ഭാഗീരഥി അമ്മ ചരിത്രം കുറിച്ചത്. 75 ശതമാനം മാർക്കോടെ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ അവർ ഗണിതത്തിൽ നൂറിൽ നൂറ് മാർക്കും നേടി. അന്ന് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായി അവർ മാറി. വളരെ ചെറുപ്പത്തിൽ തന്നെ ഭാഗീരഥി അമ്മയുടെ പഠനം മുടങ്ങിയിരുന്നു. അമ്മയുടെ മരണത്തെ തുടർന്ന് ഇളയ സഹോദരങ്ങളെ നോക്കേണ്ടി വന്നു. ചെറുപ്രായത്തിൽ വിവാഹം, മുപ്പതുകളിൽ ഭർത്താവിന്റെ വിയോഗം, പിന്നീട് ആറ് മക്കളെ വളർത്താനുള്ള പോരാട്ടം. ഇതിനിടയിൽ വിദ്യാഭ്യാസം എന്ന സ്വപ്നം എവിടെയോ മറഞ്ഞുപോയി.
പതിറ്റാണ്ടുകൾക്ക് ശേഷം കേരള സാക്ഷരതാ മിഷന്റെ പ്രവർത്തകരാണ് ആ സ്വപ്നത്തിന് വീണ്ടും ജീവൻ നൽകിയത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം പരീക്ഷാ കേന്ദ്രത്തിൽ പോകാൻ കഴിയാത്തതിനാൽ വീട്ടിലിരുന്നാണ് ഭാഗീരഥി അമ്മ പരീക്ഷ എഴുതിയത്. എന്നാൽ ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെയും ഗൗരവത്തോടെയും അവർ പരീക്ഷയെ സമീപിച്ചു.ഈ നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ 'മൻ കി ബാത്തിൽ' എടുത്തുപറഞ്ഞിരുന്നു.
2020ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഭാഗീരഥി അമ്മയെ തേടി രാജ്യത്തെ ഏറ്റവും വലിയ വനിതാ ബഹുമതികളിലൊന്നായ നാരീ ശക്തി പുരസ്കാരവും എത്തി. പ്രായാധിക്യം കാരണം ഡൽഹിയിൽ പോയി അവാർഡ് വാങ്ങാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും, ആ അംഗീകാരം ലോകമെമ്പാടുമുള്ള അധ്യാപകർക്കുള്ള ആദരവായി മാറി. പരീക്ഷ പാസായതോടെ തീരുന്നതായിരുന്നില്ല അവരുടെ മോഹം.
ഏഴാം ക്ലാസും പത്താം ക്ലാസും വരെ പഠിക്കണമെന്ന് അവർ ആഗ്രഹിച്ചു. 105-ാം വയസ്സിലും ഇനി എന്ത് ചെയ്യാൻ കഴിയുമെന്നാണ് അവർ ചിന്തിച്ചത്, നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല. 2021 ജൂലൈയിൽ 107-ാം വയസ്സിൽ കൊല്ലത്തെ വീട്ടിൽ വെച്ച് ഭാഗീരഥി അമ്മ വിടവാങ്ങി. എന്നാൽ ഇന്ന് ലോക അധ്യാപക ദിനത്തിൽ അവർ ജീവിക്കുന്നു. കാരണം, ഭാഗീരഥി അമ്മയെ പോലുള്ള വിദ്യാർഥികളാണ് ഓരോ അധ്യാപകന്റെയും യഥാർത്ഥ വിജയം. പഠിപ്പിക്കാൻ ഒരാൾ ഉണ്ടെങ്കിൽ, പഠിക്കാൻ ഒരാൾ തയാറാണെങ്കിൽ, പ്രായം ഒരിക്കലും ഒരു തടസ്സമല്ലെന്ന് ഈ അമ്മ ലോകത്തെ പഠിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.