അഞ്ജന സനൽകുമാർ
മലയാളി അധ്യാപികയുടെ ഓർമക്കായി സ്കോളർഷിപ് ഏർപ്പെടുത്താൻ ദുബൈ സ്കൂൾ
ദുബൈ: ദുബൈയിലെ വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ 33 വർഷത്തോളം സേവനമനുഷ്ഠിച്ച മലയാളി അധ്യാപിക അഞ്ജന സനൽകുമാറിന്‍റെ ഓർമക്കായി സ്കോളർഷിപ്പ് ഏർപ്പെടുത്താൻ ജെംസ് എഡ്യൂക്കേഷൻ തീരുമാനിച്ചു. ബുധനാഴ്ച അന്തരിച്ച അവരുടെ ദീർഘകാലത്തെ വിദ്യാഭ്യാസ സേവനങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനാണ് ഈ തീരുമാനം.
വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ അധ്യാപികയായും എക്സാമിനേഷൻ ഓഫിസറായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു അഞ്ജന സനൽകുമാർ. പ്രിയ അധ്യാപികയുടെ വേർപാടിൽ സ്കൂൾ മാനേജ്‌മെന്‍റും വിദ്യാർഥികളും സഹപ്രവർത്തകരും അഗാധ ദുഃഖം രേഖപ്പെടുത്തി. അതേസമയം, മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
അഞ്ജനയുടെ വിയോഗം സ്കൂൾ സമൂഹത്തിനും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സി.ഇ.ഒ ഡിനോ വർക്കി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. സ്കൂളിൽ ‘അഞ്ജന സനൽകുമാർ മെമ്മോറിയൽ സ്കോളർഷിപ്പ്’ ആരംഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയും പൂർത്തിയായി വരികയാണെന്നും ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സ്കൂൾ എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ കാൾ റോബർട്ട്സ് അറിയിച്ചു.
അഞ്ജനയുടെ ഓർമകൾ പങ്കുവെക്കാനും ആദരമർപ്പിക്കാനും നിലവിലെ വിദ്യാർഥികളോടും പൂർവ വിദ്യാർഥികളോടും സഹപ്രവർത്തകരോടും സ്കൂൾ അധികൃതർ അഭ്യർഥിച്ചു. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്കായി വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് അനുശോചന യോഗത്തിന്‍റെ തത്സമയ സംപ്രേക്ഷണവും സ്കൂൾ ഒരുക്കിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളുമാണ് അനുശോചന സന്ദേശങ്ങൾ പങ്കുവെച്ചത്. അഞ്ജന കരുണയും സഹാനുഭൂതിയുമുള്ള മികച്ച വ്യക്തിത്വമായിരുന്നുവെന്ന് 11 വർഷത്തോളം ഒപ്പം ജോലി ചെയ്ത മുൻ അധ്യാപിക ജൂലിയറ്റ് കരോലിൻ അനുസ്മരിച്ചു.
വിദ്യാർഥികളുടെ പഠന സംശയങ്ങളും പ്രശ്നങ്ങളും വളരെ സ്നേഹത്തോടെയും സംയമനത്തോടെയും പരിഹരിച്ചിരുന്ന അധ്യാപികയായിരുന്നു അഞ്ജനയെന്ന് പൂർവവിദ്യാർഥിയായ അഹമ്മദ് അസബ് കുറിച്ചു. 2000കളുടെ തുടക്കത്തിൽ കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ചിരുന്ന അഞ്ജന ടീച്ചറെ രണ്ട് വർഷം മുമ്പ് സ്കൂൾ റീയൂനിയനിൽ കണ്ടുമുട്ടിയ ഓർമ പൂർവവിദ്യാർഥിയായ ഫൈസൽ മുഷ്താഖും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.