രാജ്ഞി സുതിദ
യുദ്ധവിമാനത്തിൽ തായ്‍ലന്‍ഡ് രാജ്ഞിയുടെ ഒറ്റയാൾ പ്രകടനം; സ്വീഡിഷ് വിമാനം പറത്തി അപൂർവനേട്ടവുമായി രാജ്ഞി സുതിദ
രാജകീയ പദവിയും ഔദ്യോഗിക ചുമതലകളും മാത്രമല്ല, യുദ്ധവിമാനം ഒറ്റയ്ക്ക് പറത്താനുള്ള കഴിവും തനിക്കുണ്ടെന്ന് തെളിയിച്ച് തായ് രാജ്ഞി സുതിദ. സ്വീഡിഷ് നിർമിത ഗ്രിപെൻ യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തിയതോടെ അപൂർവ നേട്ടവുമായി രാജ്യാന്തര ശ്രദ്ധ നേടുകയാണ് മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് കൂടിയായ രാജ്ഞി. ഒക്ടോബർ എട്ടിന് തായ്‌ലൻഡിലെ സുരത് താനി പ്രവിശ്യയിലായിരുന്നു രാജ്ഞി യുദ്ധവിമാനം ആദ്യമായി പറത്തിയത്.
ലോകത്ത് യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തുന്ന ഏക രാജ്ഞികൂടിയാണ് സുതിദ. വിമാനം പറത്തുന്ന രാജ്ഞിയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. വിമാനം പറത്തിയ ശേഷം ഭർത്താവും തായ്‌ലൻഡ് രാജാവുമായ മഹാ വജിറലോങ്‌കോൺ സുതിദയെ അഭിനന്ദിച്ചു. ഗ്രിപെൻ യുദ്ധവിമാനം പറത്തിയവർക്ക് നൽകി വരുന്ന ഗ്രിപെൻ ഓർഡർ ഗോൾഡൻ പാച്ചും രാജ്ഞിക്ക് സമ്മാനിച്ചു. സുതിദയ്ക്ക് വ്യോമയാനമേഖല പുതിയ അനുഭവം അല്ല. 2010ൽ പൈലറ്റായി കരിയർ ആരംഭിച്ച അവർ ഇതുവരെ 1,188.48 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. ഇതിനൊപ്പം സൈനിക പരിശീലനവും നേടി രാജ്ഞി രാജാവിനൊപ്പമുള്ള ഔദ്യോഗിക വിമാനയാത്രകളിൽ കോ-പൈലറ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ആരാണ് രാജ്ഞി സുതിദ?
1978 ജൂൺ മൂന്നിന് തായ്‌ലൻഡിലെ സോങ്‌ഖ്‌ല പ്രവിശ്യയിലെ ഹാട് യായിലാണ് സുതിദ ബജ്രസുധാബിമലലക്ഷണ ജനിച്ചത്. ബാങ്കോക്കിലെ അസംപ്ഷൻ സർവകലാശാലയിൽനിന്ന് കമ്യൂണിക്കേഷൻ ആർട്‌സിൽ ബിരുദം നേടി. രാജകുടുംബത്തിലെത്തുന്നതിന് മുമ്പ് വാണിജ്യ വ്യോമയാന മേഖലയിലായിരുന്നു ജോലി. 2000 മുതൽ 2003 വരെ ജപ്പാൻ എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്ത സുതിദ പിന്നീട് തായ് എയർവേയ്‌സ് ഇന്റർനാഷനലിൽ ചേർന്നു. 2008 വരെ അവിടെ സേവനമനുഷ്ഠിച്ചു. പിന്നീട് രാജകുടുംബത്തിന്റെ സുരക്ഷാ വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ചു. സൈനിക, സുരക്ഷാ ചുമതലകളിൽ ഉയർന്ന സ്ഥാനങ്ങളിലെത്തിയ സുതിദ 2017ഓടെ റോയൽ എയ്ഡ്-ഡി-ക്യാമ്പ് വകുപ്പിലും റോയൽ സെക്യൂരിറ്റി കമാൻഡിലും മുതിർന്ന പദവികൾ വഹിച്ചു. 2019 മേയ് ഒന്നിനായിരുന്നു മഹാ വജിറലോങ്‌കോൺ രാജാവുമായുള്ള സുതിദയുടെ വിവാഹം. വിമാനത്തിലെ ജീവനക്കാരിയിൽനിന്ന് തായ് രാജകുടുംബത്തിലെ രാജ്ഞിയിലേക്കുള്ള അവരുടെ യാത്ര ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.