പാചകത്തിനൊപ്പം ഫോൺവിളിയും; സ്ത്രീകളുടെ മൾട്ടി ടാസ്കിങിന് പിന്നിലെ കൗതുകമെന്ത്?
വീട്ടിൽ സ്ത്രീകൾ ഒരേ സമയം തന്നെ പലതരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ഭംഗിയായി ചെയ്യുന്നത് കാണാറില്ലേ?. വീട്ടിൽ സ്ത്രീകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അതേരീതിയിൽ ചെയ്യാൻ തങ്ങളെക്കൊണ്ട് കഴിയില്ലെന്ന് രഹസ്യമായെങ്കിലും എല്ലാ പുരുഷന്മാരും സമ്മതിക്കും. എന്തൊരു കഴിവാണിതെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. എന്തുകൊണ്ടായിരിക്കും ഒരു സ്ത്രീക്ക് ഒരേസമയം പല കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത്?
സ്ത്രീകളുടെ തലച്ചോറിനെക്കുറിച്ചും ബഹുമുഖജോലി ശേഷിയെക്കുറിച്ചും (Multitasking) ശാസ്ത്രം വെളിപ്പെടുത്തുന്ന കൗതുകകരമായ സത്യങ്ങൾ പങ്കുവെക്കുകയാണ് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. അരുൺ ഉമ്മൻ. ശാസ്ത്രം പറയുന്ന ഉത്തരം നമ്മൾ കരുതുന്നതിലും കൗതുകകരമാണെന്ന് ഡോക്ടർ പറയുന്നു.
ടാസ്ക് സ്വിച്ചിങ്
നമ്മുടെ തലച്ചോർ ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നുണ്ടോ?. നമ്മൾ ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നതായി തോന്നുമ്പോഴും, പലപ്പോഴും തലച്ചോർ അവയ്ക്കിടയിൽ അതിവേഗം ശ്രദ്ധ മാറ്റുകയാണ് ചെയ്യുന്നത്. ഇതാണ് 'ടാസ്ക് സ്വിച്ചിങ്'. ഒരു ഇമെയിൽ എഴുതുന്നതിനിടയിൽ സന്ദേശം വായിക്കുന്നു. പിന്നെ ഫോൺ വിളിക്കുന്നു. അതിനുശേഷം വീണ്ടും ഇമെയിലിലേക്ക് മടങ്ങുന്നു. നമ്മൾ മൂന്നു കാര്യങ്ങൾ ഒരേസമയം ചെയ്യുന്നതായി തോന്നാം. എന്നാൽ ശ്രദ്ധ ഓരോ കാര്യത്തിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്.
ഓരോ തവണയും ശ്രദ്ധ മാറ്റുമ്പോൾ തലച്ചോറിന് പുതിയ ജോലിക്കനുസരിച്ച് ശ്രദ്ധയും വിവരങ്ങളും പുനഃക്രമീകരിക്കേണ്ടിവരും. ഇതുമൂലം സമയനഷ്ടവും പിഴവുകളും വർധിക്കാം. പ്രത്യേകിച്ച് സങ്കീർണമായ ജോലികളിൽ ഈ പ്രഭാവം കൂടുതലാണ്. കൂടുതൽ കാര്യങ്ങൾ ഒരേസമയം ചെയ്യുന്നത് കൂടുതൽ കാര്യക്ഷമതയ്ക്ക് തുല്യമല്ലെന്നും ഡോ. അരുൺ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ആരാണ് മിടുക്കർ?
ഒരു സങ്കീർണ ശസ്ത്രക്രിയയിൽ ശസ്ത്രക്രിയാ വിദഗ്ധന്റെ ശ്രദ്ധ തെറ്റിയാൽ എന്ത് സംഭവിക്കും?. പഠനം, ഓർമ, സങ്കീർണമായ പ്രശ്നപരിഹാരം എന്നിവയ്ക്ക് ഫോക്കസ്ഡ് അറ്റൻഷൻ (Focused Attention) നിർണായകമാണ്. ശ്രദ്ധ നിയന്ത്രിക്കുന്നതിൽ പ്രീഫ്രോണ്ടൽ കോർട്ടക്സ് (Prefrontal Cortex) ഉൾപ്പെടെയുള്ള തലച്ചോറിലെ നാഡീശൃംഖലകൾ പ്രധാന പങ്കുവഹിക്കുന്നു.
ഒരേസമയം പല കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധ മാറിമാറി പ്രവർത്തിക്കേണ്ടിവരാം. ഇത് ചില ജോലികളിൽ സമയനഷ്ടത്തിനും പിഴവുകൾക്കും കാരണമാകാം. എന്നാൽ സാഹചര്യത്തിനനുസരിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യമായപ്പോൾ അത് മാറ്റാനും കഴിയുന്നതാണ് യഥാർഥ കാര്യക്ഷമത.
സ്ത്രീകൾ പുരുഷന്മാരേക്കാൾ മികച്ച ബഹുജോലിക്കാരാണോ?
സ്ത്രീകൾക്ക് ഒരേസമയം പല കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള പ്രത്യേക കഴിവുണ്ടെന്ന ധാരണ വ്യാപകമാണ്. എന്നാൽ ശാസ്ത്രം പറയുന്നത് എന്താണ്?. ചില പഠനങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക ജോലികളിൽ മികവ് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ബഹുജോലി ശേഷിയിൽ സ്ത്രീകൾക്ക് പൊതുവേ വ്യക്തമായ ജൈവിക മേന്മയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അപ്പോൾ സ്ത്രീകളുടെ ഈ മികവിനു പിന്നിൽ തലച്ചോറിന്റെ പ്രത്യേകതയാണോ, അതോ ജീവിതസാഹചര്യങ്ങൾ നൽകുന്ന നിരന്തര പരിശീലനമോ? ഒരുപക്ഷേ, ഉത്തരം ഇവ രണ്ടിന്റെയും സങ്കീർണമായ ഇടപെടലിലായിരിക്കാം!
സ്ത്രീകൾക്ക് ബഹുജോലി ശേഷി കൂടുതലാണെന്ന് തോന്നുന്നതെന്തുകൊണ്ട്?
ഇതിന് പിന്നിൽ ജൈവികമായ വ്യത്യാസങ്ങളേക്കാൾ ജീവിതാനുഭവങ്ങളും സാമൂഹിക സാഹചര്യങ്ങളും ഒരു പങ്കുവഹിച്ചേക്കാം. പല കുടുംബങ്ങളിലും വീട്ടുജോലി, കുട്ടികളുടെ പരിചരണം, കുടുംബത്തിന്റെ ആവശ്യങ്ങൾ, തൊഴിൽ തുടങ്ങിയ ഒന്നിലധികം ഉത്തരവാദിത്വങ്ങൾ സ്ത്രീകൾ കൈകാര്യം ചെയ്യുന്നു. ഇത് മുൻഗണന നിശ്ചയിക്കാനും ശ്രദ്ധ ഇടയ്ക്കിടെ മാറ്റാനും നിരന്തരം പരിശീലനം നൽകുന്നു.
എന്നാൽ ബഹുജോലി ശേഷിയിൽ സ്ത്രീകൾക്ക് പൊതുവായ ജൈവിക മേന്മയുണ്ടെന്ന് ശാസ്ത്രീയ തെളിവുകൾ സ്ഥിരീകരിക്കുന്നില്ല. ജോലിയുടെ സ്വഭാവം, പരിശീലനം, ഉറക്കം, സമ്മർദം, വ്യക്തിഗത വ്യത്യാസങ്ങൾ എന്നിവയെല്ലാം പ്രകടനത്തെ സ്വാധീനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.