അവാർഡിന്‍റെ നൂറുമേനിയിൽ ഖദീജ അൽ ഖുബൈസി

ദുബൈ: മണ്ണിനെയും കൃഷിയെയും സ്​നേഹിക്കുന്ന ഖദീജ ദർവിശ്​ അൽ ഖുബൈസി വിളയിക്കുന്നത്​ നൂറുമേനി. കാർഷികരംഗത്തേക്ക്​ ചുവടുവെക്കാൻ യു.എ.ഇയിൽ ഒരുപാടു പേർക്ക്​ പ്രചോദനം കൂടിയാണ്​ ഈ എമിറാത്തി വനിത. കൃഷിയോടുള്ള അടങ്ങാത്ത താൽപര്യവും പ്രതിബദ്ധതയും വേറിട്ടുനിർത്തുന്ന ജീവിതത്തിൽ ഖദീജ അൽ ഖുബൈസിയെ തേടിയെത്തിയ പുരസ്കാരങ്ങളും ഒട്ടേറെ. ആ നിരയിലേക്ക്​ അഭിമാനാർഹമായ മറ്റൊരു അവാർഡെത്തിയത്​ കഴിഞ്ഞ ദിവസമാണ്​.

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍റെ (എഫ്.എ.ഒ) ‘100 വുമൺ ഹീറോസ് ഇൻ അഗ്രിഫുഡ് സിസ്റ്റംസ് ആൻഡ് റൂറൽ ഡെവലപ്‌മെന്‍റ്​’ ആഗോള പട്ടികയിലാണ്​ ഖദീജ ദർവിശ്​ അൽ ഖുബൈസി ഇടംപിടിച്ചത്​. അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണത്തിന്‍റെ (2026) ഭാഗമായാണ് എഫ്.എ.ഒ ഈ സംരംഭം ആരംഭിച്ചത്. കാർഷിക മേഖലയിലെ മികച്ച സംഭാവനകൾ, കൃഷിയിൽ വനിതാ പങ്കാളിത്തം ഉറപ്പാക്കൽ, വിദ്യാർഥികൾക്കും യുവാക്കൾക്കും കാർഷിക അറിവുകൾ പകർന്നുനൽകൽ എന്നിവ പരിഗണിച്ചാണ് ഈ ആഗോള അംഗീകാരം.

ഖദീജ അൽ ഖുബൈസിയുടെ ഈ നേട്ടം കൃഷിയെ വിജയകരമായി നയിക്കാനും വിഭവങ്ങൾ ഉപയോഗിക്കാനുമുള്ള ഇമിറാത്തി സ്ത്രീകളുടെ കഴിവ് ലോകത്തിനു മുന്നിൽ തെളിയിക്കുന്നതാണെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. ആമിന ബിൻത് അബ്ദുല്ല അൽ ദഹക് പറഞ്ഞു. വനിതാ ശാക്തീകരണവും ദേശീയ ഭക്ഷ്യസുരക്ഷയും യു.എ.ഇയുടെ സാമ്പത്തിക വികസനത്തിന്‍റെ പ്രധാന സ്തംഭങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജനറൽ വുമൺസ് യൂനിയൻ അധ്യക്ഷയും ‘രാഷ്ട്രമാതാവു’മായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന്‍റെ ദീർഘവീക്ഷണത്തോടെയുള്ള പിന്തുണയാണ് കാർഷിക രംഗത്ത് വനിതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അൽ ഐനിലെ ‘നാദ് അൽ ധബ്’ ഫാം ഉടമയായ ഖദീജ, യു.എ.ഇയിലെ ആദ്യത്തെ ഫാർമർ ഫീൽഡ് സ്കൂളിലെ ബിരുദധാരി കൂടിയാണ്. സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഖദീജ ഇനിഷ്യേറ്റീവ്’ ആരംഭിച്ച ഇവർ, 2026ലെ ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡിൽ മികച്ച വനിതാ കർഷകക്കുള്ള ഒന്നാം സ്ഥാനം നേടിയിരുന്നു. വിദ്യാർഥികളെയും യുവാക്കളെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും സംരംഭകത്വ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും ഇവർ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

യു.എ.ഇയിലെ വനിതാ കർഷകരെ ശാക്തീകരിക്കുന്നതിനായി മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ തുടർച്ചയായാണ് ഈ അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത്. 2026 ഏപ്രിലിൽ അൽ ഐനിൽ നടന്ന ഒന്നാം ഇമിറാത്തി വനിതാ കർഷക ഫോറത്തിൽ 200ലധികം വനിതാ കർഷകരാണ് പങ്കെടുത്തത്. കൂടാതെ, അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയും (അഡാഫ്​സ) എഫ്.എ.ഒയുമായി ചേർന്ന് വനിതാ കർഷകർക്കായി വിളപരിപാലനം, തേനീച്ച വളർത്തൽ, സാമ്പത്തിക ആസൂത്രണം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്ന പ്രത്യേക പദ്ധതിയും 2026 ആഗസ്റ്റിൽ മന്ത്രാലയം ആരംഭിച്ചിരുന്നു.

ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 600ലധികം നാമനിർദേശങ്ങളിൽ നിന്നാണ് എഫ്.എ.ഒ 100 വനിതകളെ തെരഞ്ഞെടുത്തത്. ഭൂമിശാസ്ത്രപരമായ സന്തുലിതാവസ്ഥയും കാർഷിക-ഭക്ഷ്യ മേഖലകളിലെ വൈവിധ്യമാർന്ന സംഭാവനകളും വിലയിരുത്തിയാണ് അവസാന പട്ടിക തയാറാക്കിയത്. ഗ്രാമീണ മേഖലകളിലെ തൊഴിലവസരങ്ങൾ, പ്രകൃതിവിഭവ സംരക്ഷണം, ജീവനോപാധികളുടെ വികസനം എന്നിവയിൽ മികച്ച പങ്കുവഹിച്ച വനിതകൾക്കാണ് പട്ടികയിൽ മുൻഗണന ലഭിച്ചത്.

വനിതാ കർഷകർക്ക് സാങ്കേതികവിദ്യ, സാമ്പത്തിക സഹായം, വിപണി കണ്ടെത്തൽ എന്നിവ ഉറപ്പാക്കുന്നതിനായാണ്​ ഐക്യരാഷ്ട്രസഭയുടെ ഈ പദ്ധതി. റോമിലെ എഫ്.എ.ഒ ആസ്ഥാനത്ത് ഒക്ടോബർ 15ന് നടക്കുന്ന ‘വേൾഡ് ഫുഡ് ഫോറം’ ചടങ്ങിൽ ഖദീജ അൽ ഖുബൈസി ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 100 വനിതകളെയും ആദരിക്കും.

Tags:    
News Summary - Khadija Al Qubaisi Honored with Prestigious Award Recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.