അഞ്ച് മണിക്കൂർ, ശരീരം തളരാതെ; പ്ലാങ്കിൽ ലോക റെക്കോഡ് സ്വന്തമാക്കി 61കാരി

പ്രായം ശരീരത്തെ തളർത്തില്ലെന്ന് തെളിയിച്ചുകൊണ്ട് 61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി ഡോണജീൻ വൈൽഡ്. ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസിൽ അഞ്ച് മണിക്കൂർ തുടർച്ചയായി പ്ലാങ്ക് വ്യായാമം ചെയ്താണ് വൈൽഡ് സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ചത്.

ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിൽ മണിക്കൂറുകളോളം വൈൽഡ് പ്ലാങ്ക് തുടരുന്നത് കാണാം. അഞ്ച് മണിക്കൂർ പൂർത്തിയാക്കിയതോടെ വേദിയിലുണ്ടായിരുന്നവർ വലിയ കൈയടിയോടെയാണ് ഈ 61 കാരിയുടെ നേട്ടത്തെ അഭിനന്ദിച്ചത്.

പ്ലാങ്കിൽ ലോക റെക്കോർഡ് മുമ്പും വൈൽഡിന്റെ പേരിലായിരുന്നു. 2024ൽ ബർട്ടയിലെ മഗ്രാത്തിൽ നടന്ന മത്സരത്തിൽ നാല് മണിക്കൂർ 30 മിനിറ്റും 11 സെക്കൻഡും പ്ലാങ്ക് ചെയ്താണ് അന്ന് വൈൽഡ് റെക്കോർഡ് സ്ഥാപിച്ചത്. ഈ റെക്കാർഡാണ് തന്‍റെ ദൃഢനിശ്ചയത്തിലൂടെ അവർ തിരുത്തിയത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ഇതിനകം നാല് ദശലക്ഷത്തിലധികം പേർ കണ്ടുവെന്ന് ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസ് സി.ഇ.ഒ കെയ്ൽ കേസ് പറഞ്ഞു. പ്രായം ശാരീരിക മികവിന് എല്ലായ്പ്പോഴും തടസ്സമല്ലെന്നതിന്റെ തെളിവാണ് വൈൽഡിന്റെ പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

50 വയസ്സിന് മുകളിലുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസ് ഒക്ടോബർ അഞ്ച് മുതൽ 17 വരെയാണ് നടക്കുന്നത്. വൈൽഡിന്റെ നേട്ടത്തിനൊപ്പം 100 വയസാ‍‍യ ആൾട്ട പിയേഴ്സൺ 50 മീറ്റർ ഓട്ടത്തിലും ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചതും ശ്രദ്ധേയമായി.

പ്ലാങ്ക്

വയറിലെയും ശരീരത്തിന്റെ മധ്യഭാഗത്തെയും (Core) പേശികളെ ശക്തമാക്കാൻ സഹായിക്കുന്ന ഒരു മികച്ച വ്യായാമമാണ് പ്ലാങ്ക്. ഒരു പുഷ്-അപ്പ് പൊസിഷന് സമാനമായി ശരീരം നേർരേഖയിൽ നിർത്തിക്കൊണ്ടാണ് ഇത് ചെയ്യുന്നത്.

പ്ലാങ്ക് ചെയ്യേണ്ട രീതി

  • തറയിൽ കമിഴ്ന്നു കിടന്ന് കൈമുട്ടുകൾ തറയിൽ കുത്തി ശരീരം മുകളിലേക്ക് ഉയർത്തുക. കൈമുട്ടുകൾ കൃത്യമായി ചുമലുകൾക്ക് താഴെയായിരിക്കണം.
  • നിങ്ങളുടെ തല മുതൽ കാൽപാദം വരെ ശരീരം ഒരു നേർരേഖയിലായിരിക്കണം (ഒരു പലക പോലെ). ഇടുപ്പ് താഴേക്ക് തൂങ്ങിപ്പോകാനോ മുകളിലേക്ക് ഉയർന്നു നിൽക്കാനോ പാടില്ല.
  • വയറിലെ പേശികളും (Abs) നിതംബവും (Glutes) നന്നായി മുറുക്കിപ്പിടിക്കുക.
  • തറയിലേക്ക് മാത്രം നോക്കുക, കഴുത്ത് നേരെ വയ്ക്കുക. സാധാരണ രീതിയിൽ ശ്വാസമെടുക്കുന്നത് തുടരുക.

പ്രധാന ഗുണങ്ങൾ

  • വയറിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സിക്സ് പാക്ക് പേശികൾ രൂപപ്പെടാനും സഹായിക്കുന്നു.
  • നടുവേദന കുറയ്ക്കാനും നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
  • ശരീരത്തിന്റെ ബാലൻസും പോസ്ചറും (ശരീരവടിവ്) മെച്ചപ്പെടുത്തുന്നു.
Tags:    
News Summary - Canadian Grandmother Sets Plank Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.