സൻഹ ഫാത്തിമ
പുലാമന്തോൾ: ഇന്ത്യയിലെ ഒന്നര ലക്ഷം ഒമ്പതാംക്ലാസ് വിദ്യാർഥികൾക്കിടയിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) നടത്തിയ പരീക്ഷയിൽ സെലക്ഷൻ നേടി പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും സീനിയർ എസ്.പി.സി കേഡറ്റുമായ എൻ. സൻഹ ഫാത്തിമ. ജീവിതത്തിൽ ഒരുതവണ മാത്രം നേടാൻ കഴിയുന്ന അപൂർവനേട്ടമെന്ന് ഐ.എസ്.ആർ.ഒ വിശേഷിപ്പിക്കുന്ന ‘യുവിക’ ബഹിരാകാശ ഗവേഷണ ക്യാമ്പിലേക്ക് കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 കുട്ടികളിൽ ഒരാളാണ് സൻഹ ഫാത്തിമ. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ മേയ് 11 മുതൽ 22 വരെയാണ് ക്യാമ്പ്.
ചെമ്മല എ.യു.പി സ്കൂൾ അധ്യാപകരായ നീലുകാവിൽ എൻ. മുജീബ് റഹ്മാന്റെയും ടി.കെ. ഹസ്നയുടെയും മകളാണ്. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിലും ചേർന്നു സംഘടിപ്പിച്ച സംസ്ഥാന വാർത്തവായന, എഡിറ്റിങ് മത്സരത്തിൽ എ ഗ്രേഡ്, സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിലെ സിംഗിൾ പ്രോജക്ടിൽ എ ഗ്രേഡ്, നാഷനൽ ലെവൽ അബാക്കസ് ഒന്നാം റാങ്ക്, രാജലക്ഷ്മി കവിതാ പുരസ്കാരം, ജില്ല ബാലശാസ്ത്ര പുരസ്കാരം, പി.ടി. ഭാസ്കരപണിക്കർ സ്മാരക ട്രസ്റ്റ് ആഗോള ബാലശാസ്ത്ര പ്രതിഭാ പുരസ്കാരം എന്നിവയടക്കം ഒരുപാട് പുരസ്കാരങ്ങളും സൻഹ ഫാത്തിമ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.