എ​സ്.​ഐ സൗ​മ്യ

''പെൺകുട്ടികൾ പഠിച്ചുവളരട്ടെ. പ്രാരാബ്ധവും കല്യാണവുമൊന്നും അതിന് തടസ്സമാകാതിരിക്കട്ടെ...''-എസ്.ഐ സൗമ്യ പറയുന്നു

കണ്ണൂർ: തൃശൂർ പാലപ്പിള്ളി എലിക്കോട് മലയിലെ ആദിവാസി ഊരുമൂപ്പൻ ഉണ്ണിച്ചെക്കന് പഠിപ്പ് നാലാം തരം മാത്രമേയുള്ളൂ. പക്ഷേ, മകൾ സൗമ്യ പഠിച്ചുവളരണമെന്ന കാഴ്ചപ്പാട് അദ്ദേഹം നേടിയിരുന്നു. സൗമ്യ ഇന്ന് പൊലീസ് യൂനിഫോമിൽ സബ് ഇൻസ്പെക്ടറായി വാർത്താതാരമായത് പിതാവിന്‍റെ തിരിച്ചറിവിന്‍റെ ഫലമാണ്.

മകളെ പഠിപ്പിക്കാൻ എല്ലാ പ്രതിസന്ധികളും തട്ടിമാറ്റി. പിതാവും അതിനൊപ്പം പഠിച്ച് മുന്നേറിയ മകളും ആദിവാസിജീവിതവുമായി ബന്ധപ്പെട്ട എല്ലാ നടപ്പുരീതികളെയും തകർത്തെറിയുകയാണ്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എസ്.ഐയായി ചുമതലയേറ്റ സൗമ്യ ഇപ്പോൾ ഹൈദരാബാദിൽ പരിശീലനത്തിലാണ്.

''പെൺകുട്ടികൾ പഠിച്ചുവളരട്ടെ. പ്രാരാബ്ധവും കല്യാണവുമൊന്നും അതിന് തടസ്സമാകാതിരിക്കട്ടെ...'' വനിതദിനത്തിൽ പിതാവിന്‍റെയും തന്‍റെയും ജീവിതം മുന്നിൽവെച്ച് സൗമ്യക്ക് പറയാനുള്ളത് അതാണ്.

മകൾ നാടിന്‍റെ അഭിമാനമായി മാറണമെന്ന് എല്ലാവരെയും പോലെ ഊരുമൂപ്പൻ ഉണ്ണിച്ചെക്കനും ആഗ്രഹിച്ചു. ആദിവാസി ഊരിൽനിന്ന് ഉയർന്നുവരുക അത്ര എളുപ്പമായിരുന്നില്ല. മകൾ വലുതായപ്പോൾ ചുറ്റുമുള്ളവരും സുഹൃത്തുക്കളും അവളെ കല്യാണം കഴിച്ചയക്കണമെന്ന് പറഞ്ഞുകൊണ്ടിരുന്നു.

അതാണ് ഊരിലെ കീഴ്വഴക്കം. അവർക്ക് മുന്നിൽ ഉണ്ണിച്ചെക്കൻ പുഞ്ചിരി മാത്രം മറുപടി നൽകി. വിവാഹമല്ല, വിദ്യാഭ്യാസമാണ് മുഖ്യമെന്നായിരുന്നു അയാളുടെ ബോധ്യം.

കേവലമൊരു ജോലിയെന്നതിനേക്കാൾ ഉപരി, സമൂഹത്തിന് എന്തെങ്കിലും ചെയ്യാനാകുന്നനിലയിൽ മകൾ എത്തണമെന്നും ആ പിതാവ് സ്വപ്നം കണ്ടു.

അച്ഛന്‍റെ സ്വപ്നവഴി പിന്തുടർന്നാണ് സൗമ്യ കഴിഞ്ഞ മാസം കണ്ണൂരിൽ എസ്.ഐയായി ചുമതലയേറ്റത്. ആ ധന്യനിമിഷം കാണാൻ പക്ഷേ, ഉണ്ണിച്ചെക്കൻ ഉണ്ടായിരുന്നില്ല.തൃശൂർ പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനിയിൽ കാട്ടാനയുടെ കുത്തേറ്റ് കഴിഞ്ഞ വർഷമാണ് അദ്ദേഹം മരിച്ചത്. രാമവർമപുരം പൊലീസ് പരിശീലന ക്യാമ്പിലുള്ളപ്പോഴാണ് സൗമ്യ അച്ഛന്റെ വിയോഗമറിയുന്നത്.

പരിശീലനം മതിയാക്കാനൊരുങ്ങിയപ്പോൾ അച്ഛന്‍റെ വാക്കുകൾ ധൈര്യത്തിനെത്തി. പൊലീസ് വേഷത്തിൽ തന്നെ കാണാൻ അദ്ദേഹം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന കഥകളായിരുന്നു അച്ഛന്‍റെ സുഹൃത്തുക്കൾക്ക് പറയാനുണ്ടായിരുന്നത്.

ആ ആഗ്രഹം സാധ്യമാക്കണമെന്ന ലക്ഷ്യത്തിന് മുന്നിൽ സങ്കടങ്ങൾ ഇല്ലാതായി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടി ബീറ്റ് ഫോറസ്റ്റ് ഓഫിസറായും യു.പി സ്കൂൾ അധ്യാപികയായും ജോലിനോക്കിയ ശേഷമാണ് പൊലീസ് സബ് ഇൻസ്പെക്ടറാവുന്നത്. ഭർത്താവ് സുബിനും പിന്തുണയുമായി കൂടെയുണ്ട്.

പൊലീസ് വേഷത്തിൽ ഉള്ളുനിറഞ്ഞൊരു സല്യൂട്ട് നൽകാൻ അച്ഛനില്ലെന്ന സങ്കടം മാത്രമാണ് സൗമ്യക്ക് ബാക്കി.

350‍ഓളം പേർക്ക് അഭയം നൽകി ഷീ നൈറ്റ് ഹോം

കണ്ണൂർ നഗരത്തിൽ വനിതകൾക്കായി പ്രവർത്തനമാരംഭിച്ച ഷീ നൈറ്റ് ഹോമിൽ ഇതുവരെ എത്തിയത് 350‍ഓളം പേർ. 2019 നവംബറിലാണ് ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായ ഒരിടമൊരുക്കിയത്. മൂന്നു വർഷത്തിനിടെ മറ്റു ജില്ലകളിൽനിന്നെത്തുന്ന സ്ത്രീകളാണ് കൂടുതലായും ഷീ നൈറ്റ് ഹോമിനെ ആശ്രയിച്ചത്.

വിവിധ പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും എത്തുന്നവരുമാണ് കൂടുതൽ. കേരളത്തിന് പുറത്തുനിന്നടക്കം ട്രെയിൻ മാറി നഗരത്തിലെത്തുന്ന സ്ത്രീകൾക്കടക്കം ഷീ നൈറ്റ് അഭയകേന്ദ്രമായിട്ടുണ്ട്. ശീതീകരിച്ച ഡോർമറ്ററി റൂമുകളിൽ ഒരേസമയം എട്ടു പേർക്ക് താമസിക്കാനാകും. 300 രൂപയാണ് സർവിസ് ചാർജ്. 12 മണിക്കൂറിന് 150 രൂപ മതി. സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭിക്കും. കൂടാതെ റീഡിങ് റൂം, ഡ്രസിങ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ: 8289949199, 04972767476.

കൂട്ടുകാരാവാം, ജീവിക്കാം

കുടുംബകലഹങ്ങളും വിവാഹമോചനങ്ങളും കൂടിവരുന്ന സാഹചര്യത്തിന് പരിഹാരമാകാൻ ബോധവത്കരണ പരിപാടിയുമായി ജില്ല പഞ്ചായത്ത്. കൂട്ടുകാരാവാം, ജീവിക്കാം പദ്ധതി മാർച്ച് 19 മുതൽ ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. വിവാഹം തീരുമാനിച്ചവർക്കും നവദമ്പതിമാർക്കും കൗൺസലിങ്ങ് ബോധവത്കരണ കേന്ദ്രവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സ്ഥിരം സംവിധാനം നടപ്പാക്കുന്നത്. കുറ്റ്യാട്ടൂർ ചട്ടുകപ്പാറയിൽ ജെൻഡർ കൺവെൻഷൻ സെന്‍ററിലാണ് കൗൺസലിങ് നടക്കുക.

താൽപര്യമുള്ളവർ 8289907019 നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക ഉന്നമനത്തിനുള്ള പദ്ധതികളാണ് ജില്ല പഞ്ചായത്ത് നടപ്പാക്കാൻ ഉദേശിക്കുന്നതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കായി കായിക പരിശീലനം കൂടി നൽകാൻ പഞ്ചായത്ത് ലക്ഷ്യമിടുന്നതായും ദിവ്യ പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾ സ്ത്രീകൂട്ടായ്മയിൽ മാത്രം ഒതുങ്ങി ചർച്ച ചെയ്തതുകൊണ്ട് കാര്യമില്ലെന്നും പൊതുസമൂഹങ്ങളിൽ ചർച്ച നടക്കൽ അനിവാര്യമാണെന്നും ദിവ്യ 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - let girls learn si soumya says on womens day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.