അഞ്ചാം ക്ലാസുകാരിയായ മിദാഷ കളത്തിൽ വീറോടെ പൊരുതുകയാണ്. ഏഴു വർഷമായി ശീലിച്ച കളരിമുറകൾ ഒന്നൊന്നായി പയറ്റുന്നുണ്ട്. പോർമുഖത്തെ എതിരാളി പ്രായംകൊണ്ട് വളരെ മുതിർന്നതാണെങ്കിലും കളരിയിൽ ജൂനിയറാണ്. ആവുംവിധം അടിയും തടയുമുണ്ടെങ്കിലും രമ്യക്ക് പിടിച്ചുകെട്ടാൻ പറ്റുന്നില്ല. കോഴിക്കോട്​ പൂവാട്ടുപറമ്പിലെ മൊയ്തീൻ ഗുരുക്കളുടെ കളരിയിലെ പഠിതാക്കളാണ്​​ ഈ അമ്മയും മകളും.

കേരളത്തി​െൻറ സാമാന്യ ജനജീവിതത്തിഴൻറ ഭാഗമായിരുന്നു കളരി മുമ്പ്​. ആൺ‍-പെണ്‍ വ്യത്യാസമില്ലാതെ ബാല്യത്തില്‍ തന്നെ കളരിയില്‍ ചേര്‍ത്ത് മെയ്യഭ്യാസം പരിശീലിപ്പിക്കുന്നത്​ സാധാരണമായിരുന്നു. സാമൂഹ്യ ജീവിതത്തില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി അവക്കുള്ള പ്രചാരം കുറഞ്ഞുവന്നു. കേരളത്തി​െൻറ തനത് ആയോധന അഭ്യാസമുറയായ കളരിക്ക്​ കേരളത്തി​െൻറ അങ്ങോളമിങ്ങോളം പുത്തൻ ഉണർവ്​ കിട്ടിക്കൊണ്ടിരിക്കുന്ന കാലമാണ്​ ഇത്​. പെൺകുട്ടികൾ അടക്കം പുതുതലമുറയിലെ ധാരാളം പേർ ഇൗ രംഗത്തേക്ക്​ കടന്നുവന്ന്​ പ്രതിരോധ മുറകൾ അഭ്യസിക്കുന്നു.

കൊച്ചുകുട്ടികൾ മുതൽ അമ്മമാർ വരെ, ആൺകുട്ടികളും ​െപൺകുട്ടികളും യുവാക്കളും മുതിർന്നവരുമെല്ലാം അതിലുണ്ട്​. കളരിയും കേരളവും തമ്മിലുള്ള ബന്ധം അതി​െൻറ പേരുകളിൽതന്നെ വ്യക്തമാണ്. രണ്ടിലും ഒരേ അക്ഷരങ്ങളാണ്. കേരളത്തിലും തമിഴ്നാടി​െൻറ ചില ഭാഗങ്ങളിലുമാണ് പുരാതന കാലം മുതലേ കളരി വ്യാപകമായിട്ടുള്ളത്.

വടക്കൻ, തെക്കൻ, മധ്യകേരളം എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങൾ കളരിയിൽ കാണപ്പെടുന്നു. ഉത്തര മലബാർ കേന്ദ്രീകരിച്ചാണ് വടക്കൻ ശൈലി കൂടുതൽ പ്രചാരത്തിലുള്ളതെങ്കിലും മറ്റു ഭാഗങ്ങളിലും കാണാം. തെക്കൻ ശൈലിക്ക് കൂടുതൽ ബന്ധം തമിഴ്നാടുമായാണ്. കളരി കേവലമൊരു അഭ്യാസമുറയല്ല. അതൊരു ജീവിതമാണ്. ജീവിതത്തിന്‍റെ നല്ലൊരു ഭാഗം കളരികളിൽ ചെലവിട്ടാണ് ഒാരോ കളരിപ്പയറ്റുകാരനും ജനിക്കുന്നത്. കുഴിക്കളരികളിൽനിന്ന് കയറാത്ത ജീവിതമാണ് പലപ്പോഴും.

പൂവാട്ടുപറമ്പിലെ സ്വതന്ത്ര കളരിസംഘം

സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വാളിനത്തിൽ എവർറോളിങ് ട്രോഫി സ്വന്തമാക്കിയത്​ കോഴിക്കോട്​ പൂവാട്ടുപറമ്പിലെ സ്വത​ന്ത്ര കളരി സംഘത്തിലെ വിദ്യാർഥികൾ ആയിരുന്നു. നേട്ടങ്ങളുടെ പട്ടികയിലെ അവസാനത്തേത് മാത്രമാണത്​. കാലങ്ങളായി തിരുവനന്തപുരം ജില്ലക്ക് പുറത്തുകടക്കാത്ത കിരീടം ഇന്ന് പൂവാട്ടുപറമ്പിലെ മൊയ്തീൻ ഗുരുക്കളുടെ വീട്ടിലെ സ്വീകരണ മുറിയിലെ പ്രധാന അലങ്കാരമാണ്. അതോടെ വരാനിരിക്കുന്ന ദേശീയ മത്സരത്തിലേക്കും യോഗ്യത നേടി. ഇതുവരെ നടന്ന എല്ലാ ദേശീയ കളരിപ്പയറ്റ് മത്സരങ്ങളിലും പൂവാട്ടുപറമ്പിന്‍റെ സന്നിധ്യമുണ്ട്. നിരവധി തവണ ദേശീയ ട്രോഫികൾ കരസ്ഥമാക്കിയ ഇവരുടെ അടുത്ത ലക്ഷ്യം ദേശീയ കിരീടം തന്നെ.

12ാം വയസ്സിൽ കളരിയോടുള്ള ആവേശം മൂലം സ്വന്തം നാട്ടിൽ ആരംഭിച്ച കളരിയിൽ പഠിതാവായി തുടങ്ങിയ യാത്രയാണ് സി.കെ. മൊയ്തീൻ ഗുരുക്കളുടെത്​.​ പിന്നീട് നീണ്ട 37 വർഷവും കളരിതന്നെയായിരുന്നു അദ്ദേഹത്തി​െൻറ ജീവിതം. ചെറുപ്രായത്തിൽ കളരിയോടുള്ള താൽപര്യം കാരണം നാട്ടിൻപുറങ്ങളിൽ നടക്കുന്ന കളരി പ്രദർശനങ്ങൾ കാണാൻ ഓടിനടക്കുമായിരുന്നു മൊയ്തീനും സുഹൃത്ത് എ.എം.എസ്. അലവിയും. അങ്ങനെ കളരി പഠിക്കണമെന്ന മോഹം കലശലായപ്പോഴാണ് കുന്ദമംഗലത്ത് കലന്തൻ ഗുരുക്കൾ എന്ന അഭ്യാസി കളരി പഠിപ്പിക്കുന്നതായി അറിയുന്നത്. ഇരുവരും നേരെ കുന്ദമംഗലത്തെ കളരിയിൽ ചേർന്നു. പിന്നീട് 1996ൽ ഗുരുക്കൾ മരിക്കുന്നതു​ വരെ അദ്ദേഹത്തിന്‍റെ നിഴലായി കൂടെയുണ്ടായിരുന്നു.

1983ൽ കോഴിക്കോട് പൂവാട്ടുപറമ്പിൽ നൂറിലധികം കുട്ടികൾക്ക് കലന്തൻ ഗുരുക്കൾ പരിശീലനം ആരംഭിച്ചു. സ്വതന്ത്ര കളരി പയറ്റ് പരിശീന സംഘം എന്ന പേരിൽ കേരളത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങൾ സഞ്ചരിച്ച, കളരി പരിശീലനം നടത്തിയിരുന്ന ഗുരുക്കൾ പലപ്പോഴും പൂവാട്ടുപറമ്പിലെ പരിശീലനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ശിഷ്യരായ സി.കെ. മൊയ്തീനെയും അലവിയെയും ഏൽപ്പിച്ചു. അവരുടെ കളരിയിലെ മികവ് കാരണമായിരുന്നു അത്​. പലപ്പോഴും മറ്റ് ഭാഗങ്ങളിലേക്ക് പരിശീനത്തിനും അയച്ചു. അതിന്‍റെ ഭാഗമായി എറണാകുളത്തും മറ്റും മൊയ്തീൻ പരിശീനം നടത്തിയിട്ടുണ്ട്.

പഠിതാക്കളുടെ എണ്ണം ചുരുങ്ങിച്ചുരുങ്ങിവന്നെങ്കിലും മൊയ്തീൻ പിന്മാറിയില്ല. സ്വന്തം പറമ്പിൽ കളരി സ്ഥാപിച്ച് പരിശീലനം തുടർന്നു. അതിനിടെ, സതീർഥ്യൻ അലവി പ്രവാസത്തിലേക്ക് തിരിഞ്ഞു. പൂവാട്ടുപറമ്പിൽ സി.കെ. മൊയ്തീൻ ഗുരുക്കളുടെ കളരിയിൽ ഒരു വട്ടമെങ്കിലും ഇറങ്ങാത്തവർ ചുരുക്കമാവും. അങ്ങനെ ഒരു ദേശത്തിന്‍റെ ശാരീരികളവും മാനസികവുമായ വളർച്ചക്ക് ചുക്കാൻ പിടിക്കുകയാണ് ഇദ്ദേഹവും സംഘവും. ഇടത്തും വലത്തും ചുവടുമാറി മെയ്​വഴക്കം കാട്ടി നീണ്ട നാലു പതിറ്റാണ്ടോളം കളരിയിൽ ഉറച്ച ചുവടുവെപ്പുമായി നിലകൊണ്ട സി.കെ. മൊയ്തീൻ ഗുരുക്കൾ ഒരേസമയം നൂറുകണക്കിന് ശിക്ഷ്യർക്ക് പരിശീലനം നൽകുന്നുണ്ട്. മക്കളായ സിറാജുദ്ദീനും ശിഹാബുദ്ദീനും കളരിയുടെ വഴിയിൽതന്നെയാണ്. കേരളത്തിലെ പ്രധാന കളരി മത്സരങ്ങളിലും പ്രദർശനങ്ങളിലും പൂവാട്ടുപറമ്പ് സ്വതന്ത്ര കളരി സംഘട്ടത്തിന്‍റെ അജയ്യമായ മികവ് പ്രകടമാണ്.

aനൂറിലേറെ വിദ്യാർഥികൾ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി പരിശീലിക്കുന്നുണ്ട് പൂവാട്ടുപറമ്പിലെ മൊയ്തീൻ ഗുരുക്കളുടെ കളരിയിൽ. അതിൽ 40ഓളം പെൺകുട്ടികളാണ്​ എന്നതാണ്​ ഏറെ പ്രധാനപ്പെട്ട കാര്യം. മാനസികമായും ശാരീരികമായും കളരി നൽകുന്ന ആത്മവിശ്വാസമാണ്​ പെൺകുട്ടികളെ ഇൗ അഭ്യാസമുറയിലേക്ക്​ ആകർഷിക്കുന്നതെന്ന്​ വിദ്യാർഥിനിയായ ജബിൻ ജന്നത്ത്​ പറയുന്നു.

കൊണ്ടോട്ടി മുതുവല്ലൂർ ഐ.എച്ച്.ആർ.ഡി കോളജിൽനിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ ജബിൻ രണ്ടര കൊല്ലമായി മൊയ്തീൻ ഗുരുക്കളുടെ ശിഷ്യയാണ്. കേരളോത്സവം, സംസ്ഥാനതല ചാമ്പ്യൻഷിപ് തുടങ്ങിയവയിൽ മെഡൽ നേടിയിട്ടുണ്ട് ജബിൻ. ''മാനസികമായും ശാരീരികമായും കളരി നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഗുരു-ശിക്ഷ്യ ബന്ധത്തിെൻറ ഉദാത്ത മാതൃകകൂടിയാണ്​ കളരി. ഗുരുക്കളുമായ ഉയർന്ന ആത്മബന്ധം പുലർത്തിയാലേ കളരി പരിശീലനം ശരിയാം വിധം സാധ്യമാവൂ. കളരിയിലിറങ്ങുന്നതോടെ ബാഹ്യലോകവുമായി നമ്മുടെ എല്ലാ ബന്ധവും ഇല്ലാതാവും. തികച്ചും ടെൻഷൻ ഫ്രീ ആയി ജീവിതം മുന്നോട്ടുനയിക്കാൻ കളരി പരിശീലനം തുണക്കും'' -അവർ പറയുന്നു.


 



മെയ്പയറ്റിൽ തുടങ്ങി ഉറുമി വീശലിൽ എത്തിനിൽക്കുകയാണ് ജബിെൻറ കളരി പരിശീലനം. ഇനിയും ഏറെ മുന്നോട്ടുപോവൻ കഴിയുമെന്ന ആത്മവിശ്വാസം അവരുടെ വാക്കുകളിൽ നിഴലിക്കുന്നു.

കളരി ഒരു കായികാഭ്യാസം മാത്രമല്ലെന്നും അത് മനസ്സിന്‍റെ പരിശീലനം കൂടിയാണെന്നും മൊയ്തീൻ ഗുരുക്കൾ പറയുന്നു. സ്വഭാവ ദൂഷ്യമുള്ളവരും ദുർവാശിക്കാരുമായ പല കുട്ടികൾക്കും കളരി പരിശീലനത്തിലൂടെ മാറ്റം വന്നതിന്‍റെ നിരവധി അനുഭവസാക്ഷ്യങ്ങളുണ്ട് അദ്ദേഹത്തിന്​. വ്യായാമങ്ങൾക്ക്​ സമാനമായ പരിശീനങ്ങൾക്ക് ശേഷം മെയ്പയറ്റിലാണ് കളരിയിലെ തുടക്കം. പിന്നീട് കൈപോരിലൂടെ വികസിച്ച് ആയുധ പരിശീലനത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. മുച്ചാണും വെറും കൈയും, കത്തിപ്പയറ്റ്, വാൾ, വാളും വാളും, വാളും പരിചയും, ഉറുമി വീശൽ, ഉറുമി പയറ്റ് എന്നിങ്ങനെയാണ് കളരിയിലെ വിവിധ ഘട്ടങ്ങൾ. നിരവധി ശിഷ്യർ ശാരീരിക മികവ് ആവശ്യമുള്ള സർക്കാർ ജോലികളിൽ കയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കളരിയുടെതന്നെ ഭാഗമാണ് ചികിത്സ. ആദ്യ ഘട്ടങ്ങളിൽ പരിശീലനത്തിനിടെ പരിക്കു പറ്റുന്നവരെ ശുശ്രൂഷിക്കാനാണ് ഇത് ആരംഭിച്ചതെങ്കിലും പിന്നീട് ഒരു ചികിത്സ സമ്പ്രദായമായി ഇത് വികസിക്കുകയായിരുന്നു. പൂവാട്ടുപറമ്പിൽ കാലങ്ങളായി നാടൻ-മർമ ചികിത്സയുണ്ട്.                                       

Tags:    
News Summary - kerala kalaripayattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.