ദുബൈ: ഫോർമുല ഫോർ പവർബോട്ട് മത്സരത്തിൽ ലോക സ്പീഡ് റെക്കോർഡ് മറികടന്ന് എമിറാത്തി താരം ആലിയ അബ്ദുൽസലാം ഫൈറൂസ്. മുൻ ബ്രിട്ടീഷ് താരം ജോൺ ബ്രൂവർ സ്ഥാപിച്ച മണിക്കൂറിൽ 128.7 കിലോമീറ്റർ എന്ന റെക്കോർഡാണ് ആലിയ തകർത്തത്. നോർവേയിലെ പ്രശസ്തമായ സൊംഗേ തടാകത്തിൽ നടന്ന ഔദ്യോഗിക മത്സരത്തിലാണ് ഈ നേട്ടം. എമിറാത്തി വനിത ദിനമായ ആഗസ്റ്റ് 28നാണ് ചരിത്രവേഗത്തിലേക്ക് ആലിയ കുതിച്ചെത്തിയതെന്നത് ശ്രദ്ധേയമായി.
മണിക്കൂറിൽ 129 കിലോമീറ്റർ വേഗത കുറിച്ചാണ് ആലിയ പുതിയ ചരിത്രം രചിച്ചത്. അന്താരാഷ്ട്ര കായിക രംഗത്ത് എമിറാത്തി വനിതകളുടെ കഴിവും യു.എ.ഇയുടെ സമുദ്ര കായിക മേഖലയുടെ വളർച്ചയും തെളിയിക്കുന്നതാണ് ഈ വിജയം. സമുദ്ര വേഗ പോരാട്ട ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ എമിറാത്തി വനിതയാണ് ഇവർ.
ഈ അഭിമാന നേട്ടത്തിനായി മൂന്നാഴ്ച നീളുന്ന തീവ്ര പരിശീലനവും സാങ്കേതിക ട്രയലുകളുമാണ് ആലിയ പൂർത്തിയാക്കിയത്. കൃത്യമായ പ്ലാനിങ്ങിലൂടെയും കഠിനാധ്വാനത്തിലൂടെയും ഘട്ടംഘട്ടമായാണ് ഇവർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. വരാനിരിക്കുന്ന പ്രധാന മത്സരങ്ങൾ മുന്നിൽ കണ്ടായിരുന്നു പരിശീലനം.
വരുന്ന നവംബറിൽ യു.കെയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ ആലിയ ഔദ്യോഗികമായി പങ്കെടുക്കും. അന്താരാഷ്ട്ര ഫെഡറേഷൻ അധികൃതരുടെ മേൽനോട്ടത്തിൽ നടക്കുന്ന ഈ മത്സരത്തിൽ, പുതിയ ലോക റെക്കോർഡ് ഔദ്യോഗികമായി ആലിയയുടെ പേരിൽ കുറിക്കുന്ന ചടങ്ങുകൾ പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.