ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ കലോത്സവ വേദി. കേരള സ്കൂള്‍ യുവജനോത്സവത്തിന്‍െറ റൂള്‍ പ്രകാരമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഇനത്തിനും ഡസന്‍കണക്കിന് മത്സരാര്‍ഥികള്‍. ഡാന്‍സ് ഇനങ്ങള്‍ പല ഗ്രൂപ്പുകളിലായി ദിവസങ്ങള്‍ നീണ്ടു. വിധികര്‍ത്താക്കളായി ഇത്തവണയെത്തിയിരുന്നത് രണ്ട് ലോകോത്തര നര്‍ത്തകികളാണ്. ഒരാള്‍ ദീപ്തി ഓംചേരി ഭല്ല. മോഹിനിയാട്ടത്തിന്‍െറ പര്യായമായിത്തീര്‍ന്ന വനിത. മറ്റൊരാള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഭരതനാട്യ നര്‍ത്തകിമാരിലൊരാളായ ചിത്ര വിശ്വേശ്വരന്‍. ഒരു ഗ്രൂപ്പിന്‍െറ നൃത്തം കഴിഞ്ഞ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ചിത്ര ഇങ്ങനെ പറഞ്ഞു: ‘നൃത്തം ഒരു പ്രാര്‍ഥനയാണ്. അത് സ്വയം ആസ്വദിക്കാനായില്ലെങ്കില്‍ ചെയ്യരുത്’. കലാതത്ത്വശാസ്ത്രത്തെ മുഴുവന്‍ വിവരിച്ച ഒരു പ്രസ്താവനയാണ് അതെന്ന് തോന്നിയപ്പോഴാണ് അവരുമായി സംസാരിക്കാന്‍ തീരുമാനിച്ചത്. അമ്മയായ രുഗ്മിണി പത്മനാഭനൊപ്പം മൂന്നാം വയസ്സില്‍ ചിലങ്ക അണിഞ്ഞയാളാണ് ചിത്ര.
ലണ്ടനില്‍നിന്ന് ക്ലാസിക്കല്‍ ബാലെയിലും കൊല്‍ക്കത്തയില്‍നിന്ന് മണിപ്പൂരിയിലും കഥകിലും പരിശീലനം നേടി അവര്‍. ടി.എ. രാജലക്ഷ്മി എന്നറിയപ്പെടുന്ന ദേവദാസിയില്‍നിന്ന് നടനപാഠങ്ങള്‍ ഉറപ്പിച്ചവള്‍. വാഴുവൂര്‍ രാമയ്യ പിള്ളയുടെ പ്രിയ ശിഷ്യ. 13ാം വയസില്‍ സ്വന്തമായി നൃത്തം രൂപകല്‍പന ചെയ്ത കൊറിയോഗ്രാഫര്‍. ചെന്നൈ ചിദംബരം അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്സിന്‍െറ സ്ഥാപക. ചിത്രയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ അനവധിയാണ്. ലോകമെമ്പാടും നൃത്തം അവതരിപ്പിച്ച അവര്‍ കര്‍ണാടക സംഗീതത്തിലെ അദ്വിതീയ ആലാപന ശൈലിയുടെ ഉടമ ജി.എന്‍. ബാലസുബ്രമണ്യത്തിന്‍െറ (ജി.എന്‍.ബി.) മരുമകനായ ആര്‍.വിശ്വേശ്വരന്‍െറ ഭാര്യയാണ്. വിശ്വേശ്വരനും സംഗീതരംഗത്ത് സജീവമാണ്. കലാലോകത്തെ ഒട്ടുമിക്ക പുരസ്കാരങ്ങളും ചിത്രയെ തേടിയെത്തിയിട്ടുണ്ട്. കേരളമുള്‍പ്പെടെ ലോകമെമ്പാടുമുള്ള ശിഷ്യസമ്പത്തിന്‍െറ ഉടമയാണ്. തഞ്ചാവൂര്‍ ശൈലിയുടെ ചൈതന്യം തുളുമ്പുന്നതാണ് ചിത്രയുടെ ഓരോ വേദിയും. അവരുമായുള്ള സംഭാഷണത്തില്‍നിന്ന്
താല്‍പര്യം പ്രധാനം
നൃത്തം അഭ്യസിക്കുമ്പോള്‍ കാലുകള്‍ വേദനിച്ചെന്ന് വരും. അത് അഭ്യാസകാലത്തെ അനിവാര്യതയാണ്. ആ വേദനക്കപ്പുറം നില്‍ക്കുന്ന അഭിനിവേശമാണ് ഒരാളെ നൃത്തത്തിലേക്ക് എത്തിക്കുന്നത്. കുട്ടികളില്‍ നൃത്തത്തോടുള്ള അടുപ്പമുണ്ടാക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കേണ്ടതുണ്ട്. അത് പ്രധാനകാര്യമാണ്. മാതാപിതാക്കള്‍ക്ക് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടായേക്കാം. അതുതന്നെയാണ് ആദ്യ ചുവടുവെപ്പ്. അവരുടെ പിന്തുണ പ്രധാനമാണ്. എന്നാല്‍, അത് കുട്ടികളുടെ മുകളില്‍ ഒരു നിതാന്ത സമ്മര്‍ദമായി മാറുന്നത് ആരോഗ്യകരമല്ല.
നൃത്തം എളുപ്പം മെരുക്കിയെടുക്കാവുന്ന ഒരു കാര്യമല്ല. അതുകൊണ്ട്, അടവുകളിലും മുദ്രകളിലും മറ്റുമുള്ള കൃത്യത ഉറപ്പുവരുത്താനും താളവും ചുവടും പിഴക്കാതിരിക്കാനും അധ്യാപകര്‍ കാര്‍ക്കശ്യം പുലര്‍ത്തേണ്ടി വരും. അതില്‍ തെറ്റൊന്നുമില്ല. സ്നേഹവും കാര്‍ക്കശ്യവും ഒത്തുചേരുമ്പോഴാണ് നല്ല അധ്യാപകരുണ്ടാകുന്നത്. ഒട്ടും ബുദ്ധിമുട്ടില്ലാതെ പഠിച്ചെടുക്കാവുന്ന ഒന്നല്ല കല. നൃത്തം ഒരു ശാരീരികമായ പരിവര്‍ത്തനം ആവശ്യപ്പെടുന്നുണ്ട്. അതില്‍ മുഴുകാനായില്ലെങ്കില്‍, അതിന്‍െറ സത്തയിലേക്ക് എത്താനാവില്ല. നൃത്തപഠനത്തില്‍ കുട്ടികളുടെ താല്‍പര്യം തന്നെയാണ് ആദ്യകാര്യം. താല്‍പര്യമില്ലാത്തവര്‍ നൃത്തം ചെയ്യുമ്പോള്‍ അത് മുഴച്ചുനില്‍ക്കും. നൃത്തക്ലാസുകളില്‍ ആര്‍ക്കും ചേരാം. എന്നാല്‍, എല്ലാവരും നര്‍ത്തകരാകുമെന്ന് കരുതരുത്. എനിക്ക് നൃത്തത്തോടുള്ള അഭിനിവേശം ആദ്യം തിരിച്ചറിഞ്ഞതും അതിനെ പൂര്‍ണമായി പിന്തുണച്ചതും അമ്മയാണ്. നൃത്തം എനിക്ക് ഒരു പ്രാര്‍ഥനപോലെ ആയിരുന്നു. ഇന്നും അതങ്ങനെയാണ്. നൃത്തം മാത്രമാണ് എന്‍െറ കരുത്ത്.
മത്സരം മോശമല്ല
ലോകം മത്സരാധിഷ്ഠിതമാണ്. അതുപോലെയാണ് കലയും. കലയില്‍നിന്ന് പൂര്‍ണമായും മത്സരത്തെ മാറ്റാനാവില്ല. പോസിറ്റിവായി കാണുമ്പോള്‍, മത്സരപരത മോശമല്ല. ഒരേപോലെയുള്ള ഒരുപാടുപേര്‍ നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍, മത്സരമല്ലാതെ എന്താണ് പോംവഴി. ഒരു സ്കോളര്‍ഷിപ് പോലും മത്സരംവഴി ലഭിക്കുന്ന ലോകത്ത് മത്സരാത്മകതയെ പൂര്‍ണമായും തള്ളാനാവില്ല. എന്നാല്‍, കല മത്സരത്തില്‍ ഒതുങ്ങുന്നതല്ലെന്ന ബോധം കലോപാസകര്‍ക്കുണ്ടാകണം. മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ താന്‍ ചെറുതായിപ്പോയി എന്നൊരു ബോധമുണ്ടാകരുതെന്ന് മാത്രം. അത്തരം അപകര്‍ഷ ബോധമുണ്ടാകുന്നതും ഉണ്ടാക്കുന്നതും ശരിയല്ല. ചെറുപ്രായത്തിലൊന്നും ആരും സ്വയം ക്രിയാത്മകതയില്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നില്ല. ആ സമയത്ത് അഭ്യാസവും കൃത്യതയും തന്നെയാണ് പ്രധാനം. സര്‍ഗാത്മകത അനുഭവത്തിനും പരിചയത്തിനുമൊപ്പം വന്നു ചേരുന്നതാണ്.
കോര്‍പറേറ്റുകള്‍ ബോളിവുഡ് നടിമാര്‍ക്കു പിന്നാലെ
നൃത്തപഠനത്തില്‍ ഗുരുകുല സമ്പ്രദായവും സ്കൂളില്‍നിന്നുള്ള അഭ്യാസവും വേറിട്ടതാണ്. ഗുരുകുലം എന്ന രീതി ഇപ്പോള്‍ പൂര്‍ണമായും ഇല്ലാതായി. പക്ഷേ, ഇപ്പോഴും ചില കുട്ടികള്‍ രണ്ടു ദിവസമൊക്കെ പൂര്‍ണമായും എന്നോടൊപ്പം താമസിച്ച് പഠിക്കാറുണ്ട്. സ്വതന്ത്ര സ്വഭാവമുള്ള ഒരു അധ്യാപികക്ക് ഗുരുകുലമോ, സ്കൂളോ എന്ന പരിമിതിയൊന്നുമില്ലെന്നാണ് കരുതുന്നത്. ചിട്ടയായ പഠനവും പൂര്‍ണ സമര്‍പ്പണവുമാണ് നര്‍ത്തകരില്‍നിന്ന് കാലം ആവശ്യപ്പെടുന്നത്. ഇത് രണ്ടുമുള്ളവര്‍തന്നെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്.
മുഖ്യധാരയില്‍നിന്ന് തഴയപ്പെടാനുള്ള സാധ്യതകളാണ് കൂടുതല്‍. മുഖ്യധാരയിലേക്ക് കടക്കാനുള്ള വഴികള്‍ കുറവാണുതാനും. മുന്‍കാലങ്ങളില്‍ നര്‍ത്തകര്‍ക്ക് കോര്‍പറേറ്റുകളുടെ സ്പോണ്‍സര്‍ഷിപ് നിര്‍ലോഭമായി ലഭിച്ചിരുന്നു. അത് വലിയ താങ്ങായിരുന്നു. ഇപ്പോള്‍ കോര്‍പറേറ്റുകള്‍ ബോളിവുഡ് നടിമാര്‍ക്കു പിന്നാലെയാണ്. അതുകൊണ്ട് വേദികളിലും സര്‍ക്കാര്‍ പിന്തുണയിലും മാത്രമാണ് പലരുടെയും നിലനില്‍പ്. പല പ്രമുഖരും അവരുടെ അടുത്ത തലമുറ നൃത്തത്തിലേക്കോ സംഗീത രംഗത്തേക്കോ വരണമെന്ന് ആഗ്രഹിക്കുന്നില്ല. ഇതിനു കാരണം ഈ നിലനില്‍പ്പിനു വേണ്ടിയുള്ള അധ്വാനമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഉള്ളില്‍ നൃത്തമുള്ളരൊള്‍ക്ക് ചുവടുമറക്കാനാവില്ല. അവരെ വേദികള്‍ വിളിച്ചു കൊണ്ടേയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.