ദാനം ചെയ്തത് 42 ലിറ്റർ മുലപ്പാൽ - നന്ദി നിധി, ഈ കുഞ്ഞുങ്ങൾക്ക് 'അമ്മയായതിന്'...

ആ കുഞ്ഞുങ്ങൾക്ക് ശരിക്കും നിധിയായിരുന്നു അത്. നിധി എന്ന വീട്ടമ്മയുടെ മുലപ്പാൽ. എത്ര കുഞ്ഞുങ്ങൾക്ക് താൻ 'അമ്മയായെന്ന്' മുംബൈയിലെ നിധി പർമാർ ഹീര നന്ദിനിക്കറിയില്ല. തൻ്റെ കുഞ്ഞിന് മാത്രമല്ല, ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത നിരവധി കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടാൻ കഴിഞ്ഞു നിധിക്ക്.

ലോക്ഡൗൺ കാലത്ത് 42 ലിറ്റർ മുലപ്പാലാണ് നിധി ദാനം ചെയ്തത്. മുലപ്പാൽ ദാനത്തെ കുറിച്ച് ഇനിയും സംശയങ്ങളുള്ള ഇന്ത്യയിൽ ഉദാത്ത മാതൃക കൂടിയാണ് സിനിമാ പ്രവർത്തകയും നാൽപ്പത്തിയൊന്നുകാരിയുമായ നിധി കാണിച്ചു നൽകുന്നത്. 'ബെറ്റർ ഇന്ത്യ'യിൽ അടുത്തിടെ വന്ന ലേഖനത്തിലാണ് നിധിയുടെ മഹദ് ദാനം പുറംലോകമറിയുന്നത്.

തപ്സി പന്നുവും ഭൂമി പഡ്നേക്കറും അഭിനയിച്ച 'സാംട് കി ആംഖ് ' എന്ന സിനിമയുടെ നിർമ്മാതാവായ നിധി ഈ വർഷം ഫെബ്രുവരിയിലാണ് ഒരു ആൺകുഞ്ഞിൻ്റെ അമ്മയാകുന്നത്. വീർ എന്ന് പേരിട്ട മകനെ മുലയൂട്ടുന്നതിനൊപ്പം തന്നെ അധികം വരുന്ന മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന് ആവശ്യമുള്ളതും കഴിഞ്ഞ് ശേഖരിച്ച പാൽ ഫ്രീസർ നിറഞ്ഞ് തുടങ്ങിയപ്പോഴാണ് അത് എന്ത് ചെയ്യുമെന്ന ചിന്തയുണ്ടായത്.

ഫ്രീസറിൽ പരമാവധി മൂന്നുമാസം വരെ മാത്രമേ പാൽ കേടുകൂടാത ഇരിക്കുകയുള്ളൂ. മാർച്ച് ആയതോടെ 150 മില്ലിയോളം പാൽ ശേഖരിച്ച 20 പാക്കറ്റുകളാണ് വീട്ടിലുണ്ടായിരുന്നത്. ഇതെന്ത് ചെയ്യണമെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ അന്വേഷിച്ചു. ഫേസ്പാക് തയ്യാറാക്കാൻ ഉപയോഗിക്കാമെന്നായിരുന്നു ചിലരുടെ മറുപടി. കുഞ്ഞിനെ കുളിപ്പിക്കാൻ ഉപയോഗിക്കാമെന്ന് ചിലർ പറഞ്ഞു. കാൽ കഴുകാൻ ഉപയോഗിക്കാമെന്ന 'ഉപദേശവും' ലഭിച്ചു. വലിച്ചെറിയുക മാത്രമേ വഴിയുള്ളു എന്നും മറുപടി നൽകിയവരുണ്ട്.

എന്നാൽ, അമൂല്യമായ മുലപ്പാൽ ഇങ്ങനെ ക്രൂരമായി പാഴാക്കുന്നതിന് നിധി തയാറല്ലായിരുന്നു. മുലപ്പാലിന് ദാഹിക്കുന്ന എത്രയോ കുഞ്ഞുങ്ങളുണ്ട് എന്ന ചിന്ത നിധിക്കുണ്ടായി. കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ തൻ്റെ മുലപ്പാൽ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്ത ഇൻറർനെറ്റിൽ പരതാൻ നിധിയെ പ്രേരിപ്പിച്ചു.

ഓൺലൈനിൽ മുലപ്പാൽ ദാനത്തെക്കുറിച്ചുള്ള തിരച്ചിലുകളിൽ അമേരിക്കയിലെ മുലപ്പാൽ സെന്ററുകളെ കുറിച്ച് വിവരം കിട്ടി. സ്വന്തം വീടിന് സമീപം എവിടെയെങ്കിലും അത്തരം കേന്ദ്രങ്ങളുണ്ടോ എന്ന പരിശോധനയായി പിന്നീട്. അപ്പോളാണ് നിധിയെ ചികിത്സിച്ച ബാന്ദ്ര വിമൻസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റിന്റെ നിർദേശപ്രകാരം ഖർ മുംബൈയിലെ സൂര്യാ ഹോസ്പിറ്റലിലെ മുലപ്പാൽ ബാങ്കിലേക്ക് വിതരണം ചെയ്യാൻ തീരുമാനിക്കുന്നത്.

കൊറോണ പടരുന്ന കാലമായതിനാൽ ആശുപത്രിയിൽ പോയി മുലപ്പാൽ ദാനം ചെയ്യുന്നതിൽ നിധിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ ആശുപത്രി അധികൃതർ നിധിയുടെ വീട്ടിലെത്തി മുലപ്പാൽ ശേഖരിക്കാമെന്ന് അറിയിച്ചു. അങ്ങനെ മാർച്ച് മുതൽ മേയ് വരെ 42 ലിറ്ററോളം മുലപ്പാൽ നിധി ദാനം ചെയ്തു. സൂര്യാ ഹോസ്പിറ്റലിലെ എൻ.ഐ.സി.യുവിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കാണ് ഈ പാൽ നൽകിയത്. പൂർണ വളർച്ചയെത്താതെ ജനിച്ച കുഞ്ഞുങ്ങളെയും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളെയുമൊക്കെ ഇൻക്യുബേറ്ററിലിട്ട് പരിപാലിക്കുന്ന ഇടമാണിത്. ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്ത അമ്മമാരുടെയും മരുന്നുകളും മറ്റും കഴിക്കുന്നതിനാൽ മുലയൂട്ടാൻ കഴിയാതിരിക്കുന്ന അമ്മമാരുടെയും കുഞ്ഞുങ്ങൾക്കാണ് നിധിയുടെ മുലപ്പാൽ 'നിധിയായത് '.

Tags:    
News Summary - Bollywood director donates 42 litres of breastmilk for babies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT