??? ???????

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ത്തലക്കടുത്ത് അരൂക്കുറ്റിയില്‍നിന്ന് തലയില്‍ തട്ടവുമിട്ട് ഒരു പെണ്‍കുട്ടി ദിവസവും കൊച്ചിയിലേക്ക് ബസ് കയറുമായിരുന്നു. എവിടെ പോകുന്നുവെന്നു ചോദിച്ചവരോട് അവള്‍ ഭവ്യതയോടെ മറുപടി പറഞ്ഞു, ചിത്രകല പഠിക്കാന്‍ പോകുകയാണെന്ന്. കേട്ടവര്‍ മൂക്കത്തു വിരല്‍ വെച്ചു. ഈ പെണ്‍കുട്ടിയിതെന്തു ഭാവിച്ചാ? ചിത്രകല പഠിച്ചിട്ടെന്തു കിട്ടാനാ? ആ ചോദ്യങ്ങളുടെ പടികടന്ന് ആ പെണ്‍കുട്ടി പിന്നെയും തന്‍െറ ആഗ്രഹത്തിലേക്കു ഒരുപാട് യാത്ര ചെയ്തു. കാലത്തിന്‍െറ കാന്‍വാസില്‍ നിറങ്ങള്‍ മാറിമറിഞ്ഞു. ഇന്ന് ആ പെണ്‍കുട്ടി സാധാരണ ഒരു ചിത്രകാരിയല്ല. രാജ്യത്തിന്‍െറ അതിരുകള്‍ക്കപ്പുറം അവളുടെ ചിത്രങ്ങള്‍ സഞ്ചരിക്കുന്നു.

സാറ വരച്ച പെയിന്‍റിങ്ങുകള്‍
 


ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി മുഹമ്മദിയ മന്‍സിലില്‍ ഹുസൈന്‍- സാജിദ ദമ്പതികളുടെ മകളായ സാറ ഹുസൈന്‍ ആണ് ആ താരം. കുട്ടിക്കാലം മുതല്‍ ചിത്രങ്ങള്‍ വരച്ച് തുടങ്ങിയെങ്കിലും ഈ അടുത്ത കാലത്താണ് സാറ ഹുസൈന്‍ എന്ന പേരും പെയിന്‍റിങ്ങും ലോകശ്രദ്ധ നേടാന്‍ തുടങ്ങിയത്. ഇന്ന് അക്രിലിക്കിലേക്കും ഓയില്‍ പെയിന്‍റിങ്ങിലേക്കും സാറയുടെ കൈകള്‍ പതിച്ചു കഴിഞ്ഞു. ഇരുട്ടു വീണ തെരുവിന്‍െറ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന മദര്‍ തെരേസയുടെ ചിത്രവും മട്ടാഞ്ചേരി കായലില്‍ കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകളില്‍ നിന്നുള്ള വെളിച്ചം വെള്ളത്തിലൂയലാടുന്ന ചിത്രവും ആസ്വാദകരുടെ മനം കവരുന്നു. ഇറ്റലിയിലും യൂറോപ്പിലും യു.കെയിലും ഫ്രാന്‍സിലുമുള്ള ഒട്ടേറെ ആര്‍ട് ഗാലറികളില്‍ സാറയുടെ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.

സാറ ഹുസൈന്‍
 


15 വര്‍ഷമായി സാറ വരകളുടെ ലോകത്ത് സജീവമാണ്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ സചിന്‍ ടെണ്ടുല്‍കര്‍ സാറയുടെ ചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെടുകയും അദ്ദേഹത്തെ ആകര്‍ഷിച്ച മൂന്ന് ചിത്രങ്ങള്‍ വാങ്ങുകയും ചെയ്തു. കൂടാതെ, കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലും 272 ചിത്രങ്ങള്‍ വാങ്ങി. 2004 മുതല്‍ 2015 വരെ  കേരള ലളിത കല അക്കാദമിയുടെ ആന്വല്‍ എക്സിബിഷനില്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി പല സോളോ എക്സിബിഷനുകളും സാറ നടത്തിയിട്ടുണ്ട്.
 

സാറ വരച്ച പെയിന്‍റിങ്ങുകള്‍
 

കൊച്ചിയുടെ ചിത്രകാരി

പൗരാണികത തുളുമ്പുന്ന തെരുവുകാഴ്ചകളാണ് കൊച്ചിയുടെ സൗഭാഗ്യം. കടല്‍കടന്നു വരുന്ന സഞ്ചാരികളും തിരയുന്നത് വശ്യതയാര്‍ന്ന ഈ തെരുവുകളെയാണ്. തെരുവിന്‍െറ ഈ സൗന്ദര്യമാണ് സാറ ഹുസൈന്‍ എന്ന കൊച്ചിയുടെ ചിത്രകാരി വിഷയമാക്കുന്നത്. ബിനാലെയുടെ നാളുകളില്‍ മട്ടാഞ്ചേരി ജൂതത്തെരുവിലെ ഗാലറിയില്‍ കാണികളെ വരവേല്‍ക്കുന്നത് സാറ ഹുസൈന്‍െറ തെരുവു ചിത്രങ്ങളാണ്. പുരാതന കൊച്ചിയുടെ തെരുവുചന്തം ആവാഹിച്ച ചിത്രങ്ങള്‍. കൊച്ചിയുടെ ഗല്ലികളും ഇത്തിരിപ്പോന്ന ഇടറോഡുകളും വഴിയില്‍ അലയുന്ന മാടുകളും തലങ്ങും വിലങ്ങും കടന്നുപോകുന്ന വൈദ്യുതി കമ്പികളും ഓടുമേഞ്ഞ പഴഞ്ചന്‍ കെട്ടിടങ്ങളുമൊക്കെ നിറയുന്ന ചിത്രക്കാഴ്ചകള്‍ എത്ര കണ്ടാലും മതിവരാത്ത കൊച്ചിയുടെ ജീവിതം പറയുന്നു. അതുകൊണ്ട് തന്നെ സാറ കൊച്ചിയുടെ ചിത്രകാരിയാണ്. വര്‍ഷങ്ങളായി കൊച്ചിയിലുള്ള സാറയെ ഏറ്റവും ആകര്‍ഷിച്ചതും ഈ തെരുവുകള്‍ തന്നെ. അക്രിലിക്കിലും എണ്ണച്ചായത്തിലുമാണ് ചിത്രങ്ങള്‍. ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമയും ബിരുദവും നേടിയിട്ടുള്ള സാറയുടെ ചിത്രങ്ങള്‍ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ലണ്ടന്‍, സിംഗപ്പൂര്‍, മലേഷ്യ, ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ വില കൊടുത്ത് വാങ്ങുകയും ചെയ്തു.

ക്രിക്കറ്റ് ഇതിഹാസം സചിൻ ടെൻഡുൽക്കറിനും ചിത്രകാരന്‍ ഒണിക്സ് പൗലോസിനും ഒപ്പം സാറാ ഹുസൈൻ
 


അള്‍ത്താരകളില്‍

കേരളത്തിലും രാജ്യത്തിന് പുറത്തും തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ പള്ളികളിലെ അള്‍ത്താരകളില്‍ സാറയുടെ ചിത്രങ്ങള്‍ ദൈവികഭാവം പകരുന്നുണ്ട്. യേശുവിന്‍െറ രണ്ടാം വരവ് എന്ന ആശയത്തെ ആസ്പദമാക്കിയാണ് കൂടുതല്‍ ചിത്രങ്ങളും വരച്ചിരിക്കുന്നത്. സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാര്‍ക്കും മാതാവിനും സ്നാപകയോഹന്നാനും നടുവില്‍ ഭൂമിയിലേക്കുള്ള വരവിനൊരുങ്ങുന്ന യേശുക്രിസ്തു, അദ്ദേഹത്തിന്‍െറ വരവിന്‍െറ സൂചനയായി പരിശുദ്ധാത്മാവ് ഭൂമിയിലേക്കു വരുന്നത്. എല്ലാം സാറ ചിത്രീകരിച്ചിട്ടുണ്ട്.13ാം നൂറ്റാണ്ടിലെ ശൈലിയില്‍ വരച്ച ഗബ്രിയേല്‍, മിഖായേല്‍ മാലാഖമാരുടെ ചിത്രങ്ങളാണ് കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നത്.

സാറ വരച്ച പെയിന്‍റിങ്ങുകള്‍
 


ഇഞ്ചൂര്‍ മാര്‍ തോമാ സെഹിയോന്‍ ചര്‍ച്ചിലേക്കു സാറയും ഗുരു ഒണിക്സ് പൗലോസും ചേര്‍ന്നു വരച്ച അന്ത്യ അത്താഴം പ്രശസ്തമാണ്. കൂടാതെ, ഇരുപത് അടി നീളവും ഒമ്പത് അടി വീതിയുമുള്ള മറ്റൊരു വലിയ അന്ത്യ അത്താഴ ചിത്രം എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലുമുണ്ട്. ഇടനാഴിയിലൂടെ നടന്നകലുന്ന മദര്‍ തെരേസയെ നോക്കിനില്‍ക്കുന്ന കുട്ടികളുടെ ചിത്രം ഏറെ ആകര്‍ഷണീയമാണ്. ഗണപതിയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങളും സാറയുടെ കലക്ഷനിലുണ്ട്. മോദകവും കൈയിലേന്തി നൃത്തമാടുന്ന ഗണപതിയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്കാണു സാറ നിറം പകര്‍ന്നിട്ടുള്ളത്. കല്ലില്‍ കൊത്തിയ ഗണപതിയുടെ രൂപത്തെ കാന്‍വാസിലേക്കു പകര്‍ത്തിയ ചിത്രം കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു.
 

സാറ വരച്ച പെയിന്‍റിങ്ങുകള്‍
 

കലാ ജീവിതത്തിന് പിന്നില്‍ കുടുംബം

മട്ടാഞ്ചേരിയിലുള്ള ഒണിക്സ് സ്റ്റുഡിയോയിലിരുന്നാണ് സാറ കാന്‍വാസിലേക്ക് നിറങ്ങള്‍ ചാലിക്കുന്നത്. പത്ത് വര്‍ഷമായി ഒണിക്സ് പൗലോസ് എന്ന ചിത്രകാരന്‍െറ ശിഷ്യയാണ് സാറ. ചിത്രകാരിയെന്ന നിലയിലുള്ള തന്‍െറ നേട്ടങ്ങള്‍ക്കു പിന്നില്‍ ഗുരുവാണെന്നും അദ്ദേഹമാണ്  തന്നിലെ പ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചതെന്നും സാറ പറയുന്നു. ചെറുപ്പം മുതല്‍ക്കു ചിത്രരചനയോടു താല്‍പര്യമുണ്ടായിരുന്ന സാറ സ്കൂള്‍പഠനം പൂര്‍ത്തിയാക്കിയ ശേഷമാണു ചിത്രരചന പഠിക്കാന്‍ ആരംഭിച്ചത്. വാട്ടര്‍ കളര്‍ മാത്രമാണ് അന്നു വരച്ചിരുന്നത്. ബിരുദ പഠനകാലത്തും ചിത്രരചന പഠിക്കാന്‍ സാറ സമയം കണ്ടത്തെിയിരുന്നു. ഓയില്‍ പെയിന്‍റിങ്, അക്രിലിക് എന്നിവയിലും പരിശീലനം നേടി.

സാറ വരച്ച പെയിന്‍റിങ്ങുകള്‍
 


കലയോടു താല്‍പര്യമുള്ള കുടുംബമാണു സാറയുടെ കലാജീവിതത്തിനു പിന്തുണയേകുന്നത്. ആദ്യകാലങ്ങളില്‍ ചിത്രകാരിയാകാനുള്ള സാറയുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലായിരുന്നു പലരുടെയും പ്രതികരണം. എന്നാല്‍, ഉമ്മൂമ്മ ഖദീജയും ഉമ്മ സാജിദയും സാറയുടെ ചിത്രരചനയോടുള്ള താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇന്ന് സാറയുടെ ജീവിതം ഈ ചിത്രങ്ങള്‍ക്ക് ഒപ്പമാണ്. ചായം നല്‍കാത്ത ഒരു ദിവസം പോലും സാറയുടെ ജീവിതത്തില്‍ ഇല്ല.

Tags:    
News Summary - Artist Sara Hussain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT