ക്യാൻവാസിനെ കാമറയിലാക്കി 'നിവേദിത'

കലയും ക്യാന്‍വാസും കാമറയും... കോഴിക്കോട്ടുകാരി നിവേദിതയുടെ ജീവിതത്തിന്‍റെ ടാഗ് ലൈന്‍ ഇങ്ങനെയാണ്. മികച്ച മാര്‍ക്ക് നേടി സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഏത് മേഖലയിലേക്ക് തിരിയണം? കണ്‍ഫ്യൂഷനില്ലാതെ എന്‍ജിനീയറിങും എം.ബി.ബി.എസും എടുക്കുന്ന വിദ്യാര്‍ഥികളാണ് ഭൂരിപക്ഷവും. ആര്‍ട്സ് എന്നാല്‍ ചിത്രകല. എന്നാല്‍, പതിവു ശൈലികളൊന്ന് മാറ്റിപിടിക്കാന്‍ തന്നെയായിരുന്നു നിവേദിത തീരുമാനിച്ചത്. കുഞ്ഞുനാള്‍ മുതല്‍ ചിത്രരചനയിലും നൃത്തകലയിലും മികച്ചു നിന്നിരുന്നു. എന്നാല്‍, ചിത്രകാരി ക്ലീഷേയില്‍ തുടരാനും അവള്‍ ഇഷ്ടപ്പെട്ടില്ല. മലയാളികൾ അത്ര പരിചിതമല്ലാത്ത ഫൈന്‍ ആര്‍ട്ട്സ് ഫോട്ടോഗ്രഫിയിലെ പരീക്ഷണങ്ങള്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് അവള്‍ ഇറങ്ങിത്തിരിച്ചത്.  

പാത്തുമ്മയുടെ ആട്’ ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫിയാക്കിയപ്പോള്‍
 

സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തന്‍റെ ലക്ഷ്യത്തിലേക്ക് തിരിക്കാന്‍ നിവേദിത മറന്നില്ല. പ്ലസ്ടുവിനു ശേഷം ബറോഡയിലെ എം.എസ് സര്‍വകലാശാലയില്‍ വിഷ്വല്‍ ആര്‍ട്സില്‍ പെയിന്‍റിങ്ങില്‍ ഡിഗ്രിയെടുത്തു. ഓപ്ഷനലായി ഫോട്ടോഗ്രഫിയും പഠിച്ചു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ രണ്ടാഴ്ചത്തെ കോഴ്സും പഠിച്ചിറങ്ങി. ഇനി പൂനെയിലെ സാഡ് ഇന്‍റര്‍നാഷണല്‍ അക്കാദമിയില്‍ ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫിയില്‍ പി.ജി ഡിപ്ലോമ ചെയ്യാനുള്ള തയാറെടുപ്പിലാണ്. അതിനു ശേഷം യു.എസില്‍ വിഷ്വല്‍ കമ്യൂണികേഷന്‍ കോഴ്സും ചെയ്ത് ഫൈന്‍ ആര്‍ട്സില്‍ മികച്ച ഒരു ഭാവി കണ്ടെത്തണമെന്നാണ് നിവേദിതയുടെ ആഗ്രഹം. നിവേദിതയുടെ താല്‍പര്യത്തിന് എല്ലാ പിന്തുണയുമായി മാതാപിതാക്കളായ കോഴിക്കോട് സരോവരത്ത് നരേന്ദ്രനും പ്രീതയും മകള്‍ക്കൊപ്പമുണ്ട്.

നിവേദിത (ഇടത്) മോഡൽ മീനാക്ഷി ശശികുമാറിനൊപ്പം
 

ജൂലൈ 17ന് കോഴിക്കോട് എസ്.കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്‍ററില്‍ സംഘടിപ്പിച്ച നിവേദിതയുടെ 'പ്രൈം പാരബ്ള്‍സ്' എന്ന ഫോട്ടോ പ്രദര്‍ശനം എറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തിലെ വംശീയ വസ്ത്രധാരണ രീതികള്‍ സംയോജിപ്പിച്ച് കാമറക്ക് മുന്നില്‍ ഒരുക്കി ഫോട്ടോകളാക്കിയുള്ള പ്രദര്‍ശനം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. മുക്കുവ സ്ത്രീ, മീന്‍കാരി, കൈനോട്ടക്കാരി, കുറത്തി, കൃഷിക്കാരി, നര്‍ത്തകി, ബഷീറിന്‍റെ പാത്തുമ്മ, നാട്ടിന്‍ പുറത്തെ പെണ്‍കാഴ്ചകൾ അടക്കം കാമറയിലൂടെ ഒപ്പിയെടുത്ത 25-ഓളം ചിത്രങ്ങളാണ് പോസ്റ്റ് മോഡേണ്‍ രീതിയില്‍ അവതരിപ്പിച്ചത്. കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ മീനാക്ഷി ശശികുമാറാണ് മുഴുവന്‍ ചിത്രങ്ങളിലും മോഡലായത്.   

കോഴിക്കോട് നടന്ന ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രഫി പ്രദര്‍ശനം
 

കേരളത്തില്‍ വലിയ പ്രചാരമില്ലാത്ത ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫിയിലൂടെ സ്വന്തം നാട്ടിലെ വംശീയ വസ്ത്രധാരണരീതി ലോകത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജൂണിൽ നിവേദിത കേരളത്തിലെത്തിയത്. കലാകാരന്മാര്‍ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും വരകളിലൂടെയും അവരുടെ കലാ ജീവിതത്തിലെ ആശയങ്ങളും കാഴ്ചപ്പാടും പ്രകടിപ്പിക്കാറുണ്ട്. ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫിയിലൂടെ തന്‍റെ ആശയവും ഭാവനയും പങ്കുവെക്കുകയാണ് ഇവിടെ. കാമറയും ക്യാന്‍വാസും ഉപാധിയാക്കി വസ്ത്രവും മനുഷ്യശരീരവും മീഡിയയാക്കി പഴമയെ പുതുമയുടെ ഫ്രെയിമില്‍ അവതരിപ്പിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളുടെ വരികളെ അടിസ്ഥാനമാക്കി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ സമയത്തായിരുന്നു ഇത്.

പ്രദര്‍ശനത്തിൽ നിന്ന്
 

ചിത്രത്തിലൂടെ കഥകള്‍ ആലേഖനം ചെയ്യുന്ന ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫിയില്‍ വേറിട്ടു നില്‍ക്കുന്ന ആശയങ്ങള്‍ ഒരു കലാകാരന് പങ്കുവെക്കാം. ഫോട്ടോയുടെ സൗന്ദര്യാംശത്തിന് പ്രധാന്യം നല്‍കുന്ന ഫോട്ടോകളെയാണ് ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫി ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇവിടെ ഫോട്ടോഗ്രഫി സൗന്ദര്യ സൃഷ്ടിയും കലാവിദ്യയുമാണ്. ഫോട്ടോഗ്രാഫറുടെ വൈവിധ്യമായ ആശയങ്ങളെ കാഴ്ചകാരന്‍റെ ആസ്വാദനവുമായി ബന്ധപ്പെടുത്തുകയാണ് ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫി ചെയ്യുന്നത്. നവീന നാഗരികതയുടെ മുദ്രകള്‍ എങ്ങനെ കേരളീയ ശരീരത്തിലും വസ്ത്രത്തിലും ആലേഖനം ചെയ്യപ്പടാം എന്ന അന്വേഷണം തുടരാനാണ് നിവേദിതയുടെ തീരുമാനം.

Tags:    
News Summary - artist niveditha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT