അഫീസ
ജീവിതത്തിൽ നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾ നമ്മെ കരുത്തരാക്കാനുള്ള പരീക്ഷണങ്ങളായേക്കാം എന്ന് പറയാറുണ്ട്. ഉറച്ച തീരുമാനമെടുത്താൽ തീരാവുന്നതേയുള്ളൂ പല പ്രശ്നങ്ങളും. ഭർത്താവിന്റെ ബിസിനസ് തകർന്ന് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന സമയത്ത് ചേർത്തുപിടിച്ച് തന്നാലാവുന്ന ജോലി ചെയ്ത് കുടുംബത്തെ കരകയറ്റിയ ഒരു ഇൻഫ്ലുവൻസറുണ്ട് യു.എ.ഇയിൽ. പതിനൊന്ന് വർഷമായി യു.എ.ഇയിലുള്ള അഫീസ നിരവധി സ്ഥാപനങ്ങളുടെ പ്രൊമോഷൻ വീഡിയോകൾ ചെയ്തിട്ടുണ്ട്. മനക്കരുത്തിനാൽ ഏത് സാഹചര്യവും തലകീഴായി മറിക്കാം എന്നുകൂടെ തെളിയിക്കുകയാണ് ഈ കാസർക്കോട്ടുകാരി.
ഭർത്താവ് മുഹാസിന്റെ ബിസിനസ് പരാജയപ്പെട്ടതോടെയാണ് അഫീസ ജോലിക്ക് പോകുന്നതിനെ കുറിച്ച് തന്നെ ചിന്തിച്ചു തുടങ്ങിയത്. കുഞ്ഞിന് പാലുപോലും വാങ്ങാൻ കൈയിൽ പണമില്ലാത്ത സാഹചര്യം. വിസ ഓവർസ്റ്റേ ആയി നിൽക്കുന്ന സമയം. മലയാളമല്ലാതെ മറ്റൊരു ഭാഷ പോലും കൈയിലില്ലാത്ത ആ നേരത്ത് തനിക്ക് പറ്റിയ ജോലി കണ്ടെത്തുക എന്നതും ബുദ്ധിമുട്ടായിരുന്നു. എന്തിരുന്നാലും ഏറെ പരിശ്രമത്തിനൊടുവിൽ ഒരു വിദേശിയുടെ അജ്മാനിലെ ഒരു ഓയിൽ കമ്പനിയിൽ ജോലി ലഭിച്ചു. തന്റെ ജീവിതത്തിലെ പ്രതിസന്ധികളിൽ ഭർത്താവിന് താങ്ങാവാൻ കൂടിയാണ് ഈ തീരുമാനമെടുത്തത്. അതോടൊപ്പം ഇൻസ്റ്റയിലും, ടിക്ടോക്കിലുമൊക്കെ വീഡിയോ പോസ്റ്റ് ചെയ്യാറുമുണ്ടായിരുന്നു.
അങ്ങനെ ജോലിയൊക്കെയായി മുന്നോട്ട് പോകെയാണ് അഫീസയുടെ ഒരു വീഡിയോ ജനശ്രദ്ധ പിടിച്ചു പറ്റിയത്. വീഡിയോ വൈറലായതോടെ അക്കൗണ്ടിലും ഫോളോവേർസ് കൂടിതുടങ്ങി. പ്രൊമോഷൻ വിഡിയോകൾ ചെയ്യാൻ അവസരം ലഭിച്ചു. ആദ്യമായി താൻ ചെയ്ത ഷോപ് പ്രൊമോഷൻ വീഡിയോ മറക്കാനാവുന്നതല്ല അഫീസക്ക്. ഫോളോവേഴ്സിന്റെ പിന്തുണയോടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ടിക്ടോക്കും നല്ല രീതിയിൽ മുന്നോട്ട് പോയി.
നിരവധി പ്രൊമോഷൻ വീഡിയോകൾ ചെയ്യാനായി. ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന അഫീസക്ക് പിന്നെ തന്റെ കുടുംബത്തിനുള്ള പ്രധാന വരുമാനമാർഗം സോഷ്യൽ മീഡിയയായി. യു.എ.ഇയിലെ ഹൈപ്പർമാർക്കറ്റുകൾ, ജ്വല്ലറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാഷൻ ട്രാവൽസ് പ്രൊമോഷൻസെല്ലാം ചെയ്തിട്ടുണ്ട്. തിരക്കേറിയതോടെ ജോലി ഉപേക്ഷിച്ചു മുഴുവൻ സമയം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി. ഇന്ന് യു.എ.ഇയിൽ ലൈസെൻസ്ഡ് വ്ലേഗറാണ് അഫീസ.
മോഡലിങും ഫാഷനുമൊക്കെ ചെറുപ്പം മുതലേ അഫീസയുടെ ഇഷ്ട മേഖലയാണ്. ഇൻസ്റ്റഗ്രാമിലും, ടിക്ടോക്കിലുമൊക്കെ ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാറുമുണ്ടായിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയുമൊക്കെ എതിർപ്പുകൾ തുടക്കത്തിലുണ്ടായിരുന്നു. ഇതെല്ലം മറികടന്ന് ഒരു ഉയിർത്തെഴുന്നേൽപ്പെന്ന പോലെയാണ് അഫീസയുടെ വീഡിയോകൾ ആളുകൾ സ്വീകരിച്ചു തുടങ്ങിയത്.
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഭർത്താവ് മുഹാസ് കൂടെ തന്നെയുണ്ടായിരുന്നു. അങ്ങനെ സാമ്പത്തിക ഭദ്രത തകർന്നുപോയ ഒരു കുടുംബത്തിനെ കരകയറ്റിയ പെൺകരുത്തുകൂടിയാണ് അഫീസ. ഇന്ന് അഫീസക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു ലക്ഷത്തിലധികം ഫോളോവേർസുണ്ട്. യാത്രചെയ്യാൻ ഏറെ ഇഷ്ടമുള്ള അഫീസക്ക് 50 രാജ്യങ്ങളെങ്കിലും സന്ദർശിക്കണമെന്നാണ് ആഗ്രഹം. ഈ സ്വപനത്തിലെ 10 രാജ്യങ്ങൾ അഫീസ സ്വന്തം പ്രയത്നം കൊണ്ട് തന്നെ സന്ദർശിച്ചിട്ടുണ്ട്. ജീവിതത്തിൽ പ്രതിസന്ധികളോ ചെറിയ ചില പ്രശനങ്ങളോ വരുമ്പോൾ തളർന്നു പോകുന്നവർക്ക് ഒരു മാതൃക കൂടിയാണ് അഫീസ. ഭർത്താവ് മുഹാസും മകൾ നഫ്ലയുമൊത്ത് അജ്മാനിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.