റമദാനിന്റെ സന്ദേശം

വിശുദ്ധ റമദാന്‍ സമാഗതമായിരിക്കുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം. എല്ലാ മതസമൂഹങ്ങളിലും വിവിധ രൂപങ്ങളിലുള്ള വ്രതാനുഷ്ഠാനം ആചരിക്കുന്നുണ്ട്. മനുഷ്യന്റെ ആത്മീയതലത്തെ പരിഗണിക്കുന്ന ദര്‍ശനങ്ങള്‍ക്ക് ഉപവാസം ഉപേക്ഷിക്കുക സാധ്യമല്ല. ‘വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയപോലെ, നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍വേണ്ടി’( ഖുര്‍ആന്‍ 2:183).

പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുകയും സ്ത്രീപുരുഷ സംസര്‍ഗത്തില്‍നിന്ന് വിട്ടുനില്‍ക്കലുമാണ് വ്രതാനുഷ്ഠാനത്തിന്റെ ബാഹ്യമുഖം. തന്റെ മാനസികവും ശാരീരികവുമായ ഇച്ഛകളെക്കാള്‍ തന്നെ സൃഷ്ടിച്ച ദൈവത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെടാന്‍ സന്നദ്ധമാകുക എന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ ആന്തരികാര്‍ഥം. ദൈവത്തിന് സമ്പൂർണമായും വഴിപ്പെടണമെന്നാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ കാതല്‍. വ്രതാനുഷ്ഠാനംകൊണ്ട് അര്‍ഥമാക്കുന്നത് വിശപ്പും ദാഹവും സഹിക്കല്‍ മാത്രമല്ല, കാഴ്ചയും കേള്‍വിയും സംസാരവും ചിന്തയും വികാരങ്ങളും വിചാരങ്ങളും എല്ലാം ദൈവഹിതത്തിനനുസരിച്ചായിരിക്കുക എന്നതാണ്.

കള്ളവചനവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഒഴിവാക്കാതെയുള്ള നോമ്പനുഷ്ഠാനത്തെ നിരര്‍ഥകമായ പട്ടിണിയോടാണ് പ്രവാചകന്‍ ഉപമിച്ചത്. പെരുമാറ്റത്തിലും ഇടപാടുകളിലും കാഴ്ചപ്പാടുകളിലും ഉദാത്തമായ നന്മകളാല്‍ ഊട്ടപ്പെട്ട വ്യക്തിയുടെ സൃഷ്ടി, അതുവഴി ധാര്‍മികബോധമുള്ള കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ നിര്‍മാണവുമാണ് വ്രതാനുഷ്ഠാനം ലക്ഷ്യമിടുന്നത്. ആ അർഥത്തിൽ നോമ്പ് ഏതെങ്കിലും സമുദായത്തിന്റെ മാത്രം ആരാധനയല്ല, മനുഷ്യസമൂഹത്തിനാകമാനമുള്ള അനുഗ്രഹമാണ്. മഹത്ത്വമുള്ളതും അനുഗൃഹീതവുമായ മാസം നിങ്ങള്‍ക്കുമേല്‍ തണല്‍ വിരിച്ചിരിക്കുന്നു എന്നാണ് പ്രവാചകന്‍ നോമ്പിനെ വിശേഷിപ്പിച്ചത്.

ദൈവം മനുഷ്യനോട് കാണിക്കുന്ന കാരുണ്യം ഇതര സൃഷ്ടികളോട് കാണിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ്. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മാസമാണ് റമദാന്‍. അടിച്ചുവീശുന്ന കാറ്റിനെപോലെ അത്യുദാരനായിരുന്നു റമദാനില്‍ മുഹമ്മദ് നബി. അശരണരും അഭയാര്‍ഥികളായി കഴിയുന്നവരും ഭീതിയോടെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മത, ജാതി, കക്ഷി, ദേശാതിര്‍ത്തി ഭേദങ്ങളില്ലാത്തപോലെ അവരോടുള്ള അനുഭാവത്തിനും അതിരുകളുണ്ടാവരുത്.

ഇഫ്താറുകള്‍ റമദാനിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. അനുഷ്ഠാനത്തിന്റെ തലം അതിനുണ്ട് എന്നതോടൊപ്പം നാടിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി അത് മാറിയിരിക്കുന്നു. പാരസ്പര്യത്തെയും സൗഹാര്‍ദത്തെയും ശക്തിപ്പെടുത്താനുള്ള മികച്ച ഉപാധികളാണ് ഇഫ്താറുകള്‍. അറിയാനും അടുക്കാനും ഇഫ്താറുകള്‍ സഹായകമാണ്. ഇഫ്താറുകള്‍ വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

ചുരുക്കത്തിൽ, ശരീരത്തെയും മനസ്സിനെയും വിശുദ്ധമാക്കുക വൃത്തിയും വെടിപ്പുമുള്ള ജീവിതം നയിക്കുക, അശരണരെയും അഗതികളേയും പ്രയാസപ്പെടുന്നവരെയും തന്നെപോലെ പരിഗണിക്കുക, അധര്‍മത്തിനെതിരെ പൊരുതുക, ഇതിലൂടെയെല്ലാം പുണ്യംനേടി ദൈവത്തിന്റെ ഇഷ്ടദാസനാവുക, ഇതാണ് റമദാൻ ആഹ്വാനം ചെയ്യുന്നത്.

Tags:    
News Summary - The message of Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.