മ​മ്പാ​ട്ടുമൂ​ല അ​യ്യ​പ്പ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മം

ഒരുമയുടെ സന്ദേശവുമായി ക്ഷേത്രമുറ്റത്ത് സ്നേഹ ഇഫ്താർ

കാളികാവ്: മതമൈത്രിയുടെയും പരസ്പര ബഹുമാനത്തിന്‍റെയും സന്ദേശവുമായി പുണ്യ റമദാനിലെ അവസാന വെള്ളിയാഴ്ച സ്നേഹ ഇഫ്താറൊരുക്കി മമ്പാട്ട്മൂല അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ. ജാതി-മത ഭേദമന്യേ മുന്നൂറോളം പേർ പങ്കെടുത്തു. നോമ്പ് തുറക്കുന്നതിന് മഗ്രിബ് ബാങ്ക് കേൾക്കാനും അത് അറിയിക്കാനും ക്ഷേത്ര കമ്മിറ്റിക്കാർ പ്രത്യേക അനൗൺസ്മെന്‍റ് സൗകര്യവും ഒരുക്കി.

ഇഫ്താർ വിഭവങ്ങൾ ഒരുക്കാനും ഭക്ഷണം വിളമ്പാനും ക്ഷേത്ര കമ്മിറ്റി പ്രവർത്തകർ നേതൃത്വം നൽകി. ഭജനമഠത്തിനോട് ചേർന്ന് നിൽക്കുന്ന പാറൽ സിറാജുൽ ഹുദ മദ്റസ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പിന്തുണയുമായെത്തി. വി.കെ. കുട്ടി ഫൈസിയുടെ നേതൃത്വത്തിൽ മഞ്ഞപ്പെട്ടി വലിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ഭാരവാഹികളും ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റൗഫ, സ്ഥിരംസമിതി ചെയർമാൻ അറക്കൽ സക്കീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മുപ്ര ഷറഫുദ്ദീൻ, ലോക്കൽ സെക്രട്ടറി മുജിബ്, സലാം മമ്പാട്ടുമൂല എന്നിവരും പങ്കടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് പി.കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുനിൽ കോട്ടയിൽ, ട്രഷർ കെ. സുരേഷ് ബാബു, നവീകരണ കമ്മിറ്റി പ്രസിഡന്‍റ് പി.കെ. രാജൻ, സെക്രട്ടറി എ.കെ. ശശീന്ദ്രൻ, ഏലാമ്പ്ര വേലായുധൻ, വി. സത്യൻ, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. 

മതസൗഹാർദ സന്ദേശമുയർത്തി ക്ഷേത്ര കമ്മിറ്റിയുടെ ഇഫ്താർ

വെട്ടിച്ചിറ: മാനവ ഐക്യ സന്ദേശം ഉയർത്തി ക്ഷേത്രകമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആതവനാട് പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂർത്തി വിഷ്ണു ക്ഷേത്ര കമ്മിറ്റിയാണ് ഇഫ്താർ സംഘടിപ്പിച്ചത്. ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രം ആറ് വർഷം മുമ്പ് വിശ്വാസികൾ ചേർന്ന് പുനരുദ്ധരിച്ചപ്പോൾ പ്രദേശത്തെ മുസ്ലിം സഹോദരങ്ങളും അതിന് അകമഴിഞ്ഞ് സഹായിച്ചിരുന്നു.

2017 ജൂണിലാണ് പുനഃപ്രതിഷ്ഠ നടന്നത്. അപ്പോൾ റമദാൻ മാസമായിരുന്നു. വളരെയേറെ സാഹോദര്യത്തിൽ കഴിയുന്നവരും പുനഃപ്രതിഷ്ഠക്ക് അകമഴിഞ്ഞ് സഹായിക്കുകയും ചെയ്ത മുസ്ലിം സഹോദരങ്ങൾക്ക് പകൽ സമയത്ത് ഭക്ഷണം നൽകാൻ കഴിയാത്തതിനാൽ അന്ന് അവർക്ക് ഇഫ്താർ നൽകിയിരുന്നു. 2017ൽ ക്ഷേത്രകമ്മിറ്റി തുടങ്ങി വെച്ച ഇഫ്താർ നാട്ടിലെ ഐക്യവും സാഹോദര്യവും നിലനിർത്തുന്നതിന് സഹായകമാണെന്ന് മനസ്സിലാക്കി പിന്നീട് തുടരുകയായിരുന്നു.

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം ഇഫ്താർ നടന്നിരുന്നില്ല. ശനിയാഴ്ച നടന്ന ഇഫ്താറിന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് സി. മായാണ്ടി, സെക്രട്ടറി പി.ടി. മോഹനൻ നായർ, ഉണ്ണികൃഷ്ണൻ നായർ, അരീക്കാടൻ മമ്മു, കെ.പി. സുരേഷ്, ടി. ഭാസ്കരൻ, സ്വാമിദാസ് എന്നിവർ നേതൃത്വം നൽകി. ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. ജാസർ, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റിയംഗം കെ.പി. പവിത്രൻ, കെ.പി. ശങ്കരൻ, എക്സിക്യൂട്ടിവ് ഓഫിസർ കെ. വേണുഗോപാൽ, തിരുനാവായ നവാമുകുന്ദ ക്ഷേത്രം മാനേജർ കെ. പരമേശ്വരൻ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Sneha Iftar in the temple yard with the message of unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.