അക്ബർ ഖാൻ

ആദ്യം പെരുന്നാൾ പിന്നെ മൈലാഞ്ചി

എക്സ്കവേറ്ററിന്റെ മനം മടുപ്പിക്കുന്ന മുരൾച്ചയിൽനിന്ന് ശ്രുതിമധുരമായ സംഗീതലോകത്തേക്കുള്ള പറിച്ചുനടൽ, യുവ പിന്നണി ഗായകൻ അക്ബർ ഖാന്റെ ജീവിതത്തെ ഒറ്റവരിയിൽ പറഞ്ഞുനിർത്താൻ ആവശ്യ​പ്പെട്ടാൽ ഇങ്ങനെ പറയാം. നിത്യജീവിതത്തിലെ ശ്രുതിയിടറിയപ്പോഴാണ് തൃശൂർ ചൂണ്ടൽ സ്വദേശിയായ അക്ബർ എക്സ്കവേറ്റർ ഡ്രൈവറുടെ കുപ്പായമണിയുന്നത്. കുറച്ചുകാലം കൊച്ചിയിൽ യൂബർ ടാക്സി ഡ്രൈവറായും ഇതിനിടെ വേഷമിട്ടു. അപ്പോഴൊക്കെയും സംഗീതമായിരുന്നു ഹൃദയം മുഴുവൻ. പക്ഷേ, ആ കഠിനശബ്ദങ്ങൾക്ക് ഏറെക്കാലമൊന്നും അക്ബറിലെ ശ്രുതിയീണങ്ങളെ മറച്ചുവെക്കാനായില്ല.

പിന്നണി ഗായകൻ, സൗണ്ട് എൻജിനീയർ, പ്രോഗ്രാമർ, റിഥം ഗിറ്റാറിസ്റ്റ് തുടങ്ങിയ നിലകളിലൂടെ ഇപ്പോൾ മുൻനിരയിൽതന്നെയുണ്ട് അക്ബർ. മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് ഷോയാണ് അക്ബറിലെ ഗായകനെ തിരിച്ചറിഞ്ഞതും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചതും. സീ ടി.വിയിലെ സരിഗമ അടക്കമുള്ള ഷോകൾ കൂടുതൽ ആളുകൾ തിരിച്ചറിയുന്നതിനും അക്ബറിന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്നതിനും ഇടയാക്കി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കൊത്ത അടക്കമുള്ള സിനിമകളിൽ ഇതിനകം അക്ബർ തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. പെരുന്നാൾ വിശേഷങ്ങൾ അറിയാൻ ബന്ധപ്പെട്ടപ്പോഴും അക്ബർ സ്റ്റുഡിയോയിൽ തിരക്കിലായിരുന്നു.

ചെറുപ്പത്തിൽ പെരുന്നാൾ കാലത്ത് കുടുംബവുമായി ഒത്തുചേർന്നുള്ള ഓർമകൾ പറഞ്ഞാൽ തീരില്ലെന്ന് അക്ബർ പറയുന്നു. സഹോദരങ്ങളുമായി മത്സരിച്ച് നോമ്പെടുത്ത കാലം. കൂടുതൽ നോമ്പെടുത്തവർക്ക് പെരുന്നാളിന് വീട്ടിൽനിന്ന് സമ്മാന​മൊക്കെ ലഭിക്കുമായിരുന്നു. ഏറെ സന്തോഷമുള്ള കാലമായിരുന്നു അത്. എത്ര ഭക്തിയില്ലാത്തവരും ഭക്തിയിൽ അഭയംതേടുന്ന കാലം.

ഉപ്പയോടൊത്തുള്ള ബന്ധുവീട് സന്ദർശനങ്ങൾ തന്നെയാണ് പെരുന്നാളിന്റെ ഏറെ ആകർഷകം. തുച്ഛമായ കാശിന് അങ്ങാടിയിൽ പോയി എല്ലാവർക്കുമുള്ള പുത്തൻ തുണിത്തരങ്ങൾ വാങ്ങണം, മരിച്ച ബന്ധുക്കളുടെ ഖബറുകൾക്കു സമീപം പോയി പ്രാർഥിക്കണം ഇതൊക്കെ ഉപ്പക്ക് വളരെ നിർബന്ധമായിരുന്നു. ഇപ്പോൾ അതൊക്കെ ഓർക്കു​മ്പോൾതന്നെ മനസ്സിന് കുളിരാണ്. ഈ റമദാന് രണ്ട് ദിവസം മുമ്പായിരുന്നു നിക്കാഹ്. ഉത്തർപ്രദേശ് ലഖ്നോ സ്വദേശിയാണ് വധു. ആയുർവേദ ഡോക്ടറാണ്. പേര് ഡോ. ഷെറിൻ ഖാൻ. ​കൊച്ചിയിൽ ഒരു ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നു. റിസപ്ഷനുശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണം. ഈ പെരുന്നാളിന് അതിനുകൂടിയുള്ള ഒരുക്കങ്ങളുണ്ടെന്ന് അക്ബർ പറയുന്നു.

സംവിധായകൻ വി.കെ. പ്രകാശിന്റെ കന്നട സിനിമയിൽ പാടി. മറ്റ് ഒന്നുരണ്ട് സിനിമകളിൽകൂടി പാടിയിട്ടുണ്ട്. അവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനായിട്ടില്ല. ഇതിനകം 12ലധികം സിനിമകൾക്ക് അക്ബർ പാടിക്കഴിഞ്ഞു.


Tags:    
News Summary - young playback singer Akbar Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT