വിശുദ്ധ റമദാനിൽ ഇഫ്താർ ടെന്റുകൾ ഒരുക്കുന്നത് പള്ളികളിലെ മനോഹരമായ കാഴ്ചയാണ്. ബാച്ചിലേഴ്സായ ആളുകളെ സംബന്ധിച്ചിടത്തോളം റൂമിൽ ഉണ്ടാക്കുവാനുള്ള സമയമോ സാഹചര്യങ്ങളോ ലഭിക്കാറില്ല. അത്തരം ആളുകളുടെ ഒരു പ്രധാന കേന്ദ്രമാണ് ‘ചോറുള്ള പള്ളികൾ’ എന്ന് വിളിക്കുന്ന ഇത്തരം ഇഫ്താർ കേന്ദ്രങ്ങൾ. ഇന്ന് വാട്സ്ആപ് കൂട്ടായ്മയായി ‘ചോറുള്ള പള്ളികളെന്ന’ പേരിൽ ഗ്രൂപ്പുകൾതന്നെ സജീവമാണ്.
റിഫയിൽ താമസിക്കുന്ന സമയത്ത് സ്ഥിരമായി നോമ്പ് തുറന്നിരുന്നത് ഇഫ്താർ ഒരുക്കുന്ന പള്ളികളിൽ നിന്നാണ്.സുപ്രകൾക്ക് ചുറ്റും നാലും അഞ്ചും ആളുകൾ വട്ടമിരുന്നാണ് ഞാൻ പോയിരുന്ന പള്ളികളിൽ നോമ്പ് തുറന്നിരുന്നത്. ആദ്യ നോമ്പ് ദിനങ്ങളിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവർ തമ്മിലുള്ള പരിചയപ്പെടലുകളാണ്. അതിൽ പാകിസ്താനിയും ബാംഗ്ലാദേശുകാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉണ്ടാവും. തുടർന്നുള്ള നോമ്പ് ദിനങ്ങളിൽ ഓരോ ദേശക്കാരും അവരുടേതായ ഒരു കൂട്ടങ്ങൾ ഉണ്ടാക്കുകയും അതൊരു സൗഹൃദ കൂട്ടായ്മയായി മാറുകയും അവർ ഒരു സുപ്രക്ക് ചുറ്റുമിരുന്ന് തുടർന്നുള്ള ദിവസങ്ങളിൽ നോമ്പ് തുറക്കുകയും ചെയ്യും. പിന്നീട് ഓരോരുത്തരും പള്ളിയിലെ വിഭവങ്ങൾക്ക് പുറമെ ഫ്രൂട്സ്, ജ്യൂസ്, പൊരിക്കടികൾ തുടങ്ങിയവ കൊണ്ടുവന്ന് ആ സുപ്രകളെ മനോഹരമാക്കുന്നത് കാണാം.
ശവ്വാൽ പിറ കാണുന്നതുവരെ പള്ളികളിലെ ഇഫ്താറിൽനിന്ന് ലഭിക്കുന്ന ഈ സൗഹൃദങ്ങൾ പിന്നീട് ജീവിതത്തിൽ നല്ലൊരു സുഹൃത് ബന്ധമായി തുടരുകയും ജോലികൾ മാറിപ്പോവുകയോ നാട്ടിലേക്ക് പ്രവാസം അവസാനിപ്പിച്ചു പോവുകയോ ചെയ്താൽപോലും ആ ബന്ധങ്ങൾ നിലനിർത്തുവാൻ തമ്മിൽ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. വളരെയധികം സുഹൃത്തുക്കൾ അങ്ങനെ ജീവിതത്തിൽ ലഭിച്ചിട്ടുണ്ട് എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. വിശുദ്ധ റമദാന്റെ ദിനരാത്രങ്ങളോടപ്പം മറക്കാൻ കഴിയാത്ത ഓർമകളാണ് ഇത്തരം സൗഹൃദങ്ങളുടെ ഓർമകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.