വ്രതമെടുത്ത വിശ്വാസിക്ക് കൺകുളിർമയുള്ള ധാരാളം പ്രതിഫലങ്ങൾ സ്രഷ്ടാവ് നൽകും. എല്ലാ ആരാധനകർമങ്ങൾക്കും പ്രതിഫലം നൽകുന്നത് സ്രഷ്ടാവാണെങ്കിൽ തന്നെയും നോമ്പിന്റെ പ്രതിഫലത്തെ പറ്റിയുള്ള മത വായന ഇങ്ങനെയാണ്: രക്ഷിതാവ് പറയുന്നു: ‘‘നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം ഞാൻതന്നെ നൽകും’’.
നോമ്പിനെ സംബന്ധിച്ച് ഇങ്ങനെ പ്രത്യേകം പറയാനുള്ള കാരണം കൈയും കണക്കുമില്ലാതെ നാഥൻ നൽകുമെന്നും അതിന്റെ അളവ് തിട്ടപ്പെടുത്താൻ സൃഷ്ടികൾക്ക് പ്രയാസമായിരിക്കുമെന്നാണ് ഇത് സംബന്ധിച്ച പണ്ഡിത വിശദീകരണം. നോമ്പുകാരന് രണ്ട് സന്തോഷമുണ്ടെന്നും അതിൽ ഒന്ന് നോമ്പ് തുറക്കുന്ന സമയത്തെ സന്തോഷമാണെന്നും മറ്റൊന്ന് നാളെ അവന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷമാണെന്നുമാണ് പ്രവാചകർ പഠിപ്പിച്ചത്.
ആകാശത്തിൽ വിമാനത്തിലിരുന്ന് ചോക്ലറ്റ് കഴിച്ച് നോമ്പ് തുറക്കേണ്ടിവന്ന ഒരനുഭവമാണ് ഇവിടെ കുറിക്കുന്നത്. പത്ത് വർഷങ്ങൾക്കു മുമ്പ്, ബഹ്റൈനിൽ വന്നതിന് ശേഷമുള്ള ആദ്യ ലീവ് തരപ്പെട്ടത് ഒരു നോമ്പുകാലത്തായിരുന്നു. അന്നേ ദിവസം ഉച്ചക്കു ശേഷം ഞാൻ ബഹ്റൈൻ എയർപോർട്ടിലെത്തി. വിമാനം പുറപ്പെടാൻ ഇനിയും ഒന്നോ രണ്ടോ മണിക്കൂർ കൂടി കാണും. മഗ്രിബ് ബാങ്ക് വിളിക്കാൻ കുറഞ്ഞ സമയം ബാക്കിയുള്ളപ്പോഴാണ് വിമാനത്തിന്റെ ടേക്ക്ഓഫ്.
നോമ്പ് തുറക്കാൻ കാര്യമായി ഒന്നും കൈയിൽ കരുതിയിരുന്നില്ല. എയർപോർട്ടിനകത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് ഒരു ബോട്ടിൽ വെള്ളം വാങ്ങാൻ പോയപ്പോൾ അവിടത്തെ ഷോപ്പ് കീപ്പർ സഹോദരൻ പറഞ്ഞു: നോമ്പ് തുറക്കാൻ ഇനിയും സമയം ഉണ്ടല്ലോ അപ്പോൾ വാങ്ങിയാൽ പോരേ. ഞാൻ തിരിച്ചു നടന്നു. വെള്ളവും വറ്റുമൊന്നും നാട്ടോർമകളുടെ തള്ളിക്കയറ്റത്തിൽ കൈയിൽ കരുതിയിട്ടില്ലായിരുന്നു. ഗേറ്റ് തുറന്നപ്പോൾ നേരെ പോയി വിമാനത്തിൽ കയറി.
ഏകദേശം ബഹ്റൈൻ ആകാശത്തിൽനിന്ന് വിമാനം തെറ്റുന്ന സമയത്തുതന്നെ നോമ്പ് തുറക്കാനുള്ള സമയവുമായി. ഒരു കുപ്പി വെള്ളം പോലും കൈയിലില്ലെങ്കിലും വലിയ കവറിൽ നിറയെ നാട്ടിലേക്കായി വാങ്ങിയ ചോക്ലറ്റുകളുണ്ടായിരുന്നു. അതിൽനിന്ന് കഴിച്ചാണ് അന്ന് നോമ്പ് തുറന്നതും അൽപം വിശപ്പടക്കിയതും. മടികൊണ്ടോ എന്തോ എന്നറിയില്ല ഞാൻ എയർഹോസ്റ്റസിനോടോ മറ്റോ വെള്ളം ചോദിച്ചതുമില്ല. കുറച്ചു കഴിഞ്ഞ് കിട്ടുമ്പോൾ കുടിക്കാം എന്നു കരുതി!
ആകാശത്തിൽനിന്ന് ചോക്ലറ്റ് കൊണ്ടൊരു തുറ! ഈത്തപ്പഴംകൊണ്ട് ഇല്ലെങ്കിൽ വെള്ളംകൊണ്ട് നോമ്പ് തുറക്കുന്നതാണ് ഉത്തമമെന്ന് പ്രവാചകർ പഠിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടുമല്ലാത്ത ഒന്നുകൊണ്ട് ജീവിതത്തിൽ ആദ്യമായാണ് നോമ്പ് തുറക്കേണ്ടി വന്നത്. അവസാനം പ്രഭാത ബാങ്ക് വിളിക്കുംമുമ്പ് വീട്ടിലെത്തിയില്ലെങ്കിലും അടുത്ത ദിവസത്തെ നോമ്പ് പിടിക്കാനുള്ള കരുത്തോടെ വഴിയിൽനിന്ന് എന്തോ കഴിച്ചു എന്നാണ് എന്റെ സജീവ ഓർമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.