നമ്മളൊരിക്കൽ കൂടി പരിശുദ്ധ റമദാനിലൂടെ കടന്നുപോവുകയാണ്. പതിവുപോലെ എന്റെ ഓർമ്മകൾ ബാല്യത്തിലെ റമദാൻ നിലാവൊളി പോലെ മനസ്സിലെത്തും. മാനത്ത് അമ്പിളി കണ്ടാലന്ന് രാത്രി തന്നെ ഞങ്ങളുടെ അയൽവാസിയായ ആയിശുമ്മ വീട്ടിലെത്തിയിട്ട് പറയും ‘‘ലളിതേ നാളെ മുതൽ നോമ്പാണ് ട്ടോ’. അതായത് നോമ്പു മാസമായതോടെ ഉമ്മയുടെ ദിനചര്യ മൊത്തം മാറുകയായി.
പതിവു സൊറ പറച്ചിലുകൾക്കായി ദിവസം മൂന്നും നാലും തവണ വരാറുള്ള ആയിശുമ്മായുടെ വർത്താനത്തിന് നോമ്പുകാലത്ത് നേരം ഉണ്ടാവില്ലെന്നൊരർഥം കൂടി ആ പറച്ചിലിലുണ്ട്. വീട്ടിൽ ഏഴു ആൺമക്കളും, ഒരു മകളുമുള്ള ആയിശുമ്മക്ക് ഓരോ റമദാൻ ദിവസവും തിരക്കോട് തിരക്ക് തന്നെയായിരിക്കും. മിക്കവാറും ദിവസങ്ങളിൽ ആയിശുമ്മയുടെ വീട്ടിൽ നോമ്പുതുറയുണ്ടാകും. മകൾ ഫാത്തിമാത്തയുടെ വീട്ടിൽ നിന്നുള്ളവരും, മരുമക്കളുടെ വീടുകളിൽ നിന്നുള്ളവരും, മദ്റസയിലെ ഉസ്താദുമാരും, അടുത്ത ബന്ധുക്കളും തുടങ്ങി ഓരോ ദിവസവും ഓരോരുത്തർക്കുള്ള നോമ്പു തുറക്കായി മാറ്റിവെച്ചിട്ടുണ്ടാകും.
ഉമ്മാന്റെ വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങിച്ചു കൊടുക്കാറുള്ളത് ഞാനാണ്. ഓരോ തവണയും മിഠായിക്കുള്ള ചില്ലറ കിട്ടുമെന്നതുകൊണ്ട് തന്നെ അതെല്ലാം കുഞ്ഞുനാളിലെ എന്റെ ബാല്യ സന്തോഷങ്ങൾ തന്നെയായിരുന്നു. റമദാൻ മാസമായി കഴിഞ്ഞാൽ ദിവസവും നോമ്പുതുറക്ക് മുമ്പേ വന്ന് വിളിക്കും.അന്നേരം നോമ്പുതുറക്കായി മരുമകൾ ആമിനാത്തയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയ പലഹാരങ്ങളുടെ ഒരു പൊതി ഞങ്ങൾക്കായി കൈയിൽ കരുതിയിട്ടുണ്ടാകും.
റമദാൻ മാസമായി കഴിഞ്ഞാൽ വീടിന്റെ തൊട്ട് മുന്നിലുള്ള മോഹനേട്ടന്റെ കടയുടെ മേശ മേൽ മിഠായി ഭരണികൾക്കൊപ്പം കാരക്ക ഭരണിയും സ്ഥാനം പിടിച്ചിട്ടുണ്ടാകും. പതിവു പലചരക്ക് സാധനങ്ങൾക്കൊപ്പം കാരക്കയും വാങ്ങി ഉമ്മാടെ കൈയിൽ കൊടുക്കുമ്പോൾ ചില്ലറ പൈസയോടൊപ്പം ഒരു കാരക്കയും തരും. റമദാനും കാരക്കയും എന്റെ മനസ്സിൽ അങ്ങനെയാണ് കൂട്ടുകൂടിയത്.
സ്നേഹവും, വിശ്വാസവും, പരസ്പരമുള്ള കരുതലും ചേർന്ന ഗ്രാമ്യ ജീവിതം എത്ര മനോഹരമായിരുന്നുവെന്ന് ഇന്ന് ഓർത്തുപോവുകയാണ്. വർഷങ്ങൾക്കിപ്പുറം പ്രവാസത്തന്റെ നെരിപ്പോടിലും ഓരോ റമദാൻ മാസവും തനുത്തു കുളിരുന്ന ബാല്യകാല ഓർമകൾ പുതുക്കി കടന്നുപോവുകയാണ്. ആയിശുമ്മയുടെ സ്നേഹം കിനിയുന്ന കാരക്ക വീണ്ടും മനസ്സിൽ തെളിഞ്ഞത് മാധ്യമത്തിന്റെ ‘മധുരകാരക്ക’യുടെ മാധുര്യം കൊണ്ടാണ്. റമദാൻ മധുരിമ എല്ലാവരിലും എന്നെന്നും നിറയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.