വടകര ദർസിൽ ചേർന്ന് ആദ്യ റമദാനിൽതന്നെ ജോലി കിട്ടി. സ്ത്രീകൾക്ക് തറാവീഹ് നമസ്കാരത്തിന് ഇമാമത്ത് നിൽക്കുക. ദർസിലെ മിക്ക ‘മോല്യാ’ കുട്ടികൾക്കും ഈ പണിയുണ്ടാവും. പ്രത്യേക പരിശീലനമോ പരിചയമോ ഒന്നും ആവശ്യമില്ല. മുണ്ടും തലയിൽ തൊപ്പിയും ദർസ് വിദ്യാർഥിയെന്ന അഡ്രസ്സും മാത്രം മതി. അങ്ങാടി പരിസരത്തെ തറവാടികളായ പെണ്ണുങ്ങൾക്കെല്ലാം മുതഅല്ലിമീങ്ങളുടെ പിന്നിൽനിന്ന് തന്നെ തറാവീഹ് നമസ്‌കരിക്കണം.
ആദ്യമായി ഇമാമത്ത് നിൽക്കുന്നതിന്റെ ബേജാറൊന്നും ഉണ്ടായിരുന്നില്ല. സ്ത്രീകൾക്ക് അത്രയല്ലേ അറിയൂ എന്നാണ് നമ്മുടെ വെപ്പ്. നമസ്കാരവും ഖുർആൻ പാരായണവുമൊക്കെ മദ്റസയിൽനിന്നുതന്നെ പഠിച്ചിട്ടുണ്ട്. തലേന്ന് മനഃപാഠമാക്കിയ ദുആ മറന്നുപോകുമോ എന്നൊരു പേടി മാത്രം. നമസ്കാരം കഴിഞ്ഞ ഉടനെ ഒന്ന് പ്രസംഗിച്ചുകളയാം എന്ന് കരുതി. പബ്ലിക്കിൽ സ്വതന്ത്രമായി വഅള് പറയാനുള്ള അവസരമല്ലേ. മദ്റസയിൽനിന്ന് പഠിച്ച ഓർമയിൽ നമസ്കാരത്തെക്കുറിച്ചുതന്നെ പറഞ്ഞു. ചെറുപ്പക്കാരികൾ കൗതുകത്തോടെ കേട്ടിരിക്കുമ്പോൾ ഉമ്മമാർ തലകുനിച്ച് മാറിയിരുന്നു.
ജമാഅത്ത് പള്ളിയിൽ തിരിച്ചെത്തി വട്ടത്തിലിരുന്ന് അന്നത്തെ വിശേഷങ്ങൾ ഞാനും പങ്കുവെച്ചു. എല്ലാവരും നിർത്താതെ ചിരിച്ചു. മറയില്ലെങ്കിൽ നമസ്കരിക്കുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നും പ്രസംഗിക്കുകയാണെങ്കിൽ പിന്നിലേക്ക് തിരിഞ്ഞിരിക്കരുതെന്നുമുള്ള പതിവ് രീതി ഞാൻ തെറ്റിച്ചു. പ്രായമുള്ള ഉമ്മമാർ ശിരസ്സ് താഴ്ത്തിയതിന്റെ രഹസ്യം അപ്പോഴാണ് മനസ്സിലായത്. എങ്കിലും യുവ മഹിളകൾ തുറിച്ചുനോക്കിയതിന്റെ ഗുട്ടൻസ് ഇപ്പോഴും പിടികിട്ടിയിട്ടില്ല.
നോമ്പുതുറ എന്നും സുബൈർക്കായുടെ വീട്ടിൽനിന്നാണ്. അത്താഴം അത്താഴ കമ്മിറ്റിയുടെ കാന്റീനിൽനിന്നും. ഇടക്ക് സുഹൃത്ത് നിസാറിന്റെ കൂടെ കൊഞ്ചൻ മഹ്മൂദ്‌ക്കയുടെ വീട്ടിൽ പോകും. വടകര ജമാഅത്ത് പള്ളി റമദാനിൽ മുസാഫിറുകളുടെയും ഉർദിക്കാരുടെയും അഭയമാണ്. അങ്ങാടിക്കാരുടെ മോല്യാർ സ്നേഹം അവർ നന്നായി അനുഭവിക്കും.
പരക്കെ ഉർദി പറയാൻ പോകുന്നവരായിരുന്നില്ല ദർസിലെ കുട്ടികൾ. എന്നാലും വടകര പരിസരത്തുതന്നെ സ്ഥിരം പള്ളികളുണ്ട്. നിസാറിന്റെ ചോറാട് എന്റെ പ്രധാന ഉർദി കേന്ദ്രമാണ്. അസീസ് ദാരിമിയുടെ പള്ളിയിൽ അധികാരപൂർവം കടന്നുചെല്ലാം.
മൈക്കിൽ വഅള് പറയാമെന്ന് പ്രലോഭിപ്പിച്ച് വീടിനടുത്തുള്ള ചെറിയ പള്ളിയിലേക്ക് നിസാർ കൂട്ടിക്കൊണ്ടുപോയി. ളുഹ്ർ നമസ്‌കരിച്ച ഉടൻ സുന്നത്ത് നമസ്‌കരിക്കാൻ കാത്തുനിൽക്കാതെ ഞാൻ എഴുന്നേറ്റുനിന്നു. ഉള്ള ആളുകൾ പൊയ്ക്കളയരുതല്ലോ. പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ മുന്നിൽ രണ്ട് കുട്ടികളും മൂന്നു വയസ്സന്മാരും മാത്രം. പുറത്ത് സ്ത്രീകൾ ധാരാളമുണ്ടെന്ന് നിസാർ സമാധാനിപ്പിച്ചു. മൈക്കിലല്ലേ, സമദാനി സ്റ്റൈലിൽതന്നെ ആവാമെന്ന് വെച്ചു. കുറച്ചുകഴിഞ്ഞപ്പോൾ കുട്ടികൾ തനിസ്വഭാവം കാട്ടി. വയസ്സന്മാർ മെല്ലെ എഴുന്നേറ്റുപോയി. എന്നാലും പുറത്ത് സ്ത്രീകൾ കേൾക്കാനുണ്ടല്ലോ എന്ന ആശ്വാസത്തിൽ വഅള് നിർത്തിയില്ല. പുറത്തുപോയി തിരിച്ചുവന്ന നിസാർ നിർത്താൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. സ്ത്രീകളൊക്കെ നേരത്തേ സ്ഥലം കാലിയാക്കിയിരുന്നത്രേ. ക്ഷണിച്ച് അപമാനിക്കരുതല്ലോ. എവിടെന്നോ നിസാർ ‘ഉർദികാശ്’ ഒപ്പിച്ചു.
ദൂരസ്ഥലത്ത് പോയി ഉർദി പറയണമെന്ന് ഒരാഗ്രഹം. കാസർകോട്ടേക്ക് വണ്ടി കയറി. കയറിച്ചെന്ന പള്ളികളെല്ലാം മൂന്നു നേരവും ബുക്ക്ഡ്. കുറെ നടന്നു. ഒരുൾഗ്രാമത്തിലുള്ള ചെറിയൊരു നമസ്‌കാരപ്പള്ളിയിലെത്തി. ശുഭ്രവസ്ത്രധാരികളായി അവിടെ ആരുമില്ല. സമാധാനമായി. തനി ഗ്രാമീണരായ കുറച്ചാളുകൾ മാത്രം. മുഅദ്ദിൻ മൈക്കിൽ ഉറക്കെ ഇഖാമത്ത് കൊടുത്തു. നമസ്കാരത്തിലാകെ കുഴപ്പങ്ങൾ. ഇമാം ഓതുന്നതും തെറ്റ്, പിന്നിലുള്ളവർ ഇടക്ക് ചൊല്ലുന്ന സലാത്തും തെറ്റ്.
നമസ്കാരംതന്നെ ഏതോ ഒരുമാതിരി. എന്നിലെ, വിദ്യാർഥിരക്തം തിളച്ചു. തറാവീഹ് കഴിഞ്ഞ ഉടനെ എഴുന്നേറ്റുനിന്നു. കരുതിവെച്ച ആധുനിക ഉർദി മാറ്റിവെച്ച് നമസ്‌കാരത്തെക്കുറിച്ചുതന്നെ പറഞ്ഞുതുടങ്ങി. ഓതുമ്പോൾ ഉച്ചാരണം ശരിയാക്കണം. തെറ്റായി ഉച്ചരിക്കുമ്പോൾ വലിയ അർഥവ്യത്യാസമാണ് സംഭവിക്കുക. സ്വലാത്ത് അർഥമറിയില്ലെങ്കിലും തെറ്റാതെ ചൊല്ലണം. കാൽ വിരലുകളുടെ പള്ള നിലത്തുവെച്ചാലേ സുജൂദ് ശരിയാകൂ. അന്ന് കണ്ട, തെറ്റായി എനിക്ക് തോന്നിയ കാര്യങ്ങളൊക്കെ അങ്ങ് പറഞ്ഞു. പൈസയൊന്നും കിട്ടിയില്ലെങ്കിലും ആത്മാർഥമായി വഅള് പറഞ്ഞതിന്റെ ആത്മനിർവൃതി ഉണ്ടായിരുന്നു.
പഠനകാലത്തെ റമദാൻ അനുഭവങ്ങൾ ആഹ്ലാദവും ആഘോഷവും നിറഞ്ഞതാണ്. പക്ഷേ കറക്കത്തിനും ഉറക്കത്തിനുമിടയിൽ അധികസമയം ഓതാനോ ആഖിറത്തിനു വേണ്ടി ഒരുങ്ങാനോ അന്ന് കഴിഞ്ഞിരുന്നില്ലെന്നത് ഒരു വേദനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.