കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ആരാധനാക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം നിർദേശിച്ച് വൈദിക സമ്മേളനം. ഏകീകൃത കുർബാന മാത്രം നടക്കുന്ന ഇടവകകളിൽ ജനാഭിമുഖ കുർബാന കൂടി നടത്താൻ അനുവദിക്കും. അതിരൂപത കൂരിയ പിരിച്ചുവിടും. ട്രൈബ്യൂണലും അസാധുവാക്കും. നിലവിലെ അഡ്മിനിസ്ട്രേറ്റർമാരെ മാറ്റും. തീരുമാനം മാർപാപ്പയെ അറിയിക്കും.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് റാഫേല്‍ തട്ടിലിന്‍റെ അധ്യക്ഷതയിലും അദ്ദേഹത്തിന്‍റെ വികാരി മാര്‍ ജോസഫ് പാംപ്ലാനിയുടെ സാന്നിധ്യത്തിലുമായിരുന്നു സമ്മേളനം. ജൂലൈ മൂന്നിന് ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ഇറക്കുന്ന സര്‍ക്കുലറില്‍ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.
കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ ചേർന്ന സമ്മേളനത്തില്‍ 315 വൈദികര്‍ പങ്കെടുത്തു. റിന്യൂവല്‍ സെന്‍റർ ഡയറക്ടര്‍ ഹൈകോടതിയെ സമീപിച്ച് നേടിയ പൊലീസ് സംരക്ഷണത്തിലാണ് സമ്മേളനം നടന്നത്. പുതിയ ധാരണകള്‍ സിനഡിന്‍റെയും വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ക്കുള്ള കാര്യാലയത്തിന്‍റെയും അറിവോടും സമ്മതത്തോടും കൂടിയാണെന്ന് ആര്‍ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു.
രാവിലെ 10.30 മുതല്‍ വൈകീട്ട് അഞ്ചുവരെ ചര്‍ച്ച നടന്നു. ആരാധനാക്രമം സംബന്ധിച്ച പ്രശ്നങ്ങളുടെ ആകുലത വൈദികര്‍ പങ്കുവെച്ചു. തുടർന്ന് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമേകുന്ന ഫോര്‍മുല മെത്രാന്മാരും വൈദികരും തത്ത്വത്തില്‍ അംഗീകരിച്ചു. ഫാ. എബി ഇടശ്ശേരിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തില്‍ ഫാ. പോള്‍ മോറേലിയും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.