മക്ക: പുതിയ ഉംറ സീസണ് ആരംഭിച്ച് 20 ദിവസത്തിനുള്ളിൽ 190,000 ഉംറ വിസകൾ അനുവദിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ജൂൺ 10 (ദുല്‍ഹജ്ജ് 14) മുതലാണ് ഉംറ സീസണ് തുടങ്ങിയത്. മന്ത്രാലയത്തിന്റെ ‘നുസുക്’ ഡിജിറ്റൽ പ്ലാറ്റ്ഫോം മുഖേന വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കാനും അന്ന് തുടങ്ങി.ജൂൺ 14 മുതൽ വിദേശ, ആഭ്യന്തര തീര്‍ഥാടകർക്ക് നുസുക് വഴി പെർമിറ്റ് അനുവദിക്കലും ആരംഭിച്ചു. ഉംറ അനുഭവത്തെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി വിപുലമായ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, എളുപ്പത്തിൽ ഉംറ പെർമിറ്റുകൾ ബുക്ക് ചെയ്യാനും ഇഷ്യൂ ചെയ്യാനും നുസ്ക് പ്ലാറ്റ്ഫോം ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു.
ഈ വർഷത്തെ ഹജ്ജ് അവസാനിച്ച് വിദേശ തീര്‍ഥാടകർ പോയിത്തീരും മുമ്പാണ് ഉംറ വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്. എട്ട് മാസം നീണ്ടുനിൽക്കുന്ന ഈ സീസണിലുടനീളം വിസ അനുവദിക്കുന്നത് തുടരും. അടുത്ത വർഷം ശവ്വാല്‍ ഒന്ന് (മാർച്ച് 20) അവസാന തീയതി. വിദേശ തീർഥാടകർക്ക് ആ മാസം 15 (ഏപ്രിൽ മൂന്ന്) വരെ സൗദിയിലെത്താനാവും. ഇവര്‍ ഉംറ പൂർത്തിയാക്കി ദുല്‍ഖഅ്ദ ഒന്നിന് (ഏപ്രിൽ 18) മുമ്പ് മടങ്ങുകയും വേണം. അതിന് ശേഷം ഹജ്ജിന് ഒരുക്കം തുടങ്ങും.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും അപാർട്മെന്റുകളിലും വിദേശ ഉംറ തീര്‍ഥാടകരെ പാര്‍പ്പിക്കാനുള്ള കരാറുകള്‍ നുസുക് മസാര്‍ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നതാണ് പുതിയ നിയമം. ഇത് ഈ ഉംറ സീസണ് മുതല്‍ നടപ്പായിട്ടുണ്ട്. ഈ നിയമം പാലിക്കുന്ന ഏജൻസികൾക്ക് മാത്രമേ ഉംറ വിസകള്‍ അനുവദിക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.തീര്‍ഥാടകരുടെ താമസ സേവനങ്ങള്‍ വ്യവസ്ഥാപിതമാക്കാനും തീര്‍ഥാടകര്‍ രാജ്യത്ത് എത്തിച്ചേരുന്ന നിമിഷം മുതല്‍ സൗദി അറേബ്യ വിടുന്നതുവരെ അവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ അനുഭവം നല്‍കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു.
വിസകള്‍ ഇഷ്യു ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നതും നിയമ നടപടികള്‍ക്ക് വിധേയമാകുന്നതും ഒഴിവാക്കാന്‍ കരാർ രജിസ്ട്രേഷൻ നേരത്തെ പൂർത്തിയാക്കണം. ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷണ വിധേയമാക്കും. ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.