റമദാൻ ക്ഷമയുടെ മാസമാണ്. പരസ്പരം പങ്കുവെക്കലിന്റെയും. ‘നിങ്ങള്‍ ക്ഷമിക്കുക; ക്ഷമയില്‍ മത്സരിക്കുക’-ഖുര്‍ആന്‍ ക്ഷമയെ വിശേഷിപ്പിക്കുന്നു. ‘യുദ്ധങ്ങള്‍ ജയിച്ചടക്കുന്നവനല്ല ധീരന്; മറിച്ച് സന്ദിഗ്ധ ഘട്ടങ്ങളില്‍ ആത്മസംയമനം പാലിക്കുന്നവനാണ്’ എന്ന് മറ്റൊരു വചനം. ജീവിതത്തിൽ അന്നോളം നേരിട്ടിട്ടില്ലാത്ത മറക്കാനാവാത്ത മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരോർമ ബാക്കിയാക്കിയാണ് കഴിഞ്ഞ വർഷത്തെ നോമ്പ് എന്നിലൂടെ കടന്നുപോയത്. ദൈവസഹായത്താൽ ആ സാഹചര്യത്തെ ആത്മസംയമനത്തോടെയും ക്ഷമയോടെയും അഭിമുഖീകരിക്കാൻ സാധിച്ചു എന്നതിൽ ആശ്വാസമുണ്ട്. മറ്റുള്ളവരെപ്പോലെ ഞാനും അന്ന് പെരുമാറിയിരുന്നെങ്കിലോ?, ധിറുതിപിടിച്ച് വീട്ടിലേക്ക് പോകുന്ന എനിക്ക് ക്ഷമയില്ലായിരുന്നെങ്കിലോ?...
കോഴിക്കോട് തൊണ്ടയാട് മേൽപാലത്തിനു സമീപം രാത്രി 9.30ഓടെയായിരുന്നു ആ സംഭവം. വീട്ടിലേക്കുള്ള വഴിതെറ്റി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ ഭാര്യയെയും കുഞ്ഞിനെയും കൂടെ കൂട്ടാനുള്ള യാത്രക്കിടെയാണ് വാഹനം ഓടിച്ച പട്ടാമ്പി വിളയൂർ സ്വദേശി മുസ്തഫ കുഴഞ്ഞുവീണത്. ഭിന്നശേഷിക്കാരനായ മൂത്ത കുഞ്ഞും രണ്ടു സുഹൃത്തുക്കളും അദ്ദേഹത്തിനൊപ്പം ജീപ്പിലുണ്ട്.
പക്ഷേ, അവർക്ക് വാഹനം ഓടിക്കാൻ അറിയില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട തൊട്ടടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാർ റോഡിലിറങ്ങി വാഹനങ്ങൾക്ക് കൈകാണിച്ച് സഹായം അഭ്യർഥിച്ചെങ്കിലും ആരും നിർത്തുന്നില്ല.
സുഹൃത്ത് ഹഫീസ് സംഘടിപ്പിച്ച ഇഫ്താറിൽ പങ്കെടുത്ത് മടങ്ങവെയാണ് സംഭവം എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാർ നിർത്തി പൊലീസ് സഹായത്തോടെ അയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
മുസ്തഫക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഉമ്മയുടെ കൈയിലും ഏൽപിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോൾ മുസ്തഫ വിയർക്കുകയും ക്ഷീണിക്കുകയും ചെയ്തിരുന്നു.
നോമ്പ് തുറന്നിട്ടുണ്ടോ ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്നുപോലും ചോദിക്കാൻ ഞാൻ മറന്നു. വാഹനത്തിൽവെച്ച് അദ്ദേഹത്തിന് വെള്ളം നൽകുമ്പോഴും ജീവൻ തിരിച്ചുകിട്ടണമെന്നു മാത്രമായിരുന്നു പ്രാർഥന. പക്ഷേ, വിധി മറിച്ചായിരുന്നു. പിറ്റേന്ന് രാവിലെ മുസ്തഫ മരിച്ചു.
ഇത്തവണ ആദ്യ ഇഫ്താർ ദുബൈയിലായിരുന്നു. ‘എം 80 മൂസ’യിലുള്ളപ്പോൾ നോമ്പെടുത്തിരുന്നു.
നോമ്പായാലും പെരുന്നാളായാലും രുചികരമായ വിഭവങ്ങൾ എനിക്കായി ഒരുക്കുന്നവരുണ്ട്, സ്നേഹനിധികളായ അയൽവാസികൾ. നാടായ നരിക്കുനിയിലെ ആമിനത്താത്തയുടെയും ഇപ്പോൾ താമസിക്കുന്ന വെള്ളിമാടുകുന്നിലെ കുഞ്ഞിമ്മയുടെയും ജസ് ലി താത്തയുടെയും സ്വാദേറും ഇഫ്താർ വിഭവങ്ങളുടെ രുചിയറിയാത്ത നോമ്പ് അടുത്തൊന്നും എനിക്കുണ്ടായിട്ടില്ല. ആയുസ്സിന്റെ കിതാബിലെ ഓരോ ഏടുകളിലും തുന്നിച്ചേര്‍ക്കുന്ന നോമ്പിന്റെ ഓർമകളിൽ സ്നേഹത്തോടെ ചേർത്തുവെക്കാൻ ബാക്കിയാവുന്നത് മനസ്സിന് ആനന്ദം നൽകുന്ന ഇങ്ങനെയുള്ള ഒരുപിടി ഓർമകൾ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.